Image

നയൻതാരയും വിഘ്‌നേഷും ഇരട്ട കുട്ടികളും (ഗിരിജ ഉദയൻ മുന്നൂർകോഡ്)

Published on 10 October, 2022
നയൻതാരയും വിഘ്‌നേഷും ഇരട്ട കുട്ടികളും (ഗിരിജ ഉദയൻ മുന്നൂർകോഡ്)

ഇന്നലെ മുതൽ കേരളത്തിലെ പത്രക്കാർക്ക് വിഷയം കിട്ടി. അതിനടിയിൽ വരുന്ന കമന്റ്സ് വായിച്ചാൽ മലയാളി നീ എന്താ ഇങ്ങിനെ എന്നറിയാതെ ചോദിച്ചു പോകും. ജൂൺ ൽ കല്യാണം കഴിഞ്ഞു ഒക്ടോബർ ൽ രണ്ടു ഇരട്ട കുഞ്ഞുങ്ങൾ. ഇതാണ് പലരെയും പ്രകോപിപ്പിക്കുന്നത്.

ഇനി കാര്യത്തിലേക്ക് കടക്കാം.ഇവർക്ക് ജനിച്ചത് surrogate babies ആണ് എന്ന് ചില  തമിഴ് കമന്റ്‌കളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു ...വാടക ഗർഭം. വേറൊരു സ്ത്രീയുടെ ഗർഭപാത്രം 10 മാസത്തേക്ക് വാടകക്ക് എടുക്കുന്നു. അവർ പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ അച്ഛനും അമ്മയ്ക്കും നൽകുന്നു. പൈസക്കു വേണ്ടിയോ അല്ലെങ്കിൽ സുഹൃത്ത്‌ ബന്ധം, സ്നേഹബന്ധം എന്നിവയുടെ പേരിൽ ആവാം സ്ത്രീകൾ വാടക ഗർഭം സ്വീകരിക്കുന്നത്.

സത്യം പറഞ്ഞാൽ പ്രസവിച്ചു കഴിഞ്ഞു കുഞ്ഞിനെ മറ്റൊരാൾക്ക്‌ കൈമാറുമ്പോൾ ഒരു അമ്മക്ക് വേദനയുണ്ടാവില്ലേ? കുഞ്ഞിനെ മുലപ്പാൽ ഊട്ടാൻ അവൾ ആഗ്രഹിക്കില്ലേ? കുഞ്ഞിന്റെ മുഖം അവളെ വേട്ടയാടില്ലേ? ഇതൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷെ മാതൃത്വം നിഷേധിക്കപ്പെട്ട ഒരമ്മക്ക് സന്തോഷം കിട്ടുമല്ലോ എന്നോർക്കുമ്പോൾ ഒരാശ്വാസവും.

വാർത്തകളുടെ താഴെ വരുന്ന ചിലരുടെ കമന്റ്‌ വായിക്കുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വരും.  ഒരു ഗർഭിണി അനുഭവിക്കുന്ന വിഷമങ്ങൾ
നിങ്ങൾക്കറിയാമോ?  ആദ്യ ഗർഭം ഇന്നുമോർക്കുന്നു..... ഗർഭിണി ആണെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു. എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും എന്ത് കഴിച്ചാലും ശർദ്ധിക്കുക..45 കിലോ ഭാരം ഉണ്ടായിരുന്ന ഞാൻ പിന്നെയും ക്ഷീണിച്ചു തുടങ്ങി. ബാങ്കിൽ ജോലി ചെയ്യുന്ന സമയം. താകുർലി യിൽ നിന്നും വണ്ടി കയറി കുർളയിൽ ഇറങ്ങി കോട്ടൺഗ്രീൻ എന്ന സ്ഥലത്തേക്കുള്ള വണ്ടി പിടുത്തം. തിക്കും തിരക്കും നിറഞ്ഞ ട്രെയിൻ യാത്ര.. വീട്ടിൽ എത്തിയാൽ അവശയായി കിടക്കും. പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസവും ഒന്ന് പ്രസവിച്ചു കിട്ടിയാൽ മതി എന്ന് തോന്നിപോയ അവസ്ഥ. വലിയ വയറും താങ്ങി നടക്കുമ്പോൾ പലരും പറഞ്ഞു ഇതു ഇരട്ട കുട്ടികൾ ആണെന്ന്. ഒടുവിൽ dr കൃഷ്ണകുമാറിന്റെ നിർദ്ദേശ പ്രകാരം എട്ടാം മാസത്തിൽ താനെയിൽ പോയി സോണോഗ്രാഫി എടുത്തു. അന്ന് ഡോമ്പിവിലി യിൽ സോണോഗ്രാഫി ഒന്നും ഉണ്ടായിരുന്നില്ല. ഇരട്ട കുട്ടികൾ അല്ല നല്ല ആരോഗ്യമുള്ള കുഞാണെന്ന് dr പറഞ്ഞു. പിന്നെയും ദിവസങ്ങൾ. കിടക്കാനും നടക്കാനും, ഇരിക്കാനും വയ്യാത്ത അവസ്ഥ. ഡോക്ടർ പറഞ്ഞ തീയ്യതിയും കഴിഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.പിന്നീട് വേദന കൊണ്ടു പുളയുന്ന നിമിഷങ്ങൾ....ഡോക്ടർ സിസേറിയനു വേണ്ടി തയ്യാറെടുത്തു.. പക്ഷെ  നോർമൽ ആയി ഒരാൺ കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ കണ്ട നിമിഷം അനുഭവിച്ച വേദനകൾ പമ്പ കടന്നു. രാത്രി കാലങ്ങളിൽ കുഞ്ഞൊന്നു കരയുമ്പോൾ കൂടെ കരയുന്ന അമ്മ മനസ്സ്.... മൂന്ന് മാസം കഴിഞ്ഞു പിന്നെയും ജോലിക്കുള്ള യാത്ര. എന്റെ അമ്മയുടെ കയ്യിൽ കുഞ്ഞു സുരക്ഷിതമാണ് എന്നറിയാമെങ്കിലും മുലപ്പാൽ നൽകാൻ കഴിയാതെ പിടയുന്ന അമ്മ മനസ്സ്.... എന്നിട്ടും ഇനിയും കുഞ്ഞുങ്ങൾ വേണം എന്ന് മാത്രമാണ് മനസ്സിൽ തോന്നിയിരുന്നത്. രണ്ടാമത്തെ കുഞ്ഞു രണ്ടു മാസം ഗർഭിണി ആയിരിക്കുമ്പോൾ നഷ്ടപ്പെട്ടപ്പോൾ ഒരു കുഞ്ഞു കൂടി വേണം എന്ന് ആഗ്രഹിച്ചു. മോൾ ജനിച്ചതിന് ശേഷം എന്റെ കഷ്ടപ്പാട് കണ്ടു പലരും കുറ്റപ്പെടുത്തി... അധികം പ്രായവ്യത്യാസം ഇല്ലാതെ രണ്ടു കുഞ്ഞുങ്ങൾ വേണമായിരുന്നോ എന്ന്. അത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. ഇവർക്കെന്തിന്റെ കേട്, നോക്കുന്നത് നമ്മളല്ലേ... അപ്പോൾ ഭർത്താവ് പറയും ഇതൊക്കെ കേൾക്കാൻ പോയാൽ ജീവിക്കാൻ പറ്റില്ല എന്ന്. കുറച്ചു തടി കൂടിയാൽ ചിലർ പറയും കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നില്ലേ? അതെങ്ങനെയാ ജോലിക്ക് പോകാനല്ലേ വൈകിയത്... വയർ ചാടിയല്ലോ, ഇങ്ങിനെ തടിക്കരുത്... ഇതൊക്കെ പറയാൻ എന്തൊരു രസമാണ്..ഒരമ്മ അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങൾ ഒരമ്മക്ക് മാത്രമേ പറയാൻ കഴിയൂ..

അതെ ഈ സമൂഹം അങ്ങിനെയാണ്. സ്വന്തം വീട്ടിലെ കാര്യം നോക്കാതെ അന്യന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നു. പറഞ്ഞു വന്നത് നയൻ പ്രസവിക്കുകയൊ പ്രസവിക്കാതിരിക്കുകയോ ചെയ്യട്ടെ.. ഇതെല്ലാം അവരുടെ സ്വകാര്യതയാണ്. പത്രങ്ങൾ എന്തിനാ ഇവരുടെ ജീവിതം തേടി പോകുന്നത്?

വേറെ എന്തൊക്കെ വാർത്തയുണ്ട്... എന്നിട്ടും  അവിഹിത വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നു. ശശി തരൂർ ജയിച്ചിരുന്നെങ്കിൽ കൊണ്ഗ്രെസ്സ് രക്ഷപ്പെടും. അദ്ദേഹം നല്ലൊരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിനു വേണ്ട പ്രോത്സാഹനം നൽകി അദ്ദേഹത്തെ വിജയിപ്പിക്കേണ്ടത് പത്രക്കാർ ചെയ്യേണ്ട നല്ല കാര്യമാണ്.

നയനും വിഘ്‌നേഷും കുഞ്ഞുങ്ങളും സ്വർഗ്ഗതുല്യമായ ജീവിതം നയിക്കട്ടെ.. അവരുടെ സ്വകാര്യത അവരുടേത് മാത്രമാണ്.

 (ഗിരിജ ഉദയൻ മുന്നൂർകോഡ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക