തെരഞ്ഞെടുപ്പില്‍ ജയ-പരാജയങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ പ്രതീക്ഷിക്കാത്ത ചില പരാജയ കാരണങ്ങള്‍ അന്വേഷിക്കുകയും, അത് തിരുത്തപ്പെടുകയും ചെയ്യേണ്ടതാണ്.
2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുപക്ഷം കേരളത്തില്‍ ഒരു സീറ്റ് മാത്രമേ നേടിയുള്ളൂ. പക്ഷെ അന്ന് യു.ഡി.എഫ് അനുകൂല തരംഗമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി ആദ്യമായി കേരളത്തില്‍ മത്സരിക്കുന്നു. 'കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി വയനാട്ടില്‍ നിന്നുമാണ്'. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിച്ച തരംഗത്തില്‍ തോല്‍ക്കുമെന്ന് കരുതിയ സ്ഥാനാര്‍ത്ഥികള്‍ പോലും ജയിച്ചുകയറി. കൂടാതെ ശബരിമല സ്ത്രീ പ്രവേശനവും ഇടതുപക്ഷത്തിന് തിരിച്ചടിയായി. എന്നാല്‍ 2024-ല്‍ പ്രത്യേക തരംഗങ്ങൊന്നുമില്ല. 'ഇന്ത്യാ' മുന്നണി അധികാരത്തില്‍ വരുമെന്ന് ആരും വിശ്വസിക്കുന്നില്ല. രാഹുലിന്റെ താര പരിവേഷവും കെട്ടടങ്ങി. ഈ അവസരത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന്റെ കാരണങ്ങള്‍ എന്താണ്.?
പാര്‍ട്ടിയെ ജീവനേക്കാള്‍ അധികം സ്‌നേഹിക്കുന്ന പ്രവര്‍ത്തകരെല്ലാം നിരാശയിലാണ്. അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്, പത്തോ പന്ത്രണ്ടോ സീറ്റിലെങ്കിലും ഇടതു പക്ഷം ജയിക്കുമെന്നാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, പാലക്കാട്, കോഴിക്കോട് തുടങ്ങിയ സിപിഎം കോട്ടകളിലെ പരാജയം മാത്രമല്ല, അവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയ ഭൂരിപക്ഷം; അതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിയത്.!! സാക്ഷാല്‍ പിണറായി വിജയന്റെ മണ്ഡലത്തില്‍ പോലും കനത്ത തിരിച്ചടിയാണ് സി.പി.എം നേരിട്ടത്!
എന്താണതിന്റെ കാരണം? കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടപ്പെട്ട നേതാക്കള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ താക്കീതായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെ അപചയത്തിന് കാരണം ചില നേതാക്കളുടേയും, അവരുടെ കുടുംബത്തിന്റേയും വഴിവിട്ട പ്രവര്‍ത്തികള്‍ ആണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം കൂടിയാണ് ന്യായീകരണങ്ങളില്ലാത്ത ഈ പരാജയങ്ങള്‍!!എന്നാല്‍ ആലത്തൂരില്‍ കെ. രാധാകൃഷ്ണന്‍ ജയിച്ചു. ആ വിജയവും സി.പി.എമ്മിനു നല്‍കുന്ന ഒരു സന്ദേശമുണ്ട്. അത് മറ്റ് നേതാക്കളും 'രാധാകൃഷ്ണനായി' ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് ഇനിയും തിരിച്ചുവരാം എന്നുള്ളതാണ്.
സി.പി.എമ്മിനെ സംബന്ധിച്ചടത്തോളം ഈ തെരഞ്ഞെടുപ്പ് അവരുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നതായിരുന്നു. 6 ശതമാനം വോട്ടോ, നാല് പാര്‍ലമെന്റ് അംഗങ്ങളോ കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയുടെ ദേശീയ പദവി തന്നെ നഷ്ടപ്പെടുമെന്നിരിക്കെ, പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഇത്തരത്തില്‍ പ്രതികരിച്ചെങ്കില്‍, പിണറായി ഭരണവും, നേതാക്കളുടെ ജീവിതശൈലികളും എത്രമാത്രം അവരെ പ്രകോപിപ്പിച്ചിരിക്കണം? തൃശൂരിലെ പരാജയം മാറ്റി നിര്‍ത്തിയാല്‍, ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കിയത്. അതുപോലെ ബി.ജെ.പിക്കും. യു.ഡി.എഫ് 110 അസംബ്ലി മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് വന്നപ്പോള്‍, ഇടതുപക്ഷത്തിന് 18 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നില്‍ വരാന്‍ കഴിഞ്ഞത്. ബി.ജെ.പിക്ക് പതിനൊന്ന് മണ്ഡലങ്ങളില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ടതാണ്.
എന്നാല്‍ ഇപ്പോഴും നേരം വെളുക്കാത്ത ചില നിഷ്‌കളങ്കരായ സി.പി. എമ്മുകാര്‍ ഉണ്ട്. അവര്‍ ധരിച്ചിരിക്കുന്നത് നേതാവിന്റെ മകള്‍ കമ്പനി തുടങ്ങിയത്, അവരുടെ അമ്മയുടെ പെന്‍ഷന്‍ കാശ് കൊണ്ടാണെന്നും, അവരുടെ അധ്വാനത്തിന്റെ ഫലമായാണ് കോടികള്‍ അക്കൗണ്ടില്‍ വരുന്നതെന്നുമാണ്. ഇ.പി. ജയരാജന്റെ വീട്ടില്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കര്‍ വന്നത് 'ചായ' കുടിക്കാന്‍ മാത്രമാണെന്നും ഇക്കൂട്ടിര്‍ ഇപ്പോഴും വിശ്വസിക്കുന്നു. അവര്‍ ഇനിയെങ്കിലും അനാവശ്യമായ ആ 'നിഷ്‌കളങ്കത' ഉപേക്ഷിക്കണം. അല്ലെങ്കില്‍ മറ്റൊരു ബംഗാളോ, ത്രിപുരയോ ആയി കേരളവും മാറും. ഇപ്പോഴുള്ള ഒരു കനല്‍ തരിയെങ്കിലും തെളിഞ്ഞുനില്‍ക്കണ്ടേ? അതുംകൂടി ഊതിക്കെടുത്തരുത്!!!
അടിക്കുറിപ്പ്:
പിണറായിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്ന് പറഞ്ഞ സി.പി.എം സന്തത സഹചാരിയായ ബിഷപ്പ് മാര്‍ കൂറിലോസ് വിവരദോഷിയാണെന്ന് മുഖ്യമന്ത്രി.
അല്ലെങ്കിലും തിരിമേനിക്കിത് കിട്ടണം!!!