ഒരോണക്കാലത്ത് അവിചാരിതമായാണ് വീണ്ടുമയാളെ കണ്ടുമുട്ടിയത്. നഗരത്തിന്റെ തിരക്കുകളിലേക്ക് ഊർന്നിറങ്ങാത്ത
മനസ്സുമായി തലയും താഴ്ത്തി ഫുട്പാത്തിലൂടെ
നീങ്ങുകയായിരുന്നു അയാൾ. നിരത്തുകളെല്ലാം
വഴിവാണിഭക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.
ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാനുമൊന്ന് ജീവിച്ചു പൊയ്ക്കോട്ടെ എന്നൊരുഭാവം അയാളുടെ മുഖത്തേക്ക് നോക്കുന്നവർക്ക് വായിച്ചെടുക്കാമായിരുന്നു.
'അയ്യോ ഒരു പഞ്ചപാവം .നടപ്പ് കണ്ടാൽ ഇതു പോലൊരു അപ്പാവിയില്ലെന്ന് തോന്നും.കേസാക്കാതെ
തേച്ചു മായ്ച്ചു കളഞ്ഞതൊന്നും ആർക്കും ഓർമ്മയില്ലെന്നാണ് ദുഷ്ടന്റെ വിചാരം.ശ്യാമയുടെ മുഖത്തെ ഞരമ്പുകൾ ദേഷ്യം കൊണ്ട്
വലിഞ്ഞു മുറുകുന്നുണ്ടായിണ്ടായിരുന്നു.
'ഒരു പാവം പെണ്ണിന്റെ ജീവിതം തകർത്തവൻ.നിയമത്തെ കബളിപ്പിച്ച് മിടുക്കനായി വിലസുന്നു.ഹോ .ഇത്രയും ക്രൂരത ചെയ്യുവാൻ തനിക്കെങ്ങനെ തോന്നിയെടോ"
വർഷങ്ങളായി മനസ്സിൽകിടന്ന് തികട്ടുന്നചോദ്യമാണ് .ഇന്നെങ്കിലും ഒന്ന് ചോദിച്ചാലോ.
അല്ലെങ്കിൽ വേണ്ട.നന്മയുടെ ഒരിറ്റ് കണിക പോലും
മനസ്സിൽ അവശേഷിച്ചിട്ടില്ലാത്ത ഇയാളോടൊന്നും
സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.അയാളുടെ
തിളക്കമറ്റു പോയ കണ്ണുകളുടെ അഗാധതകളിൽ
ഇപ്പോഴും ഭസ്മാസുരന്റെ ചിന്തകളുടെ ചടുലതാളങ്ങളിൽ അമ്ലലായനികൾ തിളക്കുന്നുണ്ടാകും.ഒരു മടിയുമില്ലാതെ ഒരു
പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് കുപ്പി
വലിച്ചെറിയുകാന്നൊക്കെ വച്ചാൽ .ഹൊ രാക്ഷസന്റെ ജന്മമായിരിക്കും. പണക്കൊഴുപ്പിൽ തിളച്ചിരുന്ന അഹങ്കാരം മുഖത്ത് നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.വേഷവും
രൂപവുമെല്ലാം പാടേ മാറിപ്പോയിരിക്കുന്നു.ശാപങ്ങളുടെ കൂമ്പാരങ്ങൾ തന്നെ പേറുന്ന ജന്മമാണല്ലോ.ഈദുഷ്ടനെ ദൈവം പന പോലെ
വളർത്തി ഒടുവിൽ നല്ല ശിക്ഷ തന്നെ കൊടുത്ത്
കാണണം.അവളുടെയുള്ളിൽ മൂർച്ചയേറിയ പക നിറഞ്ഞു.
ഇയാളെന്ന് കോളേജിലെ ഹീറോ ആയിരുന്നു .പ്രദീപ് ജോർജ്.നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഏകമകൻ.ബാസ്കറ്റ് ബോൾ കളിക്കളത്തിൽ മിന്നൽ വേഗത്തിൽ മുന്നേറുന്ന കോളേജിന്റെ
അഭിമാനം.ഇലക്ഷൻ കാലത്ത് ആരേയും അതിശയിപ്പിക്കുന്ന ഗന്ധർവ്വസ്വരവുമായി തിളക്കമാർന്ന വിജയം നേടിയ ആർട്ട്സ്ക്ലബ്ബ്സെക്രട്ടറി. ചന്ദനത്തിന്റെ നിറവും ,നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചുരുണ്ട മുടിയുമുള്ള അയാളെ ആരാധനയോടെയാണ് ആദ്യമൊക്കെപെൺകുട്ടികൾ
നോക്കിയിരുന്നത്. അയാൾ വിരിച്ച വലയിൽ കുരുങ്ങിയവരും ,തേടിച്ചെന്നവരും തന്നെയാണ് അയാളുടെ ക്ലീൻ ഇമേജിനു മേൽ ധൂപപടലം പടർത്തിയത്.വല്ലാത്തൊരു സാഡിസ്റ്റാണത്രേ .
പണവും ,സൗന്ദര്യവും ,സ്വാധീനവും വേണ്ടുവോളമുള്ള അയാൾക്ക് ഉപയോഗിച്ച് വലിച്ചെറിയുവാനുള്ള കളിപ്പാവകളാണ് പെൺകുട്ടികൾ എന്ന മുന്നറിയിപ്പുകളെങ്ങും
നിറഞ്ഞു പൊന്തുമ്പോഴും അതൊന്നും
ശ്രദ്ധിക്കാതെ കോളേജിൽ വില കൂടിയബൈക്കിൽ ചീറിപ്പാഞ്ഞെത്തി അയാൾ താരമായിത്തന്നെ വിലസി നടന്നു.
വിശേഷണങ്ങളേറെയുണ്ടെന്ന ഒരഹങ്കാരത്തോടെയായിരുന്നു പ്രദീപ്
ദീപ്തിയോട് പ്രണയാഭ്യർത്ഥന നടത്തിയത്.
ദീപ്തി അവളൊരു കൊച്ചുസുന്ദരി തന്നെയായിരുന്നു.റോസാപ്പൂ പോലെ തുടുത്ത് ആരും വാത്സല്യത്തോടെ നോക്കി നിന്നു പോകുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.
ഒരു നിമിഷം ശ്യാമയുടെ കണ്ണു നിറഞ്ഞു പോയി.
സ്കൂൾ മുതൽ ഞങ്ങളൊരുമിച്ചായിരുന്നു.നന്നേ
മെലിഞ്ഞുണങ്ങിയ ഇരുനിറക്കാരിയായ താനവളോടൊപ്പം നടന്നു പോകുമ്പോൾ 'ദീപ്തിക്ക് കണ്ണു കിട്ടാതിരിക്കുവാനാണോ ശ്യാമയെ
കൂടെക്കൊണ്ടു നടക്കുന്നതെന്നൊക്കെ കമൻറുകൾ
കേട്ടിട്ടുണ്ട്.ചെറിയൊരു ചമ്മലൊക്കെ തോന്നിയിട്ടുണ്ടെങ്കിലും തങ്ങളുടെയിടയിൽ അസൂയയുടെയോ ,ഈഗോയുടെയോ
നിഴലുകൾ ഒരിക്കൽ പോലുംഎത്തി നോക്കിയിട്ടില്ല.
എല്ലാ പഠിപ്പിസ്റ്റുകളെയും പോലെ ഡോക്ടറാകണമെന്ന മോഹവുമായി
ദീപ്തി പ്രീഡിഗ്രിക്ക് സെക്കൻറ് ഗ്രൂപ്പ് എടുത്തപ്പോൾ
വാലായിത്തന്നെ ഒപ്പം കൂടി. സയൻസിനോടുള്ള
ഇഷ്ടം കൊണ്ടൊന്നുമല്ല.അവളെ പിരിഞ്ഞിരിക്കുവാനാവില്ലായിരുന്നു.പാട്ടിനും, നൃത്തത്തിനുമെല്ലാം മിടുക്കിയായിരുന്നു.
ഇടക്ക് തന്നെയും ഉപദേശിക്കും.
"നീയിങ്ങനെ ലക്ഷ്യബോധമില്ലാതെഉഴപ്പി നടക്കരുത് കേട്ടോ. പഠിച്ചൊരു നല്ല ജോലി വാങ്ങണം.വീട്ടിലെ അവസ്ഥകളൊന്നും മറക്കരുത്."കവിളിൽ പിടിച്ച് വലിച്ചു് സ്നേഹത്തോടെ നെറ്റി മുട്ടിച്ച് ഇക്കിളി കൂട്ടുന്നത് അവൾക്ക് ഇഷ്ടമുള്ള കളിയായിരുന്നു.
"കിളികൾ രണ്ടും തനിയെ കളിച്ച് രസിച്ചാൽ മതിയോ.ഞാനും കൂടെകൂടാം.ദീപ്തിയുടെ കയ്യിൽ കയറി പ്രദീപ് ബലമായി പിടിച്ചു .കൈ വീശിത്തന്നെ ദീപ്തി ഒന്നു കൊടുത്തു. ഞെട്ടലോടെ താനന്ന്
തരിച്ചു നിൽക്കുമ്പോൾ നിമിഷ നേരം കൊണ്ട്
കുട്ടികളെല്ലാവരും കൂകി വിളിച്ചു കൊണ്ട്
ചുറ്റും കൂടി.'
'സൂര്യകീരീടം വീണുടഞ്ഞു '...ആർത്ത് പാടി രസിക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ മഞ്ഞളിച്ച മുഖവുമായി നടന്നു നീങ്ങിയ
പ്രദീപിന്റെ മുഖം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
"നീയെന്തൊരു പണിയാണ് ദീപ്തീ കാണിച്ചത്"ആധിയോടെ ചോദിക്കുമ്പോൾ ദീപ്തി യാതൊരു ഭയവുമില്ലാതെയാണെന്ന്
പ്രതികരിച്ചത്.
"പിന്നേ ,അവനെന്താണെന്ന് വച്ചാൽ അങ്ങ് ചെയ്യട്ടെ. തട്ടിക്കളിക്കുവാനും,ഉപയോഗശേഷം വലിച്ചെറിയുവാനുമുള്ള വില കുറഞ്ഞ വസ്തുക്കളല്ല സ്ത്രീകളെന്ന് ഇനിയെങ്കിലും അവനൊന്ന്
മനസ്സിലാക്കട്ടെ" .
പക്ഷേ ആ രാക്ഷസനൊന്നും മനസ്സിലാക്കിയില്ല.
ഏറ്റവും പൈശാചികമായ രീതിയിൽ തന്നെ പകവീട്ടി.
പിറ്റേ ദിവസം ക്ഷമ പറയുവാനെന്ന വ്യാജേനെ
ദീപ്തിയുടെ വീട്ടിലെത്തി അവളുടെ അച്ഛന്റെ
മുൻപിൽ വച്ച് തന്നെ ആസിഡ് കുപ്പി അവളുടെ
മുഖത്തേക്ക് വലിച്ചെറിഞ്ഞ്പ്രതികാരം തീർത്ത
മഹാ പാപിയാണ് പൂച്ചയെപ്പോലെ നടക്കുന്നത്.
അയാളുടെ മുഖത്തേക്ക് കാറിത്തുപ്പാൻ അവൾക്ക്
തോന്നി.
രാഷ്ട്രീയത്തിൽ വലിയ പിടിപാടൊക്കെയുള്ള
പ്രദീപിന്റെ അച്ഛൻ കേസ് തേച്ചു മായ്ച്ചു കളയുമ്പോൾ പാവം ദീപ്‌തി ഐ.സി,യു വിൽ ജീവന് വേണ്ടി പിടയുകയായിരുന്നു.
എന്നിട്ടും അവൾ തളർന്നില്ല. അവളെക്കാണുമ്പോൾ വാവിട്ട് കരയുന്ന
തന്നെ നോക്കി മനക്കരുത്തോടെ പറയും.
"വാടിക്കൊഴിഞ്ഞു വീഴുവാനുമുള്ളതല്ല
ശ്യാമേ നമ്മുടെ ജീവിതം.ധൈര്യത്തോടെപ്രതികൂല
സാഹചര്യങ്ങളെ നേരിടണം.ഫീനിക്സ് പക്ഷിയെക്കുറിച്ച് നീ കേട്ടിട്ടില്ലേ.സ്വന്തം ചാരത്തിൽ നിന്നും പുനർജനിച്ച് വരുമെന്ന സങ്കൽപ്പം.അതു പോലെ ഞാനും ഉയർത്തെഴുനേൽക്കും.ഒരു പ്രദീപിനും തകർക്കാനുള്ളതല്ല എന്റെ ജീവിതം.കറുത്ത് ചുളുങ്ങി വികൃതമായിപ്പോയ രൂപത്തെക്കുറിച്ച് അവളൊരിക്കലും നൊമ്പരപ്പെടുന്നത് കണ്ടിട്ടേയില്ല.
വെള്ളാമ്പൽപ്പുവ് പോലെയുളള മുഖം ഗതകാലസ്മൃതികളിൽ പ്രിയപ്പെട്ടവരെ നോവിക്കുമ്പോഴും അതൊന്നും
ശ്രദ്ധിക്കാതെ വാശിയോടെ തന്നെഅവൾ വീണ്ടും
പഠിച്ചു.മുംബൈയിലെ പ്രശസ്തമായ ആശുപത്രിയിൽ ഡോക്ടറാണിന്ന്.ഫീനിക്സ് പക്ഷിയെപ്പോലെ തന്നെ എന്റെ ദീപ്തി ഉയിർത്തെഴുന്നേറ്റു.
"എക്സ്ക്യൂസ് മീ ,ദീപ്തിയുടെ കൂട്ടുകാരിയല്ലേ.ദീപ്തി ഇപ്പോളെവിടെയാണ്?ഫോൺ നമ്പർ ഒന്നു നൽകിയാൽ ഉപകാരമായിരുന്നു.ഫേസ് ബുക്കിലും ,ഇൻസ്റ്റാഗ്രാമിലും എല്ലാം തിരഞ്ഞു .എങ്ങുമില്ല"
"പിന്നേ ,കരിച്ചു കളഞ്ഞില്ലേടോ ഭംഗിയുള്ളയാ പനിനീർപ്പൂവിനെ.ഫേസ്ബുക്കിലും ,ഇൻസ്റ്റായിലും
ഫോട്ടോ ഇട്ട് സന്തോഷിക്കുവാൻ പറ്റിയ അവസ്ഥയിലല്ലേ അവൾ. ഈശ്വരൻ തന്നെയൊരിക്കലും വെറുതെ വിടുകയില്ല .നോക്കിക്കോ"ശ്യാമ നിന്നു കിതച്ചു.
"അതെ ഒരു പാട് പാപങ്ങൾ ചെയ്തിട്ടുണ്ട്. പപ്പാ
അവിഹിതമായി സമ്പാദിച്ചതിന്റെ തിമിരിൽ
കിടന്ന് പുളക്കുമ്പോൾ ഒരിക്കലുമോർത്തില്ല എല്ലാം
അസ്തമിക്കുന്ന ഒരു കാലം വരുമെന്ന്.മദ്യവും ,
മദിരയും തലമുറകൾക്ക് കഴിയുവാനുള്ള സമ്പത്ത്
മാത്രമല്ല കവർന്നെടുത്തത്.ശാപങ്ങൾ മാത്രം
സമ്പാദ്യമായി ബാക്കിയുള്ള എന്റെയീ ജന്മത്തിന്
ഈ ഭൂമിയിലുള്ള ആയുസ്സ് ഏറിയാൽ ആറു മാസം
മാത്രമാണ്.ഞണ്ടിനെപ്പോലെ പിടിമുറുക്കിയ ക്യാൻസർ രോഗത്തിന്റെ പിടിയിലമർന്നപ്പോഴാണ്
എറിഞ്ഞുടച്ചു കളഞ്ഞ പളുങ്കു പാത്രങ്ങളുടെ
വേദന എത്രമാത്രമായിരുന്നെന്ന് തിരിച്ചറിവുണ്ടായത്.ഭാര്യ ഉപേക്ഷിച്ചു പോയി.കുട്ടികളില്ലാത്തതിനാൽ അവരെക്കുറിച്ചോർത്ത് വിഷമിക്കേണ്ട"അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അറിയാതൊരു അനുകമ്പയുടെ പ്രവാഹം
അവളുടെ ഹൃദയത്തിലൂറുവാൻ തുടങ്ങിയിരുന്നു.
ഏതൊരാളും ദുർബലനായിപ്പോകുന്ന നിസ്സഹായാവസ്ഥയിലാണിയാൾ.
"ഒരു ക്ഷമ പറഞ്ഞാൽ തീരുന്ന ദ്രോഹമല്ല ദീപ്തിയോട് ഞാൻ ചെയ്തത്.എങ്കിലുംഈ ലോകത്ത് നിന്ന് മടങ്ങി പോകുന്നതിന് മുൻപ് ഒന്ന് കാണണമെന്നൊരു തോന്നൽ."കെഞ്ചുന്നത് പോലെ അയാൾ
പറഞ്ഞു.'
എന്താണിയാളോട് പറയുന്നത്. ദീപ്തിയുടെ അനുവാദമില്ലാതെ നമ്പർ കൊടുക്കുന്നതെങ്ങനെ. മരണത്തെ മുഖാമുഖം കണ്ടു നിൽക്കുന്ന ഇയാളുടെ അപേക്ഷ തള്ളിക്കളയുവാനും മനസ്സാക്ഷിയനുവദിക്കുന്നില്ല.അർഹിക്കുന്ന ശിക്ഷ തന്നെയാണിയാൾക്ക് കിട്ടിയതെന്നോർത്ത്
ആഹ്ളാദിക്കുവാനും തോന്നുന്നില്ല.
"ഞാനവളോടൊന്ന് ചോദിച്ചിട്ട് വിവരം അറിയിക്കാം.അവളുടെ പ്രതികരണമെന്താകുമെന്നറിയില്ല.എല്ലാ കാര്യങ്ങളും പോസിറ്റീവായി എടുക്കുന്നതാണ് ദീപ്തിയുടെ സ്വഭാവം. സമ്മതിക്കുമെന്ന് പ്രതീക്ഷിക്കാം''പതറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.
"മതി അതു മതി" കൂടുതലൊന്നും പറയാതെ തലയും താഴ്ത്തി അയാൾ നഗരത്തിന്റെ ഓണത്തിരക്കിലേക്കലിയുന്നത് സഹതാപത്തോടെ അവൾ നോക്കി നിന്നു.