Image

വാടാമലരുകൾ : കഥ, മിനി സുരേഷ്

Published on 06 August, 2023
വാടാമലരുകൾ : കഥ, മിനി സുരേഷ്
 
  
 "മ്മ അയാളോട് ഇറങ്ങിപ്പോകാൻ പറയണം.
പറഞ്ഞേ പറ്റൂ"
 സുമാമണിക്ക് ളടലിലൊരു തരിപ്പാണ് തോന്നിയത്. മകളുടെ കണ്ണുകളിലെ തിളച്ചു മറിയുന്ന അഗ്‌നിയിൽ താനുരുകുന്നത് പോലെ
അവർക്ക് തോന്നി.
"പറയാം" വിക്കി വിക്കി അവർ മറുപടി പറഞ്ഞു.
പക്ഷെ വീട്ടുകാരെയും,നാട്ടുകാരെയും എന്ത് പറഞ്ഞ് വായടപ്പിക്കും. പോകുന്നിടത്തോളം പോകട്ടെ.
 
 ഞായറാഴ്ച അയാൾക്ക് ഒഴിവുദിനമാണ്.
 
ആരോഹണങ്ങളും, അവരോഹണങ്ങളും കുഴഞ്ഞു മറിഞ്ഞ തെറിപ്പാട്ടുകൾ പാതിരാത്രിയിൽ  പടിപ്പുരയിൽ
കേൾക്കുമ്പോൾത്തന്നെ സൗമ്യയുടെ ചങ്കിടിപ്പ് ഇരട്ടിക്കും.
നാവുനീട്ടി രക്തമൊലിപ്പിക്കുന്ന മനുഷ്യമൃഗങ്ങൾ
കിതപ്പോടെ ചുറ്റിനുമാർത്തു നടക്കും. കട വാവലുകൾ കൂട്ടമായി പറക്കുന്ന ശബ്ദങ്ങൾ
തല പെരുപ്പിക്കും.
മെത്തക്കരികിൽ മടക്കി വച്ചിരിക്കുന്ന പഴയൊരു
കിടക്കയുറയിലേക്ക് തലയും ശരീരവും വലിച്ചിട്ട് അവൾ ഒരു ആമയെപ്പോലെ പുറന്തോട് തീർക്കും.
 
കുറച്ചു സമയം കഴിയുമ്പോൾ അയാളവളുടെ കട്ടിലിനരികിലെത്തുമെന്നറിയാം..
"ചക്കരക്കുട്ടീ സൗമ്യേ ,എന്റെ മോളുറങ്ങിയോടീ"
തുടർന്നുള്ള അയാളുടെ തരം താണ വാത്സല്യപ്രകടനങ്ങൾക്കിടയിൽ പരതി നടക്കുന്ന
കൈകൾ തന്റെ ശരീരഭാഗങ്ങളിൽ അട്ടയെപ്പോലെ
ഇഴയുന്നുണ്ടെന്ന് മനസ്സിലാക്കിത്തുടങ്ങിയ അന്ന്
കണ്ടെത്തിയതാണീ സ്വയം സുരക്ഷാതന്ത്രം.
 
"നിനക്ക് അമ്മയോട് പറയാമായിരുന്നില്ലേ. "കൂട്ടുകാരി ജീന അവളുടെ
നിസ്സഹായത കണ്ട് ഉപദേശിച്ചു.
 
"അതെങ്ങനാ , അമ്മയ്ക്കയാളെ വലിയ വിശ്വാസമാണ്. കള്ളുകുടിച്ചാലും പുക വലിച്ചാലും
ഒരു പ്രശ്നവുമില്ല. എന്റെയച്ഛൻ മരിക്കണ്ടായിരുന്നു." അത് പറഞ്ഞപ്പോൾ അവളുടെ
കണ്ണുകളിൽ സങ്കടക്കടലിരമ്പി.
 
വരാന്തയുടെ കോണിലൊരു ചെറിയ മേശ കിടപ്പുണ്ട്. അതിനടുത്തൊരു കസേരയിട്ട് പഠിക്കുവാനാണ് സൗമ്യക്ക് ഇഷ്ടം. ചെറിയക്ലാസ്സുകൾ
മുതൽക്കേ അതാണവളുടെ ശീലം. അവിടെ ഇരുന്നാൽ പഠനം ഒരു മടുപ്പായി ഒരിക്കലും അനുഭവപ്പെടുകയില്ല. ഫിസിക്സിലെ തിയറികളും, ബയോളജിയിലെ  ക്ലാസ്സിഫിക്കേഷനുകളുമൊക്കെ ഒറ്റ വായനയിൽത്തന്നെ അവളുടെ തലച്ചോറിൽ ഓടിയെത്തും. ഇടക്ക് മുറ്റത്ത് നിൽക്കുന്ന രാജമല്ലിച്ചെടിയിൽ തത്തിക്കളിക്കുന്ന
കൊച്ച് കുരുവികളെ കാണാം. മൗനമായി കടന്നു വരുന്ന ഇളം കാറ്റും സ്വകാര്യമൊക്കെപ്പറഞ്ഞ് മുടിയിഴകളിലൊക്കെത്തഴുകി കടന്നു
പോകും. കുറിഞ്ഞിപ്പൂച്ച വാലുമുയർത്തി വന്ന് കാലിലൊന്നുരുമ്മി
നടക്കും.
ഇതെല്ലാം അവളുടെ കൊച്ച് കൊച്ച് സന്തോഷങ്ങളായിരുന്നു. അവയെല്ലാം പാടേ
തുടച്ച് കളഞ്ഞു കൊണ്ടായിരുന്നു അമ്മയുടെ
ജീവിതത്തിലേക്ക് അയാളെത്തിയത്.
 
അയാളുള്ളപ്പോൾ വരാന്തയിലിരിക്കുവാൻ അവൾക്ക്
ഭയമാണ്. അവൾ പഠിക്കുന്നതിന്റെ എതിർ വശത്ത് ഒരു കസേരയിട്ട് അയാൾ സിഗരറ്റ് വലിച്ചിരിക്കും.
സിഗരറ്റിന്റെ മണം അവൾക്ക് പണ്ടേ ഇഷ്ടമല്ല. മരിക്കുന്നത് വരെ അവളുടെ അച്ഛൻ പുക വലിക്കില്ലായിരുന്നു. സിഗരറ്റ് പുകയുടെ അസ്വസ്ഥയോടൊപ്പം അയാളുടെ വഷളൻ ചോദ്യങ്ങൾക്കെല്ലാം ഉത്തരവും പറയണം.
 
ഒരിക്കൽ മിഴികളുയർത്തിയപ്പോഴാണ് അയാളുടെ കണ്ണുകൾ തന്റെ
ശരീരഭാഗങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നെന്ന് അവൾ തിരിച്ചറിഞ്ഞത്. പഠിച്ചു കൊണ്ടിരുന്ന പാഠപുസ്തകം നെഞ്ചോട് അമർത്തി അയാളുടെ
ആർത്തിപൂണ്ട കണ്ണുകൾക്ക് അവൾ തടയിട്ടു.
 
പിന്നെ പഠിക്കുവാനൊന്നും അവൾക്ക് ഉത്സാഹം
തോന്നിയില്ല. രാത്രിയുടെ നിഴലുകളെപ്പോലും
ഭയന്നു തുടങ്ങി.
വീട്ടിൽ ഒറ്റക്കിരിക്കേണ്ട സന്ദർഭങ്ങളെല്ലാം
മന:പൂർവ്വം ഒഴിവാക്കി .അമ്മ അയൽക്കൂട്ടത്തിന്റെ യോഗങ്ങൾക്ക്
പോകുമ്പോൾ പോലും അവൾ കൂടെപ്പോകുവാൻ
തുടങ്ങി. പൊരിഞ്ഞ ചർച്ചകളും ,വാഗ്വാദങ്ങളുമൊക്കെ നടക്കുമ്പോൾ
പിടി വിട്ടു പോയ പട്ടം തിരക്കുന്നകുട്ടിയുടെ മുഖഭാവത്തോടെ
ഉറക്കം തൂങ്ങി അവളിരിക്കുന്നത് പലർക്കുമവിടെ
മുഷിച്ചിലുണ്ടാക്കി.
" നീയ്യിപ്പം അമ്മേന്റെ വാലായിട്ട് നടക്ക്വാ"
"ഇവിടെ വന്നിരുന്ന് കൊതുകു കടി കൊള്ളാതെ വീട്ടിലെങ്ങാനും കുത്തിയിരിന്ന് പഠിക്കാൻമേലേ പെണ്ണേ"
അയൽക്കാരികളുടെ പരിഹാസങ്ങൾ കേൾക്കുമ്പോഴെങ്കിലും അമ്മ തന്നോട് എന്തെങ്കിലും ചോദിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു.
 
ഒരു വാക്ക് പോലും പറയാതെ അമ്മ നടന്ന്
നീങ്ങിയത് അവളെ അമ്പരപ്പിച്ചു. അല്ലെങ്കിലും
അമ്മയ്ക്കിയിടെയായി വലിയ മിണ്ടാട്ടമൊന്നുമില്ല.
താക്കോൽ കൊടുത്തത് പോലെ 
പണിക്ക് പോകുകയും ,വീട്ടു ജോലികൾ ചെയ്യുകയും ചെയ്യുന്ന യന്ത്രപ്പാവയായി മാറിപ്പോയല്ലോ തന്റെ അമ്മ. അയാളുടെ തല്ലും ,തൊഴിയും ,അസഭ്യവർത്തമാനങ്ങളുമെല്ലാം
നിശ്ശബ്ദം സഹിക്കുന്ന അമ്മയോടവൾക്ക് പുച്ഛം
തോന്നാറുണ്ട്. ഒന്നോർത്താൽ കഷ്ടം തോന്നും.
അച്ഛനുണ്ടായിരുന്നപ്പോൾ എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീടാണ്. ചിരി നിറഞ്ഞ മുഖത്തോടെയല്ലാതെ അമ്മയെ അന്ന്കണ്ടിട്ടേയില്ല.
 
അച്ഛൻ പോയെങ്കിലും അമ്മ തുന്നൽപ്പണിക്ക് പോയിക്കിട്ടുന്ന വരുമാനം കൊണ്ട് രണ്ടാൾക്ക് സുഖമായി കഴിയാമായിരുന്നു. മാരണമെല്ലാം ഒപ്പിച്ചു
വച്ചത് അമ്മാവനാണ്. പെങ്ങളുടെ ചുമതല തലയിൽ നിന്നും ഒഴിപ്പിച്ചിട്ട് മിടുക്കനായി നടക്കുന്നു.
ഇന്നെങ്കിലും എല്ലാം അമ്മയോട് പറയണം. ഇങ്ങനെയങ്ങ് സഹിക്കുകയും , താഴുകയും ചെയ്യേണ്ട കാര്യമൊന്നുമില്ല. അമ്മക്കും  ,തനിക്കും
ഇങ്ങനൊരു ആൺതുണയുടെ ആവശ്യമില്ല .
 
"അമ്മേ നിക്കൊരു കാര്യം പറയാനുണ്ട്."
"എന്താ പെണ്ണേ ,പോയിരുന്ന് വല്ലതും പഠിക്കുവാൻ
നോക്ക്". ഇതു പോലൊരമ്മ . അവൾ ചവിട്ടിത്തുള്ളി
സങ്കടം തീർത്തു.
.
പഠിക്കുന്നു. പഠിക്കാനൊന്നും ഇപ്പോൾ തോന്നാറേയില്ല. സ്വൈര്യം കിട്ടിയിട്ടു വേണ്ടേ പഠിക്കുവാൻ.
 കുറച്ചു നാളായി അവളുടെ പഠനം അടുക്കളയോട്
ചേർന്ന ചായ്പിലാണ്. അവിടെയിരുന്നാൽ ഒട്ടും
ശ്രദ്ധ കിട്ടുകയില്ല. വറുത്തിടുന്നതിന്റെ ഗന്ധങ്ങളും
കുക്കറിന്റെ ചൂളം വിളികളുമെല്ലാം അവളുടെ
ഉയർന്നിരുന്ന പഠനഗ്രാഫിനെ കുത്തനെ താഴേക്ക് വലിപ്പിച്ചു.
"നീയ്യ് നല്ലോണം പഠിച്ചോണ്ടിരുന്നതല്ലേ"എന്താപ്പോ
പറ്റിയത്. "ഷീന മിസ്സ് ഒരുച്ചക്ക് അവളെയും ,കൂട്ടുകാരി ജീനയെയും സ്റ്റാഫ്റൂമിലേക്ക്
വിളിപ്പിച്ചു.
"ഇവൾടെ രണ്ടാനച്ഛനെക്കൊണ്ട് വലിയ ശല്യമാ
മിസ്സേ" ജീന ഒറ്റവരിയിൽ ആ ആഗോളപ്രശ്നമങ്ങ് നിസ്സാരമാക്കിയപ്പോൾ
സൗമ്യക്കും ധൈര്യമായി.
"അയ്യാളെ ഉപേക്ഷിക്കുവാൻ  മിസ്സൊന്ന് പറയാമോ"സൗമ്യ ആകാംക്ഷയോടെ ചോദിച്ചു. "നേരത്തെ തന്നെ മിസ്സിനോട് പറയാമായിരുന്നു
ഇല്ലേടി. മിസ്സ് പറഞ്ഞാൽ അമ്മ കേൾക്കും." ജീനയോടവൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
 
ഷീന മിസ്സ് ഒരു നിമിഷം ചിന്തിച്ചിരുന്നു പോയി. പഴയകാലമല്ല. കുട്ടികളോടും ,രക്ഷകർത്താക്കളോടും എന്തെങ്കിലും പറയേണ്ടി വന്നാൽ നൂറാവർത്തി ആലോചിക്കണം. ക്ലാസ്സിൽ കയറാതെ
ഉഴപ്പി നടന്ന ഒരു വിദ്യാർത്ഥിയെ ശകാരിച്ചതിന്
അവന്റെ അമ്മ ചീത്ത വിളിച്ചിട്ട് പോയത് കഴിഞ്ഞയാഴ്ചയാണ്.
"മിസ്സിന് പേടിയാണെങ്കിൽ വേണ്ട. ഞങ്ങള് പോലീസിലും, വനിതാകമ്മീഷനിലും പരാതി
കൊടുത്തോളാം."
ജീന നിന്ന് തിളക്കുകയാണ്.
 
" നിങ്ങളൊന്ന് സമാധാനിക്ക് .പരിഹാരമുണ്ടാക്കാം"
പ്രിൻസിപ്പലുമായി സംസാരിച്ച ശേഷം പിറ്റേ ദിവസം ഉച്ചക്ക് തന്നെ സ്കൂളിലെത്തണമെന്ന്ഷീന മിസ്സ്
സുമാമണിയോട് വിളിച്ചു പറഞ്ഞു.
 
"പെണ്ണെന്തേലും കുന്ത്രാണ്ടമൊപ്പിച്ചു കാണും. ആങ്ങളയും കൂടി കൂട്ടത്തിൽ വായോ".സഹോദരനെക്കൂടി കൂട്ട് വിളിച്ചിട്ടാണ് അവർ സ്കൂളിലെത്തിയത്.
 
"ഒറ്റക്ക് വരുവാനല്ലേ നിങ്ങളോട്പറഞ്ഞത്. ഭർത്താവിനെ കൂടെ കൂട്ടണ്ടായിരുന്നു."
"ഇതെന്റെ ഒടപ്പിറന്നോനാ"അധ്യാപികയുടെ സ്വരത്തിലെ
നീരസം സുമാ മണിക്കും അത്ര ഇഷ്ടമായില്ല. പക്ഷേ
വിഷയത്തിന്റെ അഗാതതകളിലേക്ക് കടന്നു ചെന്നപ്പോൾ അവരുടെ മാതൃഹൃദയം പിടഞ്ഞുപോയി.
കാര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ ആങ്ങള ചന്ദ്രപ്പനു കഴിഞ്ഞില്ലെന്ന് മാത്രമല്ല ചന്ദ്രപ്പൻ
ഒന്നും രണ്ടും പറഞ്ഞ് ടീച്ചറോട് തട്ടിക്കയറുവാനും
തുടങ്ങി. 
 
"നിങ്ങൾടെ കൊച്ചിന്റെ നല്ല ഭാവിയെക്കരുതിയല്ലേ
രാപകലില്ലാതെ സുമാ മണി കഷ്ടപ്പെടുന്നത്" ചന്ദ്രപ്പനെ ശ്രദ്ധിക്കാതെ ഷീന മിസ്സ്
തുടർന്നു.
"സ്വന്തം കൂടപ്പിറപ്പിന്റെ ആയാലും ആവശ്യമില്ലാത്ത
ഉപദേശം കേൾക്കരുത്. സ്വന്തമായി തീരുമാനമെടുക്കുവാനുള്ള പ്രാപ്തിയില്ലായ്മയാണ്
പല സ്ത്രീകളുടെയും പരാജയത്തിന് കാരണം. നിവൃത്തികേട് കൊണ്ടാണ് സുമ അയാളെ
സഹിക്കുന്നത്. പകലന്തിയോളം പണിയെടുത്തു വന്നിട്ട്  സൗമ്യയുടെ അച്ഛനുണ്ടാക്കിത്തന്ന കൂരയിൽ മകളേയും നോക്കി മര്യാദക്കിരുന്നാൽ
പോരെ. കണ്ടവന്റെ ചീത്തവിളീം ,തല്ലും കൊള്ളണോ "
മറുപടി പറയാനില്ലാതെ സുമ തല താഴ്ത്തി. 
"സൗമ്യ പഠിക്കുവാൻ നല്ല മിടുക്കിയാണ്.
മകൾ ഈ പ്രശ്നം വന്നു പറഞ്ഞപ്പോൾ തന്നെ
അയാളെ അടിച്ചു പുറത്താക്കേണ്ടതായിരുന്നു.
 
"ആ വൃത്തികെട്ടവന്റെ ഞരമ്പ് രോഗം തീർത്ത്
അടിച്ച് പുറത്താക്കുന്ന കാര്യം എനിക്ക് വിട്ടേക്ക്
പെങ്ങളേ" ഇടക്ക് നിശ്ശബ്ദനായിപ്പോയ ചന്ദ്രപ്പനങ്ങ്
ചൂടായി .സുമയുടെ മുഖത്ത് ഒരു സമാധാനം
നിഴലിച്ചു.
 
"പഴയ തലമുറയിലുള്ളവർ ഇതൊക്കെയങ്ങ് സഹിക്കും. പുതിയ ജനറേഷൻ കുട്ടികൾ ശക്തമായിട്ട് തന്നെ പ്രതികരിക്കും. ചന്ദ്രന് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത് നന്നായി. ഇതു പോലെയുള്ള വിടന്മാരെ വളരാനനുവദിക്കരുത്. സൗമ്യ സൂക്ഷിച്ച് നിന്നത്
കൊണ്ട് ഇവിടെ കുഴപ്പങ്ങളൊന്നുമുണ്ടായില്ല.
ഇത്രയും ധൈര്യമൊന്നും എല്ലാ കുട്ടികൾക്കും
ഉണ്ടാകണമെന്നില്ല. നമ്മുടെ കുഞ്ഞുങ്ങൾ വാടിക്കൊഴിഞ്ഞു പോകാതിരിക്കണമെങ്കിൽ
അവരുടെ സുരക്ഷയും ,മാനസികാരോഗ്യവും
ശ്രദ്ധിക്കണം. തളർന്നു പോകുമ്പോൾ കൂടെയുണ്ടെന്ന ഉറപ്പ് കൊടുക്കണം"
 
"ശരിയാ ടീച്ചറേ .ഞങ്ങള് കുറെക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു."ചന്ദ്രപ്പന് വല്ലാത്ത
കുറ്റബോധം തോന്നി.
 
"മകളെപ്പോലെ കാണേണ്ടവളെ കാമക്കണ്ണു കൊണ്ട്
നോക്കുന്ന ഇവനൊക്കെ മനുഷ്യമൃഗങ്ങളാണ്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും
പിച്ചിച്ചീന്തുവാൻ മടിയില്ലാത്ത ദുഷ്ടന്മാർ."
 
"ഇനി ഞാനെല്ലാം ശ്രദ്ധിച്ചോളാം ടീച്ചറേ. വീടിന്റ പടി കയറ്റില്ല അയാളെ. ഗതികേട് കൊണ്ടാണ് ഞാനയാളെ ഇത്രയും കാലം സഹിച്ചത്. എന്റെ കുഞ്ഞിനെ വളർത്താനെനിക്കറിയാം."സുമയിലെ അമ്മ ഉണർന്നു .
 
അമ്മയും , അമ്മാവനും സ്റ്റാഫ് റൂമിൽനിന്നും
ഇറങ്ങുന്നത് സൗമ്യയും , ജീനയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"എന്തായി മിസ്സേ" സൗമ്യക്ക് തിടുക്കമായി.
"എല്ലാം ശരിയാകും മോളെ" ഷീന മിസ്സ് അവളുടെ
തലയിൽ തലോടി.
"അപ്പോളിവളുടെ രണ്ടാനച്ഛനിനി പെരുവഴി തന്നെശരണം" വാശിയോടെ ജീന ചിരിച്ചു.
"പെരുവഴിയിലൂടെ ജയിലിലേക്കും 
പോകുവാൻ സാധ്യതയുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നപോക്സോ വിഭാഗം തന്നെ
നമ്മുടെ നിയമത്തിലുണ്ട്. എന്നിട്ടും ഇത്തരക്കാരുടെ
എണ്ണം സമൂഹത്തിൽ വർദ്ധിച്ച് വരുന്നതല്ലേയുള്ളൂ. നമ്മുടെ നാട്ടിൽ ശിക്ഷാനടപടികൾ ഇനിയും
ശക്തമാകേണ്ടതുണ്ട്.
കുട്ടികളോട് അതിക്രമം കാട്ടുന്നവരെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല. ഏതായാലും സൗമ്യ ഇക്കാര്യത്തെക്കുറിച്ചോർത്തിനി വേവലാതിപ്പെടണ്ട.
നന്നായി പഠിക്കുക. പരീക്ഷക്കിനി ഒരു മാസമേഉള്ളൂ" ഷീന മിസ്സ് അവളുടെകവിളിൽ
അരുമയായി തലോടി.
   ക്ലാസ്സ് മുറിയിലേക്ക് നടക്കുമ്പോൾ സൗമ്യയുടെ
മനസ്സ് ശാന്തമായിരുന്നു. ഒരു കുഞ്ഞിക്കാറ്റ് അവർക്കിടയിലൂടെ കടന്നു പോയി. സ്കൂൾഅങ്കണത്തിലെ തൈമാവിൽ ഓമനകളായ
രണ്ട് അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്നുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക