വാഷിംഗ്ടണ്‍: സുരക്ഷാകാരണങ്ങളുടെ പേരില്‍ ലക്ഷക്കണക്കിന് പൗരന്മാരുടെ ഫോണ്‍ യുഎസ് സര്‍ക്കാര്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ഏറ്റവും വലിയ ടെലിഫോണ്‍ ശൃംഖലയായ വെരിസോണ്‍ എന്ന കമ്പനിയുടെ ഉപയോക്താക്കളുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് വ്യാപകമായി ചോര്‍ത്തുന്നതെന്ന് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിക്കു (എന്‍.എസ്.എ)വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തല്‍. ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് കോടതിയുടെ(ഫിസ) രഹസ്യ ഉത്തരവിലൂടെയാണ് ഫോണ്‍ ചോര്‍ത്തലെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതത്രെ. ത്തരവിന്റെപകര്‍പ്പും ഗാര്‍ഡിയനിലുണ്ട്. കോടതി ഉത്തരവു പ്രകാരം വിളിക്കുന്ന നമ്പറുകള്‍, കോളിന്റെ ദൈര്‍ഘ്യം, സ്ഥലം, സമയം എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് കമ്പനി ചോര്‍ത്തി നല്‍കുന്നത്. എന്നാല്‍ സംഭാഷണത്തിന്റെഉള്ളടക്കം ചോര്‍ത്തുന്നില്ല. വെരിസോണ്‍ ദിനംപ്രതി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തിനല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടിന്റെപ്രധാന ഉളളടക്കം. അമേരിക്കയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കോളുകളുടെ വിശദാംശങ്ങളും വെരിസോണ്‍ നല്‍കുന്നുണ്ട്. ഫോണ്‍ വിശദാംശങ്ങള്‍ എന്‍എസ്എയുടെ സിസ്റ്റത്തിലേക്ക് നേരിട്ട് നല്‍കുകയാണ്. ജൂലൈ 19 വരെ ഇത് തുടരാനാണ് കോടതി ഉത്തരവ്.ഒബാമ ഭരണകൂടത്തിനു കീഴില്‍ ആദ്യമായാണ് പൗരന്‍മാരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ചോര്‍ത്തുന്നത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ വെരിസോണ്‍ വക്താവ് എഡ് മക് ഫാഡന്‍ തയാറായില്ല. വൈറ്റ് ഹൗസും ദേശീയ സുരക്ഷാ ഏജന്‍സിയും ഇതെകുറിച്ച് പ്രതികരിച്ചിട്ടില്ല.
ഫിലാഡല്‍ഫിയയില്‍ കെട്ടിടം തകര്‍ന്ന് ആറു മരണം
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു 14 പേര്‍ക്ക് പരിക്കേറ്റു. നഗരഹൃദയത്തിലുള്ള നാലുനില കെട്ടിടമാണ് പ്രാദേശിക സമയം പത്തരയോടെ തകര്‍ന്നുവീണത്. അപകടകാരണം അറിവായിട്ടില്ല. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുകയാണെന്ന് ഫിലാഡല്‍ഫിയ മേയര്‍ മൈക്കല്‍ നട്ടര്‍ പറഞ്ഞു. അപകടത്തില്‍ നിസാര പരിക്കേറ്റ മുപ്പതോളം പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
84കാരിയ്ക്ക് ജാക്‌പോട്ട്; അടിച്ചത് 3000 കോടി
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ ലോട്ടറികളിലൊന്നായ ജാക്‌പോട്ട് ലോട്ടറി 84 കാരിയ്ക്ക്. ഫ്‌ളോറിഡയില്‍ നിന്നുള്ള 84 കാരിയ്ക്കാണ് 590.5 മില്യണ്‍ ഡോളര്‍ (ഏകദേശം 3300 കോടി രൂപയിലധികം) പവര്‍ ബോള്‍ ലോട്ടറി അടിച്ചത്. യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ ജാക്‌പോട്ട് ലോട്ടറി തുകയാണിത്. ഗ്ലോറിയ മകെന്‍സി പവര്‍ ബോള്‍ ലോട്ടറിക്കായി ക്യൂ നിന്നപ്പോള്‍ ഇവരുടെ മുന്‍പില്‍ നിന്നയാള്‍ ഗ്ലോറിയയെ അയാളുടെ മുന്നില്‍ കയറ്റി വിട്ടു. ഇവിടെ നിന്നും ഗ്ലോറിയ വാങ്ങിയ ടിക്കറ്റിനാണ് ഭീമന്‍ തുക സമ്മാനമായി ലഭിച്ചിരിക്കുന്നത്. രണ്ടു ഡോളറാണ് ടിക്കറ്റിന്റെ വില. സമ്മാന തുക തന്റെ മകനൊപ്പം വീതിച്ചെടുക്കുമെന്ന് മകെന്‍സി അറിയിച്ചു.
മൈക്കിള്‍ ജാക്‌സന്റെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ലോസ് ഏയ്ഞ്ചല്‍സ്: അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മകള്‍ പാരിസ് ജാക്‌സണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ചയാണ് സംഭവം. കൈഞരമ്പ് മുറിച്ച നിലയില്‍ 15-കാരിയായ പാരിസിനെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിതി ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പാരീസന്റെ മാതാവും ജാക്‌സന്റെ മുന്‍ ഭാര്യയുമായ ഡെബീ റോവ് ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയിലാണ് മകളുടെ ആത്മഹത്യാശ്രമത്തെക്കുറിച്ചുള്ള വാര്‍ത്ത സ്ഥിരീകരിച്ചത്. കടുത്ത മാനസിക സംഘര്‍ഷം മൂലമാണ് പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് നിഗമനം. ഇതിന് സൂചന നല്‍കുന്ന സന്ദേശങ്ങള്‍ പാരിസ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 2009-ല്‍ അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സന് പാരിസ് ഉള്‍പ്പടെ മൂന്ന് മക്കളുണ്ട്.
സൂസന്‍ റൈസ് ഒബാമയുടെ സുരക്ഷാ ഉപദേഷ്ടാവ്
വാഷിംഗ്ടണ്‍: സ്ഥാനമൊഴിയുന്ന ടോം ഡാനിലോണിനു പകരം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി യുഎന്നിലെ യുഎസ് സ്ഥാനപതി സൂസന്‍ റൈസിനെ നിയമിക്കാന്‍ പ്രസിഡന്റ് ഒബാമ തീരുമാനിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഹാര്‍വാര്‍ഡ് പ്രഫസറും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ സാമന്താ പവറായിരിക്കും യുഎന്നിലെ പുതിയ സ്ഥാനപതി.ഡാനിലോണ്‍ ജൂലൈയില്‍ രാജിവയ്ക്കുമെന്ന് ഒരു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. റൈസിനെ സ്റ്റേറ്റ് സെക്രട്ടറിയാക്കാനായിരുന്നു നേരത്തെ ഒബാമ പ്‌ളാനിട്ടിരുന്നത്. എന്നാല്‍ ബംഗാസി ആക്രമണത്തില്‍ യുഎസ് സ്ഥാനപതി ഉള്‍പ്പെടെ നാല് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചു റൈസ് നടത്തിയ പ്രതികരണത്തില്‍ കുപിതരായ റിപ്പബ്‌ളിക്കന്മാര്‍ റൈസിനെതിരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് റൈസ് പിന്മാറുകയായിരുന്നു.
സൈന്യത്തിലെ ലൈംഗികാതിക്രമങ്ങളില്‍ സെനറ്റിന് ആശങ്ക
വാഷിംഗ്ടണ്‍: സൈന്യത്തില്‍ ഭീകരമാംവിധം വര്‍ധിച്ച ലൈംഗികാതിക്രമ സംഭവങ്ങളില്‍ സെനറ്റ് സമിതി നടുക്കം പ്രകടിപ്പിച്ചു. കര, നാവിക, വ്യോമ വിഭാഗങ്ങളിലെല്ലാം വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമക്കേസുകളില്‍ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സംഭവങ്ങള്‍ കൂടിവരുകയാണെന്നും സെനറ്റ് സമിതി ചൂണ്ടിക്കാട്ടി. മൂന്നു സൈനിക വിഭാഗങ്ങളുടെയും മേധാവികളെ വിളിച്ചുവരുത്തി, സെനറ്റ് ആയുധസേവന സമിതി നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സൈന്യത്തിനുള്ളിലെ ഇത്തരം കഥകള്‍ കേട്ട് ഞങ്ങള്‍ മടുത്തുവെന്നും അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതിയംഗങ്ങള്‍ സൈനിക മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. 26,000 സൈനികര്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ സര്‍വേ പറയുന്നു. ഇതില്‍ ഭൂരിഭാഗം പേരും പരാതി നല്‍കാന്‍ തയാറാവുന്നില്ലെന്ന് സൈനിക മേധാവികള്‍ സമ്മതിച്ചു.
വാണിജ്യ രഹസ്യം ചോര്‍ത്തല്‍: ഇന്ത്യന്‍ എന്‍ജിനിയര്‍ അറസ്റ്റില്‍
വാഷിംഗ്ടണ്‍: ജോലി ചെയ്തിരുന്ന കമ്പനിയുടെ വാണിജ്യ രഹസ്യം ചോര്‍ത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ എന്‍ജിനിയര്‍ അമേരിക്കയില്‍ അറസ്റ്റിലായി. കേതന്‍കുമാര്‍ മനിയര്‍ (36) എന്നയാളാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) പിടിയിലായത്. പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനിയുടെ വാണിജ്യ രഹസ്യം ചോര്‍ത്തിയെന്നതാണ് മനിയറിനെതിരായ കുറ്റം. അതീവ രഹസ്യ സ്വഭാവമുള്ള 8,000 ഫയലുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഇതേ കമ്പനിയിലെ എന്‍ജിനിയറായിരുന്നു മനിയര്‍. റംസിയിലെ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. മോഷ്ടിച്ച രേഖകളുമായി ഇന്ത്യയിലേക്കു കടക്കാനായിരുന്നു മനിയറിന്റെ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു. 10 വര്‍ഷം വരെ തടവും 250,000 യുഎസ് ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.