Image

തലയിൽ കെട്ടി വച്ച തക്കാളി, കാന്തിക മണ്ഡലം, ഒരു ഡി.എൻ.എ ടെസ്റ്റും (നസീർ ഹുസ്സൈൻ കിഴക്കേടത്ത്, ന്യുജേഴ്‌സി)

Published on 23 July, 2022
തലയിൽ കെട്ടി വച്ച തക്കാളി, കാന്തിക മണ്ഡലം, ഒരു ഡി.എൻ.എ ടെസ്റ്റും (നസീർ ഹുസ്സൈൻ കിഴക്കേടത്ത്, ന്യുജേഴ്‌സി)

"എന്റെ തലയിൽ ചെറുപ്പത്തിൽ തക്കാളി കെട്ടിവച്ചിരുന്നു നസീർ" എന്ന് പാതി കളിയായും പാതി കാര്യമായുമാണ് സൻജയ്‌ പറഞ്ഞത്. സ്വിസ് ബാങ്കിൽ ജോലി ചെയ്തിരുന്ന സമയത്ത് എന്റെ മാനേജർ ആയിരുന്നു സഞ്ജയ്. പാകിസ്ഥാനിലെ പെഷാവറിൽ നിന്ന് ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു  കുടുംബത്തിലെ അംഗമായിരുന്നു സഞ്ജയ്. ഞാൻ ഇന്നേവരെ ജോലി ചെയ്തതിൽ വച്ച് ഏറ്റവും നല്ല മാനേജറും ജോലി ഉപേക്ഷിച്ച ശേഷം അടുത്ത സുഹൃത്തും.

തലയിൽ തക്കാളി എന്ന് സഞ്ജയ് കളിയായി പറഞ്ഞത് അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു ആചാരത്തെ കുറിച്ചാണ്. സഞ്ജയ്  ഹിന്ദു മതത്തിൽ അറോറ സമുദായക്കാരാണ്. അവർ പരമ്പരാഗതമായി കുടുംബത്തിൽ ജനിക്കുന്ന ആദ്യത്തെ ആൺകുട്ടിയെ സിഖ് മതാചാര പ്രകാരമാണ് വളർത്തുക. സിഖ് മതത്തിനു ഒരാളെ കുടുംബത്തിൽ നിന്ന്  കൊടുക്കുന്നു എന്നാണു അവർ പറയുക. ഇതിന്റെ തുടക്കം എങ്ങിനെയാണ് എന്നൊന്നും സഞ്ജയ്‌ക്ക് അറിയില്ല, പക്ഷെ കുടുംബത്തിൽ മൂത്ത കുട്ടി ആയത് കൊണ്ട് സഞ്ജയ് ഒരു സിഖ് കാരനായിട്ടാണ് വളർന്നത്. തലയിൽ മുടി മുറിക്കാതെ തക്കാളി പോലെ കെട്ടിവച്ച അനുഭത്തെ കുറിച്ചാണ് സഞ്ജയ് തമാശ പറഞ്ഞത്.

വീട്ടിലെ വേറെ എല്ലാ കുട്ടികളും ഹിന്ദു ആചാരപ്രകാരം വളർന്നു, സഞ്ജയ് സിഖ്കാരനായും. സിഖുകാർ പലപ്പോഴും പട്ടളത്തിന്റെ ഭാഗമായിരുന്നത് കൊണ്ട് ഒരു പക്ഷെ പെട്ടെന്ന് ജോലി കിട്ടാൻ വേണ്ടിയോ, അതോ സിഖ് മതത്തിലെ അംഗ സംഖ്യ കുറഞ്ഞ സമയത്ത് അവരെ സഹായിക്കാൻ വേണ്ടിയോ മറ്റോ തുടങ്ങിവച്ച ഒരാചാരം ആയിരിക്കാം ഇത്, ഇതിന്റെ ചരിത്ര പശ്ചാത്തലം അറിയില്ല. സഞ്ജയുടെ  കുടുംബത്തിലെ വിവാഹം ഹിന്ദു ആചാരപ്രകാരവും മരിച്ചവരെ അടക്കുന്നത് സിഖ് ആചാരപ്രകാരവുമാണ് നടന്നിരുന്നത്. സിഖ്, ഹിന്ദു എന്നിങ്ങനെ രണ്ടു മതത്തിൽ പെട്ടവരാണ് തങ്ങളെന്ന് ഒരു വിചാരവുമില്ലാതെ കളിച്ചു വളർന്നവരാണ്  സഞ്ജയും സഹോദരങ്ങളും.

ഞാൻ കാണുമ്പോൾ പക്ഷെ സൻജയ്‌ ഒരു തരത്തിലും സിഖ് മതത്തിൽ പെട്ട ഒരാളാണെന്ന് കാണിക്കുന്ന ഒരു ചിഹ്നവും  ധരിച്ചിരുന്നില്ല. തലയിൽ മുടി കെട്ടിവയ്ക്കുകയോ താടി വളർത്തുകയോ ഒന്നും ചെയ്തിരുന്നില്ല. അതിന്റെ കാരണം ന്യൂ യോർക്കിലെ  ഒരു മദ്യശാലയിൽ ബിയർ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഞ്ജയ് എന്നോട് പറഞ്ഞത്.

"1984  ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നിർണായക വർഷമായിരുന്നു. ആ വർഷം  ഒക്ടോബർ മുപ്പത്തി ഒന്നിന് ഇന്ദിര ഗാന്ധി തന്റെ സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കകം ഡൽഹിയിൽ ഒരു വലിയ ജനക്കൂട്ടം സിഖ്‌കാരെ ആക്രമിക്കാൻ തുടങ്ങി.. ഏതാണ്ട് എല്ലാവരും  ഹിന്ദുക്കൾ ആയ  ഒരു കൂട്ടം ആയിരുന്നു അത്. ഞങ്ങളുടെ വീടിന്റെ അടുത്തും ഈ ജനക്കൂട്ടം എത്തി. ഒരേ അച്ഛന്റെയും അമ്മയുടെയും  മക്കളായ സഹോദരങ്ങൾ തന്നെ  ഹിന്ദുക്കളും സിഖുകാരും ആയി  ഒരുമിച്ചു താമസിക്കുന്ന  വീട്ടിൽ അക്രമകാരികൾ സിഖുകാരെ അന്വേഷിച്ചു  എത്തിയാൽ എന്ത് സംഭവിക്കും എന്ന് നസീറിന് ആലോചിക്കാൻ കഴിയുമോ?

സഹോദരങ്ങൾ ആണെന്ന് ഈ വരുന്ന അക്രമകാരികൾക്ക് ഒരു നോട്ടവുമില്ല, മറിച്ച് സിഖ് മതത്തിന്റെ ഏതെങ്കിലും അടയാളം കണ്ടാൽ ആ വ്യക്തിയെ കൊന്നു കളയുക എന്ന ഒരു ആൾക്കൂട്ട മനോഭാവവും ആയി എത്തുന്നവരോട് ചരിത്രം പറഞ്ഞിട്ട് ഒരു കാര്യവുമില്ല... എന്റെ അമ്മ തന്നെയാണ് എന്റെ തലമുടിയും താടിയും ഒക്കെ വെട്ടി വൃത്തിയാക്കാൻ പറഞ്ഞത്. അര മണിക്കൂർ സമയത്ത്, ഈ അക്രമകാരികൾ വീട്ടിൽ എത്തിയ സമയത്തിനുള്ളിൽ ഞാൻ ഒരു "ഹിന്ദു" ആയി മാറി കഴിഞ്ഞു. പക്ഷെ ഞങ്ങളുടെ ബന്ധുക്കൾ ഉൾപ്പെടെ ഏതാണ്ട് മൂവായിരത്തോളം ആളുകൾ ആണ് അന്ന് ഡൽഹിയിൽ മാത്രം കൊല്ലപ്പെട്ടത്. അന്ന് മുതൽ ഞാൻ സിഖ് അടയാളങ്ങൾ  ധരിക്കാറില്ല. പേരിൽ നിന്ന് തന്നെ സിഖ് മതത്തെ സൂചിപ്പിക്കുന്ന ഭാഗം ഞാൻ എടുത്തു മാറ്റി. ആ അനുഭവം ആണ് മതം, അതുവഴി നമുക്കുണ്ടാകുന്ന  സ്വത്വം, രക്ത ബന്ധങ്ങൾ ഉണ്ടെങ്കിൽ പോലും മതത്തിന്റെ പേരിൽ പരസ്പരം കൊല്ലാൻ തന്നെ മടിക്കാത്ത ആളുകളുടെ മനോഭാവം   തുടങ്ങി അനേകം കാര്യങ്ങളെ കുറിച്ച്  ഞാൻ ഗൗരവമായി ആലോചിക്കാൻ തുടങ്ങിയത് തന്നെ. പാകിസ്ഥാനിൽ നിന്ന് ഓടിപ്പോന്നവരാണ്  ഞങ്ങളുടെ പൂർവികർ.  ഇന്ത്യ എന്നാൽ ഞങ്ങളുടെ നാട് എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അവിടെ തന്നെ ഞങ്ങൾ മറ്റൊരു വിഭാഗമായി, രാജ്യത്തിൻറെ ശത്രുക്കളയി കരുതപ്പെടുമെന്ന് ഒരിക്കലും ഞങ്ങൾ കരുതിയിരുന്നില്ല...."

ഞാൻ പള്ളുരുത്തി വെളി എസ്ഡിപിവൈ സ്കൂളിൽ ഹൈസ്കൂൾ പഠനം തുടങ്ങിയ സമയത്താണ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതും, സിഖ് വംശഹത്യ നടക്കുന്നതും. സഞ്ജയ്  പറഞ്ഞ കാര്യങ്ങൾ അതുകൊണ്ടു തന്നെ എനിക്ക് മനസിലാക്കാൻ എളുപ്പമായിരുന്നു, പക്ഷെ സിക്ക് - ഹിന്ദു  മതങ്ങളിൽ  പെട്ടവർ ഒരേ രക്തബന്ധം ഉള്ളവരാണ് എന്നുള്ള കാര്യം എനിക്ക് പുതിയ അറിവായിരുന്നു.

"ജാതി വ്യവസ്ഥയും കേരളം ചരിത്രവും" എന്ന പികെ ബാലകൃഷണറെ പുസ്തകത്തിലാണ് എന്ന് തോന്നുന്നു ഞാൻ ആദ്യമായി  ഇതുപോലെ ഒരു കാര്യം കേരളത്തിൽ നടന്നത്  വായിച്ചത്. പോർട്ടുഗീസുകാരുടെ കടൽ വഴിയുള്ള അക്രമം തടയാൻ പ്രധാനമായും മുസ്ലിങ്ങൾ അംഗങ്ങളായുള്ള  നാവികസേന ശക്തിപ്പെടുത്താൻ സാമൂതിരി "മുക്കുവന്മാരുടെ കുടുംബങ്ങളിൽ നിന്ന് ഒന്നോ രണ്ടോ അതിലധികമോ പുരുഷന്മാരായ അംഗങ്ങളെ മുസൽമാന്മാരായി വളർത്തണമെന്ന്" കൽപ്പിച്ചു എന്ന് വായിച്ചതായിട്ടാണ് ഓർമ. കോഴിക്കോട് മാറാട് കലാപത്തെ കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോളെല്ലാം  എന്റെ മനസിലെ ചിന്ത ഈ ഉത്തരവിനെ കുറിച്ചായിരുന്നു. തീരദേശത്തെ മുസ്ലിങ്ങളും ഹിന്ദുക്കളും മതത്തിന്റെ പേരിൽ  പരസ്പരം കൊന്നൊടുക്കുമ്പോൾ ഒരു പക്ഷെ അവർ കൊല്ലുന്നത് കുറച്ചു തലമുറകൾക്ക് മുൻപ് വരെ രക്തബന്ധം ഉണ്ടായിരുന്ന സഹോദരങ്ങളെ തന്നെ ആയിരിക്കാം.

ഇത്രയും എഴുതാൻ കാരണം എനിക്ക് ഈയടുത്തുണ്ടായ ഒരനുഭവമാണ്. ശബരിമല കോടതി വിധി വന്ന സമയത്ത് , ഹിന്ദു ക്ഷേത്രങ്ങളിലെ ഉയർന്ന കാന്തിക മണ്ഡലം മൂലം സ്ത്രീകൾക്ക് എൻഡോമെട്രിയോസിസ് എന്ന രോഗമുണ്ടാകും എന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിച്ച സമയത്ത്, കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന ഒരു ടെസ്ല മീറ്റർ ഉപയോഗിച്ച് ഈ പറയുന്നത് തെറ്റാണെന്നും, ഹിന്ദു ക്ഷേത്രങ്ങളിൽ അധിക കാന്തിക ശക്തി ഇല്ലെന്നും, രക്തത്തിലെ ഇരുമ്പ് മൂലകം ആയിട്ടല്ല മറിച്ച് ഒരു സംയുക്തം ആയിട്ടു ഇരിക്കുന്നത് കൊണ്ട് കാന്തിക ശക്തി അതിനെ ബാധിക്കില്ല എന്നും,  നമ്മുടെ അടുക്കളയിലെ മൈക്രോവേവ് ഓവൻ പോലും വലിയ കാന്തിക മണ്ഡലം ഉല്പാദിപ്പിക്കുന്ന ഒരു ഉപകരണമാണ് എന്നുമൊക്കെ സമർത്ഥിക്കുന്ന ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു.

ന്യൂ ജേഴ്‌സിയിലെ എന്റെ  കുറെ അടുത്ത മലയാളി സുഹൃത്തുക്കൾ ഈ വീഡിയോയുടെ പേരിൽ എന്നെയും എന്റെ കുടുംബത്തെയും സാമൂഹികമായി ബഹിഷ്കരിക്കുന്നതിലേക്ക് ആണ് ആ സംഭവം എത്തിച്ചേർന്നത്.  ഈ ബഹിഷ്‌കരണത്തിന് നേതൃത്വം നൽകിയ ഒരു സുഹൃത്ത് ഈയടുത്ത് 23andme എന്ന വെബ്‌സൈറ്റിൽ DNA ടെസ്റ്റ് നടത്തിയപ്പോൾ ഞങ്ങൾ  മൂന്നോ നാലോ  തലമുറ മുൻപുള്ള കസിൻസ് ആണെന്ന്  എനിക്ക് നോട്ടിഫിക്കേഷൻ വന്നു!

ജാതിയുടെയും മതത്തിന്റെയും വ്യത്യസ്‍തമായ അഭിപ്രായങ്ങളുടെയും  രാഷ്ട്രീയത്തിൻറെയും പേരിൽ ഗ്വാ ഗ്വാ വിളിക്കുകയും കൊല്ലാൻ നടക്കുകയും സാമൂഹിക ബഹിഷ്കരണം നടത്തുകയും ചെയ്യുന്നവരുടെ കാര്യമൊക്കെ ഇത്രയേ ഉള്ളൂ. ചരിത്ര ഓർമകളുടെ അഭാവമാണ് മനുഷ്യരുടെ  പല സാമൂഹിക  പ്രശ്നങ്ങളുടെയും മൂല കാരണം. ചരിത്രം പഠിക്കുകയും ഈ ഓർമ്മകൾ തിരികെ കൊണ്ടുവരികയും ചെയ്‌താൽ നമ്മൾ കൊല്ലാനും ബഹിഷ്കരിക്കാനും നിൽക്കുന്നവനും, നമ്മളെ കൊല്ലാനും ബഹിഷ്കരിക്കാനും നിൽക്കുന്നവനും  നമ്മുടെ തന്നെ സഹോദരനോ സഹോദരിയോ ആണെന്ന് കാണാൻ കഴിയും.
അപ്പോൾ എല്ലാവർക്കും ശുഭദിനം....

-----------------------

 

Join WhatsApp News
LGBTQ & TRANSGENDERS 2022-07-23 17:47:15
സ്ത്രീയുടെ ബ്രെയിൻ പുരുഷൻറ്റെ ബ്രെയിനിൽനിന്നും വ്യത്യസ്തം ആണ്. അപ്പൊൾ ബ്രെയിൻ ആണ് ലിംഗം ഏതെന്നു തീരുമാനിക്കുന്നത് . അപ്പോൾ പുരുഷ ശരീരം ഉണ്ടെങ്കിലും ബ്രെയിൻ സ്ത്രീയുടെയും; സ്ത്രീ ശരീരം ഉണ്ടെങ്കിലും ബ്രെയിൻ പുരുഷൻറ്റെയും ആകാൻ സാദ്യത ഉണ്ട്. അതാണ് ട്രാൻസ് ജെൻഡേർസ്. അപ്പോൾ LGBTQ -അവരെ നിങ്ങൾ അംഗീകരിക്കണം.- ചാണക്യൻ
LGBTQ & Transgenders 2022-07-23 17:49:09
LGBTQ & TRANSGENDERS: സ്ത്രീയുടെ ബ്രെയിൻ പുരുഷൻറ്റെ ബ്രെയിനിൽനിന്നും വ്യത്യസ്തം ആണ്. അപ്പൊൾ ബ്രെയിൻ ആണ് ലിംഗം ഏതെന്നു തീരുമാനിക്കുന്നത് . അപ്പോൾ പുരുഷ ശരീരം ഉണ്ടെങ്കിലും ബ്രെയിൻ സ്ത്രീയുടെയും; സ്ത്രീ ശരീരം ഉണ്ടെങ്കിലും ബ്രെയിൻ പുരുഷൻറ്റെയും ആകാൻ സാദ്യത ഉണ്ട്. അതാണ് ട്രാൻസ് ജെൻഡേർസ്. അപ്പോൾ LGBTQ -അവരെ നിങ്ങൾ അംഗീകരിക്കണം.- ചാണക്യൻ
Kutty 2022-07-23 17:54:06
അപ്പോൾ കുട്ടികൾ ഉണ്ടാകാൻ കാരണം ബ്രെയിൻ ആണോ?
കുട്ടികൾ uണ്ടാകാൻ: 2022-07-23 18:20:34
കുട്ടികൾ ഉണ്ടാകാൻ: കുട്ടികൾ ഉണ്ടാകാനുള്ള കാരണം എന്താണ് എന്ന് അറിവില്ലാത്തവർ അറിയാൻ- കുട്ടികൾ ഉണ്ടാകാനുള്ള കാരണം ഭാര്യയോട് ചോദിക്കാൻ പേടി {ബിപി } ഉള്ളവർ അയലത്തെ കുട്ടപ്പനോട് ചോദിക്കുക - സരസമ്മ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക