കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. സ്നേഹസമ്പന്നരായ മാതാപിതാക്കളുടെ കരുതലും , പരിചരണവും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ലഭിക്കുമ്പോൾ അല്ലലറിയാതെ വളരുന്ന ഭാഗ്യവാന്മാരുണ്ട്. ഒരേ നാണയത്തിന് ഇരു പുറമുണ്ടെന്നത് പോലെ നിർഭാഗ്യവാന്മാരായ കുഞ്ഞുങ്ങളുമുണ്ട്. പരുക്കൻ സാഹചര്യങ്ങളിൽ പിറന്ന് ജീവിതത്തോട് മല്ലിടേണ്ടി വരുന്ന ഹതഭാഗ്യർ. മാതാപിതാക്കളുടെയോ. മറ്റു മുതിർന്നവരുടെയോ സ്വാർത്ഥതയും , ചൂഷണങ്ങളും ജീവിതത്തെ അഴുക്കു ചാലിലാക്കുമ്പോൾ പകച്ചു നിൽക്കേണ്ടി വരുന്ന വർ. ആരും ക്രിമിനലായി പിറക്കുന്നില്ല ചുറ്റുപാടുകളാണ് കുട്ടികളെ കുറ്റവാളികളുടെ മുഖാവരണം അണിയിക്കുന്നത്. ജുവനൈൽ ഹോം സൂപ്രണ്ടായി വിരമിച്ച ശ്രീ. പി കെ അലക്സാണ്ടറുടെ 'എന്റെ ജുവനൈൽ ഹോം ഓർമ്മകൾ ' എന്ന പുസ്തകം യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത് സമൂഹ മനസാക്ഷിക്കു നേരെ തന്നെയാണ്.
ഔദ്യോഗിക ജീവിത കാലയളവിൽ മനസ്സിൽ നിന്നും മായാത്ത കളങ്കത്തിന്റെ പുഴുക്കുത്തുകൾ അറിഞ്ഞും , അറിയാതെയും
വീണ്ടു പോയ ബാല്യ ത്തിന്റെ വ്രണിത മുഖങ്ങൾ.
നല്ലതു ചൊല്ലി വെള്ളാരം കല്ലു പോലെ അവരെ മിനുക്കിയെടുക്കേണ്ട വാർഡന്മാർ തന്നെ ചൂഷകരാകുമ്പോൾ നന്മയുള്ള ഹൃദയത്തിനു മയായ ഗ്രന്ഥകാരന്റെ മനസ്സിനെ അതെല്ലാം ഏറെ ദു:ഖിപ്പിക്കുന്നു. ആ നൊമ്പരപ്പൂക്കളെ
വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ വിതുമ്പിപ്പോകാത്തവർ മനുഷ്യരല്ലെന്ന് വേണം പറയുവാൻ .
ഇരുൾ മേഘങ്ങൾ യോദ്ധാക്കളെപ്പോലെ കയർത്തു നിൽക്കുന്ന തോരാ മഴക്കാലമാണ്
ഈ പാവം കുഞ്ഞുങ്ങൾ കടന്നു പോയ പാതകൾ. സ്വന്തം പിതാവിന്റെ പീഡന ശ്രമങ്ങളിൽ നിന്ന് രക്ഷപെടാൻ തെങ്ങു കയറ്റം പരിശീലിച്ച പതിനാലുകാരി. ജാരന്റെ ക്രൂരതകളിൽ നിന്ന് പെറ്റമ്മയെ രക്ഷിക്കുവാൻ വേണ്ടി കൊലപാതകിയാകേണ്ടി വന്ന ബാലൻ. പിതാവിനെ പകയോടെ കൊലപ്പെടുത്തേണ്ടി വന്നിട്ടുള്ള ബാലന്റെ വ്യഥകൾ.
അങ്ങനെ ചേതനയെ മരവിപ്പിക്കുന്ന എത്രയെത്ര അനുഭവങ്ങളാണ് അലക്സാണ്ടർ സാറിന്റെ ഓർമ്മകളിലൂടെ വായനക്കാരും അറിയുന്നത്.
കഠിനവും ,പ്രാകൃതവുമായ ശിക്ഷാ നടപടികൾ നൽകി വൻകുറ്റവാളികളെ സൃഷ്ടിക്കുന്ന ജയിൽ
വകുപ്പിന്റെ ഉഗ്രതയിൽ നിന്നും സാമൂഹിക ക്ഷേമ വകുപ്പിന്റെ അധീനതയിൽ വനിതാ ശിശു വികസന
വകുപ്പിലേക്ക് ബാലമന്ദിരങ്ങൾ മാറ്റി എന്നറിയുന്നത് തന്നെ ഏറെ ആശ്വാസകരമാണ്.സ്നേഹപൂർവ്വമായ
കൗൺസിലിംഗ് സംവിധാനവും ഇന്ന് ലഭ്യമാണ്. ജീവിതത്തിന് വിഭ്രാത്മകമായ മറ്റൊരു മുഖം കൂടിയുണ്ടെന്ന് ഈ പുസ്തകത്തിന്റെ ഓരോ അദ്ധ്യായവും ഓർമ്മപ്പെടുത്തുന്നു.
കാറ്റിനെ അതിന്റെ ചിറകുകളോടെ തന്നെ സ്നേഹിക്കുവാനാകണം.പ്രതീക്ഷകളുടെ കാറ്റാണ്
ജീവിതത്തിലെ ഇന്നലെകളെ തൂത്തു വാരി വൃത്തിയാക്കുന്നത്.പ്രതീക്ഷകളുടെ തിരുശേഷിപ്പുകളാണ് പുനർജീവനത്തിനായൊരുക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സിലും നിറക്കേണ്ടത്.
വായിക്കുന്തോറും നന്മകളുടെ പുതിയ ദ്വീപുകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ പുസ്തകം വായിക്കപ്പെടേണ്ടത് തന്നെയാണ്.