Image

നന്മയുടെ സുഗന്ധം: കഥ, മിനി സുരേഷ്  

Published on 11 December, 2023
നന്മയുടെ സുഗന്ധം: കഥ, മിനി സുരേഷ്  

സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ചപ്പോൾ ഭര്‍ത്താവായ സോമശേഖരന്‍ നായരോട് ജയന്തിയമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നൊള്ളു.

നമുക്ക് ശിഷ്ടകാലം നാട്ടില്‍ താമസിച്ചാല്‍ മതി.

അപ്പോള്‍ നിന്‍റെ ജൊലി? സോമശേഖരന്‍നായരുടെ ചോദ്യത്തിന് ഒറ്റവാക്കില്‍, ഒരു നിറഞ്ഞ ചിരിയോടെയായിരുന്നു ജയന്തിയമ്മയുടെ മറുപടി

ജോലി രാജിവയ്ക്കും?

സോമശേഖരൻ നായർ തിരുവനന്തപുരത്ത് തന്നെ സ്ഥിര താമസമാക്കുമെന്നാണ് മേലേടത്ത് കുടുംബത്തിലുള്ളവർ ആദ്യം കരുതിയത്. എന്നാൽ ജയന്തിയമ്മയുടെ തീരുമാനം എല്ലാവരെയും ഒന്നമ്പരപ്പിച്ചു.

വിവാഹം കഴിഞ്ഞനാൾ മുതൽ ഭർത്താവിന്‍റെ മാതാപിതാക്കളോടും ,സഹോദരങ്ങളോടുമെല്ലാം വലിയ സ്നേഹത്തോടെയും കരുതലോടെയുമാണ് അവർ പെരുമാറിയിട്ടുള്ളത്. ചേട്ടത്തിയമ്മയെ സോമശേഖരന്‍റെ അനുജന്മാരായ രാജനും, മുരളിക്കും ,അനുജത്തിമാരായ ശ്രീകുമാരിക്കും ,ചന്ദ്രലേഖക്കും തിരിച്ചും അതു പോലെയിഷ്ടവുമാണ്. 

മക്കളെയും ,മരുമക്കളെയും പവിഴമുത്തുകൾ പോലെ
ഹൃദയത്തോട് ചേർത്ത്  സ്നേഹമാല കൊരുഞ്ഞെടുത്തിട്ടാണ് ജയന്തിയുടെ അമ്മ മായിഅമ്മ യാത്രയായത്. അച്ഛൻ രാഘവൻ നായർക്കാണെങ്കിൽ ജയന്തി സ്വന്തം മകൾ തന്നെയായിരുന്നു. 

തറവാട് വീട് മൂത്ത മകനായ സോമശേഖരന് നൽകുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് രണ്ടാമതൊന്ന്ചിന്തിക്കേണ്ടി വന്നില്ല. ലളിതമായ
ജീവിതശൈലിയും , അധ്വാനത്തിന്റെ വിലയും
നല്ലതു പോലെ മനസ്സിലാക്കിക്കൊടുത്താണ്
അദ്ദേഹം മക്കളെ വളർത്തിയത്. അതു കൊണ്ട് തന്നെ മറ്റു മക്കളും തങ്ങൾക്ക് കിട്ടിയ വീതം വിറ്റു കളയാതെ കൊക്കിലൊതുങ്ങുന്ന രീതിയിലുള്ള വീടുകൾ അവിടെ വച്ചു. ആ വൃദ്ധദമ്പതികൾക്കത് ഏറെസന്തോഷമുണ്ടാക്കി. എല്ലാ മാസവും മാതാ പിതാക്കൾക്ക് സന്തോഷപൂർവ്വം ഒരു തുക നൽകുന്നതിനും , മരിക്കുന്നത് വരെ അവരുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനും മക്കളെല്ലാവരും തമ്മിൽ
തമ്മിൽ മത്സരമായിരുന്നു. നന്മ വിതച്ചാൽ നന്മ
കൊയ്യുമെന്നല്ലേ. ഇവിടെയും അതു തന്നെ ഭവിച്ചു.

മക്കളെയും ,മരുമക്കളെയും രണ്ടു കണ്ണു കൊണ്ട്
കാണാതെ നല്ല മനസ്സോടെ സ്നേഹിച്ച മാതാപിതാക്കളെ  അതേ കരുതലോടെയും ഉത്തരവാദിത്തത്തോടെയും വാർദ്ധക്യകാലത്ത് മക്കളും പരിചരിച്ചു യാത്രയാക്കി.

ഒത്തൊരുമയോടും ,സന്തോഷത്തോടെയും മേലേടത്ത് വീട്ടിലെ രാഘവൻ നായരുടെ മക്കൾ വീണ്ടും കഴിയുന്നതിന്‍റെ രഹസ്യം അന്വേഷിച്ചു നടന്നിരുന്ന നാട്ടുകാർക്ക് മറുപടിയായാണ് ജയന്തിയമ്മ നാട്ടിലെത്തിയത്. സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനം കവർന്ന ജയന്തിയമ്മ ഏറെ താമസിയാതെ കുട്ടികൾക്കായുള്ള ട്യൂഷൻക്ലാസ്സ് ആരംഭിച്ചു വീണ്ടും ടീച്ചറമ്മയായി.

"നിങ്ങളുടെ ഭർത്താവിന് നല്ല പെൻഷനില്ലേ ജയന്തിയമ്മേ . പോരാത്തതിന് രണ്ടു പിള്ളേരുള്ളതങ്ങ് ദുബായിലും പണം വാരുന്നു. വയസ്സുകാലത്ത് അടങ്ങിയൊതുങ്ങിയിരുന്നാൽ
പോരേ." നാട്ടുകാരിൽ പലരും നേരിട്ടും ,അല്ലാതെയും പറയുവാൻ തുടങ്ങി.

"ആരോഗ്യമുള്ള കാലത്തോളം അധ്വാനിച്ചു തന്നെ
ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. ഒന്നും ചെയ്യാതെയിരിക്കുമ്പോഴാണ് വയസ്സുകാലത്ത്
ജീവിതശൈലി രോഗങ്ങളും ,ഓർമ്മപ്രശ്നങ്ങളുമെല്ലാം ഉടലെടുക്കുന്നത്. ഉന്മേഷമുള്ള മനസ്സുണ്ടെങ്കിൽ രോഗങ്ങളൊന്നും ഏഴയലത്ത് പോലും അടുക്കുകയില്ല" .ചിരിച്ചു കൊണ്ടുള്ള അവരുടെ
മറുപടി പലരുടെയും വായടപ്പിച്ചു.

പതുക്കെ അവർ ആ നാട്ടിലെ പല സാംസ്കാരിക
പ്രവർത്തനങ്ങളിലും പങ്കാളിയാകുവാൻ തുടങ്ങി.
വീട്ടുകാര്യങ്ങൾ മാത്രം നോക്കി തന്റെ ചങ്ങലപ്പൂട്ടിനുള്ളിൽ ഭാര്യ കഴിയണമെന്ന യാതൊരു നിർബന്ധവും സോമശേഖരൻ നായർക്കില്ലായിരുന്നു. വീട്ടുജോലികളിലെല്ലാം
അകമഴിഞ്ഞ് അദ്ദേഹം ഭാര്യയെ സഹായിക്കുകയും,കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അച്ഛനും ,അമ്മയും സന്തോഷമായിരിക്കുന്നത് കൊണ്ട് ഞങ്ങൾക്ക്ത ലവേദനയൊന്നുമില്ലെന്ന് അവരുടെ മക്കളും തമാശരൂപേണ പറയാറുണ്ട്. 

വർഷത്തിലൊരിക്കൽ നിർബന്ധമായും മക്കൾ നാട്ടിലെത്തുന്നതു കൊണ്ട് അവർക്ക് കൊച്ചുമക്കളെ മലയാളം പഠിപ്പിക്കുവാനും ,താലോലിക്കുവാനും സാധിക്കുന്നതിലുള്ള നിർവൃതിയുമുണ്ട്.

വായിച്ചതും ,പഠിച്ചതുമായ അറിവുകൾ
നല്ല ഭാഷണങ്ങളായി കരയോഗത്തിന്റെയും ,റസിഡൻസ് അസോസിയേഷന്റെയും മീറ്റിംഗുകളിലും ,മറ്റും അവതരിപ്പിക്കുവാൻ തുടങ്ങിയപ്പോഴാണ് ജയന്തിയമ്മയുടെ കഴിവുകളുടെ തിളക്കം എല്ലാവരും ശ്രദ്ധിക്കുവാൻ തുടങ്ങിയത്. തന്നാലാകുന്ന വിധം കൈയ്യയച്ച് സംഭാവനകൾ ചെയ്യുവാനും അവർക്കൊട്ടും മടിയുമുണ്ടായിരുന്നില്ല. കരയോഗത്തിന്റെ
കുടുംബ സംഗമം നടത്തുമ്പോൾ ഭംഗിയുള്ള നിലവിളക്ക് ,ടിഫിൻ കാരിയർ തുടങ്ങിയ സമ്മാനങ്ങൾ എല്ലാവർക്കുമായി  അവർ കരുതും. റസിഡൻസ് അസോസിയേഷന്റെ പരിപാടികൾക്ക്
കുട്ടികൾക്കും , മുതിർന്നവർക്കുമായി നടത്താറുള്ള
മത്സരങ്ങളുടെ ഉപഹാരങ്ങൾ സ്പോൺസർ ചെയ്യുന്നത് എപ്പോഴും സോമശേഖരൻ-ജയന്തി ദമ്പതികളായിരിക്കും .

 "ടീച്ചർക്ക് ഇഷ്ടം പോലെ വാരിക്കോരി ചെലവാക്കാമല്ലോ . മക്കളോട് ഒരു വാക്ക് പറഞ്ഞാൽ പോരേ" .അസൂയ മൂത്ത ചില മുറു മുറുപ്പുകൾക്ക് അവർ സൗമ്യമായി മറുപടി കൊടുത്തതിങ്ങനെയാണ്.

" ഞങ്ങളുടെ എളിയ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലുമൊക്കെ ആകാവുന്നത് ചെയ്യുണെന്നേയുള്ളൂ. പിന്നെ നമ്മൾ ചെയ്യുന്ന നല്ല പ്രവൃത്തികളും മക്കൾക്ക് നൽകുന്ന സമ്പാദ്യങ്ങളാണ്. മാതാപിതാക്കൾ ചെയ്യുന്ന സത് പ്രവൃത്തികളുടെ ഫലങ്ങളാണ് അടുത്ത തലമുറകളിലേക്ക് കൈമാറുന്നതെന്നല്ലേ പുരാണങ്ങളിൽ പറയുന്നത്"

ജയന്തിയമ്മ ഒരിക്കലും മക്കളോട് പണം ആവശ്യപ്പെടാറില്ല. ചോദിക്കാതെ തന്നെ മക്കളവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാറാണുള്ളത്.അതൊരു തുകയാകുമ്പോൾ എടുത്ത് റസിഡൻസ് അസോസിയേഷന്റെ ഭവന നിർമ്മാണ ഫണ്ടിലേക്ക്
സംഭാവനയായി നൽകും.

റസിഡൻസ് അസോസിയേഷനിലെ മൂന്നംഗങ്ങൾക്ക്
വീടു വച്ച് കൊടുക്കാനായത് ടീച്ചറമ്മയുടെ സഹായം
കൂടിയുള്ളത് കൊണ്ടാണെന്ന് അസോസിയേഷൻ സെക്രട്ടറി ഹേമാ ബാലകൃഷ്ണൻ എപ്പോഴും സന്തോഷത്തോടെ പറയാറുണ്ട്.

ടീച്ചറുടെ പല നിർദ്ദേശങ്ങളും പ്രാവർത്തികമാക്കിയതു കൊണ്ട് കൗൺസിലർ ജയദേവന്റെയും ജനപ്രീതി പെട്ടെന്നങ്ങുയർന്നു.
"നമ്മുടെ നാട്ടിലില്ലാത്ത പ്രകൃതിഭംഗിയൊന്നും ഒരു
വിദേശരാജ്യങ്ങളിലുമില്ല ജയദേവാ. ഇവിടെയൊന്നും സംരക്ഷിക്കുന്നില്ല. ജയദേവന്റെ നേതൃത്വത്തിൽ ടീച്ചറും ,അയൽക്കൂട്ടത്തിലെ വനിതകളും ചേർന്ന് ഒരു കർമ്മപദ്ധതി ആരംഭിച്ചു. വാർഡിന്റെ വഴിയോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് അവരുടെ ശ്രമഫലമായി പാടേ തുടച്ചുമാറ്റുവാനായി. നഗരത്തിലെ ഇരുപത്തിയേഴാം
വാർഡിന്റെ പാതയോരങ്ങളിൽ പൂച്ചെടികളും ,വൃക്ഷങ്ങളും തളിർത്ത് നിറഞ്ഞ് ഹരിതഭരിതമായി.
വീടിനും ,നാടിനും അങ്ങനെ പ്രിയപ്പെട്ടവളായിത്തീർന്ന ജയന്തിയമ്മയെക്കുറിച്ചുള്ള തള്ള് ഇവിടെ വച്ചങ്ങ് നിർത്തുകയാണേ. എന്തിനാണിങ്ങനെ സാഹിത്യഭംഗിയൊന്നുമില്ലാതെ കഥാരൂപത്തിൽ
എഴുതിയതെന്ന് ചോദിച്ചാൽ മറുപടിയൊന്നേയുള്ളൂ. 

അച്ഛനേയും , അമ്മയേയും തള്ളിപ്പറയുന്ന മക്കളെക്കുറിച്ചുള്ള കുറെ കഥകൾ കേട്ടു മടുത്തു. അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നല്ല. മറ്റൊരു മറുവശം കൂടിയുണ്ടെന്ന് ഒന്നു ചൂണ്ടിക്കാണിക്കണമെന്ന് തോന്നി. നാട്ടിലെ ഇന്നത്തെ പല സാഹചര്യങ്ങളാണ് നമ്മുടെ കുട്ടികളെ മറുനാടുകളിൽ ചേക്കേറുവാൻ പ്രേരിപ്പിക്കുന്നത്.
സ്നേഹം കൊടുത്ത് വളർത്തുന്ന മക്കൾ ഒരിക്കലും
തള്ളിപ്പറയുകയില്ല. വാർദ്ധക്യകാലത്തേക്ക് സാമ്പത്തികമായി ചെറിയ ഒരു കരുതൽ കാത്തു വയ്ക്കേണ്ടതും ,സഹായികളെയൊക്കെ നിർത്തി പുതിയ സാഹചര്യങ്ങൾക്കൊത്ത് ജീവിക്കേണ്ടതും
മാതാപിതാക്കളുടെ കൂടി കടമയാണ്. മറവിരോഗികളെയും ,കിടപ്പു രോഗികളെയും ശുശ്രൂഷിക്കുന്ന സ്ഥലങ്ങളെ കൂടി
ഉൾക്കൊള്ളുവാനുള്ള മനസ്സ് സമൂഹത്തിന് വളരേണ്ടിയിരിക്കുന്നു. 

എന്തായാലും നമ്മുടെ ജയന്തിയമ്മ നന്മയുടെ പരിമളം വിതറി നിങ്ങളുടെ ഹൃദയത്തിൽ പരിലസിക്കട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക