കിനാവുകൊണ്ടങ്ങീ ജീവിതയാത്രയില്‍
മനകോട്ട കെട്ടാത്തോരാരുമില്ല
പൊട്ടിപൊളിഞ്ഞത ് നിലംപരിചാകുമ്പോള്‍
പൊട്ടി നാം വാവിട്ടു കരഞ്ഞിടുന്നു.
അഷ്ടിക്ക് മാര്‍ശങ്ങളില്ലാത്തോന്‍ മനകോട്ട
കെട്ടിയിരുന്നിട്ടെന്തു കാര്യം?
കണ്ടിടാമങ്ങനെ മടിയരായുള്ളോരെ
പണ്ടുതൊട്ടിങ്ങീ ഭൂവിലെല്ലാം.
പണ്ടൊരു ഗ്രാമത്തില്‍ ഒരിടത്തൊരിക്കല്‍
ഉണ്ടായിരുന്നൊരു സ്വപ്നജീവി.
ഭക്ഷണത്തിനായവന്‍ ഭിക്ഷയാചിച്ചിടും
ഭിക്ഷാടനം കഴിഞ്ഞുടനുറക്കം.
കിട്ടും ഭോജ്യം ലേശം അശിച്ചിട്ട് മിച്ചം
ചട്ടിയില്‍ കട്ടിലിന്‍ ചാരെ വയ്ക്കും.
ഉച്ചയ്‌ക്കൊരു ദിനം അന്നം കഴിച്ചവന്‍
ഉച്ചയുറക്കത്തിലാണ്ടുപോയി.
വന്നു നിരന്നോരോ സ്വപ്നങ്ങളന്നേരം
വന്നിട്ടവനെ ചിറകിലേറ്റി.
ധനികനായൊരു വ്യാപാരിയായവന്‍
പണിയെടുക്കാന്‍ ഒട്ടേറെ ജീവനക്കാര്‍
കന്നുകാലികള്‍ ആടുകള്‍മേടുകള്‍
വന്നങ്ങു പണം കുമിഞ്ഞു കൂടി.
സുന്ദരിയായൊരു പെണ്ണിനെ വേട്ടവന്‍
അന്തര്‍ജനമാക്കി കൂടെ പാര്‍ത്തു.
കാലങ്ങള്‍പോയതറിഞ്ഞില്ലുണര്‍ന്നവന്‍
ബാലികബാലന്മാരുടൊച്ച കേട്ട്
പെട്ടന്നു വന്നൊരു കോപത്താലവന്‍
തട്ടിമാറ്റിയുടന്‍കുട്ടികളെ.
ഞെട്ടിയുണര്‍ന്നെന്തോ പൊട്ടുന്ന ശബ്ദത്താല്‍
ചുറ്റിലും നോക്കി പരിഭ്രാന്തനായി.
പൊട്ടി കിടക്കുന്നു ചട്ടിയും ഭക്ഷണോം
തട്ടിതെറിച്ചതാ കാലുകൊണ്ട ്!
പെട്ടന്നവനങ്ങു ബോധോദയമുണ്ടായി
കഷ്ടം! സ്വപ്നം വരുത്തിവച്ച വിന.
മനകോട്ട കെട്ടല്ലെ സ്വപ്നങ്ങള്‍ കൊണ്ടാരും
ഉണരുമ്പോളത് തകര്‍ന്നുവീഴും
കെട്ടും മനകോട്ട യാഥാര്‍ത്ഥ്യമാക്കുവാന്‍
ഒട്ടും മടിപാടില്ലോര്‍ത്തിടേണം.