Image

നെരിപ്പോട്, കഥ; മിനി സുരേഷ്

Published on 28 January, 2023
  നെരിപ്പോട്, കഥ; മിനി സുരേഷ്
 
 
മഞ്ഞു മലകൾക്കിപ്പുറമുള്ള താഴ്‌വാരങ്ങളിൽ നിന്നും കാറ്റിന്റെ ചൂളം വിളി കേൾക്കുന്നു. നിശ്ശബ്ദതയുടെ അഗാധതയിൽ നിന്നും അവന്റെ ഓരിയിടൽ. ചുമന്ന കണ്ണുകളും,നീണ്ട നാവുമുള്ള ശ്വാനൻ. അത് തന്റെ നേർക്ക് ഓടിയടുക്കുകയാണ്. ഭയാനകമായ നിഴലുകളിൽ മരണം പതുങ്ങി നിൽക്കുന്നു. ഭീതിയുടെ ആഴങ്ങളിൽ നിന്ന് റിട്ട.ബ്രിഗേഡിയർ ബാലചന്ദ്രൻ ഞെട്ടിയുണർന്നു.
ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം അരിച്ചിറങ്ങുന്ന
മുറിക്കുള്ളിലേക്ക് അയാൾ പരിഭ്രമത്തോടെ നോക്കി.
സ്വപ്നത്തിന്റെ അടരുകൾ മനസ്സിൽ നിന്നും മാഞ്ഞു
പോകാതെ വേട്ടയാടുന്നു.
'മനസ്സിൽ പേടിയുള്ളത് കൊണ്ടാണ് ബാലേട്ടാ, ഒന്നും സംഭവിക്കില്ല, കൃത്യമായി വാക്സിനേഷൻ എടുത്തതല്ലേ'. പത്മം ..അവളരികിലുണ്ടായിരുന്നോ. വിശ്വാസം വരാതെ  ആശങ്കയോടെ അയാൾ  ചുമരിലുള്ള ഭാര്യയുടെ ചിത്രത്തിലേക്ക് നോക്കി. തന്റെ ടെൻഷനും,പേടിയുമെല്ലാം  കാരണം അവൾക്കും സമാധാനം ലഭിക്കുന്നില്ലായിരുക്കും. ഔദ്യോഗിക ചുമതലകളും,പാർട്ടികളുമെല്ലാം ഞെരുക്കുന്ന ഒരു മിലിട്ടറി ഓഫീസറുടെ ജീവിതചര്യകൾക്കൊപ്പം എന്നുമൊപ്പമുണ്ടായിരുന്നു പത്മം. യാത്രയുടെ 
ഇടക്ക് വച്ച് ഒരാൾ  മാഞ്ഞു പോകുമ്പോൾ ഗതിയറിയാതെ ഉഴറിപ്പോകും.
"നോ പ്രോബ്ളം,.നത്തിംഗ് "ഭാര്യയുടെ മാലയിട്ട ചിത്രത്തിലേക്ക് നോക്കി അയാൾ മന്ത്രിച്ചു.
അയാൾ കണ്ണുകൾ ഇറുക്കി അടച്ചു. എത്ര ശ്രമിച്ചിട്ടും നിദ്രയെ കണ്ണിലേക്കാവാഹിക്കുവാൻ കഴിയുന്നില്ല. എ.സിയുടെ മൂളൽ പോലും കാതടപ്പിക്കുന്ന മുരൾച്ചയായി വല്ലാതെ അലസോരപ്പെടുത്തുന്നു.
 
എന്തിനാണിത്രയും ഭയപ്പെടുന്നത്. ആർമിയിൽ
നിന്നും ബ്രിഗേഡിയർ  റാങ്കിൽ വിരമിച്ച പട്ടാളക്കാരനാണ്. ഭയമെന്ന വികാരം പോലുമൊരു പട്ടാളക്കാരന് ഭൂഷണമല്ല. 
കാർഗിൽ യുദ്ധം നേരിട്ടു കണ്ടിട്ടുള്ളതാണ്. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടക്ക് മുന്നിലും പതറാതെ നിന്നിട്ടുണ്ട്. സുപ്രധാന തീരുമാനങ്ങൾ മനസാന്നിധ്യത്തോടെ എന്നും ഉറച്ചെടുത്തിട്ടുണ്ട്. ജർമ്മനിയിൽനിന്നു മകനും ദുബായിൽനിന്ന് മകളും പതിവായി വിളിക്കുന്നുണ്ട്.
'ബി ബ്രേവ് പപ്പാ.യു ആർ എ സോൾജിയർ'. മക്കളെയും, കൊച്ചുമക്കളെയുമെല്ലാം കാണുവാൻ ആഗ്രഹം തോന്നുന്നു.
പ്രായമേറിയാൽ മനസ്സിത്രയും ദുർബലമാകുമോ. നോൺസെൻസ്.
മനസ്സിനെ മഥിക്കുന്ന വിചാരങ്ങളുടെ വേലിയേറ്റങ്ങളിൽ അയാൾക്കൊന്നുറക്കെ ഷൗട്ട് ചെയ്യണമെന്നു തോന്നി.
ഇനി ഇന്നുറക്കമുണ്ടാകില്ല. ഇന്നലെയും ഇതു തന്നെയായിരുന്നു അവസ്ഥ. കട്ടിലിനോട് ചേർന്നുള്ള  ചെറിയ മേശമേൽ വച്ചിട്ടുള്ള ജഗ്ഗിലെ വെള്ളം മുഴുവനും അയാൾ  വായിലേക്ക് കമഴ്ത്താനൊരുങ്ങി.
മനസ്സിൽ വീണ്ടും ,വീണ്ടും ചിന്തകൾ ശത്രുവിനെപ്പോലെ പതുങ്ങിയെത്തുന്നുണ്ട്. ഒരു പക്ഷേ വാക്സിനേഷൻ ഫലിക്കാതെ വന്നാലോ. പിന്നെ വെള്ളം കണ്ടാൽ ഭയന്ന് നാവു നീട്ടി നായയെപ്പോലെ കുരച്ച് . ഹൊ ..വാട്ട് എ പതറ്റിക് സിറ്റുവേഷൻ. ദേഹം വിറക്കുന്നതുപോലെ തോന്നുന്നു. കയ്യിൽ നിന്ന് ജഗ്ഗറിയാതെ താഴെ വീണു. ശ്ശെ .മുറിയാകെ വൃത്തികേടായി. ബെഡും നനഞ്ഞു .മടുപ്പോടെ അയാൾ ചുറ്റും നോക്കി.
രാവിലെമെയ്ഡ് സാറാമ്മ വന്നു  വൃത്തിയാക്കട്ടെ..കുറച്ച്സമയം ടി.വി ഓണാക്കി വച്ചിരിക്കാം..ഒന്നിലും ശ്രദ്ധയൊന്നും തോന്നുന്നില്ല.
ചിതറിത്തെറിച്ച ചില്ലുപാത്രത്തിന്റെ ചീളുകൾ കാലിൽ കൊള്ളാതെ
അയാൾ ഡ്രായിംഗ് റൂമിലേക്ക് നടന്നു.
'റിലാക്സ്..റിലാക്സ് ..ബി കൂൾ ചുണ്ടുകളറിയാതെ മന്ത്രിക്കുന്നു.
"ഒറ്റക്ക് നാട്ടിൽ താമസിക്കണ്ട പപ്പാ,ഞങ്ങളുടെ കൂടെ വന്ന് താമസിക്ക്" മകനും,മകളും മാറി മാറി പറഞ്ഞതാണ്. റിട്ടയറായാൽ നാട്ടിൽ സ്ഥിരതാമസമാക്കണമെന്ന് പത്മത്തിനായിരുന്നു കൂടുതൽ ആഗ്രഹം.ഏറെ ആഗ്രഹിച്ചു പണികഴിപ്പിച്ച വീടുമാണ്. അവൾ കൂടെയുണ്ടെന്ന വിശ്വാസമായിരുന്നു മനസ്സിന്റെ ബലം.വ്യായാമവും,ചിട്ടയുള്ള ദിനചര്യകളുമെല്ലാമായി ജീവിതം തളർച്ചകളില്ലാതെ മുന്നോട്ട് പോകുകയായിരുന്നു.
"സർ,കിണറ്റിലെ വെള്ളത്തിന് ഒരു പതയിളക്കം."
വീട് വൃത്തിയാക്കുവാനും, പാചകത്തിനുമായെത്തുന്ന
സാറാമ്മയാണത് ശ്രദ്ധയിൽപ്പെടുത്തിയത്. നല്ല തെളിഞ്ഞ വെള്ളമായിരുന്നു. അടുത്ത കാലത്താണിങ്ങനെയുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങിയത്. വീടിനധികം അകലെയല്ലാതെയൊരു പുഴയൊഴുകുന്നുണ്ട്. വെള്ളിക്കൊലുസണിഞ്ഞ പോലെ തെളിനീരും പേറി ഒഴുകിയിരുന്ന പുഴ ഇന്നേറ്റവും മലിനയായാണ് ഒഴുകുന്നത്. പുഴയുടെ തീരത്ത് മത്സ്യചന്ത വന്നതിൽ പിന്നെയാണി മാറ്റം.
കിണറ്റിലെ ജലം ലാബിൽ ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ട് മടങ്ങുന്ന വഴിയാണ് ശത്രുവിന്റെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. തവിട്ടു നിറത്തിലുള്ള നായയെ പ്രതിരോധിക്കുവാൻ
നിരായുധനായ പഴയ പട്ടാളഓഫീസർക്ക് അലറി
വിളിക്കേണ്ടി വന്നതോർത്ത് ലജ്‌ജ തോന്നുന്നു.
കാലിലെ മാംസത്തിലേക്ക് തുളച്ചു കയറിയ അവന്റെ കൂർത്ത പല്ലുകളുടെ  മൂർച്ചയുടെ തരിപ്പ് ഇപ്പോളും മാറിയിട്ടില്ല.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
"ബ്രിഗേഡിയർ സാറേ ,പട്ടി കടിച്ചതിന്റെ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചായിരുന്നോ" .കവലയിലൊക്കെ എപ്പോഴോ കണ്ടിട്ടുള്ള ഒരു
പരിചയവുമില്ലാത്ത ആളുകൾ പോലും അന്വേഷിച്ച്
വരുവാൻ തുടങ്ങിയപ്പോഴാണ് പരന്ന വാർത്തയുടെ
വ്യാപ്തി മനസ്സിലായത്. നാണക്കേട് കുറച്ചൊന്നുമല്ല
തോന്നിയത്. മൊബൈലിനും വിശ്രമമില്ലാതെയായി.
"ഡോഗ് . ബൈറ്റ് ചെയ്തയുടനെ നന്നായി ക്ലീൻ
ചെയ്തോ മിസ്റ്റർ. ബാലചന്ദ്രൻ. അദർ വൈസ് ഇറ്റ് ഈസ് വെരി ഡേഞ്ചറസ്സ്".
"ഒരു വർഷത്തേക്കിനി ഡ്രിംഗ്സും,പുറത്തു നിന്നുള്ള ഭക്ഷണവും അവോയ്ഡ് ചെയ്യണം"
"ലൈം പിക്കിൾ തൊടുകയേ ചെയ്യരുത്."
സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഉപദേശങ്ങൾ ഇപ്പോഴും ഒഴുകി വരാറുണ്ട്. ഇവർക്കൊന്നും ഒരു പണിയുമില്ലേ .മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി ഒളിഞ്ഞു നോക്കുന്നതും , അഭിപ്രായം പ്രകടിപ്പിക്കുന്നതും നമ്മുടെ നാട്ടിൽ മാത്രമുള്ള പ്രത്യേകതയാണ്.
പത്രമെടുത്ത് നോക്കിയാൽ തെരുവ് നായ്ക്കളുടെ
ആക്രമണത്തെക്കുറിച്ചുള്ള വാർത്ത എന്നും കാണാം.
വീടിനു ഉമ്മറത്ത് കുളിപ്പിച്ച് കിടത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചാറ് നായ്ക്കൾ ചേർന്ന് കടിച്ചു വലിച്ചെന്ന കരളലിയിക്കുന്ന വാർത്തയായിരുന്നു ഇന്നലത്തെ പത്രത്തിലുണ്ടായിരുന്നത്.
മാലിന്യനീക്കം കൃത്യസമയത്ത് നടക്കാത്തതാണ്
തെരുവു നായ ശല്യം വർദ്ധിക്കുവാൻ കാരണം. സംസ്ഥാനത്തെ എല്ലാ വളർത്തുനായകൾക്കും ,തെരുവു നായകൾക്കും
വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നതും,ഷെൽട്ടർ പദ്ധതി കൊണ്ടു വരുന്നതുമൊക്കെ സംബന്ധിച്ച വാർത്തകളും കണ്ടതാണ്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ,സംഘടനാ പ്രതിനിധികൾ ,പഞ്ചായത്തു തലമേധാവികൾഎന്നിവരൊക്കെ പങ്കെടുക്കുന്ന യോഗത്തിന്റെടി.വിയിൽ വന്ന വാർത്തകൾ യു.ട്യൂബിൽ കണ്ടു കൊണ്ട് നേരം പുലരുന്നതും കാത്ത് അയാൾ സോഫയിൽ കിടന്നു
"സാറേ ..ശാറേ."
ഗേറ്റിൽ ശക്തിയായി തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.
പഴയ കുപ്പിയും ,പ്ലാസ്റ്റിക്കുമെല്ലാം ചോദിച്ച്  വരുന്ന
ജയനാണ്. രാവിലെ വന്ന് ഗേറ്റിൽ തട്ടി വിളിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല.
അവന്റെ ഒരു പിരി ഇളകി പോയെന്നാണ് സാറാമ്മ
പറയുന്നത്. പറഞ്ഞിട്ട് കാര്യമില്ല.
"നീ പോയിട്ട് സാറാമ്മയുള്ളപ്പോൾ വാ" അയാൾ
കതകടക്കാനൊരുങ്ങി.
"സാറിനെ പട്ടി കടിച്ചെന്നെല്ലാരും പറയണത് കേട്ടല്ലോ. ദേ ,ഈ വടി ശാറിന് തരാൻ കൊണ്ടന്നതാ.ന്റെ കയ്യില് വേറെ വടിയുണ്ട്. ഇനി ശാറ് പുറത്തൊക്കെ പോകുമ്പോളേ ഈ വടി കൂടി എടുത്തോണേ. റോഡില് മുഴുവനും പട്ടികളാ.ചന്തക്കടുത്തൂടെ സന്ധ്യയായാൽ നടക്കാനേ പറ്റൂല്ല.വടി കൈയ്യിലുള്ളത് കൊണ്ടേ ഒറ്റയൊരെണ്ണം എന്റടുത്ത് വരത്തില്ല. നല്ലത് കിട്ടുമെന്ന് അവന്മാർക്കറിയാം."
അവന്റെ നിഷ്കളങ്ക സ്നേഹം കണ്ട് മനസ്സിലെവിടെയോ
ഒരു നൊമ്പരപ്പാട് കോറിയതുപോലെ തോന്നി.
 അതേ ഭരണകൂടത്തെയും ,നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്ത് നടക്കാതെ അവൻ  മുൻപേ തന്നെ സ്വയം കരുതലെടുത്തിരിക്കുന്നു. തനിക്ക് തോന്നാത്ത ബുദ്ധി നിസ്സാരനെന്ന് കരുതിയ അവനുണ്ട്.പറഞ്ഞിട്ട് ഇനി കാര്യമില്ലല്ലോ.ധൈര്യം
കൈ വിടാതെ ഈ സാഹചര്യവും നേരിടുക. റസിഡൻസ് അസോസിയേഷനിൽ  ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാൻ മുന്നിട്ടിറങ്ങണം. പഴയ
പട്ടാള ഓഫീസറുടെ ധൈര്യം ചോർന്നു പോകുവാൻ
പാടില്ല.വേദനയുള്ള കാലുകളെ ആകാവുന്നത്ര
ഉറപ്പിച്ച് ചേർത്ത് അയാൾ അകത്തേക്ക് നടന്നു.
 
 
 
 
 
 .
Join WhatsApp News
പത്മകുമാരി 2023-01-29 06:04:16
പട്ടാള ഓഫീസറെ പട്ടി കടിച്ചു. കേരളത്തിൽ ഒരു സാധാരണ സംഭവം. ഇതൊരു നല്ല കഥയാക്കിയ മിനിയ്ക്ക് ഒരു സലാമും Shake hand ഉം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക