Image

ഒറ്റക്കൊരോണം; മിനി സുരേഷ്

Published on 15 September, 2024
ഒറ്റക്കൊരോണം; മിനി സുരേഷ്

 മണ്ണു നൽകിയതെല്ലാം മലവെള്ളപ്പാച്ചിലിൽ മണ്ണു തന്നെ കവർന്നെടുത്തതിന്റെ ദുഃഖം പൂവിളികളിലും ,ഓണപ്പാട്ടുകളിലും ഘനീഭവിച്ചു കിടക്കുന്നു. മലയാളിക്ക് ഇത്തവണ പറയുവാനുള്ള ഓണപ്പെരുമ അതിജീവനത്തിന്റെയാണ്.
കർക്കിടകം കൊഴിയുന്നതിന് മുൻപേ മാതൃ സഹോദരി  യാത്രയായതിനാൽ ഞങ്ങൾക്ക്
പൂക്കളവും ,ഓണത്തിന്റെ ഒരുക്കങ്ങളുമൊന്നുമില്ലായിരുന്നു.ബാംഗ്ലൂരിൽ മക്കളുടെ കൂടെയാകണം ഇത്തവണത്തെ ഓണമെന്ന് ഭർത്താവ് നേരത്തെ നിശ്ചയിച്ച് വച്ചിരുന്നതാണ്.
ലിമ വേൾഡ് ലൈബ്രറി ഓൺലൈനിന്റെ ഓണസംഗമം നടത്തുവാൻ എല്ലാവർക്കും സൗകര്യപ്രദമായ ദിവസം നോക്കി നോക്കി ഒടുവിൽ നറുക്ക് വീണത് സെപ്റ്റംബർ 14 ന് .അതു കൊണ്ട് സുരേഷിനെ ബാംഗ്ലൂർ ട്രെയിനിന് കയറ്റി വിട്ട് ഒറ്റക്കൊരു ഓണമാഘോഷിക്കുവാനുള്ള പാകപ്പെടുത്തലിലാണ് ഉത്രാടപ്പുലരിയെ വരവേറ്റത്.

"മിനി അവിടെ ഒറ്റക്കല്ലേ ഒള്ളൂ. രണ്ട് പാഴ്സൽ സദ്യ വാങ്ങിയാൽ നമുക്ക് മൂന്നു പേർക്കും സുഖമായി ഉണ്ണാം." തൊട്ടടുത്ത് താമസിക്കുന്ന ചിറ്റയും ,ചിറ്റപ്പനും രാവിലെ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ പെട്ടെന്ന് മനസ്സിൽ ഉത്സാഹം നിറഞ്ഞു. എല്ലാ ആഘോഷങ്ങളുടെയും അന്തസത്ത തന്നെ പരസ്പര സ്നേഹവും ,പങ്കു വയ്ക്കലുമാണല്ലോ .
പണ്ട് കൂട്ടുകാരികളുമൊത്ത് പൂക്കളിറുക്കുവാൻ നടന്നതും ,ഈർക്കിലിൽ ചെമ്പരത്തിപ്പൂക്കൾ കൊരുത്ത കുട ഗേറ്റ് മുതൽ ഉമ്മറപ്പടിവരെ കുത്തി നിർത്തി തൃക്കാക്കരയപ്പനെ
എതിരേറ്റതുമൊക്കെ സ്മരണകളുടെ കോണിലേക്ക് ഒതുക്കി നിർത്തി റെഡിമെയ്ഡ്  സദ്യ ഉണ്ണാനുള്ള സന്തോഷത്തിലേക്ക് മനസ്സിനെ പരുവപ്പെടുത്തി.(അല്ലെങ്കിലും ഇപ്പോൾ ആരെക്കൊണ്ട് കഴിയും ആണ്ടിലൊരോണം വരുമ്പോൾ കിടന്ന് കഷ്ടപ്പെടുവാൻ.)
സദ്യ പാഴ്സലായി ലഭിക്കുന്നിടത്ത് ചെല്ലണം ഇപ്പറഞ്ഞതിന്റെ യഥാർത്ഥ പൊരുളറിയണമെങ്കിൽ.പതിനൊന്ന് മണിയാകുന്നതിന് മുൻപ് തന്നെ ചുറ്റുവട്ടമെല്ലാം
കാറുകളും ,ടു വീലറുകളും കൊണ്ടങ്ങ് നിറയുവല്ലേ. ഓണത്തല്ല് കൂടി ബുക്ക് ചെയ്ത് വച്ചിട്ടുള്ള ഓണസദ്യ പാഴ്സൽ വാങ്ങുവാൻ പ്രിയതമന്മാർ പെടാപ്പാട് പെടുന്നത് കണ്ടാലൊന്നും ഇന്നത്തെ
തരുണിമാരുടെ മനസ്സലിയില്ല.ഞങ്ങൾക്കേ ഒന്ന് റിലാക്സ് ചെയ്യുവാനും ,ആഘോഷിക്കുവാനുമുള്ള ദിവസമാണേ തിരുവോണം.തത്കാലം മാവേലിയെ
എതിരേൽക്കാൻ എല്ലാവരും പാഴ്സൽ സദ്യയൊക്കെയങ്ങ് ഉണ്ടാൽ മതി.എന്റെയും ഉള്ളിലിരുപ്പ് ഇതു തന്നെയാണെങ്കിലും പുലർച്ചേ  തന്നെ ഉണർന്ന് വീടു വൃത്തിയാക്കലും ,കുളിയും ഒക്കെ നടത്തി.
ഓണം പോലെയുള്ള വിശേഷ ദിവസങ്ങളിൽ  പുറത്ത് നിന്ന് ഭക്ഷണം വാങ്ങിയാലും 'വീട് പട്ടിണിയാകാതിരിക്കുവാൻ നാഴി അരിയെങ്കിലും അടുപ്പത്തിട്ട് ചോറു വയ്ക്കണമത്രേ. എന്നാൽ
പിന്നെ  ഒരു പായസം കൂടി വച്ചാലോ എന്നായി അടുത്ത ചിന്ത .സേമിയ എടുത്ത് ഒരു പായസം
കൂടിയങ്ങ്  വേഗം റെഡിയാക്കി.ഉച്ചയാകുവാൻ ഇനിയും മണിക്കൂറുകൾ നീണ്ടുകിടക്കുന്നു.കുടുംബ ഉത്തരവാദിത്വങ്ങൾക്കിടയിൽ ഉഴറുമ്പോൾ
ഏതൊരു സ്ത്രീയും കൊതിച്ചു പോകുന്ന അസുലഭ ദിനമാണിന്ന്.
തലേന്ന് വായിച്ച് പകുതിയാക്കി വച്ച "എന്റെ ജുവനൈൽ ഹോം ഓർമ്മകൾ "എടുത്ത് വായിക്കുവാനുള്ള തയ്യാറെടുപ്പിലായി. റിട്ട.ജൂവനൈൽ ഹോം സൂപ്രണ്ട്
ശ്രീ.പി.കെ അലക്സാണ്ടറുടെ ഓർമ്മക്കുറിപ്പുകളാണ്.മുതിർന്നവരുടെ കളങ്കം കൊണ്ട് അപരാധികളാകുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ വേദനകളിൽ  നൊമ്പരത്തോടെ
യാത്ര തുടരുമ്പോഴാണ് പുറത്ത് നിന്ന് "സേച്ചിയേ "എന്ന വിളി കേൾക്കുന്നത്. ഞങ്ങളുടെ പഴയ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന ആസ്സാമീസ് സോദരന്മാരാണ്.കോൺട്രാക്ടർ ഷാജുവിന്റെ പണിയാളുകളാണ്.ആസ്സാമികളാണെങ്കിലും പൊതുവേ നമ്മൾ ബംഗാളികളെന്നാണല്ലോ
എല്ലാവരേയും സംബോധന ചെയ്യുന്നത്.ഇവരെയെല്ലാം സൂക്ഷിക്കണം
എന്ന് മുന്നറിയിപ്പുകൾ അയൽക്കാർ ഇടക്ക് തരാറുമുണ്ട്. പക്ഷേ 
ഇതു വരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. പാവങ്ങൾ പകലന്തിയോളം പണിയെടുത്ത് വന്നാലും രാവേറെ ചെല്ലുവോളം ഫോണിൽ നാട്ടിലുള്ള ഭാര്യയും ,കുഞ്ഞുങ്ങളുമായി കളിചിരികളുമായി'
സംസാരിക്കുന്നത് കാണാം. പ്രവാസിയായ കുടുംബനാഥന്റെ കരുതലുകൾ ചേർത്ത്
ഉപദേശങ്ങൾ നാട്ടിലുള്ളവർക്ക് കൊടുക്കുന്നത് കൗതുകത്തോടെ ഇടക്ക് ശ്രദ്ധിച്ചിട്ടുണ്ട്.

മരുമകൾ നോർത്ത് ഇൻഡ്യൻ ആയതിനാലാവാം ദേശീയോദ്ഗ്രഥനം മുള പൊട്ടി ഇവരോടെല്ലാം
മക്കളോടുള്ള പോലെയൊരു' വാത്സല്യം മനസ്സിലുണ്ട്.
"പുൽ ശെത്തണ്ടേ മാഡം"ഷിബുവാണ്. യഥാർത്ഥ നാമം ഹിസ്ബുൾ ഇസ്ലാം എന്നാണ്. നാവിനു
വഴങ്ങുന്ന രീതിയിൽ മുജാഫിർ ഹുസൈനെ സുനിലും ,വേറൊരു കടുത്ത പേരിനുടമയെ ബിജുവുമാക്കി ഷാജു മാലിക്ക് പരിവർത്തനം ചെയ്തിട്ടുണ്ട് .
ഏതായാലും ആസാമികളെല്ലാം കൂടി കഷ്ടിച്ച് അരമണിക്കൂർ കൊണ്ട് വീടിന്റെ തൊടിയും ,കിണറ്റുകരയുമെല്ലാം നല്ല ഭേഷായി വൃത്തിയാക്കി. സ്ഥിരം വരുന്ന മലയാളി സഹായിയുടെ ഒരു ദിവസത്തെ പണിയാണ് അങ്ങട് മാറിയത്.
"ഇന്നാ കുറച്ച് ഗീർ കുടിച്ചോ "എന്റെ ഹിന്ദിയിൽ അക്ഷരപ്പിശാച് കടന്നു കയറിയെങ്കിലും
ഘീർ  എന്ന സേമിയാപ്പായസവും ,ഉപ്പേരിയും അവർക്കിഷ്ടമായതിന്റെ സന്തോഷം മുഖത്ത് കാണാമായിരുന്നു. അവരുടെ സന്തോഷത്തിളക്കം കണ്ടപ്പോൾ എന്റെയും
മനസ്സും നിറഞ്ഞു. 
"ഓനം ആഗോശിക്കുന്നത് ക്രിസ്ത്യാനികലാണോ ,ഹിന്ധുക്കലാണോ"സുനിലിന് അതിനിടയിൽ ഒരു സംശയം.
"ഓണത്തിന് അങ്ങനെ ജാതിയൊന്നുമില്ല. എല്ലാവരും ചേർന്നാണ് ആഘോഷിക്കുന്നത്."അവന്  മലയാളം അത്യാവശ്യം വഴങ്ങുന്നതിനാൽ മുറിഹിന്ദിയിൽ വിജ്ഞാനം പയറ്റി ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓണത്തപ്പനും ,പൂക്കളവുമൊന്നും മുറ്റത്തില്ലാത്തതിൽ ചെറിയൊരു കുണ്ഡിതം
തോന്നി.
അപ്പോഴേക്ക് മുറിയിലുണ്ടായിരുന്ന 'പരേഖ് 'താഴോട്ടിറങ്ങി കൂട്ടത്തിൽ ചേർന്നു.. ദിലീപിന്റെ
കുഞ്ഞിക്കുനൻ സിനിമയിലെ കഥാപാത്രം ബിമൽ കുമാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നതു പോലെ 'ശ്യാം' എന്നാണ് പരേഖ് സ്വയമിട്ടിരിക്കുന്ന പേര്.
"എങ്കിൽ നമുക്കെല്ലാവർക്കും കൂടി ഒരു ഫോട്ടോ എടുത്താലോ" .കേട്ടതും മുറിയിലേക്കോടി 
ഷർട്ട് മാറി അത്ഭുതവും ,ആഹ്ലാദവും നിറഞ്ഞമുഖത്തോടെ അവർ ഫോട്ടോയ്ക്ക് തയ്യാറായി വന്നു. അവരുടെയിടയിൽ നിന്ന്  മൂത്ത സഹോദരിയായി
ഒരു ക്ലിക്ക്. 


"മിനിക്കുട്ടിനെ ഇപ്പോഴെങ്ങും കാണാനില്ലല്ലോ"തൊട്ടടുത്തുള്ള ഷാലിമാർ ഹോട്ടൽ
ഉടമയുടെ പത്നി ഹസീനയാണ്.ഓണത്തിന് ഹോട്ടൽ അവധിയായതിനാൽ ചില അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുവാനെത്തിയതാണ്. ഉച്ചവെയിലിന്റെ കാഠിന്യം വക വയ്ക്കാതെ മതിലിനിരുപുറവും നിന്ന് വീട്ടുവിശേഷങ്ങളും ,നാട്ടു വിശേഷങ്ങളുമെല്ലാം
മതിൽക്കെട്ടുകൾ മനസ്സിൽ വീഴാതെ ഞങ്ങൾ കൈമാറി.

അപ്പോഴേക്കും ചിറ്റ ഊണു കഴിക്കുവാൻ വിളിച്ചു.

ഒറ്റയ്ക്ക് വീട്ടിനുള്ളിലിരുന്ന് മടുത്തു പോകുമെന്നോർത്ത  തിരുവോണ ദിനം സ്നേഹത്തിന്റെയും ,സാഹോദര്യത്തിന്റെയും അതിരുകൾക്കപ്പുറത്തുള്ള അവിസ്മരണീയ അനുഭവമായതിന്റെ സന്തോഷം നിങ്ങളുമായുംപങ്കു വച്ചു കഴിഞ്ഞപ്പോൾ
വെയിൽ ചാഞ്ഞ് വൈകുന്നേരവുമായി. അടുത്ത വർഷം കാണാമെന്ന യാത്രാമൊഴി ചൊല്ലാനായി ഓണവും പടിവാതിൽ കടന്നു നിൽക്കുന്നു.

Join WhatsApp News
എം വിജയരാഘവൻ 2024-09-15 16:36:11
നന്നായിട്ടുണ്ട്. ഓണാശംസകൾ.
Sudhir Panikkaveetil 2024-09-17 10:54:33
ഓണം ഒറ്റക്കാവുമെന്നു വിഷമിച്ചപ്പോൾ മാവേലിമാർ ആര് പേര് വന്നു. എഴുത്ത് നന്നായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക