Image

മരിച്ചാപ്പിന്നെ  കാണാമ്പറ്റ്വോ..? '(കഥ: ലേഖാ ബാലകൃഷ്ണന്‍

Published on 30 November, 2023
മരിച്ചാപ്പിന്നെ  കാണാമ്പറ്റ്വോ..? '(കഥ: ലേഖാ ബാലകൃഷ്ണന്‍

മകന്‍ പതിവില്ലാതെ  മുറിയിലേക്ക് വരുന്നതുകണ്ട്   വൃദ്ധന്‍ അത്ഭുതപ്പെട്ടു. അതും രാത്രി ഇത്ര വൈകി !

 കട്ടിലില്‍ ഇരിക്കുന്ന അയാള്‍ക്കരികിലേക്ക് മകന്‍ ചേര്‍ന്നിരുന്നു.എത്രകാലമായ്  മകനിങ്ങനെ അടുത്തിരുന്നിട്ട്...

അയാള്‍ മകനെ സൂക്ഷിച്ചുനോക്കി..അവന്‍റെ മുടിയിഴകള്‍ നരച്ചുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞുപോയ ദിനങ്ങളിലെ തിരക്കുകള്‍ അവനെ വല്ലാതെ ക്ഷീണിതനാക്കിയിരിക്കുന്നു.

അടുത്ത  കട്ടിലില്‍ ചുമരിനടുത്തേയ്ക്ക്  തിരിഞ്ഞ് കിടക്കുന്ന  അമ്മയെ മകന്‍ അലക്ഷ്യമായി നോക്കിയിരുന്നു.

അവര്‍ക്കിടയില്‍ നിശ്ശബ്ദത കനം വയ്ക്കാന്‍  തുടങ്ങവേ മകന്‍ ചോദിച്ചു.

.        'അമ്മ ഉറങ്ങി. അല്ലേ.?'

'ഉംം....' വൃദ്ധന്‍ നിസ്സംഗതയോടെ മൂളി.

        ' മരുന്നൊക്കെ കഴിച്ചോ..?'

ഒരു നിമിഷം ശങ്കിച്ച് വൃദ്ധന്‍ തിരക്കി.

       'നീയെന്താ പറഞ്ഞേ?.എനിക്കിപ്പോ ഒന്നും ശരിക്കു കേള്‍ക്കാന്‍ പറ്റുന്നില്ല...''

 അതുകേട്ട്  ഒരു നിമിഷം മകനയാളെ ദൈന്യതയോടെ നോക്കി.പിന്നെ  ശബ്ദം അല്‍പം  കൂടുതല്‍ ഉയര്‍ത്തി വീണ്ടും തിരക്കി..

  ''അമ്മ ഗുളിക കഴിച്ചാരുന്നോ..?'

 ''ഉവ്വ്..'' വൃദ്ധന്‍   തലകുലുക്കി. ,'കഴിക്കാന്‍  വല്യ മടിയാരുന്നു''

 'മകന്‍ മൂളലോടെ തലകുലുക്കി.

അച്ഛന്  കേഴ് വി കുറഞ്ഞിട്ടുണ്ടെന്ന്  എന്തേ  താന്‍ മറന്നുപോയി ?

അവരുടെ കാര്യങ്ങളില്‍  ഒരു മകന്‍ എന്നനിലയില്‍ തന്‍റെ ഭാഗത്തുനിന്നുമുണ്ടായ അശ്രദ്ധയെ കുറിച്ചാണയാള്‍ അപ്പോള്‍ചിന്തിച്ചുകൊണ്ടിരുന്നത്,പക്ഷേ പൊടുന്നനെ ,എങ്ങനെ അവതരിപ്പിക്കുമെന്ന് കുഴങ്ങി നിന്ന  ഒരു വിഷയത്തിന് കൃത്ര്യമായൊരു ആരംഭംകണ്ടെത്താന്‍  ആ ചിന്ത സഹായിക്കുമല്ലോയെന്നോര്‍ത്ത് അയാള്‍ വല്ലാതെയാശ്വസിച്ചു.

''അച്ഛന്‍ ഒരുപാടുക്ഷീണിച്ചു. ഈ നശിച്ച തിരക്കുകള്‍ക്കിടയില്‍  ശ്രദ്ധിക്കാന്‍ ഞാനും മറന്നു..''

മകന്‍ പതിവിലും ഉയര്‍ന്നശബ്ദത്തില്‍ ക്ഷമാപണം നടത്തി.

 '' കുറച്ചുദെവസം മുമ്പ്,ബാബ്വേട്ടനാ എന്നോട് പഞ്ഞേ..ബാബ്വേട്ടന്‍റെ അച്ഛനിപ്പോള്‍  ശരണാലയംന്നൊരു കെയര്‍ ഹോമിലാ.വലിയ സൗകര്യങ്ങളാത്രേ.അടുത്തെങ്ങും ത്ര നല്ലൊരു സ്ഥാപനമില്ലെന്നാ പറഞ്ഞേ..''

മകനൊന്നു നിര്‍ത്തി.  എന്തെങ്കിലും പറയുമെന്നോര്‍ത്ത് അയാളെ നോക്കി.

വൃദ്ധന്‍ ഒന്നുംമിണ്ടിയില്ല. മകന്‍ തുടര്‍ന്നു.

'' സത്യത്തില്‍ ഇന്നത്തക്കാലത്ത് അതൊരാശ്വാസം തന്നെയാ. കേട്ടപ്പോഴേ ഒന്ന് പോയിക്കാണണമെന്നുണ്ടാരുന്നു.തിരക്കൊക്കെ ഒഴിയട്ടേന്ന് കരുതിയിരുന്നതാ.. ഇന്നലെ ഞാനവിടെ പോയിരുന്നു.ബാബ്വേട്ടനും ഉണ്ടായിരുന്നു.ശരിക്കും കാണേണ്ടതാ......''

  മകനിങ്ങനെ തുടരുമ്പോള്‍ അയാളുടെ ചിന്തകള്‍  കുറെപിന്നിലേക്കുപറക്കുകയായിരുന്നു...അവിടെ ഒരഞ്ചുവയസ്സുകാരന്‍  സ്ക്കൂളിലെ അവന്‍റെ ആദ്യത്തെ ദിവസം അച്ഛനോടു പറയുകയായിരുന്നൂ...

  '' ....ന്ത് രസാച്ഛാ..ശരിക്കും കാണേണ്ടതാ....''

     ''ശരിക്കും....'' അയാള്‍ കൗതുകത്തോടെ ആകുഞ്ഞുകുസൃതിക്കണ്ണുകളിലേക്കുനോക്കി..!

     ''അച്ഛനെന്തേലും പറഞ്ഞാരുന്നോ?..''

''ഏയ്..ഞാനൊന്നും പറഞ്ഞില്ല...നീ പറഞ്ഞോളൂ,ഞാന്‍ കേള്‍ക്കുന്നുണ്ട്...'' 

ആള്‍ക്കൂട്ടത്തില്‍ വച്ച് കാണാതെപോയ മകനെ തിരഞ്ഞുകണ്ടത്തിയ പിതാവിന്‍റെ തിളങ്ങുന്ന കണ്ണുകളോടെ വൃദ്ധനിരുന്നു.

 മകന്‍വൃദ്ധനെ നോക്കി.ആ കണ്ണുകളിലെ തിളക്കം അയാള്‍ക്ക് വല്ലാത്തൊരാശ്വാസമായി...

     ഉവ്ല്.. അച്ഛനും താല്‍പര്യമുണ്ട്..ഇനി മറച്ചുവയ്ക്കണ്ടാ...

   '' ഞാന്‍ പറഞ്ഞുവന്നത്‌, ഇനി രണ്ടു ദിവസംകൂടിയേ ശ്യാമയിവിടുള്ളൂ..വിനൂന്‍റെപെണ്ണിനു ഡേറ്റായിവരുവല്ലേ..''

അതെ , ചെറുമകന്‍റെ പെണ്ണിന്‍റെ  പ്രസവമടുത്തു. മരുമകള്‍ ഡല്‍ഹിക്കുപോകുന്നു...

   '' അച്ഛന്‍ കേള്‍ക്കുന്നുണ്ടോ....''

അയാള്‍ കേള്‍ക്കുന്നണ്ടോയെന്നറിയാന്‍ മകന്‍ ശബ്ദമുയര്‍ത്തി..

  'ഉവ്വ്..നന്നായി കേള്‍ക്കണുണ്ട്.. നീ ഇത്തിരി ശബ്ദം കൊറച്ചോ..അച്ഛനു കേള്‍ക്കാം..അവളുറങ്ങട്ടെ..''

വൃദ്ധന് ഒന്നും സംസാരിക്കാന്‍ ആഗ്രഹമില്ലായിരുന്നിട്ടും ഉറങ്ങുന്ന ഭാര്യ ഉണരരുതെന്ന്, അവരുടെ സംസാരം അവളറിയരുതെന്ന ഉദ്ഘടമായ ആഗ്രഹം അയാളൃക്കൊണ്ടത്രയും പറയിച്ചു.

'' പിന്നെ ,അച്ഛനറിയാല്ലോ മീനൂന്‍റെ മോള്‍ക്കീ ജൂണില്‍ അഞ്ചുവയസ്സാകും. ഈ മാസം കഴിഞ്ഞാ ഞാന്‍ അങ്ങോട്ടു പോകും...പിന്നെ നിങ്ങളെ രണ്ടാളേം തനിച്ചെങ്ങനാ ഇവിടെ...ഇത്ര നാളും കൂട്ടിന് മാളു ഉണ്ടായിരുന്നു..ഇപ്പം ദാ അവളുംപോയി...അതാ ഞാന്‍ പറഞ്ഞുവരുന്നേ.....''

രണ്ടാമത്തെ പേരക്കുട്ടി മീനു മലേഷ്യയില്‍..അവള്‍ടെ മകളെ ഇക്കൊല്ലം സ്ക്കളിലാക്കണം. അവള്‍ക്കും അവിടെന്തോജോലി ശരിയായിട്ടുണ്ട്‌.ഭര്‍ത്താവും അവളും ജോലിക്കുപോകുമ്പോള്‍ കുട്ടിയുടെ കാര്യം പ്രയാസമാവും . മകന്‍ അങ്ങോട്ട് പോയേ പറ്റൂ..

ഇത്രനാളും ചെറിയപേരക്കുട്ടി മാളു ഉണ്ടാരുന്നു. ഇപ്പോള്‍ അവളെയും വിവാഹം കഴിച്ചയച്ചു.രണ്ടു ദിവസമായിട്ടേയുള്ളൂ എല്ലാചടങ്ങുകളും കഴിഞ്ഞിട്ട്..വൃദ്ധന്‍ ഒക്കെയും ഓര്‍ത്തെടുത്തു.

''അവിടെയാകുമ്പൊ ബാബ്വേട്ടന്‍റെ അച്ഛനുംണ്ട്...അച്ഛനും ഭാസ്ക്കരന്‍മാഷും വല്യകൂട്ടുകാരുമല്ലേ..? എല്ലാംകൊണ്ടും അച്ഛനവിടെ സുഖാവും. അതെനിക്കൊറപ്പാ..അവിടെ  പ്രായംചെന്ന പുരുഷന്മാര്‍ മാത്രേള്ളൂ..''

''അപ്പൊ അമ്മ..?''    പരിഭ്രമത്തോടെയുള്ള ചോദ്യം വൃദ്ധനില്‍നിന്ന് ഒരു നിലവിളിപോലുയര്‍ന്നു.

''അമ്മയ്ക്ക് നല്ല ഡോക്ടര്‍മാരുടെ നോട്ടം ഇനി എപ്പോഴും കിട്ടിയേ പറ്റൂ..ശ്യാമേടെ പരിചയത്തിലൊരു ഡോക്ടര്‍ അങ്ങനൊരുസ്ഥാപനം നടത്തുന്നെന്നറിഞ്ഞത് നമ്മുടെ ഭാഗ്യം. കുറച്ച് ദൂരെയാ..അവള്‍ ഒക്കെ അവരോട് സംസാരിച്ചിട്ടുണ്ട്..''

'ഉം..' വൃദ്ധന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു. അങ്ങനെ അമ്മയുടെ ആരോഗ്യവും ഉറപ്പാക്കിയിരിക്കുന്നു. ഉത്തരവാദിത്വമുള്ള മരുമകള്‍  അവളുടെ കടമയും കൃത്യമായി ചെയ്തിരിക്കുന്നു...

ഒന്നിച്ചശേഷം ഒരു ദിവസംപോലും അച്ഛനില്‍ നിന്നുംപിരിഞ്ഞിരുന്നിട്ടില്ലാത്ത അമ്മയെ അച്ഛനില്‍നിന്നുംവേര്‍പെടുത്തുന്നത് മകനും സങ്കടകരമായിരുന്നെങ്കിലും നിവര്‍ത്തിയില്ലാത്ത സാഹചര്യം അയാളിലെകുറ്റബോധത്തെ അമ്പെയ്തുവീഴ്ത്തിയിരുന്നൂ.!

''ഒന്നോര്‍ത്താ അച്ഛനും അമ്മേം ഭാഗ്യം ചെയ്തവരാ..ഒന്നുമില്ലേ ഇത്രേംകാലം ഒരുമിച്ചു കഴിയാന്‍ പറ്റീല്ലേ.. ഞങ്ങടെ കാര്യത്തിലതുപോലുമുണ്ടോ ?'

 ശരിയാണ്..വൃദ്ധന്‍ ഒന്നും മിണ്ടാതെ കുനിഞ്ഞ ശിരസ്സോടെ എല്ലാം കേട്ടിരുന്നു. അയാളുടെ ഇടയ്ക്കിടെയുള്ള മൂളലുകള്‍ പോലും മറ്റേതോ ലോകത്തു നിന്നും പുറപ്പെടുന്നതുപോലെ മകന് തോന്നി.

ഒക്കെയും പറഞ്ഞവസാനിപ്പിയ്ക്കുമ്പോള്‍  ,താന്‍ സംസാരിച്ചതിനെ പറ്റി  അച്ഛന്‍എന്തെങ്കിലും പറയുമെന്ന് അയാള്‍ ഉറപ്പിച്ചിരുന്നു.

'നേരം ഏറെ വൈകി..നീ പോയി കിടക്ക്.എനിക്ക് ഉറക്കം വരുന്നു...''

അത്രയും പറഞ്ഞ് വൃദ്ധന്‍ കട്ടില്‍നിന്നെഴുന്നേറ്റു. 

പറയാനുള്ളത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംസാരം അവസാനിപ്പിക്കേണ്ടിവരുമെന്ന്   മകന്‍ സംശയിച്ചു.ആ  ഈര്‍ഷ്യകൊണ്ടാകണം ,മകന്‍റെ സ്വരം പതിവിലും കടുത്തിരുന്നു

',എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് നമുക്ക് ഇവിടുന്ന് പോയേ പറ്റൂ..''
 
 ''ഉംം..'' അതിനും പഴയമൂളല്‍ തന്നെയെന്നുകണ്ട് അതൃപ്തിയോടെഎന്തോപിറുപിറുത്ത് മകന്‍ മുറി വിട്ടുപോയി.

 വൃദ്ധന്‍ ശബ്ദമുണ്ടക്കാതെ എഴുന്നേറ്റ് ഭാര്യയുടെ കിടക്കയ്ക്കരികിലെത്തി.
ആ നിമിഷം  അവരില്‍ നിന്നുയര്‍ന്ന അമര്‍ത്തിയ തേങ്ങല്‍ അയാളില്‍ വലിയൊരു ഞെട്ടലായി..!

താന്‍ ഭയന്നത് സംഭവിച്ചിരിക്കുന്നു. മകന്‍റെ സംഭാഷണം ആരറിയരുതെന്നു താനാഗ്രഹിരുന്നുവോ,അവര്‍ എല്ലാം അറിഞ്ഞിരിക്കുന്നു.

 '' നീ ഉറങ്ങിയില്ലേ..? ''അയാള്‍ അവര്‍ക്കരികില്‍ കട്ടിലിലിരുന്നു.

അവര്‍ അയാള്‍ക്കഭിമുഖമായി തിരിഞ്ഞുകിടന്നു.കാഴ്ച്ചമങ്ങിത്തുടങ്ങുന്ന അവരുടെ കണ്ണില്‍ നിന്നും ചാലിട്ടൊഴുകിയ കണ്ണുനീര്‍ അയാള്‍ കണ്ടു.തേങ്ങലടക്കാന്‍ അവര്‍  വായില്‍ തിരുകിയ തോര്‍ത്തുമുണ്ടയാള്‍ പതുക്കെ മോചിപ്പിച്ചു.സൂക്ഷ്മതയോടെ ആ കണ്ണീര്‍ തുടച്ചുമാറ്റി.പിന്നെ ഒരു പൂവിനെ വാസനിക്കുംപോലെ അവരുടെ കവിളുകളില്‍ ചുംബിച്ചു.

''നീയെല്ലാം കേട്ടിരുന്നുവോ..?'' 

''ഉംം..'' ഭൂമിയുടെ ഉള്‍ക്കാമ്പില്‍ നിന്നും ലാവ പ്രവഹിക്കും പോലെ അവരില്‍ നിന്നും കണ്ണീരടര്‍ന്നുകൊണ്ടിരുന്നു..

'ന്നാലും..ത്ര അടുത്തിരുന്നിട്ടും അവനെന്നെയൊന്നു തൊടാംമ്പോലും തോന്നീല്ലാല്ലോ..?''

''അവന്‍ നിന്‍റെ കാര്യങ്ങള്‍ തിരക്കിയിരുന്നു.നീ ഉറങ്ങുവാന്നു കരുതിയാ അവന്‍..''

അയാളെ പൂര്‍ത്തിയാക്കാനനുവദിക്കാതെ അവര്‍ ചീറി.

''തെരക്കി പോലും ..നിങ്ങള്‍ മിണ്ടണ്ടാ...''

''എനിക്കു പത്തും പലതുമില്ലാ...അവനൊറ്റയാ. ഒറ്റ...''

'' അതുനന്നായി .നീ ഒരുപാട് മക്കളെ പ്രസവിക്കാതിരുന്നത് ഭാഗ്യായി..''അയാള്‍ തുടര്‍ന്നു.

'' ഈ ജന്മം ഒരെണ്ണം തരുന്ന സങ്കടം മാത്രം അനുഭവിച്ചാല്‍ മതീല്ലോ..''

''...ന്നാലും മരിച്ചാ പിന്നെ കാണാമ്പറ്റ്വോ...?''അവര്‍ തേങ്ങി.

അയാള്‍ അവരെ നെഞ്ചിലേയ്ക്കണച്ചു. ദുര്‍ബലമായ അവരുടെ ശരീരം ,അയാളുടെ അതിലേറെ ദുര്‍ബലമായ കരങ്ങളില്‍ സുരക്ഷിതമായൊതുങ്ങി..അവര്‍ ഒന്നും സംസാരിച്ചിരുന്നില്ല,അയാളും. പക്ഷേ ആ മൗനത്തോളം വാചാലമായ മറ്റൊരുഭാഷയില്ലായിരുന്നു.ഒരുജന്മം തണലായവളാണ്;ചൂടും ചൂരും പങ്കിട്ടവളാണ്.അയാള്‍ അവരുടെ ഗന്ധം തന്നിലേക്കാവാഹിച്ചു.ഒരിക്കലും അടര്‍ത്തിമാറ്റാനാകാത്തത്രയാഴത്തിലേക്ക് .

''അടുത്തരാത്രി നമുക്കൊരുയാത്രപോണം.പേടിക്കേണ്ട ഞാനുണ്ടാകും കൂടെ..''..അയാളവരുടെ കാതില്‍ മന്തിച്ചു.

അനുസരണയുള്ളൊരു നായ്ക്കുട്ടികണക്കെ അവരയാളോട് പറ്റിച്ചേര്‍ന്നുകിടന്നു.
 ആ രാത്രി അയാള്‍ ഉറങ്ങിയില്ല..അവരും..!


   അടുത്ത  പകല്‍ മുഴുവന്‍ വൃദ്ധന്‍ എന്തൊക്കെയോ ആലോചനകളിലായിരുന്നു..

   അയാളുടെയുള്ളിലെ പഴയ സാമൂഹ്യപാഠം മാഷിനു മുന്നില്‍ ,ഒരുകൊച്ചുകുട്ടിയുടെ അനുസരണയോടെ അയാളിരുന്നു...

  അയാളുടെ മനസ്സ് സിന്ധൂ നദീതടസംസ്ക്കാരങ്ങളിലെ അവശിഷ്ടങ്ങളിലൂടെ അലഞ്ഞുനടന്നു....ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ഒരു രോദനമെങ്കിലും....?ഉണ്ടാകാം,...ഉണ്ടാകാതെയുമിരിക്കാം..മതുഷ്യരല്ലേ..? 

  തലേ ദിവസം  ബാബുവിന്‍റെ അച്ഛന്‍ ഭാസ്ക്കരന്‍മാഷേപ്പറ്റി മകന്‍  പറഞ്ഞത്   വൃദ്ധനോര്‍ത്തു.

മാഷും, താനും അഞ്ചാറുകൊല്ലം ഒരേ സ്ക്കൂളില്‍ ജോലിചെയ്തിട്ടുണ്ട്. അടുത്ത സൗഹൃദമായിരുന്നൂ.മാഷിന്‍റെ വിഷയം കണക്കായിരുന്നു..

    ''എടോ ജീവിതത്തില്‍ തന്‍റെ 'കണക്കു' പിഴച്ചേക്കാം..പക്ഷേ എന്‍റെ 'ചരിത്രം ' ഒരിയ്ക്കലുംപിഴയ്ക്കില്ലെടോ..'' ഭാസ്ക്കരന്‍മാഷോടു തര്‍ക്കിക്കേണ്ടിയിരുന്നില്ല....

  'ഉവ്വ് , മാഷേ എല്ലാം പിഴച്ചിരിക്കുന്നൂ...


അന്നത്തെ രാത്രിയെത്താന്‍ ഒരുപാട് വൈകുന്നതു പോലെ അയാള്‍ക്കുതോന്നി...

  പകല്‍ മുഴുവന്‍ അവര്‍ കുറെ പയയ കടലാസുകള്‍ താരയുകയായിരുന്നു. മകന്‍റെയും ചെറുമക്കളുടേയും  വിവിധപ്രായങ്ങളിലെ ഫോട്ടോകള്‍,കുഞ്ഞുടുപ്പുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍...,അവയെല്ലാം  തൊട്ടും തലോടിയും മങ്ങിത്തുടങ്ങുന്ന കാഴ്ച്ചയോട് സൂക്ഷ്മതയോടെ പോരടിച്ചും,പലകെട്ടുകളില്‍ മാറിമാറി വച്ചും അവര്‍  സമയം നീക്കുന്നത് കണ്ടപ്പോള്‍ അയാള്‍ തിരക്കി.

'എന്തിനാ ഇപ്പം ദൊക്കെ..?'

കുറെ നേരം അവരൊന്നും പറയാതെയിരുന്നു. പിന്നെ പിറുപിറുത്തു.

  ''ഇനിയൊരു മടക്കം ണ്ടാവില്ലാന്നറിയാം..അപ്പോ.. ദ് ന്‍റടുത്തിരിക്കട്ടെ...''

അന്നത്തെ രാത്രി ഏറെവൈകി അയാളോടൊപ്പം വീടിന്‍റെ പടിയിറങ്ങുമ്പോള്‍ അവരാപൊതിക്കെട്ട് നെഞ്ചോടുചേര്‍ത്തുപിടിച്ചിരുന്നു.

അയാളുടെ കണ്ണുകള്‍ ആ കെട്ടിലുടക്കിയപ്പോള്‍,അത് ഒന്നകൂടിചേര്‍ത്ത്പിടിച്ചു. പിന്നെ അയാളുടെ കണ്ണുകളിലേക്ക് രൂക്ഷമായൊന്നു നോക്കിച്ചോദിച്ചു..

'' മരിച്ചാപ്പിന്നെ കാണാമ്പറ്റ്വോ..?''

നടന്നുനടന്ന്  വലിയപാലമെത്തുമ്പോഴേക്കും രണ്ടാളും നന്നായി കുഴഞ്ഞിരുന്നു. ഇത്രദൂരം പിന്നിട്ടിട്ടും എവിടേയ്ക്കെന്നവര്‍ ഒരുവട്ടംപോലും തിരക്കിയില്ലല്ലോയെന്നയാള്‍ ആശ്വാസത്തോടെയോര്‍ത്തു.

പാലത്തിന്‍റെ കൈവരിയോട് ചേര്‍ന്ന് നിലത്തേക്ക് ഇരിക്കാന്‍ തുടങ്ങിയ അവരെ അയാള്‍തടഞ്ഞു. ഇടയ്ക്കൊന്നു വന്ന വാഹനത്തിന്‍റെ വെളിച്ചം അവരെ കടന്നുപോയശേഷം അവിടം  വീണ്ടും ഇരുട്ടിലായി. 

  ക്ഷീണിച്ച് അവശയായ അവരെ അയാള്‍ ചേര്‍ത്തണച്ചു. നെറ്റിയിലെ ചുളിവുകളില്‍ തെരുതെരെ ചുംബിച്ചു.

പെട്ടെന്നൊരു നമിഷത്തില്‍ അയാള്‍ സര്‍വ്വശക്തിയും സംഭരിച്ച്, അവരുടെ  ശുഷ്കിച്ച   ശരീരം കൈകളില്‍ കോരിയെടുത്ത് ആറ്റിലേക്കെറിഞ്ഞു..! അപ്പോഴും അവരാ കെട്ട് നെഞ്ചോടുചേര്‍ത്തിരുന്നു.

   അടുത്തുവരുന്ന വെളിച്ചത്തില്‍ ആരൊക്കെയോ ഓടിവരുന്നതയാള്‍ കണ്ടു.വെപ്രാളത്തോടെ പാലത്തിന്‍റെ കൈവരിയിലേക്ക് കയറാന്‍ ശ്രമിക്കുമ്പേഴേക്കും വൈകിയിരുന്നു.

,''ആരദ്..''എന്ന  അലര്‍ച്ചയ്ക്കുപിന്നാലെ ആജാനബാഹുവായൊരു പോലീസുകാരന്‍റെ ബലിഷ്ഠകരങ്ങളില്‍ അയാളമര്‍ന്നു.

 ഒന്നുകുതറാന്‍ പോലുമാകാതെ പിടയുമ്പോഴേക്കും മറ്റൊരു കാക്കിധാരി വൃദ്ധന്‍റെ മുഖത്തേക്കുതെളിച്ച പ്രകാശത്തില്‍  ,അയാളുടെ മുഖം കണ്ട് അയാളെചേര്‍ത്തുപിടിച്ചിരുന്ന പോലീസുകാന്‍ വല്ലാതങ്ങമ്പരുന്നു.

തന്‍റെ പിടി അയച്ചുകൊണ്ടയാള്‍ അത്ഭുതത്തോടെ വിളിച്ചു..

   ''മാഷ്..!...ഇവിടെ..'' വൃദ്ധന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..

 ''സാറേ  ന്നെ..വിടണേ...അവളൊരു പാവാ..അവളൊറ്റക്കാ...ഞാനുംണ്ടാവുന്നവള്‍ക്കറിയാം..ന്നെ ഒന്നു വിടോ.''

വൃദ്ധന്‍ നിസ്സഹായതയടെ ആറ്റിലേക്കു വിരല്‍ചൂണ്ടി വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു...പിന്നെ  പതിയെ പതിയെ ആ നിലവിളി നേര്‍ത്തുനേര്‍ത്ത് ഒരു ഞരക്കമായി...ഒടുവില്‍ അതും ഇല്ലാതായി..

വൃദ്ധന് ബോധം തെളിയുമ്പോള്‍ അയാള്‍ക്കുമുന്‍പില്‍ ആ പോലീസുകാരന്‍ കാവലുണ്ടായിരുന്നു..താന്‍ കിടക്കുന്നത് പോലീസ് സ്റ്റേഷനിലെ ബഞ്ചിലാണെന്നയാള്‍ തിരിച്ചറിഞ്ഞു..

   ''മാഷേ..'' ആ ആജാനബാഹു അയാളെ ബഹുമാനത്തോടെ വണങ്ങി..

വൃദ്ധന്‍ അയാളെ സൂക്ഷിച്ചുനോക്കി..പഠിപ്പിച്ച കുട്ടികളുടെയൊന്നും ഛായയില്ല..പക്ഷേ, 'മാഷേ' എന്ന വിളിയൊച്ച അയാളെ വല്ലാതെ അസ്വസ്ഥനാക്കി...

  ''മാഷേ  ....വിഷമിക്കേണ്ട...ആയമ്മയ്ക്ക് ഒന്നും പറ്റിയിട്ടുണ്ടാവില്ല....ഇപ്പോള്‍ രക്ഷപ്പെടുത്തീട്ടുണ്ടാകും..''

  അയാള്‍ക്ക് ഇത്തിരി സമാധാനമായി..

''മോനേ...''അതൊരു നിലവിളിയായിരുന്നു

. വിശന്നു തളര്‍ന്ന വൃദ്ധനുമുന്നിലേക്കയാള്‍ ഭക്ഷണപ്പൊതി തുറന്നു വച്ചു...

  ''മാഷ്....വിഷമിക്കാതെ..ഒന്നും ഓര്‍മ്മിക്കേണ്ടാ..അമ്മയ്ക്ക് ഒന്നും പറ്റീട്ടില്ല..ഇത് കഴിക്ക്...''

  അയാള്‍ വൃദ്ധനെ ചേര്‍ത്തുപിടിച്ചു...വിറയ്ക്കുന്ന കരങ്ങളോടെ വൃദ്ധന്‍ അയാളെ തൊഴുതു.

  ''മോനേ..നീ...''

''മാഷെന്നെ അറിയും. എന്‍റെ അച്ഛന്‍ കണാരന്‍.. ഞാനൊരിക്കല്‍ അച്ഛനൊപ്പം മാഷിനെക്കാണാന്‍ വന്നിരുന്നൂ..പത്താംക്ളാസ്സ് പാസ്സായപ്പം...അന്ന് മാഷാ എനിക്ക് പിന്നേം പഠിക്കാന്‍ ....''

''ഓര്‍മ്മയുണ്ട് മോനേ.''.അയാളെ മുഴുവന്‍ പറയാന്‍ വൃദ്ധന്‍ സമ്മതിച്ചില്ല..അന്ന്  അയാളുടെ പറമ്പിലെ പണിക്കാരനായ കണാരനൊപ്പം തുടര്‍ന്ന് പഠിക്കാന്‍ സഹായത്തിനുവന്ന പയ്യന്‍..അവനു പഠിക്കാനുള്ള സഹായംകുറെക്കാലം കൊടുത്തത്..പിന്നെയെന്നോ  അവര്‍ ആ നാടുപേക്ഷിച്ച് പട്ടണത്തിലേക്കുപോയെന്നറിഞ്ഞത്..

   ''മോനേ..കണാരന് സുഖല്ലേ...''

''അച്ഛന്‍ ഇപ്പോള്‍ ഇല്ല മാഷേ...അറ്റാക്കാരുന്നു...ഒരു ദിവസം ഞാന്‍ ജോലികഴിഞ്ഞ് വരുംമ്പം....പോയി..''

ആച്ഛന്‍റെ ഓര്‍മ്മകളില്‍ അയാളുടെ ശബ്ദം ഇടറി..കണ്ണുകള്‍ കുതിര്‍ന്നിറങ്ങുന്നത് വൃദ്ധന്‍ ശ്രദ്ധിച്ചു..തിരക്കേണ്ടിയിരുന്നില്ല.. 

സ്നേഹിക്കുന്നവര്‍ക്ക് ,മരണം ഒരു വല്ലാത്ത നൊമ്പരമാണ്; അല്ലാത്തവര്‍ക്കാകട്ടെ ആശ്വാസവും. വൃദ്ധന്‍ ഓര്‍ത്തു..

  വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ...നെഞ്ചില്‍ എന്തോ തടയുന്നുണ്ട്..

 ''അവള് രക്ഷപെടില്ലേ മോനേ.. ഞാനാ മോനേ അവളെ...പിരിയാന്‍  വയ്യാഞ്ഞാ...ഒരുമിച്ച് പോകാംന്ന് കരുതിയാ..''

വൃദ്ധന്‍ ദൈന്യതയോടെ അയാളെ നോക്കി..

  ഒന്നുംവരില്ലെന്നു വീണ്ടും പറഞ്ഞുകൊണ്ടയാള്‍ ആദ്യത്തെ ഉരുളയുരുട്ടി..

  ''അച്ഛനിത് കഴിക്കുമ്പോഴേക്കും അമ്മയിങ്ങെത്തും..''

അയാള്‍ നല്‍കിയ ഉരുള യാന്ത്രികമായി ചവച്ചുകൊണ്ട് മോനേ..മോനേ ..എന്ന് വൃദ്ധന്‍ പുലമ്പിക്കൊണ്ടിരുന്നു...

  ''ബോഡി കിട്ടി സാര്‍...വീണപ്പൊഴേ പോയീന്നാ തോന്നുന്നേ..''

 സ്റ്റേഷനിലേക്ക് കയറിവന്ന പോലീസുകാരിലൊരാള്‍ ഉച്ചത്തിലാണതു പറഞ്ഞത്..

  അടുത്ത നിമിഷം...ആദ്യത്തെ ഉരുളയോടൊപ്പംവൃദ്ധന്‍റെ നെഞ്ചുപറിഞ്ഞ ചുമ...പിന്നെ  വായില്‍ നിന്നും മൂക്കില്‍ നിന്നും ചീറ്റിത്തെറിച്ച കൊഴുത്ത രക്തക്കട്ടകള്‍  ചോറിലേക്ക്..

  അതിലേക്ക്കുഴഞ്ഞു വീഴുമ്പോള്‍ അവ്യക്തമായി ചിതറിത്തെറിച്ച   ചതഞ്ഞരഞ്ഞ  വാക്കുകള്‍. ഇങ്ങനെയായിരുന്നൂ......

''മ...രി...ച്ചാ...പ്പി...ന്നെ.. കാ...ണാ...മ്പ...റ്റ്വോ...?'

Join WhatsApp News
Vinija 2023-12-06 09:31:53
Supper
Renjith 2023-12-06 14:02:33
Checheeeee good story . But completed with wet eyes
Manju 2023-12-06 15:31:58
നല്ലെഴുത്ത് 🤗 Super
Suresh 2023-12-06 16:52:11
ഗംഭീരം
Anil 2023-12-06 17:07:49
ഒതുക്കമുള്ള ഭാഷ. അഭിനന്ദനങ്ങൾ!🌹
Arun S 2023-12-06 18:39:06
സാർ, നിങ്ങള് കരയിപ്പിക്കും
Navas tk 2023-12-07 02:22:39
നന്നായിട്ടുണ്ട്
സൗമ്യ 2023-12-07 04:19:34
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ലേഖ 🥰🥰
ശശീന്ദ്രൻ കിഴക്കഞ്ചേരി 2023-12-07 08:50:11
വലിയ നൊമ്പരം മനസ്സിൽ..... ലേഖയുടെ കഥകൾ എപ്പോഴും ഇങ്ങനെ തന്നെയാണ്. വായിച്ചുകഴിയുമ്പോൾ കണ്ണ് നനഞ്ഞിട്ടുണ്ടാകും.... പ്രായം..... ഇത്തരം കഥകൾ വായിക്കുമ്പോൾ ഒരു ഭയം ഉളവാക്കും....
തുളസീധരൻ ചാങ്ങമണ്ണിൽ 2023-12-07 13:02:24
ചങ്ക് പൊള്ളിച്ച കഥ ആശംസകൾ
Suhana S 2023-12-07 13:19:34
ശരിക്കും കരയിപ്പിച്ചു. നല്ലെഴുത്ത്❤❤❤
Sobhana 2023-12-09 11:02:40
Excellent
Sony T Ajimon 2023-12-09 13:35:03
superb
അഹമ്മദ് മലപ്പുറം 2024-09-12 22:56:55
കഥ ഇഷ്ടമായി .. ഇനിയും ധാരാളം സൃഷ്ടികൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു .. - അഹമ്മദ്, മലപ്പുറം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക