Image

ജീവിത സായാഹ്നത്തില്‍ വരയുടെ താരോദയമായി ശിവകുമാര്‍ മേനോന്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

Published on 04 October, 2021
ജീവിത സായാഹ്നത്തില്‍ വരയുടെ താരോദയമായി ശിവകുമാര്‍ മേനോന്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

വര കാഴചയുടെ പുനഃരാഖ്യാനമാണ്. ഉപരിപ്ലവമായ കാഴ്ചയല്ല, സാധാരണക്കാര്‍ക്ക് കാണാനാകാത്ത കാഴ്ചകളെ കണ്ടെടുത്ത് അവതരിപ്പിക്കുന്നതിന്റെയും കലയാണ്. എന്നാല്‍ റിയലിസത്തിന്റെ വേറിട്ടതും അതി സൂക്ഷ്മമായ അംശങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്ന ഒരാളായാലോ... അതെ... കക്ഷി വേറെ എങ്ങുമല്ല. നമ്മുടെ മുംബൈ നഗരത്തില്‍ത്തന്നെയുണ്ട്. പേര് ശിവകുമാര്‍ മേനോന്‍, തന്റെ കഴിവുകളെ ആസ്വാദകരിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയകളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ആസ്വാദകലോകത്തെ വിസ്മയിപ്പിച്ച കലാകാരന്‍. പ്രായം 76, പക്ഷെ വരയുടെ ലോകത്ത് ഇദ്ദേഹം ഊര്‍ജ്ജ്വസ്വലനായ ഒരു ചെറുപ്പക്കാരനാണ്. ഗ്രാഫൈറ്റ് (graphite) പെന്‍സില്‍ പോര്‍ട്രൈറ്റ്‌സ് വരയുടെ ആശാന്‍. അദ്ദേഹത്തിന്റെ ജീവന്‍ തുളുമ്പുന്ന പോര്‍ട്രെയ്റ്റുകള്‍ കണ്ടാല്‍ പടച്ച തമ്പുരാന്‍ പോലും വിസ്മയിച്ചുപോകും.

 

ചിത്രകലയില്‍ പലവിഭാഗങ്ങളുണ്ട്. വാട്ടര്‍കളര്‍, ഓയില്‍ പെയിന്റിംഗ്, അക്രലിക് പെയിന്റിംഗ്, ക്രയോണ്‍, ഗ്രാഫൈറ്റ് പെന്‍സില്‍ ഡ്രോയിംങ്, കളര്‍ പെന്‍സില്‍ ഡ്രോയിംങ് ഇങ്ങിനെ പോകുന്നു... അതിലും പല ആവാന്തര വിഭാഗങ്ങളുണ്ട് പോര്‍ട്രൈറ്റ്, കാര്‍ട്ടൂണ്‍, ലാന്‍ഡ്‌സ്‌കേപ്പ് അങ്ങിനെ പലതും. അതില്‍ ശിവകുമാര്‍ മേനോന്‍ തിരഞ്ഞെടുത്തത് graphite പെന്‍സില്‍ പോര്‍ട്രൈട്‌സ് രചനകളാണ്. അതിനു കാരണങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിനോടുള്ള കമ്പവും ലൈറ്റ് ആന്‍ഡ് ഷഡിനോടുള്ള താല്പര്യവും, യഥാര്‍ത്ഥ ചിത്രത്തോട് കിടപിടിക്കുന്നതിനായി അവനവന്റെ കഴിവിനെ പരീക്ഷിക്കുവാനുള്ള ശ്രമവുമാണെന്നും അദ്ദേഹം പറയുന്നു.
പാലക്കാട് ചിറ്റൂരിന്നടുത്തു നല്ലേപ്പിള്ളി വാരിയത്ത് തങ്കമണിയമ്മയുടേയും, തേനാരി വടശ്ശേരി പത്മനാഭമേനോന്റേയും മകനാണ് ശിവകുമാര്‍ മേനോന്‍. ചെറുപ്പം മുതലേ വരക്കുമായിരുന്നു, സ്‌കൂളില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ഒരു പാട് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ചിത്രകലയോട് താല്‍പര്യമുണ്ടെങ്കിലും പിന്നീട് വിദ്യാഭ്യാസത്തിനു ശേഷം അതിജീവനത്തിനായി 1965 ല്‍ മുംബൈയില്‍ എത്തി, വസായിറോഡിലാണ് ആദ്യമെത്തുന്നത്. പിന്നീട് കൊളാബ, ഉല്ലാസ്നഗര്‍, കല്യാണ്‍ എന്നിവിടങ്ങളില്‍ ഒരു ശരാശരി മുംബൈ മലായാളിയെപ്പോലെ മാറി മാറി താമസിച്ചു. പാര്‍ലെജി എന്ന ബിസ്‌ക്കറ്റ് കമ്പനിയിലാണ് ഔദ്യോഗിക ജീവിതത്തിന്റെ അരങ്ങേറ്റം. ശിവകുമാര്‍ പിന്നീട് സിദ്ധി സിമന്റ് കമ്പനിയില്‍ ജോലിചെയ്തു. അതിനുശേഷം ഡാറ്റമറ്റിക്‌സ് ലിമിറ്റഡ് എന്ന സോഫ്റ്റ് വെയർ  കമ്പനിയില്‍ ജോലിചെയ്തു അവിടെനിന്നും കൊമേഴ്‌സ്യല്‍ മാനേജരായി വിരമിച്ചു.


ഔദ്യോഗിക തിരക്കിനിടയില്‍ സമയ ദൗര്‍ലഭ്യവും കുടുംബത്തിലെ ഭാരവും കാരണം ചിത്രരചന തുടര്‍ന്നു കൊണ്ടുപോകുവാൻ സാധിച്ചില്ല. തന്റെ വരകളുടെ ലോകത്തേയ്ക്ക് തിരിച്ചുവരാന്‍ ജോലിയില്‍നിന്ന് വിരമിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. വിരമിച്ചശേഷം കമ്പ്യൂട്ടര്‍ ബേസിക് പഠിച്ച് ഫോട്ടോഷോപ്പും മറ്റും സ്വന്തമായി പഠിച്ചെടുത്തു. അതിനു പുറമേ ഓണ്‍ലൈന്‍ മീഡിയ ഉപയോഗപ്പെടുത്തി വരയുടെ സങ്കേതിക വിദ്യ സ്വായത്തമാക്കിയ ശിവകുമാര്‍ മേനോന് പ്രായം കൂടി വരികയായിരുന്നു, അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹത്തിന് വിലപ്പെട്ടതായി. ഇന്റര്‍നെറ്റിലും, യൂട്യൂബിലും നോക്കി ഒരു കുട്ടിയുടെ കൗതുകത്തോടെ മഹാന്മാരായ ചിത്രാകാരന്‍മാരുടെ രചനകള്‍ കണ്ടും പല സ്വകാര്യാദ്ധ്യാപകന്മാരുടെ പാഠങ്ങള്‍ കൗതുകത്തോടെയും ശ്രദ്ധയോടെയും പഠിച്ചടുത്തും പരിശീലനം തുടങ്ങിയപ്പോള്‍ പെന്‍സിലും, കടലാസും സന്തത സഹചാരിയായി. സമയം പോകാനായി തുടങ്ങിയ വരയുടെ പുത്തന്‍ മേഖലകളില്‍ ഗാന്ധിജിയും, നെഹ്‌റുവും, അമിതാഭ് ബച്ചനും,  യേശുദാസും, അംബേദ്കറും, ഇന്ദിരാ ഗാന്ധിയും, ജാനകിയമ്മയും എന്നു വേണ്ട നിത്യ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന സാധാരണക്കാരായ ജനങ്ങളും, സുഹൃത്തുക്കളും വരെയുണ്ടായിരുന്നു.
ഭാര്യ കടമ്പഴിപ്പുറം കയറാട്ടെ മീനയും, മക്കളായ ലക്ഷ്മി പ്രഭയും, പത്മപ്രിയയും, പ്രശാന്തുമാണ് തന്റെയുള്ളിലെ ചിത്രാകാരനെ നിരന്തരം ഉത്തേജിപ്പിച്ചുകൊണ്ടിരുന്നവര്‍. എല്ലാ ചിത്രങ്ങളുടെയും ആദ്യത്തെ നിരൂപകരും വിമര്‍ശ്ശകരും അവരായിരുന്നു എന്ന് ശിവകുമാര്‍ അഭിമാനത്തോടെ പറയുന്നു.

എല്ലാരുടെയും അഭിപ്രായം മാനിച്ച് ചിത്രങ്ങള്‍ ഓരോന്നായി ഡിജിറ്റലൈസഡ് ചെയ്ത് ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം, ലിങ്കടിന്‍ എന്നിവയിലും മറ്റു പ്രമുഖ ആര്‍ട്ട് ഗ്രൂപ്പുകളിലും, മുംബൈയിലെ ഒരു മാധ്യമത്തിന്റെ പേരിലുള്ള അംച്ചി മുംബൈ എഫ്ബി ഗ്രൂപ്പിലും പോസ്റ്റു ചെയ്യാന്‍ തുടങ്ങി ഈ ചിത്രകാരന്‍. അതോടെ തന്റെ ചിത്രങ്ങള്‍ക്ക് ഈ എഴുപത്താറാം വയസ്സിലും എണ്ണിയാലൊടുങ്ങാത്ത ആരാധകരായി! ലൈക്കുകളും കമന്റുകളും കൂടുതല്‍ പ്രചോദനമായി. ചിത്രരചനയെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവരും തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളും ശിവകുമാര്‍ മേനോന് ആവോളം പ്രോത്സാഹനങ്ങള്‍ നല്‍കി. ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം ചിത്രങ്ങള്‍!

ലോകത്തിലെ നാനാ ഭാഗത്തുള്ള പ്രമുഖരേയും പ്രഗല്‍ഭരുടേയും പോര്‍ട്രയ്റ്റുകള്‍ അടങ്ങുന്ന ഒരു വലിയ ചിത്രപ്രദര്‍ശനം 2015 ല്‍ താനെ കലാഭവന്‍ ആര്‍ട്ട് ഗാലറിയില്‍ ഒരു സോളോ എക്‌സിബിഷനായി നടത്തി. തന്റെ പ്രഥമ പ്രദര്‍ശനത്തിന് ഒരുപാട് ആസ്വാദകരുടെ പ്രശംസ ലഭിച്ചു.
 
വരയുടെ പുത്തന്‍ മേഖലയിലുള്ള പരിജ്ഞാനവും, ഇച്ഛാശക്തിയും, കഠിന പ്രയത്‌നവും അംഗീകാരങ്ങളായി ഈ എഴുപത്തിയാറുകാരനെ തേടിയെത്തി. സത്യ ഗ്ലോബല്‍ അവാര്‍ഡ്, ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഫൌണ്ടേഷന്‍ അവാര്‍ഡ്, ജോഷ അജയ് ആര്‍ട്ട് അവാര്‍ഡ്, Bbhoiz Sevezlzbz Master Artist International Award, ചിത്രകല ആര്‍ട്ട് ഫേസ്ബുക്ക് അവാര്‍ഡ് എന്നിങ്ങനെ ഒരു പാട് അംഗീകാരങ്ങളാണ് ഈ ചിത്രകാരന്‍ കരസ്ഥമാക്കിയത്. ഇതെല്ലാം തന്റെ റിട്ടയര്‍മെന്റ് ജീവിതത്തിലാണ് ശിവകുമാര്‍ മേനോന്‍ നേടിയത് എന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്. പലതരം സര്‍ഗ്ഗാത്മക 'ബ്ലോക്കി'നേയും താലോലിച്ചിരിക്കുന്നവര്‍ ശിവകുമാര്‍ മേനോനെ ഒരല്‍പം നിമിഷം പകര്‍ത്താന്‍ ശ്രമിക്കണം. അദ്ദേഹം വയോധികര്‍ക്കുമാത്രമല്ല പുതു പുത്തന്‍ തലമുറയ്ക്കും ഒരു പ്രകാശ ഗോപുരമാണ്.
 

ശിവന്‍സ് ക്രീയേറ്റീവ് സ്റ്റുഡിയോ എന്നൊരു സ്ഥാപനം അദ്ദേഹം തുടങ്ങി, അതിന് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി ഇന്ത്യയ്ക്കകത്തും പുറത്തും തന്റെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ വില്പനക്കും ശിവകുമാര്‍ തുടക്കമിട്ടു. ഈ വെബ്‌സൈറ്റ് നിര്‍മ്മിച്ചതും ശിവകുമാര്‍ മേനോന്‍ തന്നെയാണ്. സൈറ്റുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റ് വഴി ശിവകുമാര്‍ സ്വയം സ്വായത്തമാക്കിയതാണ്!.

കാലപ്പഴക്കം വന്ന ചിത്രങ്ങള്‍ തന്റെ ഏതാനും ചില ടച്ചപ്പിലൂടെ വീണ്ടെടുക്കുകയും  പ്രിയപ്പെട്ടവരുടെ പോര്‍ട്രെയ്റ്റുകള്‍ വരച്ച് സമ്മാനിക്കലുമൊക്കെയായി ശിവകുമാറിന്റെ ജീവിതം വളരെ സര്‍ഗ്ഗാത്മകവും, കര്‍മ്മ നിരതവുമാണ്.
 

ചിത്രരചനപോലത്തന്നെ ശിവകുമാറിന് മറ്റൊരു ഇഷ്ട വിനോദമാണ് ഫോട്ടോഗ്രഫി. 1969 ല്‍ പിള്ളൈസ് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫി (സ്‌പോണ്‍സര്‍ഡ് ബൈ ഇന്‍ഡോ-അമേരിക്കന്‍ സൊസൈറ്റി ) യില്‍ ചേര്‍ന്ന് അദ്ദേഹം ഫോട്ടോഗ്രഫി പരിശീലിച്ചിട്ടുണ്ടായിരുന്നു.

അതുപോലെ മറ്റൊരു ഹരമാണ് കാല്‍പ്പന്തുകളി, മുംബയിലെ കൂപ്‌റേജ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മറ്റു ഫുട്‌ബോള്‍ പ്രേമികളായ കൂട്ടുകാരോടൊപ്പം നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. ബാല്യകാലത്ത് കളിച്ചിരുന്നതുപോലെ കളിക്കാനോ യുവാക്കളെപ്പോലെ നിത്യേന കൂപറേജില്‍ പോയി കളികാണാനോ ഇനി പറ്റുകയില്ലല്ലൊ. അതുകൊണ്ട് കൊതിതീരും വരെ ആവേശത്തോടെ ടിവിയില്‍ കാല്‍പ്പന്തുകളി ആസ്വാദിക്കും.
 
 
ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാനും, ചിത്രകലയുടെ ഏറ്റവും നൂതനമായ തന്ത്രങ്ങള്‍ യൂട്യൂബിലൂടെ പഠിക്കാനും തന്റെ സമയം അദ്ദേഹം ചിലവിടുന്നു. 'റിട്ടയര്‍മെന്റ് ജീവതത്തില്‍ താന്‍ തിരിച്ചുപിടിച്ച തന്റെ ചിത്രരചന സിദ്ധിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവെന്ന്' ശിവകുമാര്‍ മേനോന്‍ പറയുന്നു.
 

മക്കള്‍ ലക്ഷ്മിപ്രഭ PWC യിലും, പത്മപ്രിയ ബാങ്ക് ഓഫ് അമേരിക്കയിലും, പ്രശാന്ത് WNS ലും ജോലി ചെയ്യുന്നു. മഹാനഗരത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും, നടനുമായ ഉണ്ണി വാരിയത്ത് സഹോദരനാണ്. ശിവകുമാര്‍ മേനോന്‍ വിശ്രമ ജീവിതവും ചിത്രകലയുമായി ഐരോളിയില്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇനിയുള്ള ജീവിതവും ചിത്രം വരയില്‍ മാത്രം ഒതുങ്ങി സര്‍ഗ്ഗാത്മകമായി തന്റെ ജീവിത സായാഹ്നംഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് ശിവകുമാര്‍ മേനോനുള്ളത്.

see also https://emalayalee.com/writer/199

ജീവിത സായാഹ്നത്തില്‍ വരയുടെ താരോദയമായി ശിവകുമാര്‍ മേനോന്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
Join WhatsApp News
Sreesanth Nair 2021-10-04 08:08:34
പ്രചോദനാത്മകമായ ഈ ജീവചരിത്രം കൊണ്ടുവന്നതിന് ഗിരിജേച്ചിക്ക് നന്ദി. 🙏🙏 അത്തരം വലിയ കലാകാരന്മാരുടെ കാലത്ത് ജീവിക്കാൻ ഞങ്ങൾ ശരിക്കും ഭാഗ്യവാന്മാർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക