Image

ഒരു "മാലാഖ'യുടെ സ്‌നേഹത്തിന്റെ "പകര്‍ന്നാട്ടം' (സില്‍ജി ജെ. ടോം)

Published on 09 October, 2021
ഒരു "മാലാഖ'യുടെ സ്‌നേഹത്തിന്റെ "പകര്‍ന്നാട്ടം' (സില്‍ജി ജെ. ടോം)

ഇടുക്കി കമ്പിളികണ്ടത്തെ കൊച്ചു വീട്ടില്‍ നിന്ന് ജീവിതാനുഭവങ്ങളുടെ പ്രക്ഷുബ്ധ ഭൂമികയിലേക്ക് കരളുറപ്പോടെ കടന്നുചെല്ലുന്ന സെലിന്‍ എന്ന നഴ്‌സിന്റെ കഥയാണ് ഷാജന്‍ ആനിത്തോട്ടത്തിന്റെ ആദ്യ നോവല്‍, "പകര്‍ന്നാട്ടം' പങ്കുവെക്കുന്നത്. എഴുത്തിടങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍തന്നെ സ്വന്തമായൊരിടം കണ്ടെത്തിയ ഷാജന്‍ ആനിത്തോട്ടം കൊറോണക്കാലത്ത് ജീവന്‍ നഷ്ടമായ ആതുര സേവകര്‍ക്ക് ആദരവായി സമര്‍പ്പിക്കുന്ന പുസ്തകം ജീവിതത്തില്‍ പല വേഷങ്ങളില്‍ പകര്‍ന്നാടുന്ന ""ഭൂമിയിലെ മാലാഖ''മാരുടെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗങ്ങളുടെയും നേര്‍ചിത്രമാണ്.

കടന്നുപോന്ന ജീവിതവഴികളില്‍ നിനച്ചിരിക്കാതെ ചെന്നുപെട്ട ഏതോ തിരിവില്‍നിന്നാണ് ഒരു വ്യക്തി  ജനിച്ചുവളര്‍ന്ന ഭൂമിക വിട്ട് അപരിചിതദേശങ്ങളിലേക്ക് കൂടുകൂട്ടാന്‍ തയ്യാറാവുന്നത്. കഷ്ടപ്പാടിന്റെ മുള്‍പാതകള്‍ താണ്ടി, പുതിയ ഇടങ്ങളിലേക്ക് ചേക്കേറുമ്പോള്‍ വിരഹ വേദനയ്‌ക്കൊപ്പം പ്രതീക്ഷകളും   അവനില്‍ നിറയുന്നുണ്ടാകും. ഷാജന്‍ ആനിത്തോട്ടത്തിന്റെ നോവല്‍ "പകര്‍ന്നാട്ട'വും ഹൈറേഞ്ചിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കുമുള്ള കുടിയേറ്റത്തിന്റെ കഥയാണ് പറയുന്നത്; ഇല്ലായ്മകളോട് പടവെട്ടി സമൃദ്ധി വിളയിച്ച കുടിയേറ്റ കുടുംബങ്ങളുടെ കഥ.

""മലമേലെ തിരിവച്ച് പെരിയാറിന്‍ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കീ . . .''

എന്ന് മഞ്ഞിനെ ഉമ്മ വച്ച് ചിരിതൂകി നില്‍ക്കുന്ന ഇടുക്കിയെ മനോഹരമായ വരികളിലൂടെ പരിചയപ്പെടുത്തിയത് റഫീഖ് അഹമ്മദും ഈണമിട്ട് പാടിയത് ബിജി ബാലുമാണ്. പക്ഷേ "പകര്‍ന്നാട്ട'ത്തിലെ നായിക സെലിനും കുടുംബവും സ്വന്തം നാടായ ഇടക്കോലിയില്‍ നിന്നും ഇടുക്കിയിലെ കമ്പിളികണ്ടത്തേയ്ക്ക് - മലനിരകളുടെ മണ്ണിലേക്ക് ചേക്കേറിയത് മലമടക്കുകളുടെ സൗന്ദര്യം കണ്ടായിരുന്നില്ല, ജീവിതത്തോട് പോരാടാനുറച്ചായിരുന്നു. കാടും മലയും പുഴയും, മലമടക്കുകളും താഴ്‌വാരങ്ങളും കടന്ന് വന്യമൃഗങ്ങള്‍ താവളമാക്കിയ ഇടങ്ങളിലൂടെ കാട് തെളിച്ചും കൃഷി ചെയ്തും അവര്‍ ജീവിതം കരുപ്പിടിപ്പിച്ചു. ഇടക്കോലിയില്‍ നിന്നും കുടിയേറി കമ്പിളികണ്ടത്തെത്തിയതിനു ശേഷം മത്തച്ചനും കുടുംബത്തിനും വച്ചടി വച്ചടി കയറ്റമായിരുന്നു. തങ്ങളുടെ വിഹിതമായി കിട്ടിയ നാലും നാലും എട്ട് ഏക്കറില്‍ മത്തച്ചനും സഹോദരന്‍ തോമ്മാച്ചനും എല്ലു മുറിയെ പണിയെടുത്തു. അവരുടെ ഭാര്യമാരായ ഏലിയാമ്മയും പെണ്ണമ്മയും ഇരുമെയ്യാണെങ്കിലും ഒറ്റ മനസ്സ് പോലെയാണ് ജീവിച്ചത്.

കഥയും കഥാപാത്രങ്ങളും

ശക്തവും ജീവിതഗന്ധിയുമായൊരു കഥയാണ് "പകര്‍ന്നാട്ടം' പറയുന്നത്. അരനൂറ്റാണ്ടു മുമ്പത്തെ സാമൂഹിക, രാഷ്ട്രീയ  ജീവിതത്തിലേക്കുള്ള വാതില്‍ തുറക്കല്‍ കൂടിയാണീ നോവല്‍. ഇന്ത്യയുടേയും അമേരിക്കയുടേയും രാഷ്ട്രീയവും കഥയോട് മനോഹരമായി ഇഴചേരുന്നുണ്ട് പല അദ്ധ്യായങ്ങളിലും. സൗഹൃദങ്ങളിലേക്കും സ്‌നേഹനൂലില്‍ കൊരുത്തെടുത്ത കുടുംബബന്ധങ്ങളിലേക്കും ഊഷ്മള മുഹൂര്‍ത്തങ്ങളൊരുക്കിയാണ് കഥയുടെ ഓരോ ഘട്ടങ്ങളും കടന്നുപോകുന്നത്.

""ഞങ്ങടെ അമ്മച്ചിക്ക് ഇപ്പം ഞാനാ മൂത്ത മകന്‍, സണ്ണിച്ചേട്ടായിയുടെ സ്ഥാനത്ത് ഞാനാ കടമ നിര്‍വഹിച്ചോളാം'' എന്ന് പറഞ്ഞുകൊണ്ട്, കീഴ്‌വഴക്കങ്ങള്‍ മറികടന്ന് അമ്മയ്ക്ക് അന്ത്യചുംബനം നല്‍കി മുഖം കുരിശുതൂവാലയിട്ട് മുത്തുന്ന പതിനാറുകാരി സെലിന്‍ വലിയൊരു നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.  സ്ത്രീകളുടെ മനഃശാസ്ത്രം, അവരുടെ മനസിലെ വിചാരവികാരങ്ങളൊക്കെ നോവലിസ്റ്റ് വളരെ തന്മയത്വത്തോടെ ഇവിടെ വരച്ചിടുന്നു.

നായികയുടെ മദിരാശിയിലെ നഴ്‌സിംഗ് പഠനകാലത്ത് തുടങ്ങി ആത്മസുഹൃത്തിനൊപ്പം ഏഴാം കടലിനക്കരെയിലേക്കുള്ള പറിച്ചു നടല്‍, ഇതിനിടെ നേരിടേണ്ടി വരുന്ന പൊള്ളുന്ന ജീവിതാനുഭവങ്ങള്‍, കോലാറിലെ (ബാംഗ്‌ളൂര്‍) ജോലിസ്ഥലത്തുവച്ച യാദൃശ്ചികമായി പരിചയപ്പെട്ട ജേക്കബ് മാത്യു എന്ന അപ്പച്ചനൊപ്പം ജീവിതം കരുപ്പിടിപ്പിക്കല്‍, അമേരിക്കയില്‍ ജനിച്ചുവളരുന്ന മക്കളുടെ ജീവിതസംഘര്‍ഷങ്ങള്‍, അത് സമ്മാനിക്കുന്ന ആത്മ നൊമ്പരങ്ങള്‍ നിറഞ്ഞ ജീവിതമുഹൂര്‍ത്തങ്ങള്‍, പ്രിയപ്പെട്ടവരെയൊക്കെയും അമേരിക്കയിലേക്ക് കൊണ്ടുവന്ന് ആ ജീവിതങ്ങളിലും പ്രതീക്ഷകള്‍ നിറയ്ക്കുന്നതിന്റെ സന്തോഷം, നിനച്ചിരിക്കാതെ കടന്നുവരുന്ന രോഗദുരിതങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണമുയര്‍ത്തുന്ന വിങ്ങലുകള്‍... ഇങ്ങനെ സംഭവ ബഹുലമായ ഏടുകള്‍ കടന്ന് ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവില്‍ കഥ പൂര്‍ണമാകുന്നു. കഥാനായിക കടന്നുപോകുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ പലപ്പോഴും നമ്മെ പൊള്ളിക്കുന്നതാണ്. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന്, ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട്, അനുജത്തിമാരുടെ സംരക്ഷണവും കുടുംബഭാരവും ചുമലിലേറ്റി, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ കൊലയാളിയാകേണ്ടിവന്ന സഹോദരനെക്കുറിച്ചും അപ്പാപ്പന്റെ മകള്‍ മേരിക്കുട്ടിയെക്കുറിച്ചുമൊക്കെ വേവലാതിപ്പെടുന്ന സെലിന്‍ എന്ന സ്‌നേഹമയിയുടെ ചിത്രം വായനക്കാരനെ പിടിച്ചിരുത്തുമെന്നുറപ്പ്.

അമ്മയുടെ സംരക്ഷണമില്ലാതെ വളരുന്ന പെണ്‍മക്കള്‍, മക്കള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി ജീവിക്കുകയും, അവരുടെ നല്ല ഭാവിക്കായി  പ്രയത്‌നിക്കുകയും ചെയ്യുന്ന അപ്പന്‍മാര്‍, ചാരായം വാറ്റും ചീത്ത കൂട്ടുകെട്ടുകളും തുലയ്ക്കുന്ന സഹോദരന്‍, ചേച്ചിയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മേരിക്കുട്ടി, നഴ്‌സിംഗ് പഠനാര്‍ത്ഥികള്‍ക്ക് സ്‌നേഹം ചാലിച്ചു നല്‍കുന്ന കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍, കമലച്ചേച്ചിയേയും ചന്ദ്രന്‍ ചേട്ടനേയും പോലുള്ള അഭ്യുദയകാംക്ഷികള്‍, പുരുഷന്റെ സ്വാര്‍ത്ഥ സ്‌നേഹത്തില്‍ വീണുപോകുന്ന അച്ചാമ്മ, കാലമിത്ര കടന്നിട്ടും വായനക്കാരുടെ മനസ്സില്‍ പൂത്തുനില്‍ക്കുന്ന എം. മുകുന്ദന്റെ നോവലില്‍ പരാമര്‍ശിച്ച, ആത്മാക്കള്‍ തുമ്പികളെ പോലെ പറന്നു നടക്കുന്ന വെള്ളിയാങ്കല്ല്, പ്രിയപ്പെട്ടവളുടെ സ്‌നേഹം നഷ്ടമായ ദുഃഖത്തില്‍ മയ്യഴിപ്പുഴയോരത്ത് നിന്ന് ദൂരെ വെള്ളിയാങ്കല്ലിലെ തുമ്പികളെ നോക്കി നില്‍ക്കുന്ന മാത്തുക്കുട്ടി - ഏറെ സ്‌നേഹിച്ച്, ഒടുവില്‍ നഷ്ടപ്പെട്ട അച്ചുവെന്ന അശ്വതിവര്‍മ്മ തമ്പുരാട്ടിയോടുള്ള മധുരപ്രതികാരമെന്നോണം സുമതിയുടെ ലൈംഗികദാഹത്തിന് വഴങ്ങിക്കൊടുക്കുന്ന പഴയ സതീര്‍ത്ഥ്യന്‍, സ്‌നേഹിക്കാന്‍ മാത്രമറിയുന്ന അപ്പച്ചനും വേണുക്കുട്ടനും, ഇരയ്ക്കുമേല്‍ വേട്ടക്കാരനെ പോലെ വീഴാന്‍ സമയം നോക്കി പതിയിരിക്കുന്ന ടോമിച്ചന്‍, അമേരിക്കയിലെ പുതുതലമുറയുടെ പ്രതീകങ്ങളായ ടോണി, ടോമിക്കുഞ്ഞ്, ചക്കി, പ്രണയം തീര്‍ത്ത സമ്മര്‍ദ്ദത്താല്‍ ആത്മഹത്യയില്‍ അഭയം തേടുന്ന ഗേളി, സമുദായം മാറി വിവാഹം ചെയ്ത പ്രിയമകള്‍ക്ക് മാപ്പു കൊടുക്കാത്ത തോമ്മാച്ചന്‍... ഇവരൊക്കെ നമ്മെ വായനയിലേക്ക് പിടിച്ചിരുത്തുന്നു.

"യാത്ര' എന്ന അദ്ധ്യായത്തിനു ശേഷം കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഫ്‌ളാഷ്ബാക് ആയാണ് കഥ പുരോഗമിക്കുന്നത്.

കമ്പിളികണ്ടവും ഇടക്കോലിയും മയ്യഴിയും തൃശൂരും കോലാര്‍ സ്വര്‍ണ്ണഖനികളും പോണ്ടിച്ചേരിയും ചിക്കാഗോയുമെല്ലാം കഥാപാത്രങ്ങളോടൊപ്പം മനോഹരമായ ഒരു കാഴ്ചയായി ചുറ്റിലും നിറഞ്ഞുനില്‍ക്കുന്നു വായനയില്‍. 1968-2018 കാലഘട്ടമാണ് നോവലില്‍ പ്രധാനമായും പ്രതിപാദ്യവിഷയമാകുന്നത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ജീവിതസാഹചര്യങ്ങള്‍ നായികയുടെ വ്യക്തിത്വത്തില്‍ സഹാനുഭൂതിയും ലാളിത്യവും പക്വതയും നിറച്ചുചേര്‍ത്തു. ഒരു പ്രത്യേക സാഹചര്യത്തില്‍ കൊലക്കേസില്‍ പ്രതിയാകുന്ന സഹോദരന്‍ കഥയിലൊരിടത്തും പ്രത്യക്ഷത്തില്‍ കടന്നുവരുന്നില്ലെങ്കിലും "സണ്ണിച്ചേട്ടായി'യെക്കുറിച്ചുള്ള വിങ്ങലുകള്‍ നോവലിലുടനീളം കടന്നുപോകുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ളവരെന്ന് തോന്നിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ഉപകഥകളായി നോവലില്‍ കടന്നുവരുന്നുണ്ട്. ഉപകഥകളില്ലായിരുന്നുവെങ്കില്‍ പോലും ശക്തമായൊരു കഥാതന്തുവിലൂടെയാണ് പ്രധാന കഥ വികസിക്കുന്നത്.

സെലിന്റെയും അപ്പച്ചന്റെയും സ്‌നേഹത്തിന്റെ പൊന്‍നൂലില്‍ കോര്‍ത്തെടുത്ത മനോഹരമായ ദാമ്പത്യബന്ധത്തിന്റെ കഥ ഹൃദയം തൊടുന്നതാണെന്നത് പറയാതെവയ്യ. നാട്ടിന്‍പുറത്തിന്റെ നന്മകളുടെയും നിഷ്കളങ്കതയുടെയും പ്രതീകമായ ഭദ്രയെ എങ്ങനെ മറക്കാനാണ്? ഒരു നോവായി, നൊമ്പരമായി ദാവണി ചുറ്റിയ ആ സുന്ദരി വായനക്കാരെ ഏറെനാള്‍ പിന്തുടരുമെന്നുറപ്പ്. നഴ്‌സിംഗ് രംഗത്തെയടക്കം പുഴുക്കുത്തുകളിലേക്കും ഷാജന്റെ തൂലിക ചലിക്കുന്നുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ വ്യക്തികളെ തെറ്റുകളിലേക്ക് നയിക്കുന്നതും കുറ്റവാളികളാക്കുന്നതുമായ പല സന്ദര്‍ഭങ്ങളും കഥയിലുണ്ട്. ലോകം അത്രയ്ക്ക് നിഷ്കളങ്കമല്ലെന്ന് നാട്ടിന്‍പുറത്തെ വഴിവിട്ട ബന്ധങ്ങളും കഥാപാത്രങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു.

നിരവധി കഥകളുടെയും കവിതകളുടെയും "ഒറ്റപ്പയറ്റ് " എന്ന ലേഖന സമാഹാരത്തിന്റെയും കര്‍ത്താവ് നോവലിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ അക്കഥയൊന്ന് വായിക്കാന്‍ ആകാംക്ഷ ഏറെയായിരുന്നു. 470 പേജുകളുണ്ടെങ്കിലും മടുപ്പിക്കാതെ ഒഴുക്കോടെ വായിക്കാവുന്ന, ആകാംക്ഷയുണര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളാണ് ഷാജന്റെ തൂലികയെ ആകര്‍ഷകമാക്കുന്നത്. കണ്ണൂര്‍ രാഷ്ട്രീയവും സഖാവ് നായനാരുമൊക്കെ ആദ്യ ഭാഗത്ത് പല അദ്ധ്യായങ്ങളിലും ചുവപ്പ് പടര്‍ത്തുന്നുണ്ട്. ടോം ആന്‍ഡ്  ജെറി, പാച്ചുവും കോവാലനും, തി. മു. ക. വാഴ്ക, അപ്പച്ചന്‍ ചേട്ടന്‍ എന്ന ഭയ്യ, എമ്മ ജോണ്‍ നമ്മെ നയിക്കും ... തുടങ്ങിയ ടൈറ്റിലുകളിലും കൗതുകം ഒളിപ്പിച്ചിട്ടുണ്ട്. ലളിതമായ ഭാഷയിലുള്ള വിവരണത്തിനൊപ്പം, അക്ഷരപ്പിശകുകളില്ലാത്തതും മികച്ച വായനാസുഖം പകരുന്നു. മനസ്സിന്റെ വിങ്ങലുകളില്‍നിന്ന് അടര്‍ത്തിയെടുക്കുമ്പോഴാണ് എഴുത്തിന് ആഴം കൂടുന്നത്. കഥാപാത്രങ്ങളുടെ വിങ്ങലുകളും വേദനകളും മനസ്സില്‍ തിരയിളക്കങ്ങളുയര്‍ത്തുമ്പോള്‍ അക്ഷരങ്ങളിലേക്ക് ആര്‍ദ്രതയുടെ നനവ് നിറച്ച് അവ വാര്‍ന്നുവീഴും. "പകര്‍ന്നാട്ടം' അത്തരമൊരു രചനയാണ്.

""ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തൊമ്പതിലാണ് "അഴകുള്ള സെലീന'യെ ഞാന്‍ കാണുന്നത്. പോണ്ടിച്ചേരിയില്‍ അന്ന് ഞാന്‍ താമസിച്ചിരുന്ന വീടിന് മുമ്പിലെ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലില്‍ സേതുലക്ഷ്മിയോടും അച്ചാമ്മയോടുമൊപ്പം കഴിഞ്ഞിരുന്ന ആ മാലാഖ പങ്കുവെച്ച അനുഭവങ്ങളുടെ തീവ്രത ആയുസിന്റെ പുസ്തകത്തിലെ പൊള്ളുന്ന ഒരു അദ്ധ്യായമായിരുന്നു. ജീവിത യാത്രയില്‍ പലപ്പോഴും പിന്നീടാ മാലാഖയെ പലരിലും പല രൂപത്തിലും കണ്ടിട്ടുണ്ട് -- ബെമല്‍ നഗറില്‍, മയ്യഴിയില്‍, തൃശ്ശിവപേരൂരില്‍, ഒടുവില്‍ ചിക്കാഗോയിലും.''  കഥയുടെ ആമുഖമായി നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നു.

നഴ്‌സുമാരുടെ കഥകളൊക്കെയും അതിജീവനത്തിന്റ കഥകളാണ്. കഷ്ടപ്പാടുകളുടെ നാളുകള്‍ കടന്ന്  സ്വന്തം കുടുംബത്തെയും ഉറ്റവരെയും കൈപിടിച്ചുയര്‍ത്തിയ കഥകള്‍. സെലിനും കൂട്ടുകാരിയും പിന്നീട് സഹോദരിമാരും നഴ്‌സിംഗ് പഠിച്ച് അമേരിക്കയില്‍ തൊഴില്‍ തേടിപോകുന്നതും കുടുംബങ്ങള്‍ രക്ഷപെടുന്നതും ഹൃദ്യമായി വരച്ചിടുമ്പോള്‍ അത് അമേരിക്കയിലെ ആദ്യകാല നഴ്‌സ് സമൂഹത്തിന്റെ, കുടുംബങ്ങള്‍ പടുത്തുയര്‍ത്താന്‍ അവര്‍ സഹിച്ച കഷ്ടപ്പാടുകളുടെയും ആത്മസംഘര്‍ഷങ്ങളുടെയും നേര്‍ചിത്രമാകുന്നു. മധ്യതിരുവിതാംകൂറില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍പോയി സാമ്പത്തിക ഉന്നതിയിലെത്തിയ പല കുടുംബങ്ങളുടെയും പിന്നില്‍ ഒരു നഴ്‌സിന്റെ കഥ പറയാനുണ്ടാവും. ഇക്കഥ നടന്ന കാലത്ത് മാത്രമല്ല ഇന്നും കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകമെങ്ങും യുദ്ധം നയിക്കുകയാണല്ലോ നമ്മുടെ പ്രിയപ്പെട്ട നഴ്‌സുമാര്‍. കേരളമെന്ന നമ്മുടെ കൊച്ചു ഭൂമിക ലോകമെങ്ങും അറിയപ്പെടുന്നതിന് കാരണക്കാരായത് ഇവിടെ നിന്നും ലോകമെങ്ങും പോയ നഴ്‌സുമാര്‍ തന്നെയെന്ന് പറയാം.

രണ്ടും മൂന്നും ജോലി ചെയ്ത് ആരോഗ്യം നഷ്ടപ്പെടുത്തി കുടുംബത്തെ കരകേറ്റുന്ന പോരാളികള്‍ സാമ്പത്തികമായി മുന്നേറുന്നെങ്കിലും അമേരിക്കയിലെ ജീവിതം സമൃദ്ധിയുടേതെങ്കിലും എത്രമാത്രം സങ്കടങ്ങളും സഹനങ്ങളും പിന്നിട്ടാണ് അവര്‍ അവിടെ എത്തിയതെന്ന് നോവല്‍ വരച്ചിടുന്നു. മറ്റുള്ളവരുടെ നോട്ടത്തില്‍ ദുഃഖങ്ങളൊന്നുമില്ലെന്ന് തോന്നുമെങ്കിലും അവരുടെ ഉള്ളില്‍ അലയടിക്കുന്ന സങ്കട തിരമാലകള്‍ വായനക്കാരന് നൊമ്പരമാകുന്നു. അക്കരെ നാട്ടില്‍ ഓരോ കുടുംബങ്ങളിലും നടക്കുന്ന ജീവിതസംഘര്‍ഷങ്ങള്‍ തനിമ ചോരാതെ നോവലിസ്റ്റ് കാട്ടിത്തരുന്നു.

കേന്ദ്രകഥാപാത്രങ്ങള്‍ സെലിനും സേതുലക്ഷ്മിയും മേരിക്കുട്ടിയുമൊക്കെ ആയതുകൊണ്ട് ഇതൊരു സ്ത്രീപക്ഷ നോവല്‍ ആണെന്ന് തോന്നിയേക്കാമെങ്കിലും സ്‌നേഹത്തിന്റെ പ്രതീകങ്ങളായി അപ്പച്ചനും വേണുക്കുട്ടനും വര്‍ഗ്ഗീസും മാത്തുക്കുട്ടിയുമെല്ലാം തലയെടുപ്പോടെ നില്‍ക്കുന്നു.

"പകര്‍ന്നാട്ടം' ഷാജന്‍ ആനിത്തോട്ടത്തിന്റെ ആദ്യ നോവല്‍ ആണെങ്കിലും കഥയിലും രചനാശൈലിയിലും മികച്ച കൈയടക്കം ദൃശ്യമാണ്. കഥയുടെ അവസാന ഭാഗങ്ങള്‍ - അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അതിലൂടെ കടന്നുപോയ രാത്രിയില്‍ ഉള്ളുലഞ്ഞാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. ദിവസങ്ങളോളം ആ കഥാസന്ദര്‍ഭങ്ങള്‍ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. അത്രമാത്രം ഹൃദയത്തില്‍ തട്ടുന്ന ആത്മബന്ധങ്ങളുടെ ആവിഷ്കരണമായ ഇക്കഥ വായിച്ചില്ലെങ്കില്‍ നഷ്ടമാകും, ഉറപ്പ്.

നോവലിസ്റ്റിനെകുറിച്ച്

കോട്ടയം ജില്ലയിലെ മോനിപ്പള്ളിയില്‍ ജനിച്ച് ഉന്നതവിദ്യാഭ്യാസം നേടി 1998-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഷാജന്‍ ആനിത്തോട്ടം ഇല്ലിനോയി സ്റ്റേറ്റ് ഗവണ്‍മെന്റ് സര്‍വീസില്‍ മാനേജരാണ്. കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റി(ചിക്കാഗോ)യില്‍ പി.എച്ച്.ഡി. പഠനവും നടത്തുന്നു. നാട്ടിലും അമേരിക്കയിലുമായി നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച പരിചയവും ഷാജനുണ്ട്. സ്‌കോക്കി ലയണ്‍സ് ക്‌ളബ് പ്രസിഡന്റ്, സ്‌കോക്കി വില്ലേജിന്റെ ഫാമിലി സര്‍വീസ് കമ്മിഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. "ഹിച്ച്‌ഹൈക്കര്‍' എന്ന പേരില്‍ ആദ്യകഥാസമാഹാരം 2014-ല്‍ പ്രസിദ്ധീകരിച്ചു. കവിതാസമാഹാരമായ "പൊലിക്കറ്റ' 2015-ലും. 2018-ല്‍ പ്രസിദ്ധീകരിച്ച ലേഖന സമാഹാരം "ഒറ്റപ്പയറ്റ്' ലാന സാഹിത്യ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ബിനുവാണ് ഭാര്യ. അന്‍ഷിലും ആല്‍വിനും മക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക