Image

നിറങ്ങൾ: നോവലെറ്റ് ; മിനിസുരേഷ്

Published on 02 May, 2022
നിറങ്ങൾ: നോവലെറ്റ് ; മിനിസുരേഷ്

ർട്ട്ഗ്യാലറിയുടെ വരാന്തയോടു ചേർന്നുള്ള 
ജനൽപ്പടിയിൽ പുറത്തേക്ക്  നോക്കി ശ്യാമിനി ഇരിക്കുന്നുണ്ടായിരുന്നു. രാജസ്ഥാനി ചിത്രകലയുടെ പാടവം വിളിച്ചോതുന്ന അവളുടെ പാവാടഞൊറികൾ ജനൽപ്പടികൾക്ക്
താഴേക്ക് ഊർന്ന് വീണ് പടർന്നൊഴുകുന്നുണ്ടായിരുന്നു. കഴുത്തിലൂടെ ഒഴുകിക്കിടക്കുന്ന ഷാളും, ഓമനത്തമുള്ള മുഖത്ത് അലസമായി പറന്നുകളിക്കുന്ന മുടിയിഴകളുമെല്ലാം നോക്കി ഒരു നിമിഷം കിഷോർ ലയിച്ചിരുന്നു പോയി.

എക്സിബിഷൻ കഴിഞ്ഞ് ബാക്കി വന്ന ചിത്രങ്ങളും, സാധനസാമഗ്രികളുമെല്ലാം അടുക്കിക്കെട്ടി വയ്ക്കുകയായിരുന്നു അയാൾ. ബ്രഷും,ചായവുമെടുത്ത് അപ്പോൾ തന്നെ ആ സൗന്ദര്യം ക്യാൻവാസിലേക്ക് പകർത്തണമെന്ന് അയാൾക്ക് തോന്നിപ്പോയി.

"ന്താ..ഇങ്ങനെ നോക്കുന്നത്. പെങ്കുട്ട്യോളെ കണ്ടിട്ടില്ലേ" ചുവന്നു തുടുത്ത അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴി നോക്കി അയാൾ മന്ദഹസിച്ചു. 
"കണ്ടാൽ ഒരു പെൺകുട്ടിയാണെന്നേ ഇപ്പോഴും പറയൂ" ശ്യാമിനി അതു കേട്ട് പൊട്ടിച്ചിരിച്ചു. ഒരു മുത്തു മാല കിലുങ്ങിച്ചിതറി വീഴുന്നതുപോലെയവന് തോന്നി.

 ''ന്റെ സുന്ദരിക്കുട്ടീ ഇത്ര നാളും നീ എവിടെയായിരുന്നു. ഈ കൃഷ്ണന്റെ കണ്ണിൽ നിന്നും  ഇത്ര കാലം മറഞ്ഞിരുന്നതെന്തേ.''  ഈസിലും, ചിത്രങ്ങളും എല്ലാം ഭദ്രമായി കൈകളിലൊതുക്കിപ്പിടിച്ച് അയാളെഴുനേറ്റു.

"ഇതെല്ലാം കാറിലെടുത്തു വച്ചിട്ടു വരാം. ന്നിട്ട് ..നമ്മക്ക് പോകാട്ടോ" അവളുടെ മൂക്കിന്റെ തുമ്പത്ത് മെല്ലെ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
പൂത്തുലഞ്ഞതു പോലെ ശ്യാമിനി തലയാട്ടി.

നോവിക്കുന്ന ഇന്നലെകളുടെ വീർപ്പുമുട്ടലിൽ നിന്നും മോചിതയാകുവാൻ ഇത്രയും നല്ല സമ്മാനമായിരുന്നോ ഈശ്വരൻ തനിക്കായി കാത്തുവച്ചിരുന്നത്.

എങ്കിലും ഓർമ്മകളുടെ നിഴലുകൾ കഴിഞ്ഞു പോയകാലത്തെ തിരികെ മനസ്സിലേക്ക്  കൂ ട്ടിക്കൊണ്ടു വരുന്നു.

സ്കൂളിലെ ഡ്രോയിംഗ് ക്ലാസ്സിൽ എല്ലാകുട്ടികൾക്കും മുൻപേ പൂർത്തിയാക്കിയ ചിത്രവുമായി ഓടി ച്ചെല്ലുമ്പോൾ ഡ്രോയിംഗ് മിസ്  അഭിനന്ദിക്കും. 'കുട്ടിക്ക് നല്ല ടാലന്റുണ്ട് .അവധിദിവസങ്ങളിൽ ബാലഭവനിൽപോയി ചിത്രരചന പഠിക്കണം കേട്ടോ'

'മിണ്ടാണ്ട് പോയി പുസ്തകമെടുത്ത് വല്ലതും പഠിക്കാൻ നോക്ക്. പി.എസ്സ്.സി പരീക്ഷ പാസ്സായാൽ എവിടേലും ക്ലർക്ക് ജോലിയെങ്കിലും കിട്ടും. രാജിച്ചേച്ചിയെ കണ്ട്പഠിക്ക്. ഡിഗ്രി പാസ്സായതും ബാങ്കിലല്ലേ ജോലി മേടിച്ചത്.'
അപ്പച്ചിയാണ് ഉത്തരം പറഞ്ഞത്. ഓർമ്മ വച്ചകാലം മുതൽക്ക് വീട് ഭരിച്ചിരുന്നത് അച്ഛന്റെ മൂത്ത സഹോദരിയായിരുന്നു. അച്ഛമ്മക്കു പോലും മകളെ ഭയമാണെന്ന് തോന്നിയിട്ടുണ്ട്.
'ഭർത്താവിനെയും ഉപേക്ഷിച്ച് ഇവരിവിടെ വന്നു നിൽക്കുവാൻ തുടങ്ങിയതിൽ പിന്നെ ബാക്കിയുള്ളോൾടെ ജീവിതം നരകമായിന്ന് പറഞ്ഞാൽ മതീന്ന് പറഞ്ഞാൽ മതീല്ലോ..ആരും കേൾക്കാതെ അമ്മ അടുക്കളയിലിരുന്ന് പലപ്പോഴും പതം പറയുന്നത് കേട്ടിട്ടുണ്ട്.

അപ്പച്ചിയുടെ മക്കളിൽ മൂത്തയാൾ രാജിചേച്ചിയെന്ന പഠിപ്പിസ്റ്റുമായിട്ടായിരുന്നു ജീവിതത്തിലെ ആദ്യപോരാട്ടം.
'രാജീടത്ര നിറവും, മുടിയൊന്നും ശ്യാമക്കില്ലാട്ടോ മുരളീ'
ഓരോ കാര്യങ്ങൾക്കും അവർ സ്വന്തം മകളുമായി താരതമ്യം ചെയ്ത് തന്റെ ആത്മവിശ്വാസം ബാല്യത്തിൽ തന്നെ നഷ്ടപ്പെടുത്തിയിരുന്നു. സംശയത്തിൻറെ വാൾത്തലയുമായിഅധികാരത്തോടെ പിൻതുടരുന്ന മറ്റൊരു ശല്യമായിരുന്നു അപ്പച്ചിയുടെ മകൻ വിഷ്ണുവേട്ടൻ. മുറച്ചെറുക്കനാണത്രേ. വിവാഹമെന്ന കുരുക്ക് കയറുമായി കാത്തിരിക്കുന്ന തന്റെ രണ്ടാമത്തെ ശത്രു.
സ്കൂളിലെ ആർട്ട്സ് ഫെസ്റ്റിവലിൽ ചിത്രരചനക്ക് ഒന്നാം സമ്മാനവും വാങ്ങി സ്റ്റേജിന്റെ പടിയിറങ്ങി വരുമ്പോൾ ഹർഷാരവത്തിന്റെ അലയടികൾ ഹാളിൽ അവസാനിച്ചിട്ടില്ലായിരുന്നു.. തന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങി ഏറെ ആരാധനയോടെ അഭിനന്ദിച്ച റോഷിൻറെ കയ്യിൽ നിന്ന് ട്രോഫി തട്ടിപ്പറിച്ച് വാങ്ങി ദൂരെയെറിഞ്ഞ് കരണത്തടിച്ച് നീങ്ങിയിട്ടുണ്ട് ഭാവി വരൻ.
പ്രേമത്തിന്റെ എന്തിന് സ്നേഹത്തിന്റെ കണിക പോലും കോറിയിടാൻ പറ്റാത്ത മനുഷ്യമൃഗം.
'നിന്റെ അച്ഛനുമമ്മക്കും ഭ്രാന്താണോ ശ്യാമിനീ. കള്ളും കുടിച്ച് നടക്കുന്ന ഒരു തെമ്മാടിയുടെ കയ്യിൽ പിടിച്ചുകൊടുക്കാൻ', കൂട്ടുകാരും,അദ്ധ്യാപകരും പലപ്പോഴും മുന്നറിയിപ്പ് തന്നിട്ടുണ്ട്.
'എനിക്കീ കല്യാണം വേണ്ട അച്ഛാ . കാല് പിടിച്ച് കരഞ്ഞു പറഞ്ഞതാണ്.'
'പിന്നെ ,എന്നു പറഞ്ഞാൽ കൊട്ടപ്പടികൊടുക്കാനിവിടെ ഇരിക്കുവല്ലേ രാജകുമാരിക്ക്.'കലി തുള്ളുകയായിരുന്നു അപ്പച്ചി.

"എന്റെ  അച്ഛന്റെ കയ്യിലെ പൈസ മുഴുവനും
ഊറ്റിയെടുത്തല്ലേ മകളെ എഞ്ചിനീയറെക്കൊണ്ട്
കെട്ടിച്ചത്"
അന്നാദ്യമായി മറുത്ത് മറുപടി പറഞ്ഞു.
മുഖമടിച്ച് ഒറ്റയടിയായിരുന്നു തിരിച്ചു കിട്ടിയത്.
തല താഴ്ത്തിയിരിക്കുന്ന അച്ഛന്റെ നിസ്സഹായതയാണ് ഏറെ ചൊടിപ്പിച്ചത്.

പൂട്ടിയിട്ട മുറിയിൽ അമ്മയെ മൂന്നു ദിവസത്തോളം
പട്ടിണിക്കിട്ടാണ് വിവാഹത്തിന് സമ്മതിപ്പിച്ചതുതന്നെ.
പോലീസിൽ പരാതിപ്പെടാമായിരുന്നു. പക്ഷേ
അന്നത്തെ ആ പാവം പെൺകുട്ടിക്ക് ഇന്നത്തെ
ശ്യാമിനിയുടെ അത്രക്ക് ധൈര്യം ഇല്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നാറുണ്ട്.
'എന്റെ മോള് വേണ്ടാത്തതൊന്നും ചിന്തിക്കരുത്. അമ്മക്ക് നീയേ ഉള്ളൂ' പെയ്തൊഴിയാത്ത നിർവ്വികാരതയുമായി മണ്ഡപത്തിലേക്ക് കയറുമ്പോൾ അമ്മയുടെ
ദയനീയമായ മുഖം മാത്രമായിരുന്നു മനസ്സിൽ.

കിടപ്പുമുറിയിൽ നിന്ന് അമർത്തിപ്പിടിക്കാനാവാത്ത നിലവിളികൾ ഭിത്തികളെ ഭേദിച്ച് പുറത്തേക്ക് വരുമ്പോൾ വായിൽ തുണി തിരുകി നേരം വെളുക്കുവോളം ആനന്ദം തേടിയിരുന്ന ആ ദുഷ്ടന്റെ വിത്ത് തന്റെ ഉദരത്തിൽ മുള പൊട്ടരുതേയെന്നു വേദനകൾക്കിടയിലും ഈശ്വരന്മാരെ ഉള്ളുരുകി വിളിക്കുമായിരുന്നു.

'ഇവനെ ഒരു ദിവസം ഞാനങ്ങ് കൊല്ലും. ന്റെ കുഞ്ഞിനെ രക്ഷിക്കുവാൻ ആ വഴിയേ കാണുന്നുള്ളൂ. മാനസ്സികനില തെറ്റിയതു പോലെ പിറുപിറുക്കാനേ അമ്മക്ക് സാധിച്ചിരുന്നുള്ളൂ.

അമ്മയുടെ പ്രാർത്ഥന ഒടുവിൽ ദൈവംകേട്ടെന്ന്
തോന്നുന്നു. കാവിലെ കുംഭകുടഘോഷയാത്രക്കിടയിലുണ്ടായ ഒരു കത്തിക്കുത്തിൽ വിഷ്ണു കൊല്ലപ്പെട്ടു. ആശ്വാസത്തിൻറെ കിരണങ്ങൾ തഴുകി എന്നൊക്കെ പറയുന്നത് പോലൊരു അനുഭവം ജീവിതത്തിൽ ആദ്യമായി തേടിയെത്തി.

അധികം താമസിയാതെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ റവന്യൂ വിഭാഗത്തിൽ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവും. ശപിച്ചും,പതം പറഞ്ഞും വഴിമുടക്കുവാൻ നിൽക്കുന്ന അപ്പച്ചിയെയും ,അച്ഛനെയും ഒട്ടും വകവയ്ക്കാതെ അമ്മ തന്റെ കയ്യും പിടിച്ചിറങ്ങി. ഒട്ടും പതറാതെ തൃപ്പൂണിത്തുറയിലുള്ള പഴയ ക്ലാസ്സ് മേറ്റിന്റെ നമ്പർ തപ്പിയെടുത്ത് താമസസ്ഥലമെല്ലാം ഏർപ്പാടാക്കിയതും അമ്മ തന്നെയാണ്. ആഭരണങ്ങൾ പണയം വച്ച് ചിലവുകൾക്കെല്ലാം പണം കണ്ടെത്തുന്ന അമ്മയെ അത്ഭുതത്തോടെയാണ്ശ്രദ്ധിച്ചത്. ഒരു ട്രെയിൻ ടിക്കറ്റ് പോലും കൗണ്ടറിൽ ചെന്ന് വാങ്ങിക്കുവാൻ
കഴിവില്ലാത്ത ആളാണെന്നായിരുന്നു അമ്മയെക്കുറിച്ചുള്ള ധാരണ. അല്ല, അങ്ങനെയൊരു ഇമേജായിരുന്നല്ലോ അപ്പച്ചി സൃഷ്ടിച്ചിരുന്നതും.

ഭാഗം 2

നല്ല സ്നേഹമുള്ള സ്ത്രീയായിരുന്നു അമ്മയുടെ കൂട്ടുകാരി പുഷ്പാന്റിയും ,ഭർത്താവും. ജോലിക്ക് ചേരുന്ന ആദ്യദിവസം അങ്കിളും ആന്റ്റിയുംകൂടെ വന്നു.
'ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്. മോള്
കഴിഞ്ഞതെല്ലാം മറക്കണം' ചേർത്ത് നിർത്തി തലയിൽ തലോടിക്കൊണ്ട് അങ്കിൾ പറഞ്ഞു. ഒരച്ഛന്റെ വാത്സല്യം ആദ്യമായി അറിയുന്നതിന്റെ സന്തോഷം മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.

സൗഹൃദംനിറഞ്ഞ അന്തരീക്ഷം തന്നെയായിരുന്നു ഓഫീസിലും.
"ഇത്ര പെട്ടെന്ന് എല്ലാം പഠിച്ചെടുത്തല്ലോ. മിടുക്കി"
"ഒരു  സുന്ദരിക്കുട്ടി ഇവിടെ വരുമെന്നറിഞ്ഞിരുന്നെങ്കിൽ മകനെ കുറച്ച് കഴിഞ്ഞിട്ടേ വിവാഹം കഴിപ്പിക്കുമായിരുന്നുള്ളൂ."
എല്ലാവർക്കും അവളെക്കുറിച്ച് നല്ലതു മാത്രമേ പറയുവാനുള്ളൂ. മുതിർന്ന സ്റ്റാഫിൽ പലർക്കും സ്വന്തം മകളോടെന്ന പോലെ വാത്സല്യവുമാണ്. കാർമേഘങ്ങളൊഴിഞ്ഞ് ആകാശം തെളിയുവാൻ തുടങ്ങിയിരിക്കുന്നു.

" മോളെ,  ഇവിടെയടുത്തൊരു സ്പെഷ്യൽ സ്കൂൾ ഉണ്ട്. അവിടെ വയ്യാത്ത കുട്ടികളെ നോക്കുന്ന സഹായിയുടെ ഒഴിവുണ്ടെന്ന് കേട്ടു. മോള് ഓഫീസിൽ പോയാൽ പിന്നെ വീട്ടിൽ അധികം ജോലിയൊന്നുമില്ലല്ലോ, ഞാൻ പുഷ്പയോട് സമ്മതമറിയിക്കട്ടേ" പേടിയോടെ തന്റെ മുഖത്തേക്ക് നോക്കുന്ന അമ്മയുടെ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ പാവം തോന്നി. തടവറയുടെ ചങ്ങലക്കെട്ടുകൾ
അമ്മയുടെ മനസ്സിനെ ഇന്നും വലിച്ചു മുറുക്കുന്നുണ്ട്. ഈ കിളിയും ആകാശത്തിന്റെ നീലിമകളിലേക്ക് പറക്കട്ടെ.
"നല്ല കാര്യമല്ലേ അമ്മേ, സെറിബ്രൽ പാൾസി എന്ന അവസ്ഥ വന്നിട്ടുള്ള കുട്ടികൾക്കായുള്ള സ്കൂളാണത്. നല്ല സ്നേഹമുള്ളഎന്റെ അമ്മയുടെ പരിചരണം ആകുഞ്ഞുങ്ങൾക്ക് വേണം.ഈശ്വരൻ നൽകിയ നിയോഗമാണ്. നല്ലൊരു പുണ്യപ്രവൃത്തിയുമാണ്. അമ്മയത് സന്തോഷത്തോടെ ഏറ്റെടുക്കണം. പിറ്റേന്ന് രാവിലെ ആദ്യമായി സ്കൂളിൽ പോകുന്ന കൊച്ചുകുട്ടിയെപ്പോലെ സ്പെഷ്യൽ സ്കൂളിന്റെ ബസ്സിൽ അമ്മ കയറിപ്പോകുന്നത് കൗതുകത്തോടെ നോക്കി നിന്നു. ഇതിനിടയിൽ  ഓഫീസിലെ സഹപ്രവർത്തകർ ചില വിവാഹാലോചനകളൊക്കെ കൊണ്ടു വന്നെങ്കിലും അതിനോടൊന്നും ഒട്ടും താത്പര്യം
തോന്നിയില്ല.  തുടരും 

Read more: https://emalayalee.com/writer/222

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക