പിണറായി, അങ്ങ് ഇപ്പോഴും കമ്യൂണിസ്റ്റ് തന്നെയോ? (ഷോളി കുമ്പിളുവേലി)
ഒരു രാജാവും ഇരുപത് മന്ത്രിമാരും അത്യാധുനിക സംവിധാനങ്ങളുള്ള ആഢംബര വണ്ടിയില്‍ പോകുന്നു. മുന്നിലും പിറകിലും പോലീസും പട്ടാളവും പിന്നെ ഉദ്യോഗസ്ഥവൃന്ദവും അകമ്പടി സേവിക്കുന്നു. റോഡരുകില്‍ മഴയും വെയിലും കൊണ്ട് സ്‌കൂള്‍ കുട്ടികള്‍ 'രാജാവ് നീണാള്‍ വാഴട്ടെ' എന്ന് ഉച്ചത്തില്‍ പാടുന്നു. രാജഭക്തര്‍ പൂക്കള്‍ വിതറി 'രാജരഥം' കടന്നുപോകുന്ന വീഥികളെ അലങ്കരിക്കുന്നു. !!
രാജാവും പരിവാരങ്ങളും ചെല്ലുന്നിടത്ത് താലപ്പൊലിയേന്തിയ വനിതകള്‍ 'പൊന്നും തമ്പുരാനെ' ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു. തുടര്‍ന്ന് രാജാവ് സ്ഥലത്തെ പ്രമുഖരെ കണ്ട് ക്ഷേമം അന്വേഷിക്കുന്നു. അവരോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നു. തങ്ങള്‍ക്ക് മാത്രമല്ല, ഈ നാട്ടിലുള്ള ഇരുകാലികള്‍ക്കും നാല്‍ക്കാലികള്‍ക്കും വരെ സുഖമാണെന്ന് പൗരപ്രമുഖര്‍ രാജാവിനെ അറിയിക്കുന്നു. രാജാവ് അത് മൈക്കിലൂടെ വിളിച്ചുപറയുന്നു. 'എന്റെ നാട്ടില്‍ കള്ളവുമില്ല, ചതിയുമില്ല; പട്ടിണി ഒട്ടും ഇല്ല'.
രാജാവ് 'നന്ഗനാണെന്ന്' പറയാന്‍ ശ്രമിച്ച 'ഭീകരജീവികളായ' കുറച്ച് ചെറുപ്പക്കാരെ, രാജാവ് തന്റെ ഗുണ്ടകളെ വിട്ട് ഇഷ്ടികയ്ക്കും കമ്പിവടിക്കും അടിച്ച് ഓടിക്കുന്നു. അത് കണ്ട് രാജാവ് ആര്‍ത്ത് അട്ടഹസിക്കുന്നു.! 'ബലേ ഭേഷ്, അങ്ങനെ തന്നെ വേണം, ഇതാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം, ഇത് ഇനിയും തുടരണണണം'.
രാജാവിനെ കണ്ട് സങ്കടം ഉണര്‍ത്തിക്കാന്‍ വന്ന പാവങ്ങളേയും, പട്ടിണി പരാധീനക്കാരേയും രണ്ട് കാതമകലെ, വേലി കെട്ടി തിരിച്ച്, ഉദ്യോഗസ്ഥരുടെ മുന്നില്‍ സങ്കടമുണര്‍ത്തിച്ച് സ്ഥലം വിട്ടോളാന്‍ പോലീസുകാര്‍ കല്പിച്ചു!
രാജാവിനെ നേരില്‍ കണ്ട് പറഞ്ഞാല്‍ സങ്കടനിവാരണമുണ്ടാകുമെന്ന പ്രതീക്ഷയില്‍, കൊച്ചുവെളുപ്പാന്‍കാലത്ത്, ചൂട്ടും കത്തിച്ച് വീട് വിട്ടുവന്നവര്‍, ഉദ്യോഗസ്ഥരുടെ ആട്ടും പള്ളും കേട്ട്, നടന്നും വണ്ടി കയറിയും രാത്രി വൈകി വീട്ടിലെത്തി, കലത്തില്‍ കഞ്ഞി ബാക്കിയുണ്ടെങ്കില്‍ അതും കുടിച്ച് ദീര്‍ഘനിശ്വാസവും വിട്ട് തലചായ്ച്ചു. അപ്പോള്‍ മറ്റൊരിടത്ത് രാജാവും പരിവാരങ്ങളും അവിടുത്തെ പൗരപ്രമുഖരോടൊത്ത് അത്താഴവിരുന്നില്‍ അറുമാദിക്കുയായിരുന്നു!!
അല്ലയോ, മഹാരാജാവേ, പിണറായീ, താങ്കള്‍ ഇപ്പോഴും ഒരു കമ്യൂണിസ്റ്റ് തന്നെയോ? നാണം ആകുന്നില്ലേ, ഇത്രയും അധ:പതിക്കാന്‍? അങ്ങയുടെ ഭരണ മഹത്വംകൊണ്ട്, നിത്യവൃത്തിക്ക് വകയില്ലാതെ ജനങ്ങള്‍ നിത്യവും ആത്മഹത്യ ചെയ്യുകയും, വാര്‍ദ്ധക്യം ബാധിച്ച അമ്മമാര്‍ പോലും ജീവന്‍ നിലനിര്‍ത്താന്‍ 'പിച്ചച്ചട്ടി' എടുക്കുന്ന ഈ കാലത്ത്, അഴിമതിക്കാരുടേയും കള്ളപ്പണക്കാരുടേയും പങ്കുപറ്റിക്കൊണ്ട്, രാജാവിന്റെ സ്വീകരണം അതി കേമമാക്കാന്‍ കാണിക്കുന്ന ധൂര്‍ത്തിന്റെ പകുതി പണം വേണ്ട, മുടങ്ങി കിടക്കുന്ന അംഗന്‍വാടി ടീച്ചര്‍മാരുടെ ശമ്പളം കൊടുക്കാന്‍!! അല്ലെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍, നിലച്ചുപോയ കാരുണ്യ പദ്ധതി പുന:സ്ഥാപിക്കാന്‍, വിധവാ പെന്‍ഷനും, കര്‍ഷക തൊഴിലാളി പെന്‍ഷനും കൊടുക്കാന്‍!! പക്ഷെ അപ്പോള്‍ നാട്ടുകാരുടെ നെഞ്ചത്തുകൂടെ ഇങ്ങനെ രഥം കയറ്റി നടക്കാന്‍ പറ്റില്ലല്ലോ?
രാജാവേ, അങ്ങേയ്ക്ക് അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ചിരിക്കുകയാണ്! അതുകൊണ്ട് കണ്‍മുന്നില്‍ നടക്കുന്നതൊന്നും കാണാന്‍ പറ്റില്ല! ഏതെങ്കിലും ഒരു 'കനല്‍തരി' ഇപ്പോഴും, ഈ പിണറായിസത്തിന്റെ കാലത്തും അണയാതെ ബാക്കിയുണ്ടെങ്കില്‍, ധൈര്യമായി വിളിച്ചുപറയണം സഖാവെ, ഈ കാണിക്കുന്നതൊന്നും കമ്യൂണിസമല്ല, മുതലാളിത്വവുമല്ല. മറിച്ച് ചിത്തഭ്രമമാണ്. അധികാരം തലയ്ക്ക് പിടിച്ചതിന്റെ ചിത്തഭ്രമം. അതിന് ചികിത്സ തന്നെ വേണം.! ജനങ്ങളാണ് അതിന് ആ ചികിത്സ കൊടുക്കേണ്ടത്!!