Image

ഗുൽമോഹർപ്പൂക്കൾ: കഥ, മിനി സുരേഷ്

Published on 11 April, 2023
ഗുൽമോഹർപ്പൂക്കൾ: കഥ,  മിനി സുരേഷ്
 
 
 
പോലീസ് സ്റ്റേഷനിലെ കുമ്മായമടർന്ന് നിറം മങ്ങിയൊരു ചുമരിനടുത്തായിരുന്നു അവളിരുന്നത്.
 
ചോദ്യങ്ങളുടെ ആവർത്തനങ്ങൾക്കിടയിൽ 
മുന്നറിയിപ്പൊന്നുമില്ലാതെ വേനൽ മഴകടന്നു വന്നു.
ജനാലച്ചില്ലുകളിൽ ഇടക്കിടെ അഗ്നിസ്ഫുലിംഗങ്ങൾ വാരി വിതറി മിന്നൽപ്പിണരുകൾ തിരിച്ചു പോയി. പുറത്ത് ചീറിയടിക്കുന്ന കാറ്റിന്റെ പ്രഹരത്തിൽ തളർന്നാടുന്ന തെങ്ങോലകളിലായി പിന്നീടവളുടെ ശ്രദ്ധ.അത് കണ്ട് എസ്.പി അജിതക്ക് നല്ല കലിയാണ് വന്നത്. മേശയിൽ അവരൊന്നാഞ്ഞടിച്ചു.
 
"വർഷങ്ങളായി കൂടെ കഴിഞ്ഞിട്ടും നിനക്ക് ഭർത്താവിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണോ സ്ഥാപിച്ചെടുക്കുന്നത്"അവർ ശബ്ദമുയർത്തി .
"ഭർത്താവിന്റെ ബിസ്സിനസ്സ് സംബന്ധിച്ചഇടപാടുകളൊന്നും അറിയില്ലെന്നാണ് ഉദ്ദേശിച്ചത്" മറുപടിപറയുമ്പോൾ
അവളുടെ മനസ്സിൽ ഉദാസീനമൗനത്തിന്റെ തിരകൾ
ഭൂതകാലങ്ങളിലേക്ക് പ്രയാണം നടത്തുകയായിരുന്നു. 
 
നക്ഷത്രത്തിളക്കമുള്ള കാക്കിക്കുപ്പായത്തിന്റെ
നിഴലടിക്കുമ്പോൾ തന്നെ ഭയത്തിന്റെ ചുളുങ്ങിയ
രേഖകൾ തെളിയുന്ന മുഖങ്ങളെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥയ്ക്ക് അവളുടെ നിസ്സംഗത അത്ഭുതമാണുണർത്തിയത്.എസ്.പി റാങ്കിലുള്ള
തന്നെ ഒരാൾ തീരെഗൗനിക്കാതിരിക്കുന്നത്ഇതാദ്യമായാണ്.
അതവരുടെ ഈഗോയെ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു.ബൂട്ട്സിട്ട കാലുകൾ കൊണ്ട്അവളുടെ തള്ളവിരൽ ഞെരിച്ചമർത്തിക്കൊണ്ട് അവർ ആക്രോശിച്ചു.
"വളരെ പ്രമാദമായ കേസായതിനാലാണ് ഞാൻ
തന്നെ വന്നത്. ശൂന്യതയിലേക്ക് കണ്ണും നട്ടിരിക്കാതെ മര്യാദക്ക് ഉത്തരം പറയെടീ.ഒരു മാതിരി ഉഴപ്പൽ കാണിച്ച് രക്ഷപ്പെടാമെന്നുള്ള നിന്റെ
മറ്റേടത്തെ വിചാരമുണ്ടെങ്കിൽ പിടിച്ച് ലോക്കപ്പിലിടും."
"എനിക്കറിയാവുന്നതല്ലേ പറയുവാൻ പറ്റൂ എത്ര നേരം ചോദിച്ചാലും".വേദന പടരുന്ന കാൽപ്പാദം പുറകോട്ട് വലിച്ചുകൊണ്ട് അവൾ പിറുപിറുത്തു.
 
"പഠിച്ച കള്ളിയാണ് മാഡം .കുറച്ച് സമയം ഞങ്ങൾക്ക് വിട്ട് തരൂ. മണി മണി പോലെ പറയിക്കാം"വനിതാ ഇൻസ്പെക്ടർകർമ്മനിരതയായി നിൽക്കുന്നത് കണ്ട് അവളുടെയുള്ളിൽ ചിരിപൊട്ടി.
ഇത്രയും കാലം താനൊരു കാരാഗൃഹത്തിലായിരുന്നുവെന്ന് 
ഇവർക്കറിയില്ലല്ലോ.പ്രതിഷേധത്തിന്റെ  പ്രതിരോധങ്ങൾ തീർക്കുവാനാകാതെ ജഡമായി മാറിയ ജന്മം.
"നിന്റെ ഭർത്താവ് ചെയ്ത കുറ്റമെന്താണെന്നെങ്കിലും നിനക്ക്
 ബോധമുണ്ടോ.അയാളറിയാതെ ഈ നഗരത്തിൽ ഒന്നും നടക്കുകയില്ല.ലഹരി മരുന്നുകളുടെയും, പെൺ
വാണിഭത്തിന്റെയുമെല്ലാം ചരടുവലികൾ നിയന്ത്രിക്കുന്നത് അയാളുടെ കൈകളാണ്.
"പാപത്തിന്റെ കറപുരണ്ട കരങ്ങൾ"അവൾ വീണ്ടും
പിറു പിറുത്തു.
"പുണ്യാളത്തി ചമയുന്നോടീ .മയക്കുമരുന്നിനടിമയാക്കി എത്ര
പെൺകുട്ടികളെയാണ് അയാൾ ചൂഷണം ചെയ്തിട്ടുള്ളത്. എത്രയെത്ര നിരപരാധികളെയാണ്കൊന്നു തള്ളിയിട്ടുള്ളത്.
ദാ . ഇപ്പോൾ കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത്
ബന്ധമുള്ളവരാണ്. കേസ് ശക്തമാണ്. അവനിനി
പുറം ലോകം കാണില്ല. ഞങ്ങളെല്ലാം തുരന്നെടുത്ത്
ഈ നഗരത്തിലൊരു ശുദ്ധികലശം നടത്തും ".
"പല നാൾ കള്ളൻഒരു നാൾ പിടിയിൽ"കരണം പുകയുന്നൊരടിയാണ് ഇത്തവണ അവളുടെ  പിറുപിറുക്കലിന് ഉത്തരമായി എസ്.പി
അജിത നൽകിയത്.
"ക്ഷമിക്കുന്തോറും തലയിൽ കയറുന്നോടീ.നിന്റെ പഴമൊഴി പറച്ചിൽ ഉടനെ നിർത്തുന്നത് കാണണോ" .കസേര ആയത്തിൽ
വലിച്ച് അവരെഴുന്നേറ്റു. ആ കണ്ണുകളിൽ ആളിക്കത്തുന്ന ക്രോധാഗ്നി കണ്ട് സി.ഐ സുജല പോലും ഭയന്നു പോയി. അവർ അനുനയത്തിൽ
അവളോട് പറഞ്ഞു.
"പ്രീതേ ,നിനക്കറിയാവുന്നതങ്ങ് പറഞ്ഞേക്ക്.മാഡത്തിന് നല്ല ദേഷ്യം വന്നിരിക്കുകയാണ്. ഒളിവിലായതിൽ പിന്നെ രഘുവരൻ നിന്നെ കോൺടാക്ട് ചെയ്തിട്ടേയില്ലെന്ന് നുണ പറയുന്നതെന്തിനാ. അറിയാവുന്നതെല്ലാമങ്ങ് പറഞ്ഞേക്ക്"
" അയാളെക്കുറിച്ച് കൂടുതൽ അറിയുവാൻ ശ്രമിക്കാത്തത് കൊണ്ടാണ് മാഡം എന്നെത്തന്നെ എനിക്ക് നഷ്ടമായത്. വില കൂടിയ ബൈക്കിൽ 
സ്കൂളിന് മുന്നിലെത്തിയിരുന്ന പെൺകുട്ടികളുടെ
ആരാധനാപാത്രമായിരുന്ന സുന്ദരനായ രഘുവരന്റെ പൈശാചികമായ മുഖം മനസ്സിലാക്കുവാൻ എനിക്കന്ന് കഴിഞ്ഞില്ല.ഐസ്ക്രീമും ,ബാർബിക്യൂവുമൊക്കെ കഴിച്ച് ഇഷ്ടപ്പെട്ട പുരുഷനെ ബൈക്കിൽ കെട്ടിപ്പുണർന്നിരുന്ന്
ബീച്ചിലും ,സിനിമാതീയേറ്ററിലുമൊക്കെ ചുറ്റിക്കറങ്ങി രസിക്കാനുള്ളതാണ് ജീവിതം എന്നായിരുന്നു അന്നത്ത ആ പൊട്ടിപ്പെണ്ണിന്റെ ധാരണ. അരുതേയെന്ന് വിലക്കി ഏകമകളെ വീണ്ടെടുക്കുവാനോടിയെത്തിയ മാതാപിതാക്കളെപ്പോലും
ഞാൻ കോടതിമുറിയിൽ തള്ളിപ്പറഞ്ഞു."ഇരു
കൈകളും കൊണ്ട് മുഖം താങ്ങി പൊട്ടിക്കരയുന്ന അവളോട് എന്തു പറയണമെന്നറിയാതെ എസ്.പി അജിത ഒരു
നിമിഷം പകച്ചിരുന്നു പോയി.
 
"മാതാപിതാക്കളെയും ബന്ധുക്കളെയുമെല്ലാം വെറുപ്പിച്ചു കൊണ്ട് അയാളുടെ പ്രണയലഹരിയിൽ മയങ്ങി വീഴുമ്പോൾ പ്ലസ്സ് ടു
പൂർത്തിയാക്കണമെന്നോ സ്വന്തം കാലിൽ നിൽക്കണമെന്നോ ഉള്ള ജീവിതവീക്ഷണങ്ങളൊന്നുമില്ലായിരുന്നു.ശരീരത്തെയും . മനസ്സിനെയും കീഴ്പെടുത്തി ബോധമണ്ഡലങ്ങളിൽ അടിമത്തത്തിന്റെ കടിഞ്ഞാൺ വലിച്ചു കൊണ്ട് അയാളിത്രയും കാലം ഭാര്യ എന്ന ലേബലിൽ കൊണ്ടു നടന്നു. കഞ്ചാവും,മയക്കുമരുന്നും വിതരണം ചെയ്യുന്ന കാരിയറിൽ നിന്ന് മയക്കുമരുന്ന് ലോബിയുടെ പ്രധാന കണ്ണിയായി മാറിയത് വിവാഹശേഷമാണ്.ഐശ്വര്യം കൊണ്ടു വന്നവളെ
അക്ഷരാർത്ഥത്തിൽ തടവറയിലാക്കി ചങ്ങലപ്പൂട്ടിട്ട്
പൂട്ടിയിരിക്കുകയായിരുന്നയാൾ.
ഒരു ഭാര്യയും സഹിക്കാത്ത കാഴ്ചകൾ കൺമുന്നിൽ കണ്ടിട്ടുള്ളപ്പോൾ എതിർത്തിട്ടുണ്ട്. കണ്ണീരിന് മറുപടികളായി ചാർത്തിത്തന്നിട്ടുള്ള ക്ഷതങ്ങൾ ശരീരത്തിനു മാത്രമല്ല മനസ്സിനും വലിയ ആഘാതങ്ങളാണേൽപ്പിച്ചിട്ടുള്ളത്. സഹനത്തിന്റെകണ്ണീർപ്പുഴകൾ
വറ്റി വരണ്ടപ്പോൾ ഞാനെന്നിലേക്കു തന്നെ ഒതുങ്ങി ജീവിക്കുന്നൊരു ജഡമായിമാറി. അയാളൊരു മൃഗമാണ് മാഡം. എന്തും ചെയ്യാൻ മടിക്കാത്തവൻ.ആ കിരാതന്റെ ചവിട്ടേറ്റ്സ്വന്തം കുഞ്ഞിനെപ്പോലും ഉദരത്തിൽ വച്ച് നഷ്ടമായഹതഭാഗ്യയായ അമ്മയാണ് ഞാൻ.
തീയിൽ വീണെരിയുന്ന ഈയാംപാറ്റകളെപ്പോലെ
എത്രയോ പെൺകുട്ടികളുടെ ജീവിതങ്ങളാണ് 
അയാൾ നശിപ്പിച്ചിട്ടുള്ളത്. ഈ രാക്ഷസനൊന്ന്
മരിച്ചു പോകണേ എന്ന് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല" .അവസാനിക്കാത്ത അവളുടെ സങ്കടപ്പുഴകൾക്ക് കാതോർക്കുവാൻ സമയമില്ലെന്ന മട്ടിൽ എസ്.പി അജിത കസേരയിൽ നിന്നുംഎഴുനേറ്റു.
"നിന്റെ കദനകഥ മുഴുവനും ഞങ്ങളങ്ങ് വിഴുങ്ങിയെന്നൊന്നും കരുതണ്ട.രഘുവരന്റെ ഫോണും ,വീടുമെല്ലാം ഞങ്ങളുടെ നിരീക്ഷണത്തിലാണ്. എപ്പോൾ വിളിച്ചാലും ഉടനെയിവിടെ എത്തണം".
"ശരി മാഡം . പക്ഷേ അയാളിനി പുതിയ രൂപത്തിലും ,ഭാവത്തിലും മറ്റെവിടെയെങ്കിലും അവതരിക്കുകയേയുള്ളൂ. അത്രക്ക് പ്രബലമാണ്
അയാളുടെ പിടിപാടുകൾ ".അവൾ പറഞ്ഞത്
ഒരു പ്രധാന പോയിന്റാണെന്ന മട്ടിൽ സി.ഐ സുജലയെ നോക്കി ഒന്നമർത്തി മൂളിയിട്ട് എസ്.പി മുറി വിട്ടിറങ്ങി.
 
വർഷങ്ങളായി മനസ്സിലുറഞ്ഞ് പോയ മഞ്ഞുകട്ടകൾ അടർന്നു പോയതിന്റെ ആശ്വാസം അവളുടെ മുഖത്ത് നിഴലിച്ചു.
"നീ പറഞ്ഞതൊക്കെ സത്യമാണെന്ന് എസ്.പിക്കങ്ങ്
ബോധ്യം വന്നിട്ടില്ല. പക്ഷേ എനിക്ക് നിന്നെ മനസ്സിലാകും.പഠിക്കുവാനും ,പാട്ടു പാടുവാനുമെല്ലാം
മിടുക്കിയായ പെൺകുട്ടി .ഒരു നാൾ എല്ലാം ഇട്ടെറിഞ്ഞ് എല്ലാവരേയും വേദനിപ്പിച്ച് ഒരു ക്രിമിനലിനു വേണ്ടി ജീവിതം എരിച്ചു കളഞ്ഞവൾ.
അന്ന് നിന്റെ ഒളിച്ചോട്ടം സ്കൂളിലെല്ലാം വലിയ സംഭവമായിരുന്നല്ലോ. സ്കൂളിന് ചീത്തപ്പേര് കേൾപ്പിച്ച ചരിത്രം വീണ്ടുമാവർത്തിക്കാതിരിക്കുവാൻ ടീച്ചർമാർ
കരുതലോടെ നിന്റെ കഥ പിന്നീട് വന്നിട്ടുള്ള ബാച്ചുകാർക്കെല്ലാം ഓതിക്കൊടുക്കുമായിരുന്നു.
"മാഡം''
"സ്കൂളിൽ ഞാൻ നിന്റെ ജൂനിയറായിരുന്നു.ഒരു ക്രിമിനലിന് വേണ്ടി ഹോമിക്കുവാനുള്ളതല്ല നിന്റെ ജന്മം. നഷ്ടപ്പെടുത്തിയതിൽ ചിലതെങ്കിലുമൊക്കെ നിനക്ക് തിരിച്ച് പിടിക്കുവാനായേക്കും.
നിന്റെ മാതാ പിതാക്കളുമായി ഞാൻ സംസാരിക്കാം. തളർന്നുപോയവർക്ക് താങ്ങായി വർത്തിക്കുന്ന സാമൂഹിക സംഘടനയുമായും ബന്ധപ്പെടാം.ആവശ്യമായ കൗൺസിലിംഗും,തൊഴിൽ പരിശീലനവുമെല്ലാം
നൽകുവാൻ അവർക്കാകും. കേസിന്റെ ഇപ്പോഴത്തെ
ചൂടെല്ലാമൊന്നടങ്ങട്ടെ.ധൈര്യമായിരിക്കൂ."സുജല അവളുടെ തോളിൽ കരം ചേർത്ത് പറഞ്ഞു.
"നീയെന്താ മറുപടിയൊന്നും പറയാത്തത്. അയാളെക്കുറിച്ചോർത്താണോ പേടിക്കുന്നത്. ഇത്രയും ദുഷ്ടനായ ഒരാളിൽ
നിന്നും വിവാഹമോചനം നേടാൻ വൈകിയതെന്താണെന്നേ ഏതൊരു കോടതിയും ചോദിക്കുകയുള്ളൂ". നിറഞ്ഞമിഴികളോടെ മുഖമുയർത്തി അവൾ ചിരിക്കാനൊരു ശ്രമം നടത്തി.
"ദാ ..നോക്ക് ഗുൽമോഹർ പൂത്ത് നിൽക്കുന്നത്. നമ്മുടെ സ്കൂളിലുംഗുൽമോഹർ വൃക്ഷങ്ങളുണ്ടായിരുന്നു.പൂക്കളടർന്ന്
വീണ് പൂമെത്ത പോലൊരുക്കിയ വഴിയിലൂടെയാണ്
നമ്മളന്ന് നടന്ന് ക്ലാസ്സിലെത്തിയിരുന്നത്. 
അക്കാലത്തേക്ക് നിനക്ക് മടങ്ങിപ്പോകണ്ടേ."പോലീസ് സ്റ്റേഷന്റെ ജനലിനരികിലായി പൂത്ത് നിൽക്കുന്ന ഗുൽമോഹർ മരം ചൂണ്ടിക്കാണിച്ച് കൊണ്ട് സുജല അവളോട് പറഞ്ഞു. അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. മനസ്സും പുറകോട്ട് പായുകയായിരുന്നു.  
 
ചാറ്റൽ മഴ പൊടിക്കുന്ന ജൂൺ മാസത്തിൽ അച്ഛന്റെയും ,അമ്മയുടെയും വിരൽ തുമ്പിൽ പിടിച്ച് സ്കൂളിലെത്തിയിരുന്ന ഒരു കൊച്ചു പെൺകുട്ടി.സ്കൂളിൽ പോകുവാൻ മടി കാണിക്കാറുള്ള ദിവസങ്ങളിൽ അച്ഛനവളെ നെഞ്ചോട് ചേർത്തെടുത്ത്
ഗുൽമോഹർപ്പൂക്കൾ മെത്ത വിരിച്ചിട്ട വഴിയിലൂടെ നടന്ന്
ക്ലാസ്സിലെത്തിക്കും.സ്കൂളിലെ ഇന്റർവെൽ സമയങ്ങളിൽ കൊഴിഞ്ഞുവീണു കിടക്കുന്ന പൂക്കളുടെ ദളങ്ങൾക്കിടയിലുള്ള നീണ്ടനഖങ്ങൾ പോലെയുള്ള ഭാഗം വിരലുകളിൽ ചേർത്ത് വച്ച് കൈകൾ കാട്ടി കൂട്ടുകാരികൾക്കൊപ്പം രസിക്കുമായിരുന്നു.
 
കൗമാരസ്വപ്നങ്ങൾ തളിർത്തു തുടങ്ങിയ നാളുകളിലൊരിക്കലാണ്
അതേ ഗുൽമോഹർ മരത്തിനടുത്തു വച്ച്  രഘുവരനെ ആദ്യമായി കണ്ടത് .വില കൂടിയ കൂളിംഗ് ഗ്ലാസ്സുയർത്തി ബൈക്കിലിരുന്ന് അവളെത്തന്നെ ഉറ്റുനോക്കുകയായിരുന്നയാൾ.കറുത്തു നീണ്ട കായ്കളും സമ്മാനിച്ചു കൊണ്ട് പൂക്കാലമപ്പോളാ വൃക്ഷത്തിൽ നിന്നും വിട വാങ്ങിയിരുന്നു. നഴ്സറിസ്കൂളിൽ നിന്ന്പെങ്ങളുടെ മകളെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ട് പോകുവാനെത്തിയ രഘുവരൻ പിന്നീട് അവളെ കാണുവാനായി വേണ്ടി മാത്രംആ പതിവു തുടർന്നു.
അടുത്ത പൂക്കാലം വിരുന്നെത്തുന്നതിന് മുൻപായി അവളിലെ
മധുവും നുകർന്ന് പൂമരങ്ങളില്ലാത്തൊരു
ചേരിയിലെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി.ആകാശത്തോളം പാറിപ്പറക്കേണ്ടിയിരുന്നൊരു കിളിയെ രക്ഷപെടാനുള്ള പഴുതുകളെല്ലാമടച്ച് കൂട്ടിലാക്കി.
 
"ഇനിയുമെന്താ ആലോചിച്ചു നിൽക്കുന്നത്. തൽക്കാലം നിനക്ക് വീട്ടിൽപ്പോകാം. അയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ ഉടനെ അറിയിക്കണം."സി.ഐ സുജല വീട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്.
"ഇരുട്ടു വീണല്ലോ. അല്ലാ ,നീയെങ്ങനെ തനിയെ പോകും, ഒരു കാര്യം ചെയ്യ് നീയാ ജീപ്പിന്റെ പുറകിലേക്ക് കയറ്. പോകുന്ന വഴിയിൽ ഞാൻ ഡ്രോപ്പ് ചെയ്യാം."മടിച്ചു നിൽക്കുന്ന അവളുടെ മുഖത്തെ മായാത്ത വിഷാദം കണ്ട് സുജല ചോദിച്ചു.
"ങ്ങും ,എന്തേ ..പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ
ഇന്ന് മുതൽ നീ പുതിയൊരു ജീവിതം തുടങ്ങുകയാണ്. കഴിഞ്ഞകാലമെല്ലാം മനസ്സിൽ നിന്ന് മറക്കണം. മനസ്സിലായല്ലോ."
അവൾ മെല്ലെ തലകുലുക്കി.
 
തകർത്തു പെയ്തകന്ന മഴയിൽ അടർന്നു വീണ
ഗുൽമോഹർ പൂക്കൾ പോലീസ് സ്റ്റേഷന്റെ
മുറ്റമാകെ നിറഞ്ഞ് കിടന്നിരുന്നു. വെള്ളമുതിർത്തിക്കളഞ്ഞ് കൈക്കുടന്ന നിറയെ പൂക്കളുകൾ അവളെടുത്തു. എന്നിട്ട് കണ്ണുകളിൽ പ്രതീക്ഷകളുടെ സ്ഥടികത്തിളക്കത്തോടെ ജീപ്പിൽ കയറി. ഓറഞ്ചും ,ചുമപ്പും കലർന്ന ദളങ്ങളുടെ അടരുകളെ നഖത്തിൽ ചേർത്തു വച്ചവൾ താലോലിക്കുന്നത് കണ്ട് സുജല മന്ദഹസിച്ചു.
 
കരിനിഴലുകളിൽ ഇടറി വീണ പാതകൾ കടന്ന് പ്രകാശമുളള വഴികളിലൂടെ ജീപ്പ് അപ്പോളേക്കും യാത്രയാരംഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക