പഞ്ചതന്ത്ര കഥയില്‍ നിന്ന് (ജി. പുത്തന്‍കുരിശ്)

Published on 29 July, 2022
പഞ്ചതന്ത്ര കഥയില്‍ നിന്ന് (ജി. പുത്തന്‍കുരിശ്)

 താന്‍ കുഴിക്കും കുഴിയില്‍ താന്‍ തന്നെ വീഴും
പട്ടിണികൊണ്ടു പൊറുതിമുട്ടീടുമ്പോള്‍
കിട്ടുന്നതെന്തും അശിക്കുമാരും

ഇല്ലമനുഷ്യരും പക്ഷിമൃഗങ്ങളും 
ഇല്ലൊട്ടും തമ്മിലതിനു ഭേദം. 

തേടിടും കാട്ടിലും നാട്ടിലും ഭക്ഷണം
തേടിയലഞ്ഞു തിരിയുമെങ്ങും

ചുറ്റി നടന്നോരു കുറുനരി പണ്ടങ്ങ്
പട്ടിണി മാറ്റുവാന്‍ കാട്ടിലെല്ലാം. 

കത്തുന്ന വിശപ്പും ആയാകുറുനരി
എത്തിയങ്ങാ തുറസ്സായ ഭൂവില്‍

പടയൊഴിഞ്ഞൊരു യുദ്ധക്കളം കണ്ടു
നടന്നവനതു ലക്ഷ്യമാക്കി.

കണ്ടായുദ്ധക്കള കോണിലൊരു മരം
കണ്ടതിന്‍ കീഴില്‍ പെരുമ്പറയും.

ഉണ്ടായിരുന്നതിന്‍ ചോട്ടിലൊരു കൊമ്പ്
ചെണ്ടക്കോല്‍ പോലതു നിന്നിരുന്നു

കൊമ്പു കുലുക്കി വന്നൊരു കാറ്റില്‍,  മര
കമ്പിളകി തട്ടി പെരുമ്പറയില്‍

പെട്ടന്നു കേട്ടൊരു മുഴുങ്ങും ശബ്ദത്താല്‍
ഞെട്ടി തിരിഞ്ഞവന്‍ നോക്കി നിന്നു.

ആവാം അതിനുള്ളിലൊരു ചെറുമൃഗം
നാവിലൂറി വെള്ളം കുറുനരിക്ക്..

ചുറ്റി കറങ്ങി പെരുമ്പറയ്ക്കു ചുറ്റും
തെറ്റൊന്നൊന്നു മാന്തി കാല്‍നഖത്താല്‍

കാഠിന്യംമേറുന്ന തോടിന്റെ കട്ടിയാല്‍
പാടുപോലും വീഴ്ത്താന്‍ ആയതില്ല.

നിന്നവനങ്ങു കാളും വിശപ്പുമായി
നിന്നു പെരുമ്പറയില്‍ കണ്ണും നട്ട്

അങ്ങനെ നില്ക്കുന്ന നേരത്ത് ദൂരത്ത്
എങ്ങുന്നോ കേട്ടു കാലൊച്ചയെന്തോ


കണ്ടാല്‍ ഭീമനാം അരണപോലുണ്ടത്
ഉണ്ടതിനു കൂര്‍ത്ത നഖവുമേറെ. 
 
ചിന്തിച്ചുടന്‍ സുത്രശാലി കുറുനരി
ചിന്തിച്ചവനെ മുതലെടുക്കാന്‍

ചെന്നവന്‍ അരണയ്ക്കരികിലായ് ചെന്നിട്ട്
ചൊന്നവന്‍ കഥയെല്ലാം കാര്യമായി

നന്നാ വിശന്നലഞ്ഞ അരണ്ക്കും തോന്നി
നന്നായവനെ കണ്ടുമുട്ടിയതില്‍.

ചെന്നരണയാ പെരുമ്പറയ്ക്കരികില്‍
ചെന്നു മാന്തി കീറി കാല്‍ നഖത്താല്‍

കണ്ടില്ലതിനുള്ളിലൊറ്റമൃഗത്തേയും
ഉണ്ടായവനുള്ളില്‍ അരിശമേറി.

നേരെ തിരിഞ്ഞു കുറുനരിയ്ക്കു നേരെ
ഭതീരട്ടെന്‍ വിശപ്പു തിന്നുനിന്നെ'

ചാടിവീണരണ കുറുനരിയുടെമേല്‍
കാടാകെ കേട്ടൊരു രോദനവും

നമ്മള്‍ കുഴിക്കുന്ന കുഴിയില്‍ വീഴാതെ
നമ്മളെ തന്നെ നാം കാത്തിടേണം 

 

ചാണ്ടി തേരാപാരയിൽ 2022-07-29 02:19:32
പാരപണി നല്ലതല്ല ചേട്ടന്മാരെ അത് തിരിച്ചു വരുമെന്ന് സാരം .
Chandran 2022-07-29 14:26:27
വളരെ ചെറുപ്പത്തിൽ കേട്ടിട്ടുള്ള കഥകളാണ് പഞ്ചതന്ത്ര കഥകൾ . അതിലെ ഗുണപാഠങ്ങളോടെ ലളിതമായ ഭാഷയിൽ ആവിഷ്കരിച്ചത് നന്നായിരിക്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക