1985-1987 ബസേലിയസ് കോളേജിലെ പ്രീഡിഗ്രിക്കാലത്ത് എനിക്കുണ്ടായിരുന്ന അപൂർവ്വം ആൺസുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷൈജു കെ ജോൺ .ആൺകുട്ടികളോട് സംസാരിക്കുന്നതിനു പോലും വിലക്കുകളുണ്ടായിരുന്ന അക്കാലത്ത് ഞങ്ങൾ കൂട്ടുകാരികളുടെ നല്ല സുഹൃത്തായിരുന്നു ഷൈജു .
കോട്ടയം മലയാള മനോരമ ഓഫീസിനുതാഴെ ഒരു നദി പോലെ
ഒഴുകി കിടക്കുന്ന പാതയുടെ അടുത്തായിരുന്നു ഷൈജുവിന്റെ വീട്.ഉച്ചയൂണും കഴിഞ്ഞ് കോളേജിലേക്ക് മടങ്ങിവരുന്ന സമയം.അവിടെയുള്ളൊരു മാടക്കടയോടു ചേർന്നുള്ള
ഇടവഴിയിൽ ഷൈജുവിന്റെ തലവെട്ടം കാണുമ്പോൾ തന്നെ രണ്ടാം വർഷ പ്രീഡിഗ്രിക്ലാസ്സിന്റെ(S3) ജനാലക്കരികിൽ നിന്ന് ആർത്തു വിളിച്ചു കൊണ്ടാകും ഞങ്ങൾ ഷൈജുവിനെ സ്വീകരിക്കുന്നത്.തെല്ലൊരു നാണത്തോടെ കൈ വീശിക്കാണിക്കുന്ന ആ നല്ല കൂട്ടുകാരന്റെ മുഖം ഇന്നുമോർമ്മയുണ്ട്.
വർഷങ്ങൾക്കിപ്പുറം അന്നത്തെ പഴയ കുട്ടുകാരുടെ വാട്ട്സ്ആപ്പ്കൂട്ടായ്മയിലൂടെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഉറപ്പ് നൽകിയതുമാണ് ,അമേരിക്കയിൽ നിന്ന്നാട്ടിലെത്തുമ്പോൾ കാണാമെന്ന്. കുടുംബ വിശേഷങ്ങളും ,ഗതകാലസ്മരണകളുമെല്ലാം
പങ്കു വച്ചതുമോർക്കുമ്പോൾ മനസ്സിനു വല്ലാത്ത നൊമ്പരം തോന്നുന്നു.
എപ്പോൾ വേണമെങ്കിലും പൊട്ടിയടർന്ന്പോകാവുന്ന നീർക്കുമിള പോലെക്ഷണികമാണ് ജീവിതം. ഒരു യാത്രാമൊഴി പോലും
ചൊല്ലാതെ മറ്റൊരു ലോകത്തേക്ക് മാലാഖമാരുടെ ചിറകുകളിലേറി
ഷൈജു യാത്രയായി.അപ്രതീക്ഷിതമായി വിരുന്നു വന്ന ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ .
എല്ലാവരേയും സ്നേഹിക്കുവാനും ,സഹായിക്കുവാനും മാത്രമറിയുന്ന നിർമ്മലഹൃദയമുള്ള മനുഷ്യസ്നേഹിയായിരുന്നു ഷൈജു. പ്രീഡിഗ്രികൂട്ടായ്മയിലെ ചാരിറ്റിപ്രവർത്തനങ്ങളിൽ ഉദാരമായി സംഭാവനകൾ നൽകി അദ്ദേഹം എന്നും കൂടെയുണ്ടായിരുന്നു. കൊറോണകാലത്ത് ഫീസടക്കാനാവാതെ പഠനം വഴി മുട്ടിപ്പോകുമായിരുന്നഒരു നഴ്സിംഗ് വിദ്യാർത്ഥിനിക്ക് വെളിച്ചമെത്തിയതും ഷൈജുവിന്റെ സഹായഹസ്തങ്ങളിലൂടെയാണ്.
ആത്മീയമായും ,ഭൗതികമായും മക്കൾക്ക് കരുതി
വച്ചിട്ടാണ് ഷൈജു യാത്രക്ക് തയ്യാറെടുത്തത്.
കോട്ടയം മനോരമക്ക് സമീപം കല്ലുപാലത്തിങ്കൽ പരേതനായ ജോൺ വർഗീസിന്റെ മകനാണ് പിറ്റ്സ്ബർഗിൽ അന്തരിച്ച ഷൈജു . സംസ്കാരം പിന്നീട് . പാലക്കാട് കുളങ്ങര ജമിനിയാണ് ജീവിത പങ്കാളി . മക്കൾ ; റിച്ചി ,റിറ്റ്സ് ,റോണ.
പ്രവാസജീവിതത്തിനിടയിലും , പിറന്ന നാടിനെയും നാട്ടുകാരേയും , നെഞ്ചിലേറ്റിയിരുന്നു എന്നും അദ്ദേഹം.
ബന്ധുക്കൾക്കു മാത്രമല്ല കൂട്ടുകാർക്കും ,പ്രിയപ്പെട്ടവർക്കുമെല്ലാം ഏറെ വേദനയുണർത്തുന്നു ഈ വേർപാട്.
കാണാത്ത ലോകത്ത് എന്നെങ്കിലുമൊരിക്കൽ കണ്ടു മുട്ടാമെന്ന പ്രതീക്ഷയോടെ പ്രിയ കൂട്ടുകാരാ പ്രാർത്ഥനകളോടെ വിട പറയട്ടെ.