ഷോപ്പിംഗ് കോംപ്ലക്സുകളും, മാളുകളുമൊന്നും കേരളത്തിൽ ഇല്ലാതിരുന്നൊരു കാലം. തൃശൂർപൂരത്തിനോടനുബന്ധിച്ച് നടക്കാറുള്ള വിപണനമേളയും,സാംസ്കാരിക പരിപാടികളുമെല്ലാം കേരളത്തിൽ അന്നും വലിയ ആഘോഷമായിരുന്നു.
1907 ൽ തൃശൂർ പൂരത്തിനിടക്ക് വച്ചാണ് കേരളത്തിലെ ആദ്യത്തെ
സിനിമാ പ്രദർശനവും നടന്നത്. തേക്കിൻകാട് മൈതാനത്തിൽ താത്കാലികമായി കെട്ടിയുണ്ടാക്കിയ കൂടാരത്തിൽ 100 പേർക്കുള്ള
ഇരിപ്പിട സൗകര്യവുമൊരുക്കി തൃശൂർക്കാരനായ
വാറുണ്ണി ജോസഫ് കാട്ടുക്കാരനാണ് സിനിമാപ്രദർശനത്തിന് തുടക്കം കുറിച്ചത് .അതിനുശേഷം ഒല്ലൂരിൽ 'ജോസ് ഇലക്ട്രിക്കൽ ബയോസ്കോപ്'എന്ന പേരിൽ ഒരുതീയേറ്റർ സ്ഥാപിച്ചു. അദ്ദേഹമാണതു കൊണ്ട് കേരളത്തിലെ സിനിമാ തീയേറ്ററുകളുടെ പിതാവായി അറിയപ്പെടുന്നതും.
തദ്ദേശ നിയമപ്രകാരം ആധുനികരീതിയിലുള്ള തീയേറ്ററുകളെ Aക്ലാസ്സ് ,Bക്ലാസ്സ്,Cക്ലാസ്സ് എന്നീ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.
Cക്ലാസ്സ് വിഭാഗത്തിൽപെടുത്താവുന്ന 3 തീയേറ്ററുകളാണ് എന്റെ ചെറുപ്പകാലത്ത് കോട്ടയത്ത് ഉണ്ടായിരുന്നത്. നാഗമ്പടം പാലത്തിനടുത്തുള്ള ഓല മേഞ്ഞ നിർമ്മലതീയേറ്റർ, ആദംസ് ടവർ എന്ന ഷോപ്പിംഗ് കോപ്ലക്സായി പരിണമിച്ച സ്റ്റാർ തീയേറ്റർ. കുറച്ച് മുഖകാന്തിയൊക്കെ ഉള്ള രാജ്മഹാൾ തിയേറ്റർ. കൈമാറ്റങ്ങളും, തീപിടുത്തങ്ങളുമൊക്കെയുണ്ടായെങ്കിലും അവയെയെല്ലാം അതിജീവിച്ച് 'അനശ്വര തീയേറ്റർ' എന്ന പേരിൽ അതിന്നുംനിലനിൽക്കുന്നുണ്ട്. സൂര്യയുടെയും, വിജയിന്റെ യുമൊക്കെ തമിഴ്പടങ്ങൾ തകർത്തു വാരാനുള്ള വേദിയായി.
കേരളത്തിലെ മറ്റുനഗരങ്ങളിൽ കടൽത്തീരങ്ങളോ,വലിയ മൈതാനങ്ങളോ, പാർക്കുകളോ ഒക്കെ കാണാം. ഇതൊന്നും അവകാശപ്പെടാനില്ലാത്ത കോട്ടയംകാരുടെ ഏക വിനോദോപാധി സിനിമാതീയേറ്ററുകൾ മാത്രമായിരുന്നു.
അക്കാലത്തൊക്കെ പ്രദർശനം ആരംഭിക്കുന്നതിനു
മുൻപേ ഉച്ചഭാഷിണിയിൽ നിന്നും സിനിമാഗാനങ്ങൾ നാടെങ്ങും കേൾക്കുംവണ്ണം മുഴങ്ങിയിരുന്നു. മറ്റു വിനോദങ്ങളൊന്നും അധികമില്ലാതിരുന്ന അക്കാലത്തെ ആളുകൾ അത്ഭുതത്തോടെയും ആവേശത്തോടുമാണവയെ നെഞ്ചിലേറ്റിയിരുന്നത്.
ബാല്യകാലത്ത് സിനിമാപ്രേമിയായ അമ്മ എല്ലാ ആഴ്ചയും സഹോദരന്മാരെയും, എന്നെയും സിനിമ കാണിക്കുവാൻ കൊണ്ടുപോകുമായിരുന്നു. PWDഉദ്യോഗസ്ഥയായതിനാൽ അക്കാലത്ത് അമ്മക്ക് ഫ്രീ പാസ്സും ലഭിച്ചിരുന്നു എന്നതുമൊരു സത്യമാണ്.
സ്റ്റാർതീയേറ്ററിലും,രാജ്മഹാൾ തീയേറ്ററിലുമായിരുന്നു ഞങ്ങൾ പോകാറുണ്ടായിരുന്നത്. തമിഴ് ,ഹിന്ദിപടങ്ങളായിരുന്നു അധികവും സ്റ്റാർതീയേറ്ററിൽ വന്നിരുന്നത്. മലയാളപടങ്ങളെല്ലാം സാധാരണപ്രദർശനത്തിനെത്തിയിരുന്നതു രാജ്മഹാളിലായിരുന്നു .
കയ്യിൽ ഒരു പൊതി ജീരകമിഠായിയും, കുപ്പിയിൽ വെള്ളവുമൊക്കെ കരുതിയായിരുന്നു തീയേറ്ററുകളിലേക്കുള്ള യാത്ര. അക്കാലത്ത്
സുലഭമായുള്ള മൂട്ടകളുടെ കടിയൊന്നും വകവയ്ക്കാതെ വായുംപൊളിച്ചിരുന്ന് കണ്ട MGR ചിത്രങ്ങളാണ് ഉലകം ചുറ്റും വാലിബൻ, ആയിരത്തിലൊരുവൻ തുടങ്ങിയവ. രാജ്
കപൂറിന്റെ ധരം കരം സിനിമയിലെ 'ഏക് ദിൻ ബിക്
ജായേഗ'ഗാനമെല്ലാം അർത്ഥമറിയാതെ പാടിനടക്കുമായിരുന്നു.
എല്ലാ ആഴ്ചയുമുള്ള സിനിമാ തീയേറ്ററിലേക്കുള്ള പര്യടനങ്ങൾ കുട്ടികളുടെ പഠനത്തിലുള്ള ശ്രദ്ധ കുറക്കുമെന്ന കാരണത്താൽ അച്ഛൻ പിന്നീട് വിലക്കി.
ബസ് യാത്രകൾക്കിടെ നാഗമ്പടത്തുള്ള നിർമ്മലാ
തിയേറ്റർ കണ്ടിട്ടുണ്ടെങ്കിലും അവിടൊരു സിനിമ
കാണുവാൻ ഭാഗ്യം ലഭിച്ചത് അഞ്ചാം ക്ലാസ്സിലെത്തിയപ്പോഴാണ്. "തിങ്ക ളാഴ്ച എല്ലാവരേയും നാലുമണിപ്പൂക്കൾ കാണിക്കുവാൻ
കൊണ്ടുപോകുന്നുണ്ട്. താഴെയിരുന്ന് സിനിമ കാണേണ്ടവർ ഒരു രൂപയും, കസേര വേണ്ടവർ നാലു രൂപയും കൊണ്ടു വരണം" ടീച്ചറത് ക്ലാസ്സിൽ പറഞ്ഞപ്പോൾ തന്നെ വലിയ ഹർഷാരവം
മുഴങ്ങി. ഇന്ന് ഭക്ഷണശാലയും, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമെല്ലാം നടത്തുന്ന പഴയ ബേക്കർ സ്കൂൾ കെട്ടിടത്തിന്റെ തടിയിൽ തീർത്ത ഗോവണിപ്പടികളെല്ലാ കുട്ടികളുംചാടിയിറങ്ങി വരിയായി നടന്ന് നിർമ്മലതീയേറ്ററിൽ പോയതും പഞ്ചാര മണൽ വിരിച്ച തറയിലിരുന്ന് നാലുമണിപ്പൂക്കളിലെ നായിക ശ്രീദേവിയുടെ കഷ്ടപ്പാടുകൾ കണ്ട്
ടീച്ചർമാരടക്കം എല്ലാവരും വിതുമ്പിക്കരഞ്ഞതുമറ്റും എങ്ങനെ മറക്കാനാകും.
എയർകണ്ടീഷനും,പുഷ്ബാക്ക്ചെയറുമൊക്കെയായി കോട്ടയംകാർക്കൊരു നവ്യാനുഭവമായിരുന്നു
ആനന്ദ് തീയേറ്ററും,അനുപമ തീയേറ്ററും. ചലച്ചിത്രതാരം ജയഭാരതിയായിരുന്നു ജനസാഗരത്തിനു നടുവിൽ അനുപമ തീയേറ്റർ
തീയേറ്റർ ഉദ്ഘാടനം ചെയ്തത്. ആനന്ദ് തീയേറ്റർ ഇന്ന് സൂപ്പർ ലക്ഷ്വറി തീയേറ്റർ പദവിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.
അഭിലാഷ് തീയേറ്ററും ,ആഷ മിനി തീയേറ്ററും
മറ്റൊരത്ഭുതമായിരുന്നു കോട്ടയംകാർക്ക്...അഭിലാഷിലും, ആനന്ദിലുമൊക്കെ ചുവന്ന കർട്ടൻ ഉയരുന്നത്' പ്രത്യേകമായൊരു സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു. ജർമ്മൻടെക്നോ ബാന്റിന്റെ സംഗീതംകേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ആവേശം നിറയുമായിരുന്നു. അവാർഡ് നേടുന്ന ചിത്രങ്ങളാണ് ആദ്യകാലത്തധികവും ആഷ തീയേറ്ററിൽ പ്രദർശനത്തിനെത്തിയിരുന്നത് .കാഞ്ചനസീതയും ,കുമ്മാട്ടിയും, എസ്തപ്പാനും, പോക്കുവെയിലുമെല്ലാം തീയേറ്ററിൽ കൊണ്ട് കാണിച്ചത് അച്ഛൻ തന്നെയാണ്. നല്ല പുസ്തകങ്ങൾ വായിക്കുന്ന
ഫലങ്ങളാണ് ആ ക്ലാസിക് സിനിമകളുടെ ദൃശ്യാനുഭവങ്ങൾ പകർന്നു നൽകിയിട്ടുള്ളത്.
ഒരു വാഹനത്തിനു പോലും കടന്നു പോകുവാൻ
പ്രയാസമുള്ള ചെറിയൊരു ഇടവഴിയിലൂടെ ഞെങ്ങിഞെരുങ്ങി ജനങ്ങൾ മോഹൻ ലാലിന്റെയും,മമ്മൂട്ടിയുടെയുമെല്ലാം സിനിമകൾ
ആവേശത്തോടെ കണ്ട് രസിച്ചിരുന്നു. ഷോ വിട്ടു കഴിഞ്ഞാൽ വൈതരണി കടക്കുന്നതിലും പ്രയാസമായിരുന്നു ആ വഴിയിലൂടെയുള്ള സഞ്ചാരം.
കോട്ടയം നഗരത്തിനടുത്ത പ്രദേശങ്ങളിൽ അന്നൊക്കെ നല്ലസിനിമാശാലകൾ വിരളമായിരുന്നു. പാലാ,വൈക്കം തുടങ്ങിയ സമീപദേശങ്ങളിൽ നിന്നും കുടുംബമായി
കോട്ടയത്തെത്തി ഷോപ്പിംഗും നടത്തി സിനിമയും
കണ്ട് മടങ്ങുന്നവരുണ്ടായിരുന്നു.
ധന്യ,രമ്യ എന്ന പേരിൽ രണ്ട് ഇരട്ട മൾട്ടിപ്ലക്സ് തീയേറ്ററുകൾ കൂടി എത്തി .കോട്ടയം നഗരം സിനിമകൾ ആസ്വദിച്ചാഹ്ലാദിച്ചിരുന്ന കാലത്താണ് കൊറോണ വന്ന് എല്ലാം താഴിട്ട് പൂട്ടിയത്.
സാമ്പത്തിക തകർച്ചയുടെ ഭീമമായ ഗർത്തത്തിൽ നിന്ന് സിനിമാവ്യവസായവും,തീയേറ്ററുകളും പതുക്കെകര കയറി വരുന്നതേ ഉള്ളൂ.
വെള്ളിത്തിരയിൽ നിന്നും ഇൻറർനെറ്റ് ലോകത്തേക്ക് അതിനിടയിൽ സിനിമ വളർന്നു.തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങൾ ഒരു മാസത്തിനകം O.T.T പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്നത് തീയേറ്ററുകൾക്കും,ജീവനക്കാർക്കും ഒരു ഭീഷണി
തന്നെയാണ്.
അതിജീവനത്തിന്റെയും,പോരാട്ടത്തിന്റെയും പാതയിൽ ഒട്ടേറെ നല്ല ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നുണ്ട് . ആ വിസ്മയക്കാഴ്ചകളെ നെഞ്ചിലേറ്റുവാനുള്ള ഉത്സാഹം കോട്ടയംനഗരത്തിലുള്ളവർക്കിന്നും ഒട്ടും കുറഞ്ഞിട്ടില്ല.