Image

ലഹരിയോട് നോ പറയാം : മിനി സുരേഷ്

Published on 26 June, 2022
 ലഹരിയോട് നോ പറയാം : മിനി സുരേഷ്
 
 
 1987ലെ പ്രീഡിഗ്രിക്കാലം. കോട്ടയത്തെ പ്രമുഖകോളേജുകൾക്ക് മുൻപിൽ വലിയൊരു കുട്ടയിൽ മുല്ലപ്പൂക്കളുമായി രണ്ട് നാടോടിസ്ത്രീകൾ പ്രത്യക്ഷപ്പെട്ടു. ബ്ലൗസ്സിടാതെ സാരികൊണ്ട് മാറുമറച്ച് ഭാരതി രാജചിത്രങ്ങളിലെ കഥാ പാത്രങ്ങളെ ഓർമ്മിപ്പിക്കുന്ന അവരുടെ പക്കൽ നിന്നും പൂക്കൾ വാങ്ങുവാനന്ന് പെൺകുട്ടികളുടെ തിക്കും ,തിരക്കുമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ
കേട്ടു, പൂക്കൾക്കൊപ്പം 'പൂമ്പൊടി 'കൂടി ഇവർ വിതരണം നടത്തുന്നുണ്ടെന്ന്. പിന്നെ അധികമാരും അവരുടെ അടുത്തേക്ക് ചെല്ലാതെയായി. ഏറെ താമസിയാതെ
അവർ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. പക്ഷേ സ്കൂളിൽ മിടുക്കിയായി പഠിച്ചിരുന്ന ഒരു കൂട്ടുകാരി അതിനോടകം ആ മയക്കുമരുന്ന് ലോബിയുടെ  വലയിൽ കുരുങ്ങി കാലിടറി വീണത് വേദനയോടെയേ ഇന്നും ഓർക്കുവാൻ കഴിയുന്നുള്ളൂ.
 
1987 മുതൽ തന്നെയാണ് ഐക്യരാഷ്ട്ര സംഘടന ജൂൺ 26  ലഹരി വിരുദ്ധ ദിനമായി ആചരിച്ച് വരുന്നതും.
 
വ്യത്യസ്ത രൂപങ്ങളിലും, ഭാവങ്ങളിലും  സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരിയെന്ന വൻവിപത്തിന്റെ  ഭീകരമുഖം വീണ്ടും നേരിട്ടറിയുവാൻ കഴിഞ്ഞത്  ചെന്നൈയിൽ മകൻ
പഠിക്കുന്ന കാലത്താണ്. ഏക മകനായതിനാൽ
പരീക്ഷാക്കാലം വരുമ്പോൾ ഒരു മാസത്തേക്ക് ഫ്ലാറ്റ് വാടകക്ക് എടുത്ത് ഞാനും കൂടെ താമസിക്കുവാൻ ചെല്ലുമായിരുന്നു.
 
മയക്കു മരുന്ന് ഉപയോഗിക്കുന്ന ആൺകുട്ടികളെയും, പെൺകുട്ടികളെയും അന്ന് കാണുവാൻ കഴിഞ്ഞിട്ടുണ്ട്.അവരിൽ പലരും വിദേശ മലയാളികളുടെ മക്കളായിരുന്നു. ഒരമ്മയുടെ
ആധിയോടെ ചിലരെയൊക്കെ ഉപദേശിച്ചിട്ടുമുണ്ട്.
 
നല്ല ജോലിയൊക്കെ നേടിയെങ്കിലും പൂർണ്ണമായും
പലർക്കും മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിൽനിന്നും
മോചിതരാകുവാൻ കഴിഞ്ഞിട്ടില്ല എന്നറിഞ്ഞത്
ഏറെ ഞെട്ടലോടെയാണ്. ഇവരിൽ വിവാഹബന്ധം
തകർന്നവരുമുണ്ട്. ലഹരി പകരുന്ന സുഖം അറിയാനുള്ള ആകാംക്ഷയിൽ ഉപയോഗിച്ചു തുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും,,കെട്ടുറപ്പില്ലാത്ത കുടുംബപശ്ചാത്തലവുമെല്ലാം ഈ അവസ്ഥയിലേക്ക്
പലരെയും എത്തിക്കുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്.
 
കൗമാര ദശയിൽ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളേയും,അവരുടെ കൂട്ടുകാരേയും ശ്രദ്ധാപൂർവ്വം വീക്ഷിക്കേണ്ടത് മാതാപിതാക്കളുടെ
ഉത്തരവാദിത്വമാണ്. സ്നേഹത്തോടെ ചേർത്തു നിർത്തുന്നു എന്നൊരു വിശ്വാസമാണ് ആ പ്രായത്തിൽ മക്കളിൽ ഉളവാക്കേണ്ടത്. അമിതനിയന്ത്രണങ്ങൾ വിപരീതഫലമായിരിക്കും സൃഷ്ടിക്കുന്നത്. കഴുകൻ കണ്ണുകളുമായി കുട്ടികളെ റാഞ്ചിയെടുക്കുവാൻ
 മയക്കുമരുന്നു ലോബികളിലെ ഏജന്റന്മാരുടെ സംഘം തന്നെയുണ്ട്. പലവേഷത്തിലും  ഭാവത്തിലും അവതരിക്കാറുള്ള ഇവരുടെ പിടിയിലകപ്പെടാതെശ്രദ്ധിക്കുന്നതിൽ മാതാപിതാക്കളും,അധ്യാപകരും സദാ ജാഗരൂകരായിരിക്കണം.
 
മയക്കുമരുന്നിന്റെ ഉപയോഗം സംബന്ധിച്ച ആഗോള പ്രശ്നങ്ങളെക്കുറിച്ച്  വ്യക്തമായ ധാരണ സമൂഹത്തിൽ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയോടൊപ്പം
കുട്ടികളും,കൗമാരക്കാരും ഉൾപ്പെടെയുള്ള വ്യക്തികളിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കിക്കുക എന്ന പ്രധാനലക്ഷ്യം വച്ചാണ് ഈ ദിനം ആചരിച്ചു വരുന്നത്.
 
കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ കീഴിൽ 19 ലഹരി വിമോചന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.ആരോഗ്യ വകുപ്പും,എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴിൽ 14 ലഹരി വിമോചനകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്നിനോടുള്ള ആസക്തി പല മസ്തിഷ്ക മാറ്റങ്ങൾക്കും കാരണമാകും. അതിനാൽ മയക്കു മരുന്നിന് അടിമയായ ഒരാളെ രോഗിയായിത്തന്നെകണക്കാക്കുന്നത്.
 
മനസ്സിനെ ഉത്തേജിപ്പിക്കുകയും,പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കൾ ഉപേക്ഷിച്ചില്ലെങ്കിൽ അത് വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ ദോഷം ചെയ്യും. യുവതലമുറയെ ഈ മാരക വിപത്തിൽ നിന്ന് രക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ തന്നെ വെല്ലുവിളിയാണ്.
Join WhatsApp News
Sudhir Panikkaveetil 2022-06-26 13:56:23
മയക്കുമരുന്നുപയോഗിക്കുന്നത് കുറ്റമായി കണ്ടു നല്ല ശിക്ഷ കൊടുക്കണം. അല്ലാതെ മയക്കുമരുന്ന് വിറ്റ് ഉപജീവനം കഴിക്കുന്നവന്റെ വയറ്റത്തടിച്ചിട്ടു കാര്യമില്ല. മയക്കുമരുന്നിന് അടിമയായ പിള്ളേരെ ലോക്കപ്പിൽ ഇട്ടു നാല് പൂസിയാൽ (നിയമം അത് അനുവദിക്കുന്നില്ല, ഹാ കഷ്ടം) മരുന്ന് കിട്ടാതെയുള്ള അവരുടെ വിറയ്‌ലും കിട്ടാനുള്ള വെറിയും നിൽക്കും. ഇന്ന് ലോകം അക്രമത്തിലേക്ക് നീങ്ങുന്നത് ശിക്ഷയില്ല എന്ന അവസ്ഥകൊണ്ടാണ്."മറക്കുക, മാപ്പു കൊടുക്കുക" ഇത് രണ്ടും ആറ്റംബോംബിനേക്കർ ഭയാനകം ആകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക