MediaAppUSA

മൃതകന്മാര്‍ (ലേഖനം: പി.റ്റി.പൗലോസ്)

പി.റ്റി.പൗലോസ് Published on 30 September, 2014
മൃതകന്മാര്‍ (ലേഖനം: പി.റ്റി.പൗലോസ്)
ലോകത്തിലെ എഴുന്നൂറ് കോടി ജനങ്ങള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഈ ഭൂമിയില്‍ ഉണ്ട്. ഞാനൊരു ഈശ്വര വിശ്വാസി ആണെങ്കില്‍ ഞാന്‍ പറയും. ദൈവം ഒരു വിഭാഗത്തെ തീറ്റി തീറ്റി പെരുവയറന്മാരാക്കുന്നു. മറ്റൊരു വിഭാഗത്തെ പട്ടിണിക്കിട്ട് കൊല്ലുന്നു. ഞാനിന്നലെ നെറ്റില്‍ ഒരു ഫോട്ടോ കണ്ടു. ഒട്ടകത്തിന്റെ മലദ്വാരത്തിലേക്ക് വാപിളര്‍ന്നുനില്‍ക്കുന്ന ഒരു സുഢാന്‍ ബാലന്റെ. ഒട്ടകം വിസര്‍ജ്ജിക്കുന്നതും കാത്ത്, അതാഹരിക്കുവാനായി. ദാരിദ്ര്യം അതിന്റെ പരമകാഷ്ഠയിലെത്തിയതിന് മറ്റെന്ത് ഉദാഹരണമാണ് വേണ്ടത്?

സ്‌നേഹമാണഖിലസാരമൂഴിയില്‍ എന്ന് കവിപാടിയ മണ്ണില്‍ അവര്‍ പണിത സ്‌നേഹ വിഗ്രഹങ്ങളുടെ ഉടഞ്ഞ ചില്ലുകള്‍ പെറുക്കുവാനാണ് നമുക്ക് യോഗം. ജന്മം നല്‍കിയ അമ്മയേയും അച്ഛനേയും അമ്പലനടകളില്‍ തള്ളുന്ന ഒരു കെട്ട കാലത്തിന്റെ വാതില്‍പ്പടികളിലാണ് നാമിന്ന്!
നമ്മള്‍ വിശ്വസിക്കുന്ന മതങ്ങള്‍ തന്നെ നമുക്ക് പാരപണിയുന്നു. സവര്‍ണ്ണമേധാവിത്വമുള്ള പല ഹൈന്ദവക്ഷേത്രങ്ങളും ഇന്ന് കേരളത്തിലുണ്ട്. പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍. അവിടെ അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ആരാധനാ സ്വാതന്ത്ര്യമില്ല.

പത്രോസിന്റെ പാറമേല്‍പണിത ഉറപ്പുള്ള കത്തോലിക്കസഭ. സഭയുടെ ഒത്താശയില്‍ മുസ്ലീം തീവ്രവാദികളെക്കൊണ്ട് ജോസഫ് സാറിന്റെ കൈവെട്ടിച്ചത് നമുക്ക് മറക്കാം. അദ്ദേഹത്തിന്റെ ഭാര്യ ശലോമി ഹൃദയം തകര്‍ന്ന് ആത്മഹത്യ ചെയ്തതും നമുക്ക് മറക്കാം. കര്‍ത്താവിന്റെ മണവാട്ടിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നതും നമുക്ക് സൗകര്യപൂര്‍വ്വം മറക്കാം. കൈതവനയില്‍ വേദപാഠക്ലാസ്സിന് പോയ ശ്രേയ എന്ന മാലാഖക്കുട്ടിയെ പീഢനത്തിന് ശേഷം കുളത്തില്‍ എറിഞ്ഞ്  ഇല്ലാതാക്കിയ സര്‍പ്പസന്തതികളെയും വേണമെങ്കില്‍ നമുക്ക് മറക്കാം. എന്നാല്‍ ഇറാക്കിലെ പതിമൂന്നരലക്ഷം ക്രിസ്ത്യാനികളെ കഴുത്ത് ഞെരിച്ചും കഴുത്തറുത്തും തീവ്രവാദികള്‍ കൊന്നപ്പോള്‍, ഭ്രൂണഹത്യ മഹാപാപമാണെന്നും അതിനെതിരെ വചനോത്സവങ്ങളില്‍ ധാര്‍മ്മിക പ്രസംഗങ്ങള്‍ നടത്തുന്ന വത്തിക്കാന്റെ മൗനമാണ് നമുക്ക് മറക്കാന്‍ കഴിയാത്തത്!
എന്നാണ് നമ്മളൊരു നല്ല ക്രിസ്ത്യാനി ആകുന്നത്? എന്നാണ് നമ്മളൊരു നല്ല ഹിന്ദുവാകുന്നത്? എന്നാണ് നമ്മളൊരു നല്ല മുസ്ലീം ആകുന്നത്?

സ്വതന്ത്രഭാരതത്തിന് 68 വയസ്സായ. മരിക്കാതിരുന്നിട്ടും ജീവിക്കുന്ന എന്ന് തെളിയിക്കാന്‍ കഴിയാത്ത നിസ്സഹായരായ മൃതകന്മാരുടെ ഒരു സമൂഹം നമ്മുടെ ജനാധിപത്യഭാരത്തില്‍ ഉണ്ട്. ഉത്തര്‍പ്രദേശില്‍ അസംഗഡ് എന്ന ഒരു ജില്ലയുണ്ട്. യു.പി. മുഖ്യമന്ത്രിയായിരുന്ന റാം നരേഷ് യാദവിന്റെയും ഉറുദുകവിയായ കൈഫി ആസ്മിയുടെയും പ്രശസ്ത രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകയും ബോളിവുഡ് സിനിമനടിയുമായ ഷബാന ആസ്മിയുടെയുമൊക്കെ  ജന്മദേശം. അവിടെയാണ് അതിവിചിത്രമായ അവസ്ഥയില്‍ കുറെ മനുഷ്യര്‍. 'മൃതകന്മാര്‍' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ജോലിതേടിയോ മറ്റെന്തെങ്കിലും കാര്യത്തിനോ എപ്പോഴെങ്കിലും ഗ്രാമം വിട്ടുപോകുന്നവരാണ് തിരിച്ചുവരുമ്പോള്‍ മൃതകന്മാരാകുന്നത്. ലോക്പാലിന് കൈക്കൂലി കൊടുത്ത് റവന്യൂ റിക്കാര്‍ഡില്‍ ഇവര്‍ മരിച്ചു എന്ന് രേഖയുണ്ടാക്കുന്നു. ഇവരുടെ ഭൂമി മുഴുവന്‍ തട്ടിയെടുക്കുന്നു. ഇക്കൂട്ടര്‍  ജീവിച്ചിരിക്കുന്നതിന് പിന്നെ യാതൊരു തെളിവുമില്ല. ഇങ്ങനെ ആയിരക്കണക്കിന് മൃതകന്മാരാണ്. അസംഗഢിലുള്ളത്. അവര്‍ക്ക് സംഘടനയുണ്ട്. ലാല്‍ ബിഹാരി മൃതക് എന്നയാളാണ് ഇപ്പോള്‍ നേതാവ്. ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ മൃതകന്മാര്‍ പലതും ചെയ്യും. അറസ്റ്റ് ചെയ്താല്‍ രേഖയുണ്ടാവുമെന്നതിനാല്‍ അവര്‍ പലകുറ്റങ്ങളും ചെയ്യും. പക്ഷെ, പോലീസ് അവരെ അറസ്റ്റ് ചെയ്യില്ല.അറസ്റ്റ് ചെയ്യാനായി മൃതകന്മാര്‍ തന്നെ പോലീസിന് കൈക്കൂലി കൊടുക്കാറുണ്ട്. ആരാണ് ജീവിച്ചിരിക്കുന്നവന്‍ ആരാണ് മരിച്ചവന്‍ എന്നറിയാത്ത സ്വതന്ത്രഭാരതത്തിലെ ഒരു വിചിത്ര സമൂഹം. ജനനേതാക്കള്‍ സൗകര്യപൂര്‍വ്വം ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നു.

ഇവിടെയാണ് മഹാശ്വേതാദേവിയെപ്പോലുള്ള എഴുത്തുകാരുടെ പ്രസക്തി. തനിക്കു കിട്ടിയ പുരസ്‌ക്കാര തുക മുഴുവനും ജ്ഞാനപീഠവും മഗ്‌സാസെയുമുള്‍പ്പെടെ പിന്നോക്കകാര്‍ക്കും ആദിവാസികള്‍ക്കും ദാനം നല്‍കി ഏകാന്തമായ ലാളിത്യത്തിലേക്ക് ഒതുങ്ങി. മഹാശ്വേതയുടെ രോഷത്തില്‍ നിന്നും പാറി വീഴുന്ന തീപ്പൊരികള്‍ കൊണ്ട് ബംഗാളിലെ അധികാരമേടകള്‍ എരിഞ്ഞു പോകുന്നത് സമീപകാലങ്ങളില്‍ നാം കണ്ടതാണ്. തന്റെ രാജ്യത്തോടുള്ള കൂറും പച്ചയായ മനുഷ്യരോടുള്ള ആത്മാര്‍ത്ഥസ്‌നേഹവും- അതുകൊണ്ടാണ് 2006-ലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകോത്സവത്തില്‍ മഹാശ്വേത പ്രസംഗിച്ചപ്പോള്‍ വിദേശികള്‍ പോലും വിതുമ്പിക്കരഞ്ഞത്. രാജ്കപൂര്‍ ചിത്രത്തിലെ പ്രശസ്തമായ പാട്ടിന്റെ വരികള്‍ അവര്‍ ഓര്‍ത്തു: “മേരാ ജ്ജൂത്താ ഹെ ജപ്പാനി…” സത്യത്തില്‍ ഇത് ഷൂ ജപ്പാന്റെയും പാന്റ്‌സ് ബ്രിട്ടന്റെയും തൊപ്പി റഷ്യയുടെയും കാലമാണ്. പക്ഷെ, ഹൃദയം…ഹൃദയം എപ്പോഴും ഭാരതീയമാണ്. കീറിയതും ജീര്‍ണ്ണിച്ചതും പൊടിപുരണ്ടതുമാണ് എന്റെ രാജ്യം. മണ്‍കുടിലുകളും മണിസൗധങ്ങളും എന്റെ രാജ്യം. കന്യാകുമാരിയും കാഷ്മീറും കാളീ ക്ഷേത്രങ്ങളും ഉള്ള എന്റെ രാജ്യം. ഭക്തിയും ഭക്തിരാഹിത്യ പ്രത്യയശാസ്ത്രങ്ങളുമുള്ള എന്റെ രാജ്യം… എന്റെ രാജ്യം… വാക്കുകള്‍ മുറിഞ്ഞു പോയപ്പോള്‍ വിദേശികളുടെ മിഴികള്‍ നിറഞ്ഞു. ഇന്‍ഡ്യയുടെ എഴുത്തുകാരി ജന്മം കൊണ്ട് സ്പര്‍ശിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യം അവര്‍ അറിഞ്ഞു.

ഇവിടെ ആവശ്യം ഒരു സാംസ്‌കാരിക പരിവര്‍ത്തനമാണ്, ധാര്‍മ്മിക നവോദ്ധാനമാണ്. മുഴുവന്‍ ഹൃദയ വിശുദ്ധിയോടെ നമ്മുക്ക് ഒരാത്മ പരിശോധന നടത്താം. നമുക്ക് നമ്മളെ മനസ്സിലാക്കാന്‍…. അതൊരു തുടക്കമാകട്ടെ.
മൃതകന്മാര്‍ (ലേഖനം: പി.റ്റി.പൗലോസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക