സോഫിടീച്ചർആദ്യമായി നേരെ നിന്ന് അമ്മായിയമ്മയോടൊരു മറുചോദ്യം ചോദിച്ചത് പെൻഷനാകുവാൻ നാലു കൊല്ലങ്ങൾ മാത്രം അവശേഷിക്കുന്ന കാലത്താണ്.ഇരുപത്തിയഞ്ച്
വർഷങ്ങളായി മനസ്സിലടക്കി വച്ച അമർഷവും ,സങ്കടവുമെല്ലാമപ്പോൾ നുരഞ്ഞ് പതഞ്ഞ് മനസ്സിൽ നിന്നൊഴുകുകയായിരുന്നു.
ഒരു കുറ്റവാളിയെ നോക്കുന്നതു പോലെ തട്ടിൻപുറത്ത് തൂങ്ങിക്കിടന്നിരുന്ന മാറാല പെട്ടെന്നൊന്നിളകിയാടി അവളെ പകച്ചു നോക്കി.
കുറച്ചു കൂടി നേരത്തേ ഈ ചോദ്യമാകാമായിരുന്നില്ലേ എന്ന മട്ടിൽ ചുമരിലൊരു പല്ലി ചിലച്ചു കൊണ്ട് ഓടി പ്പോയി.
രാവിലെ കാപ്പികുടിയും കഴിഞ്ഞ് ടി.വിയിൽ 'അപ്പൻ' സിനിമ കാണുകയായിരുന്ന അവളുടെ അമ്മായി അപ്പൻ ഡേവീസ് സോ ഫയിലൊന്ന് അമർന്നിരുന്ന് ടി.വിയുടെശബ്ദം ഒന്നു കൂടി കൂട്ടി വച്ചു.
"എടി ,അമ്മയോട് തറുതല പറയാതെ.പിള്ളാര് കേട്ടു പഠിക്കും."കെട്ടിയോൻ ജോണിന്റെ വക വേദപാഠക്ലാസ്സു തുടങ്ങുന്നതിനു മുൻപായി തനിക്ക് പറയാനുള്ളത് പറഞ്ഞ് തീർക്കുമെന്ന് അവൾ മനസ്സിലുറപ്പിച്ചു.
മമ്മിയുടെ മനോഗതം മനസ്സിലാക്കിയതു പോലെ
അപ്പുറത്തു നിന്ന് മകൻ കെവിൻ തള്ളവിരലുയർത്തി മമ്മിക്ക് പിന്തുണയും പ്രഖ്യാപിച്ചു.ഒരു പൊട്ടിത്തെറിയെ നേരിടുവാൻ ശക്തി തരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മകൾ കെസിയയും നിൽക്കുന്നുണ്ടായിരുന്നു.
"നീയെന്നാടീ .പറഞ്ഞത് .അമ്മച്ചി ഐശ്വര്യാ റായിയെപ്പോലാണെന്നാ വിചാരിച്ചിരിക്കുന്നതെന്നോ.ഹൊ ,.എവിടുന്നു വന്നെടീ നിനക്കിപ്പം ഇത്ര നാക്ക്.പിള്ളാരൊക്കെ വളർന്നെന്നൊള്ള തണ്ടാണ് നിനക്കെങ്കിലേ എല്ലാത്തിനേം പുറത്താക്കി പടിയടക്കും ഞാൻ. വീടിപ്പോഴും എന്റെ പേരിൽ തന്നെയാണ്. "ഇടക്കൊന്നു പതറിപ്പോയ മേരിയമ്മ ഇതിനോടകം സമനില വീണ്ടെടുത്തു തുള്ളാൻ തുടങ്ങി.
"അതൊക്കെ അമ്മച്ചീടെ ഇഷ്ടം പോലെ ചെയ്യ്. എന്നേം പിള്ളേരേം പുറത്താക്കുകയോ ,ജോണിച്ചനെ വേറെ പെണ്ണു കെട്ടിക്കുകയോ എന്താന്ന് വച്ചാലങ്ങോട്ട് ചെയ്യ്.സഹിച്ച് സഹിച്ച് മടുത്തു"
"നീ വലിയ ഹെഡ്ഡ് മിസ്ട്രസ്സായെന്ന അഹങ്കാരമായിരിക്കും. ഫൂ..അമേരിക്കേലുള്ള എന്റെ പെങ്കൊച്ചുങ്ങള് വിചാരിച്ചാൽ എന്റെ
ജോണികുട്ടിക്കിപ്പോഴും നല്ല നഴ്സുമ്മാരുടെ ആലോചന പറന്നു വരും"
ചെകുത്താനും കടലിനുമിടക്കുപെട്ടവനേപ്പോലെ ഒന്നുമുരിയാടാതെ ജോൺ നില്ക്കുന്നത് കണ്ടപ്പോൾ സോഫിക്കയാളോട് സത്യത്തിൽ
സഹതാപമാണ് തോന്നിയത്.
"അഹങ്കാരമല്ല അമ്മച്ചീ,അഭിമാനം. നല്ല പോലെ
കഷ്ടപ്പെട്ടിട്ടാണ് എൻറപ്പച്ചൻ എന്നെ ബി.എഡിനു പഠിപ്പിച്ചത്. എന്റെ ഉദ്യോഗം കണ്ടിട്ട് തന്നെയാണല്ലോ ജോണിച്ചനെ കല്യാണ മാലോചിച്ചതും. ഈ വീട്ടിൽ വന്നു കയറിയ നാൾ
മുതൽ കേൾക്കുന്നതാണ് മുടിയില്ല ,നിറം പോരാ'
എന്നൊക്കെയുള്ള പരിഹാസം"സോഫി കരഞ്ഞു പോയി.
"ബോഡി ഷെയിമിംഗ് തുടങ്ങിയ അന്ന് തന്നെ മമ്മിയത് എതിർക്കണമായിരുന്നു. "കെവിന്റെ രംഗപ്രവേശം തടയാനെന്നവണ്ണം ജോണിച്ചൻ ഇടയിൽ ചാടി വീണ് കൈയ്യോങ്ങി.
"ഒന്നു ചുമ്മാതിരിക്കെന്റെ പപ്പാ. ഓർമ്മ വച്ച കാലം
മുതൽ കേൾക്കുന്നതാണ് മമ്മിയെ പരിഹസിക്കുന്നത്. സ്കൂളിൽ എല്ലാവരും ബഹുമാനിക്കുന്ന പ്രധാന അധ്യാപികയാണ് മമ്മി.
വീട്ടിലൊരു വേലക്കാരിക്കു കൊടുക്കുന്ന പ്രാധാന്യം
പോലും ആരും കൊടുക്കാറില്ല.വെളുപ്പിനെ ഉണർന്ന്
ഈ വീട്ടിലെ പണിയെല്ലാം തീർത്തിട്ടാണ് മമ്മി സ്കൂളിലേക്കോടുന്നത്. കെസിയമോൾ വീടെല്ലാംതൂത്ത് തുടച്ചിടുന്നത് കൊണ്ട് മമ്മിക്കിപ്പോൾ അത്രയും ഒരാശ്വാസമുണ്ട്.
വല്യമ്മച്ചിക്ക് ആന്റിമാരേം ,കുട്ടികളേയുമേ വിലയുള്ളൂ.നാട്ടിൽ
ജീവിക്കുന്ന നമ്മളോടെല്ലാം പുച്ഛമാണ്. പാട്ടു പാടുവാനും ,പ്രസംഗിക്കാനുമൊക്കെ മമ്മിയെന്ത് മിടുക്കിയാണ്. മമ്മിയുടെ നാലിലൊന്ന് കഴിവ് വല്യമ്മച്ചിക്കൊണ്ടോ.ലോകത്തിൽ എല്ലാവർക്കും
മുട്ടറ്റം മുടി നീണ്ടു വളർന്ന് കിടക്കുകയല്ലേ.എല്ലാവരെയും
വെളുത്ത് ചൊമന്നൊന്നുമല്ലല്ലോ കർത്താവ് സൃഷ്ടിച്ചിരിക്കുന്നതും. വല്യമ്മച്ചിക്കും ,ആന്റിമാർക്കും മമ്മിയുടെ വാലേൽ കെട്ടാൻ കൊള്ളാവുന്നത്ര ഭംഗിയുമില്ല ,മുടിയുമില്ല.എന്നിട്ടെന്നും കുറ്റം പറയലും ,പരിഹാസവും.മമ്മി ചോദിച്ചതിലൊരു തെറ്റുമില്ല."കെവിൻ പറഞ്ഞു.
"മോനകത്ത് പോ".സോഫിയുടെ സ്വരമിടറിപ്പോയി.
പ്രായമായവരോട് എതിർത്തൊന്നും പറയരുതെന്ന്
പഠിപ്പിച്ചാണ് മക്കളെ വളർത്തിയിട്ടുള്ളത്. കുട്ടികൾ
കുഞ്ഞായിരിക്കുമ്പോൾ സ്കൂളിലെ ചുമതലകളും,വീട്ടു ജോലികളുമെല്ലാമായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സഹായിക്കാനാരേയും നിർത്തുവാൻ അമ്മച്ചി സമ്മതിക്കുകയുമില്ല.കുട്ടികളോടും അമ്മച്ചിക്ക് സ്നേഹമൊന്നുമില്ല.. 'ചക്ക തീനി ,പൊണ്ണത്തടിയൻ തുടങ്ങിയ ഇരട്ടപ്പേരുകളാണ് കെവിനെ ചെറുപ്പത്തിൽ വിളിച്ചിരുന്നത്. കുട്ടികളുടെ ആത്മവിശ്വാസംകെടുത്തുന്ന വർത്തമാനങ്ങളാണ് എപ്പോഴുംപറയുന്നതും.
പിന്നെ പിള്ളേർക്ക് തിരിച്ചെങ്ങനെ സ്നേഹം വരും.അപ്പച്ചനെങ്കിലും ഇതൊക്കെയൊന്ന് അമ്മച്ചിയെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട് പലപ്പോഴും.
"ഇവരുടെ സ്വഭാവം സഹിക്കാൻ വയ്യാത്തതു കൊണ്ടാണ്
ഞാൻ ഹോസ്റ്റലിൽ നിൽക്കുന്നത്.സോഫി പറഞ്ഞിട്ടും അകത്തോട്ട് പോകാതെ കെവിനവിടെ തന്നെ നിന്നു. മമ്മിയെ ഇനിയാരും ഒന്നും പറയുവാൻ അനുവദിക്കുകയില്ലെന്ന വാശി അവന്റെ
മുഖത്ത് തെളിഞ്ഞു നിന്നിരുന്നു.
ജോണിച്ചൻ തലകുനിച്ചു പോയി. ഭാര്യയേയും ,മക്കളേയും അമ്മയും ,പെങ്ങമ്മാരും പരിഹസിക്കുന്നതും ദ്രോഹിക്കുന്നതുമൊക്കെ അയാളുടെ കണ്ണിലും പെട്ടിട്ടുള്ളതാണ്. ഒന്നിനും പ്രതികരിച്ചിട്ടില്ലെന്ന് മാത്രം.
കാഞ്ഞിരപ്പള്ളിയിൽ നിന്നും വയനാട്ടിലെത്തി ഭൂമി
വെട്ടിപ്പിടിച്ചെടുത്തതാണ് ജോണിന്റെ അമ്മച്ചി
മേരിയമ്മയുടെ പൂർവ്വികർ. അന്ന്ഏലവും ,കുരുമുളകുമൊക്കെയായി എമ്പിടി കൃഷിയൊക്കെ ഉണ്ടായിരുന്നു .എല്ലാം നോക്കി നടത്താനായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് കൊണ്ടു വന്ന ഡേവീസിനെ ദത്ത് നിർത്തി
മേരിയമ്മയെ കെട്ടിച്ച് കൊടുത്തു. ആസ്തികളെല്ലാം
ഭദ്രമാക്കിയ സമാധാനത്തിലാണ് മേരിയമ്മയുടെ
അപ്പച്ചൻ മേലോട്ട് പോയത്. വയനാടൻ ചുരം അധികം കടന്നിട്ടില്ലാത്ത മേരിയമമയുടെ മനസ്സിലെ അഹങ്കാരവും , അജ്ഞതയുമൊന്നും തുടച്ച്
നീക്കാൻ ശ്രമിക്കാതെ എല്ലാത്തിനും ഏറാൻ മൂളി സുഖിച്ചാണ് ഇത്രയും കാലം ഡേവീസ് കഴിഞ്ഞത്.
ജോണിന്റെ പെങ്ങുമ്മാരൊക്കെ നഴ്സുമാരാണ്.അവരെല്ലാം
അമേരിക്കയിലാണെന്ന പൊങ്ങച്ചം മേരിയമ്മക്കുണ്ട്. മണിപ്പാലിൽ എഞ്ചിനീയറിംഗ് പഠിക്കുവാനൊക്കെ ജോണിനെയും അയച്ചതാണ്.
ബൈക്കുമായി കൃത്യനിഷ്ഠയോടെ കർണ്ണാടക
മുഴുവനും ചുറ്റിക്കറങ്ങി ,സപ്ലികളുടെ ഒരു കൂമ്പാരവുമായി വന്ന പുന്നാരമകനോട് മേരിയമ്മക്ക് ഉള്ളിൽ അവജ്ഞയാണ്. മകനെ കൂടി
അമേരിക്കക്ക് നാടു കടത്താൻ പെമ്പിള്ളേരോട്
ആകുന്നത് അവർ പറഞ്ഞതുമാണ്. ആങ്ങളയുടെ
സ്വഭാവമറിയാവുന്ന പെങ്ങമമാർ അങ്ങോട്ടുമിങ്ങോട്ടും കുറ്റവും പറഞ്ഞ് ബോധപൂർവ്വമങ്ങ് ഉഴപ്പി.
നാടു വിടാതെ അവൻ അടുത്തുള്ളത് കൊണ്ടാണ്
വയസ്സുകാലത്ത് തങ്ങൾക്കൊരു തുണയുള്ളത് എന്നുള്ള
ചിന്തയൊന്നും മുടങ്ങാതെ ദിവസവും വേദപുസ്തകം വായിക്കുന്ന മേരിയമ്മയുടെ മനസ്സിന്റെ കോണിൽ പോലും വേരു പിടിച്ചിട്ടില്ല.
മകൻ എഞ്ചിനീയറാണ് .അമേരിക്കക്ക് ഉടനെ പോകും എന്നൊക്കെഉറപ്പു കൊടുത്താണ് സോഫിയെ കെട്ടിച്ചതും.
ജോൺ കൃഷിയൊക്കെ വേണ്ട പോലെ ശ്രദ്ധിക്കാത്തതു കൊണ്ട് കാലക്രമത്തിൽ കുടുംബത്തിലേക്കുള്ള വരുമാനവും കുറഞ്ഞു.സോഫിയുടെ ശമ്പളം മുടങ്ങാതെ കിട്ടുന്നത് കൊണ്ടാണ് വീട്ടുകാര്യങ്ങളൊക്കെ ഭംഗിയായി നടന്നു പോകുന്നതെന്ന സത്യം അയാൾ മനസ്സിലാക്കിയിട്ടുള്ളതാണ്.ഇനിയെങ്കിലും സോഫിക്ക് വേണ്ടിയൊന്ന് സംസാരിച്ചില്ലെങ്കിൽ
വല്ലാത്ത നീതികേടാകുമെന്ന് അയാൾക്ക് തോന്നി.
"അമ്മച്ചിക്കിത്രയും പ്രായമൊക്കെയായില്ലേ .ആവശ്യമില്ലാത്ത വർത്തമാനങ്ങളൊന്നും പറയാതെ പ്രാർത്ഥനയുമായൊക്കെ കഴിഞ്ഞാൽ പോരേ."ആദ്യമായി അമ്മയെ എതിർത്തു പറയുന്നതിന്റെ
വിമമിഷ്ടത്തോടെ ജോൺ പറഞ്ഞു.
"കെട്ടിയോളുടെ വാക്കും കേട്ട് പെറ്റ തള്ളയെ തള്ളിപറയാറായോടാ ചെറുക്കാ"
ഉരുളു പൊട്ടി മലവെള്ളം ചാടുന്നതു പോലെ കണ്ണുനീരുമൊലിപ്പിച്ച് കൊണ്ട് മേരിയമ്മ നെഞ്ചത്തടിച്ചു.
' ഇനി നീയനുഭവിക്ക്' എന്ന ഭാവത്തിൽ ജോണിനെയൊന്ന് തറപ്പിച്ച് നോക്കി ഡേവീസ് പുറത്തേക്ക് നടന്നു.
തടയുവാൻ ചെന്ന സോഫിയുടെ കൈ തട്ടിമാറ്റി
മേരിയമ്മ പ്രകടനം തുടരുന്നത് കണ്ടപ്പോൾ ജോണിന് കലിയിളകി.വല്യമ്മച്ചിയുടെ പ്രകടനങ്ങളൊക്കെ കുറെ കണ്ടിട്ടുള്ളതാണെന്ന മട്ടിൽ കെവിൻ മൊബൈലെടുത്ത് വച്ച് നോക്കിക്കൊണ്ടിരുന്നു.
" നിർത്താനാ അമ്മച്ചിയോട് പറഞ്ഞത്" ജോണിന്റെ
സ്വരം ഉയർന്നു.
"പെണ്ണുമ്പിള്ളേം ,പിള്ളേരേം കൂട്ടി നീയിപ്പോൾ ഇവിടുന്നിറങ്ങണം.എന്റെ പെങ്കൊച്ചുങ്ങളുണ്ടെടാ
എനിക്ക്"വീറോടെ മേരിയമ്മ പറഞ്ഞു.
"പിന്നേ പെങ്കൊച്ചുങ്ങള് ഇവിടെ വന്നങ്ങ് നോക്കാനിരിക്കുകല്ലേ.ഇവൾടെ പി,എഫിൽ നിന്ന്
ലോണെടുത്താണ് വീട് നന്നാക്കിയത്. ഒരു അമേരിക്കക്കാരിക്കും ജനിച്ചു വളർന്ന വീടൊന്ന് നന്നാക്കിയിടണമെന്ന് തോന്നിയിട്ടില്ല.പിന്നെ
അപ്പച്ചനും ,അമ്മച്ചിക്കും ഞങ്ങളിവിടെ നിന്നു
മാറിത്താമസിക്കണമെന്നാണേൽ ഇന്നു തന്നെ
മാറിയേക്കാം .അതിനു മുൻപ് ഒരു പേപ്പറിൽ അതൊന്ന് എഴുതിത്തരണം .അപ്പനേം ,അമ്മേം നോക്കുന്നില്ലെന്ന് പറഞ്ഞ് ആരേലും പരാതി കൊടുത്താൽ കാണിക്കാനാ".ജോൺ നിന്നു കിതച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"അതൊന്നും വേണ്ടടാ മക്കളേ. മേരിക്കുട്ടി ഇനി
ഈ കുടുംബത്ത് സമാധാനക്കേടൊന്നും ഉണ്ടാക്കത്തില്ല.സോഫിയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കണമെന്ന് ഇവളോടെന്നും ഞാൻ പറയുന്നതാ.വയസ്സുകാലത്ത് കിടന്നു പോയാൽ നോക്കാൻ ഇവളേ കാണുകയുള്ളൂ."ഡേവീസ് ഇടക്ക് കയറി ഇടപെട്ടു.
"അമ്മച്ചിയുടെ സ്വന്തം മകളാണേൽ ഇങ്ങനെയെപ്പോഴും കുറ്റവും ,കുറവും കണ്ടു പിടിച്ച് പരിഹസിക്കുമോ. അന്യയായിട്ട് എന്നെ കാണുന്നത് കൊണ്ടല്ലേ "മേരിയമ്മയുടെ കൈകൾ പിടിച്ച് സോഫി
വിതുമ്പി.
"ലോകത്തിലെ അമ്മായിയമ്മമാരെ മരുമക്കളെല്ലാം
അമ്മയായും.മരുമകളെ മകളായും കാണാനുള്ള മനസ്സുണ്ടായാൽ
ഈ അന്താരാഷ്ട്ര പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.ഫോണിൽ നിന്നുംതലയുയർത്താതെ കെവിൻ പറഞ്ഞു.
"പറമ്പില് തങ്കച്ചൻ കുരുമുളക് പറിക്കുന്നുണ്ട്.ഫോണിൽ തോണ്ടിയിരിക്കാതെ മോനതൊന്ന് ചെന്നു നോക്കിക്കേ."ചിരി വന്നെങ്കിലും ജോൺ പറഞ്ഞു.
"യേസ് ഡാഡി.നമുക്ക് ഇനി മമ്മിയുടെ മുടിയൊന്ന് ബോബ് ചെയ്യിക്കാം .വല്യമ്മച്ചിക്ക് സമാധാനവുമാകും. മമ്മിക്ക് രാവിലെ സ്കൂളിലേക്കോടാൻ സൗകര്യവും അതാണ്."കൂട്ടച്ചിരിക്കിടയിൽ കെവിനും ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.തന്റെ തെറ്റ് മനസ്സിലായതു പോലെ മേരിയമ്മ സോഫിയുടെകയ്യിൽ പിടിച്ചു.
രാവിലെ അടുക്കളയിൽ തട്ടും .മുട്ടും കേട്ടാണ് സോഫി ഉണർന്നത്.
"കർത്താവേ ,അമ്മച്ചിയെന്നെയിന്ന്‌ശരിയാക്കും."അവൾ വെപ്രാളപ്പെട്ടു അടുക്കളയിലെത്തി.
"ദാ ,മോളെ ചായ അനത്തി വച്ചിട്ടുണ്ട് .കുടിച്ചോ"
അപ്പച്ചട്ടിയിൽ പാലപ്പം ചുട്ടു കൊണ്ടിരുന്ന മേരിയമ്മ അവളെ നോക്കി മന്ദഹസിച്ചു.
വിശ്വസിക്കുവാനാവാതെ മിഴികൾ തിരുമ്മിയടച്ച്
അവൾ ചുറ്റും നോക്കി.
മേശപ്പുറത്ത് ഒരു പാത്രത്തിൽമുട്ടക്കറി കൊതിയുണർത്തുന്ന സുഗന്ധത്തോടെ വിരാജിക്കുന്നു. അടുപ്പിൽ കയറുവാൻ തയ്യാറാണെന്നറിയിച്ചു കൊണ്ട് മറ്റൊരു പാത്രത്തിൽ
അച്ചിങ്ങാ നുറുക്കിയത് കാത്തിരിപ്പുണ്ട്.
"അമ്മച്ചി എന്തിനാ ഇതൊക്കെ ചെയ്തത്.ഉണരാനിത്തിരി വൈകിപ്പോയി. തെല്ലൊരു കുണ്ഠിതത്തോടെ അവൾചോദിച്ചു.
"രാവിലെ മുതൽ എന്റെ മോള് കഷ്ടപ്പെടുന്നത്
കാണാതെ കുറ്റവും ,കുത്തുവാക്കുകളും പറഞ്ഞ്
ഇത്രയും കാലം മോളെ വിഷമിപ്പിച്ചു. ഇനിഅങ്ങനൊന്നും ഉണ്ടാവില്ല. മോള് പോയി കുളിച്ച് ജോലിക്ക് പോകുവാൻനോക്ക്."മേരിയമ്മ
സ്നേഹത്തോടെ പറയുന്നത് കേട്ട് അവളുടെ കണ്ണ്
നിറഞ്ഞു പോയി.
"അമ്മച്ചി എല്ലാം കൂടിയൊന്നും ചെയ്ത് കഷ്ടപ്പെടണ്ട. "
"പിന്നേ ,അമ്മച്ചിയങ്ങ് എല്ലാമങ്ങ് ചെയ്യാൻ പോകുവല്ലേ. പണ്ടിവിടെ സഹായത്തിനു വന്നിരുന്ന ലാലമ്മയോട് നാളെ മുതൽ ജോലിക്ക് വരുവാൻ പറഞ്ഞിട്ടുണ്ട്. "വാഷിംഗ് മെഷീനിലിടുവാനുള്ള
വസ്ത്രങ്ങളുമായി വന്ന ജോണിയാണ് മറുപടി പറഞ്ഞത്.
അതിനിടയിൽ പുറത്ത് മുറ്റമടിക്കുന്ന ശബ്ദം കേട്ട് അവൾ ആകാംക്ഷയോടെ ജനാലയിലൂടെ നോക്കി.
"അയ്യോ ,അപ്പൻ മുറ്റമടിക്കുന്നു..ജോണീ ആ ചൂലങ്ങ് വാങ്ങിച്ച് വയ്ക്ക്.
"ഹെന്തിന് ..അപ്പൻ അടിച്ചാലെന്താ കരിയില നീങ്ങില്ലേ.ഇന്ന് മുതൽ നമ്മുടെ വീട്ടിലെ ജോലികൾ എല്ലാവരും കൂടി പങ്കിട്ട് ചെയ്യും"അവളുടെ തോളിൽ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"ഉം...അപ്പോൾ നമ്മുടെ ഹെഡ്മിസ്ട്രസ്സിന് വായിക്കുവാനും ,പ്രസംഗിക്കുവാനുമൊക്കെ കൂടുതൽ സമയം കിട്ടും .ഇല്ലേ പപ്പാ.അവിടേക്ക് വന്ന കെവിനും.കെസിയമോളും കൂടെ ചേർന്നു.
"അതെ ,സ്നേഹവും ,പരസ്പര ധാരണയുമുള്ള
കുടുംബവും കുടുംബാംഗങ്ങളുമാണ് ഏതൊരു
സ്ത്രീയുടെയും വിജയത്തിനു പിന്നിലെ രഹസ്യം.നമ്മളത് തിരിച്ചറിയുവാൻ കുറച്ച് വൈകിപ്പോയി."
ഇങ്ങനെയൊരു നല്ല വാക്ക് കേൾക്കുവാനെത്ര കൊതിച്ചിട്ടുണ്ട്.ഇപ്പോളിതാ ചങ്ങലക്കെട്ടുകളെല്ലാം
അഴിഞ്ഞു പോയിരിക്കുന്നു.
സ്നേഹവും ,കരുതലും നൽകിയാൽ തളിർത്ത് വളരുന്നതാണ് ഒരോ സ്ത്രീയിലും മയങ്ങിക്കിടക്കുന്ന കഴിവുകൾ.
ഈ കുടുംബത്തിലെ മഴക്കാറുകൾ നീങ്ങിയിരിക്കുന്നു. അന്തരീക്ഷത്തിലെങ്ങും പ്രകാശം നിറഞ്ഞു നിൽക്കുന്നു.
ഇതൊക്കെ. ഇത്രയൊക്കെയല്ലേ ഈ പാവം
അധ്യാപിക കൊതിച്ചിട്ടുള്ളതും. കർത്താവേ ..നന്ദി.
സോഫിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ട്
ജോണി അവളെ തന്നോട് ചേർത്ത് നിർത്തി.