ചിങ്ങമാസത്തിലെ കൊയ്ത്തുകാലം
എങ്ങെങ്ങുമാഹ്ളാദം മന്ദഹാസം
ഓണത്തിൻ നാളുകൾ വന്നണഞ്ഞു
മാനവ ഹൃത്തിൽ മലർവിരിഞ്ഞു
മതവും ജാതിയും ഉൾവലിഞ്ഞു
അതിർവരമ്പുകൾ തേഞ്ഞുമാഞ്ഞു
ശ്രാവണമാസത്തിൻ സന്ധ്യപോലെ
ശ്രീവിളയാടി വിലസി നിന്നു
അത്തവും ഉത്രാടോം കൈപിടിച്ചു
എത്തി തിരുവോണം ഘോഷമായി.
പൂക്കളം മുറ്റത്തിൻ മട്ടുമാറി
കേൾക്കുന്നു ഓണത്തിൻ താളമേളം
കൈകൊട്ടിക്കളി ഹാ! കുമ്മിയടി
കൈയാങ്കളി തലപന്തുകളി
ഓണപ്പുടവകൾ ചുറ്റി തിരു-
വോണനാൾ മങ്കമാർ നൃത്തമാടി
മാനവരെല്ലാരും ഒന്നുപോലെ
നാനാവർണ്ണം ചേർന്ന രസ്മിപോലെ
എങ്ങുപോയാമാനവ സൗഹൃദങ്ങൾ
എങ്ങുപോയോണത്തിൻ മോദമിന്ന്?
തിങ്ങി വെറുപ്പുളളം ലിപ്‌തമായി
പൊങ്ങുന്നു വർഗ്ഗീയ ക്ഷോഭമെങ്ങും
അഴുകുന്നു നേതൃത്വം നാറ്റമെങ്ങും
കുഴയുന്നു മർത്ത്യർ വിളറിടുന്നു
മാവേലി വാണോരാ നല്ല നാൾകൾ
ആവണിമാസത്തിൻ ഓർമ്മമാത്രം.