ഏപ്രിൽ മാസം, ചുട്ടുപൊള്ളുന്ന വേനലിൽ ശാന്തിയുടെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശവുമായി മറ്റൊരു വിഷുക്കാലമെത്തി
നാടിന്റെ വിഷു സൌന്ദര്യങ്ങൾ നഗരത്തിൽ പുനർജനിക്കുമ്പോൾ മുംബൈയിലെ വിഷുവിനു മിഴിവേറുന്നു.
കേരളത്തിന് സമാനമായോ അതിലും ഒരുപടി ഭംഗിയായോ പാരമ്പര്യങ്ങളും ചിട്ടകളും തെറ്റാതെ വിഷു കൊണ്ടാടുന്നത് മുംബൈ മലയാളികൾ മാത്രമായിരിക്കും.
വിഷു ഐശ്വര്യത്തിന്റെ പ്രതീകമാണ് , സമൃദ്ധിയുടെ പ്രതീകമാണ് . സർവോപരി വേനലവധി നൽകുന്ന ആഘോഷങ്ങളുടെ കാലമാണ് . അതുകൊണ്ടു തന്നെ മുംബൈ മലയാളികൾ മറ്റൊരു ആഘോഷത്തിനും നൽകാത്ത പ്രാധാന്യം വിഷുവിനു നൽകുന്നു .
വിഷുവിന്റെ വരവറിയിച്ചുകൊണ്ടു പാതവക്കിലെ കൊന്നമരങ്ങൾ മാസങ്ങൾക്കു മുന്നേ പൂത്തുലഞ്ഞു നിൽക്കുന്നു.
വിഷു തലേന്ന് രാത്രി കണി ഒരുക്കി വെക്കുന്നത് വീട്ടിലെ മുതിർന്ന സ്ത്രീകളാണ് . മഞ്ഞ ഐശ്വര്യത്തിന്റെ പ്രതീകമായാണ് മലയാളി കാണുന്നത് . അതിനാൽ മലയാളിയുടെ വിഷുക്കണിയിൽ മഞ്ഞക്കു പ്രത്യേക സ്ഥാനമുണ്ട് . കൊന്നയും കണിവെള്ളരിയും വാൽക്കണ്ണാടിയും പീതാംബരധാരിയായ കൃഷ്ണനും വരിക്ക ചക്കയും മാമ്പഴവും മഞ്ഞ ലോഹമെന്നു പറയുന്ന സ്വർണ നാണയങ്ങളും നിലവിളക്കും കോടിമുണ്ടും എല്ലാം കണിതട്ടിൽ നിരക്കുമ്പോൾ മലയാളിയുടെ വിഷുക്കണി പൂർണ്ണമാകുന്നു . വള്ളുവനാട്ടിലെ പഴയ തറവാട്ടിലെ വിഷുവിനെ കുറിച്ചോർക്കുമ്പോൾ ആദ്യം കണ്മുന്നിൽ എത്തുന്നത് കണിയും, കൈനീട്ടവുമാണ്.
കത്തുന്ന വേനൽച്ചൂട്. മകരക്കൊയ്ത്തുകഴിഞ്ഞ പാടത്ത് നിറഞ്ഞുകിടക്കുന്ന വേനൽക്കാല പച്ചക്കറികൾ. ഏത് വറുതിയിലും വിഷുക്കഞ്ഞിക്കായ് മാറ്റിവയ്ക്കുന്ന ഇത്തിരി നെൽമണികൾ! കളിയും ചിരിയുമായി വിഷുവിനായി കാത്തിരുന്ന പഴയ കാലത്തെ കുറിച്ച് ഓർത്തെടുക്കുന്നു ഓരോ മറുനാടൻ മലയാളിയും.
വിഷുത്തലേന്ന് രാത്രി ഉറക്കം വരികേയില്ല. ഉണ്ണിക്കണ്ണന്റെ ചിരിക്കുന്ന രൂപം, കണികാണിയ്ക്കൽ, പടക്കം പൊട്ടിക്കൽ, കൈനീട്ടം, സദ്യ, കളികൾ, പൂതക്കാട്കാവിലെ വേല, എന്തൊക്കെയാണ്. ഓർത്തോർത്തു മയങ്ങിവരുമ്പോൾ അമ്മയുടെ വിളിയുയരുകയായി. കണ്ണു തുറക്കാൻ പാടില്ല. ഇറുക്കിയടച്ച കണ്ണുകൾ പൊത്തി അമ്മ ഓരോരുത്തരെയായി കണി കാണിക്കുകയായി.
കണ്ണുതുറക്കുമ്പോൾ കത്തിനിൽക്കുന്ന നിലവിളക്കിന്റെ മുന്നിൽ കൊന്നപ്പൂവിൽ നിറഞ്ഞ കളളകണ്ണന്റെ മോഹനരൂപം! കിണ്ടിയിലെ വെള്ളം കണ്ണിൽ തൊടും. പിന്നെ നാണയം, സ്വർണ്ണം, വെള്ളരിക്ക, പഴങ്ങൾ ഒക്കെ തൊടുകയും കാണുകയും ചെയ്യണം. കണികണ്ട് കഴിഞ്ഞാൽ കൈനീട്ടത്തിനു സമയമായി. അന്നൊക്കെ കുട്ടികൾ കൊച്ചുപണക്കാരാകുന്നത് വിഷുദിനത്തിലാണ്. മിക്കവാറും ഒരു വെളളി രൂപയായിരിക്കും ഏറ്റവും വലിയ കൈനീട്ടം.
കൈനീട്ടം കഴിഞ്ഞാൽ വിഷുക്കഞ്ഞിക്കുളള സമയമായി. പച്ചനെല്ലുകുത്തിയ അരി വേവിച്ച് കുറുകിയ തേങ്ങാപ്പാലൊഴിച്ച് ചുക്കും ജീരകവും ഇട്ട വിഷുകഞ്ഞി . എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓരോ മറുനാടൻ മലയാളിക്കും ഓർത്തെടുക്കാനുണ്ട്.
വിത്തും കൈക്കോട്ടും
കള്ളൻ ചക്കേട്ടു
കണ്ടാൽ മിണ്ടേണ്ട
ചക്കയ്ക്കുപ്പുണ്ടോ” ഓരോ മലയാളിയുടെ മനസ്സിലും വിഷുപക്ഷി പാടുന്നു.
മലയാളികൾ മഹാനഗരത്തിലേക്ക് ചേക്കേറുമ്പോഴും കൂടെ കൊണ്ട്പോന്ന ജന്മനാടിന്റെ സംസ്കാരവും പൈതൃകവുമെല്ലാം കൈവിടാതെ സൂക്ഷിക്കുകയും പുതിയ തലമുറക്ക് കൈമാറുകയും ചെയ്തു വരുന്നു.
മുംബൈയിലെ തെരുവോരങ്ങളും മലയാളി കടകളും വിഷുവിനെ വരവേൽക്കുമ്പോൾ അവിടെ വിലയ്ക്ക് പ്രസക്തിയില്ല , ലഭ്യതയാണ് പ്രധാനം. ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ചൊരുങ്ങി കണികണ്ട് കുട്ടികളെ കണ്ണുപൊത്തി വിഷുക്കണിക്ക് മുന്നിലേക്ക് കൈപിടിച്ച് നടത്തുന്ന കാഴ്ച മുംബൈ മലയാളികൾ നഗരതീരങ്ങളിൽ ഇന്നും അവന്റെ നഷ്ടപ്പെട്ട വേരുകൾ തിരയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് .
വീട്ടിലെ കാരണവർ കൈവെള്ളയിൽ വച്ച് തരുന്ന നാണയ തുട്ടിൽ ഒരു വർഷത്തിന്റെ സൗഭാഗ്യങ്ങൾ തേടാൻ ശ്രമിക്കുന്ന പുത്തൻ തലമുറ . വിഷുക്കൈനീട്ടം കിട്ടിയാൽ കാൽതൊട്ടു വന്ദിച്ച് നമസ്കരിക്കുന്ന ന്യൂ ജൻ തലമുറ നമുക്ക് കാട്ടി തരുന്നത് അന്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മഹാനഗരത്തിൽ പുനർജനിക്കുന്നു എന്നതിന്റെ വെള്ളിവെളിച്ചമാണ്.
പ്രവാസ ജീവിതത്തിന്റെ വിശ്രമമില്ലാത്ത യാത്രകളിൽ ഒരു വിഷുകൂടി മഞ്ഞയണിഞ്ഞു നിൽക്കുമ്പോൾ അകലെയേതോ ഒരു വിഷുപ്പക്ഷിയുടെ മധുരഗീതം .......... അതെ നമ്മുടെ വയലേലകളിൽ നിന്നും ഉയരുന്ന വിഷുപ്പാട്ടിന്റെ അലയൊലികളാണ് .
പുലർച്ചെ എണീറ്റ് വിഷുക്കണി ദർശിച്ചു വിഷുക്കൈ നീട്ടം വാങ്ങി മലയാളികൾ ക്ഷേത്ര ദർശനം നടത്തുന്നു.
പിന്നെമറുനാട്ടിൽ അമ്മയും അച്ഛനും മക്കളും ഒരുമിച്ചു വിഷു സദ്യ ഒരുക്കുന്ന തിരക്കിലായി.
കമ്പിത്തിരിയും പൂത്തിരിയും കത്തിച്ചും വിഷുവിനെ ആഘോഷമാക്കുകയാണ് മറുനാടൻ മലയാളികൾ .
നഗരത്തിൽ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഉണർത്തികൊണ്ടു ഒരു വിഷു കൂടി കടന്നുപോകുമ്പോൾ നമ്മുടെ ആചാരങ്ങൾ പുത്തൻ തലമുറയ്ക്ക് പകരാൻ കഴിഞ്ഞ ചാരിതാർത്യത്തോടെ നഗരം അതിന്റെ പതിവ് മയക്കത്തിലേക്കു വഴുതി വീണു.
ഗിരിജ ഉദയൻ മുന്നൂർകോഡ്