Image

ടിപ്പു സുൽത്താൻ: വിശുദ്ധനോ ദുഷ്ടനോ? അവലോകനം (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 03 February, 2020
ടിപ്പു  സുൽത്താൻ: വിശുദ്ധനോ ദുഷ്ടനോ? അവലോകനം  (ജോസഫ് പടന്നമാക്കല്‍)
പ്രസിദ്ധ ധ്യാന ഗുരുവായ ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലിന്റെ ടിപ്പു സുല്‍ത്താനെപ്പറ്റിയും മുസ്ലിം സമുദായത്തെപ്പറ്റിയുമുള്ള പരാമര്‍ശം സോഷ്യല്‍ മീഡിയാകളില്‍ വിരുദ്ധ തരംഗങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. അതിന്റെ പേരില്‍ അച്ചനെതിരെ മാദ്ധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങളുമുണ്ടായി. ടിപ്പുവിനെപ്പറ്റിയുള്ള നിരവധി സത്യങ്ങളും അസത്യങ്ങളുമായുള്ള ചരിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തു.' നെല്ലും പതിരും തിരിച്ചറിയാന്‍ പാടില്ലാത്ത വിധമാണ് ഓരോരുത്തരും ഭാവനക്കനുസരിച്ച് ചരിത്രം എഴുതിവിടുന്നത്. സ്വന്തം പട്ടാളവുമായി രാജ്യ വിസ്തൃതി നടത്തിക്കൊണ്ടിരുന്ന ടിപ്പു സുല്‍ത്താനു വിശുദ്ധ പദവി നല്‍കേണ്ട ആവശ്യമുണ്ടോ? ആധുനിക ദേശീയതയുടെ ബിംബമായി സുല്‍ത്താനെ ചിലര്‍ പൂജിക്കുന്നു. ടിപ്പു ഒരു മുസ്ലിമെന്ന നിലയിലാണ് ചിലരുടെ ആരാധന. ക്രിസ്ത്യാനികളായ ഹിറ്റ്‌ലറേയും മുസ്സോളനിയെയും പുകഴ്ത്തിക്കൊണ്ട് നൂറുകണക്കിന് പുസ്തകങ്ങള്‍ ഗ്രന്ഥപ്പുരകളിലുണ്ട്. അതുകൊണ്ട് അവര്‍ ചെയ്ത ക്രൂരതകള്‍ക്ക് ചരിത്രം മാപ്പു നല്കണമെന്നില്ല. ടിപ്പുവിന് ഒരു ഇന്ത്യന്‍ ചരിത്ര പുരുഷനെന്നതില്‍ കൂടുതല്‍ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യ പകുതിയില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭീക്ഷണി അദ്ദേഹം മനസിലാക്കി. അതില്‍ കൂടുതലായി ദേശീയതയുടെ ബിംബം ടിപ്പുവിന് കല്പിക്കുന്നതെന്തിന്? ടിപ്പുവിനെ ഒരു സ്വാതന്ത്ര്യ യോദ്ധാവായി ചിത്രീകരിക്കാനും സ്വരാജ്യ സ്‌നേഹിയായി കരുതാനും മത മൗലിക വാദികള്‍ക്കു മാത്രമേ കഴിയുള്ളൂ.

ടിപ്പു സുല്‍ത്താന്‍ 1750 നവംബര്‍ ഇരുപതാംതീയതി ബാംഗ്ലൂരില്‍ ദേവന്‍ ഹള്ളി യില്‍ ഒരു മിലിറ്ററി ഓഫീസര്‍ ഹൈദരാലിയുടെയും ഭാര്യ 'ഫഖര്‍ അണ്‍ നിസ'യുടേയും മൂത്ത മകനായി ജനിച്ചു. മൈസൂറിന്റെ 'കടുവ' എന്നും വിളിച്ചിരുന്നു. അദ്ദേഹം കവിയും പണ്ഡിതനും പടയാളിയുമായിരുന്നു. സുല്‍ത്താന്റെ പൂര്‍വിക കുടുംബം പേര്‍ഷ്യയില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ എന്നനുമാനിക്കപ്പെടുന്നു. ബ്രിട്ടീഷുകാരോട് ശക്തിയായി പോരാടിയ ഒരു യോദ്ധാവാണ് ടിപ്പു സുല്‍ത്താന്‍. എങ്കിലും അദ്ദേഹം മതഭ്രാന്തനെന്നുള്ള സത്യം മറച്ചു വെക്കാന്‍ സാധിക്കില്ല. ഇന്നത്തെ മതേതരത്വ ചിന്തകളും ടിപ്പുവിന്റെ മതേതര ചിന്തകളും തമ്മില്‍ യാതൊരു വിധത്തിലും സാമ്യപ്പെടുത്താനും സാധിക്കില്ല

1761-ല്‍ ടിപ്പുവിന്റെ പിതാവായ ഹൈദരാലി മൈസൂറിന്റെ രാജാവായി. ഫ്രഞ്ച് സര്‍ക്കാരുമായി ഹൈദര്‍ ആലിക്ക് രാഷ്ട്രീയ സഖ്യം ഉണ്ടായിരുന്നു. ഫ്രഞ്ചുകാരില്‍ നിന്നാണ് ടിപ്പു മിലിറ്ററി ട്രെയിനിങ് കരസ്ഥമാക്കിയത്. തോക്കില്‍ വെടി വെക്കാനും വാള്‍പ്പയറ്റും കുതിര സവാരി പഠിപ്പിക്കാനും ടിപ്പുവിനു സമര്‍ഥരായ അദ്ധ്യാപകരുണ്ടായിരുന്നു. പതിനഞ്ചാം വയസില്‍ രണ്ടായിരം പട്ടാളക്കാരുമായി എത്തി മലബാറിലെ ഭരണാധികാരിയെ തടവുകാരനാക്കി. ടിപ്പുവിന്റെ വിജയകരമായ ആക്രമണ ശേഷം മലബാര്‍ രാജാവ് ഹൈദ്രാലിക്ക് കീഴടങ്ങി. ഹൈദരാലിയുടെ മിലിറ്ററി ഓഫീസറായിരുന്ന 'ഖാസി ഖാന്‍' ടിപ്പുവിനെ ആയുധാഭ്യാസം പഠിപ്പിച്ചു. മിലിട്ടറി വിദ്യാഭ്യാസം ടിപ്പുവിനെ നല്ല പട്ടാളക്കാരനും ജനറലുമാക്കി. 1782-ല്‍ ഹൈദരലി മരിച്ചു. ടിപ്പു മൈസൂരിന്റെ പുതിയ രാജാവായി. അദ്ദേഹം അപ്പനോടൊപ്പം രണ്ടു വിജയകരമായ ആംഗ്ലോ മൈസൂര്‍ യുദ്ധങ്ങള്‍ നയിച്ചു. ബ്രിട്ടീഷ് ശക്തികള്‍ രാജ്യത്തിന് ഏറ്റവും വലിയ ഭീക്ഷണിയായിരുന്നുവെന്ന് ടിപ്പുവിനറിയാമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്കെതിരെ വെല്ലുവിളിച്ച ഇന്ത്യയിലെ ചുരുക്കം ചില രാജാക്കന്മാരില്‍ ഒരാളാണ് ടിപ്പു. ആദ്യത്തെ രണ്ടു ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താന്‍ വിജയിച്ചിരുന്നു. സുല്‍ത്താന്റെ ക്യാബിനറ്റില്‍ 'ഗുഡു ഖാന്‍' എന്ന ഒരു മന്ത്രിയുണ്ടായിരുന്നു. നാലാം മൈസൂര്‍ ആംഗ്ലോ യുദ്ധത്തില്‍ ശ്രീ രംഗപട്ടണം പിടിച്ചെടുക്കുന്ന സമയങ്ങളില്‍ ടിപ്പുവിനെതിരെ ചാരപ്പണിചെയ്തു ചതിച്ചുകൊണ്ടിരുന്നു. അതുമൂലം യുദ്ധത്തില്‍ ടിപ്പു പരാജയപ്പെടുകയും ബ്രിട്ടീഷുകാര്‍ വിജയിക്കുകയും ചെയ്തു.

1750 മുതല്‍ 1799 വരെ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ ധീരനായ ഒരു പരാക്രമിയെന്നതില്‍ സംശയമില്ല. ഉശിരോടെ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. എന്നാല്‍ ടിപ്പു ഒരു വര്‍ഗീയ വാദിയായിരുന്നുവെന്ന പരമാര്‍ത്ഥത്തെ ലഘൂകരിക്കാന്‍ സാധിക്കില്ല. ആധുനിക മതേതര ചിന്തകളുമായി ടിപ്പുവിന്റെ ചിന്തകള്‍ക്ക് യാതൊരു സാമ്യവുമില്ല. അദ്ദേഹം ദേശീയ താല്പര്യത്തിനായി, പ്രതിരോധത്തിനായി പോരാടിയ ധീര ദേശാഭിമാനിയെന്നു പുതിയ ടെക്സ്റ്റുബുക്കുകളില്‍ ചേര്‍ത്തിരിക്കുന്നു. ആദ്യകാല ചരിത്രങ്ങളില്‍ ടിപ്പുവിനെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്ന ഒരു ക്രൂരനായും ബലം പ്രയോഗിച്ച് മുസ്ലിമുകളായി മതം മാറ്റിയ മതഭ്രാന്തനായും ചിത്രീകരിച്ചിരിക്കുന്നു. അങ്ങനെയുള്ള ഒരു ഭരണാധികാരിയെ സ്തുതി പാടേണ്ട ആവശ്യമുണ്ടോ? അതോ അദ്ദേഹം ഇന്നത്തെ വലതുപക്ഷ ചിന്താഗതിക്കാരുടെ ആശയ ദുഷ്പ്രചരണങ്ങള്‍ക്ക് ഇരയോ? കര്‍ണ്ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്റെ സ്മാരക ഉത്സവം കൊണ്ടാടുന്നതിനൊപ്പം ഇങ്ങനെ മില്യണ്‍ കണക്കിന് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതായുണ്ട്.

ടിപ്പുവിനെപ്പറ്റി വിവാദപരമായ, ചരിത്രത്തിനു നിരക്കാത്ത, ധാരാളം നുണക്കഥകള്‍ പ്രചരിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുക്കളും തങ്ങളുടെ യുക്തിയനുസരിച്ച് കഥകള്‍ നെയ്‌തെടുക്കുകയും ഒപ്പം വര്‍ഗീയത പൂശുകയും ചെയ്യുന്നു. 2013 -ല്‍ റിലീസായ ആമ്മേന്‍ എന്ന സിനിമയില്‍ ടിപ്പു സുല്‍ത്താന്‍ കുമരങ്കരി സുറിയാനി പള്ളിയെ ആക്രമിക്കുന്നതും ആ അവസരത്തില്‍ ഗീവര്‍ഗീസ് പുണ്യാളന്‍ നേരിട്ട് അവതരിച്ചു ടിപ്പുവിനെ ഓടിക്കുന്നതായുമുണ്ട്. വാസ്തവത്തില്‍ ടിപ്പു ആലുവാ പുഴയ്ക്കിക്കരെ കടന്നിട്ടില്ല. ഇത്തരം നെയ്‌തെടുത്ത കഥകള്‍ എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരിപ്പിക്കുന്നു. വോട്ടുബാങ്കാണ് ലക്ഷ്യം.

1960 വരെ ടിപ്പുവിനെ ഒരു ക്രൂര ഭരണാധികാരിയായി സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നു. പിന്നീടുവന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ മുസ്ലീമുകളെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് നേടാനായി ടിപ്പുവിനെ സ്വാതന്ത്ര്യ സമരയോദ്ധാവാക്കി ചിത്രീകരിക്കാനും തുടങ്ങി. ചരിത്രം ഓരോരുത്തരുടേയും മനോധര്‍മ്മം അനുസരിച്ച് വളച്ചൊടിച്ചിരിക്കുകയാണ്. ടിപ്പുവിന്റെ ചരിത്രത്തെ ചായം തേയ്ച്ചുകൊണ്ടു പുതിയ ചരിത്ര പുസ്തകങ്ങള്‍ പാഠപുസ്തകങ്ങളായി സ്‌കൂളുകളില്‍ പഠിപ്പിക്കാനും തുടങ്ങി. പൊടിപ്പും തൊങ്ങലുകളും വെച്ചുകൊണ്ടുള്ള ചരിത്രങ്ങളും കൂട്ടിച്ചേര്‍ത്തു. അതുവരെ ബ്രിട്ടീഷ് ചരിത്രകാരോടൊപ്പം ദേശീയ ചരിത്രകാര്‍ പോലും ടിപ്പുവിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചിരുന്നു. ചരിത്രം എന്നും യുദ്ധത്തില്‍ വിജയിക്കുന്നവരുടെ പക്ഷത്തായിരിക്കും. ഒരു പക്ഷെ ഹിറ്റ്‌ലര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഇന്നുള്ള ചരിത്രത്തിന്റെ ഗതി മറ്റൊരു വിധത്തിലാവുമായിരുന്നു.

ടിപ്പുവിന്റെ സൈനികരില്‍ നല്ല ഒരു ഭാഗം ഹിന്ദു സൈനികരായിരുന്നു. സൈന്യാധിപന്മാരും ഹിന്ദുക്കളായിരുന്നു. ആ സ്ഥിതിക്ക് ടിപ്പുവിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കാമോയെന്നും ചോദ്യങ്ങളുയരുന്നു. ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിമുകളായി മതപരിവര്‍ത്തനം നടത്തിയെന്നാണ് ഒരു വാദം. ഹൈദരാലിയും ടിപ്പുവും 80 കൊല്ലത്തോളം മൈസൂര്‍ ഭരിച്ചു. എങ്കിലും അവിടുത്തെ മുസ്ലിം ജനസംഖ്യ അഞ്ചു ശതമാനം മാത്രമേയുള്ളൂ. മലബാറില്‍ ഹിന്ദുക്കളെ 'ടിപ്പു' വെടിവെച്ചു കൊന്നുവെന്ന വാദം ശരിയാണെങ്കില്‍ അവിടെ ഹിന്ദുക്കള്‍ ആരുംതന്നെ അവശേഷിക്കില്ലായിരുന്നു. മലബാറില്‍ ഭൂരിഭാഗവും ഇന്നും ഹിന്ദുക്കള്‍ തന്നെയാണ്.

ബ്രിട്ടീഷ് ചരിത്രങ്ങളില്‍ ടിപ്പു ഒരു മതപീഡകനായിട്ടാണ് അറിയപ്പെടുന്നത്. യുദ്ധത്തില്‍ തോറ്റ ടിപ്പുവിന്റെ മരണത്തെ സാധുകരിക്കാന്‍ 'ടിപ്പു' മതപീഡകനായിരുന്നുവെന്നു ബ്രിട്ടീഷുകാര്‍ വിളംബരം നടത്തിയതാകാം! എന്നാല്‍ സ്വാതന്ത്ര്യ ശേഷം ചരിത്രം തിരുത്തിയെഴുതി ടിപ്പു ഒരിക്കലും മതങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നുമാക്കി. ടിപ്പുവിനെതിരെ പ്രവര്‍ത്തിച്ചവരെ ടിപ്പു ശിക്ഷിച്ചിട്ടുണ്ടെന്നും അത് മതപരമായ പീഡനമായിരുന്നില്ലെന്നും മതപരമായി പീഡിപ്പിച്ചുവെന്ന കഥ തെറ്റായ വസ്തുതകളെന്നും പ്രാചീന ചരിത്രങ്ങളെ ഖണ്ഡിച്ചുകൊണ്ട് ചരിത്രം പുതുക്കിയെഴുതുകയുമുണ്ടായി. ആംഗ്ലോ മൈസൂര്‍ യുദ്ധകാലങ്ങളില്‍ തന്നെ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ ഒരു ഭീകര ജീവിയായി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. യുദ്ധ തടവുകാരെ നിര്‍ദ്ദയം കൊന്നുവെന്നും സ്ഥാപിച്ചു. മറ്റൊന്നും ചിന്തിക്കാതെ ടിപ്പുവിനെ എതിര്‍ക്കുന്നവര്‍ ടിപ്പുവിനെ ഒരു ഭീകരനായി കാണാനും തുടങ്ങി. നായന്മാരുടെയിടയിലും ക്രിസ്ത്യാനികളുടെയിടയിലും ഭീകരനായ ഒരു ടിപ്പുവിനെപ്പറ്റി ശക്തമായ ഒരു ചിത്രമുണ്ടായിരുന്നു.

1923 -ല്‍ ഭാഷാപോഷിണിയില്‍ സുപ്രസിദ്ധ ചരിത്രകാരനും ജേര്‍ണലിസ്റ്റുമായ സര്‍ദാര്‍ കെ.എം. പണിക്കര്‍ എഴുതിയ, 'ടിപ്പു വില്ലനോ നായകനോ' എന്ന തലവാചകത്തിലുള്ള കുറിപ്പുകള്‍ താഴെ കുറിക്കുന്നു.

1. 1788-മാര്‍ച്ച് 22 ന് അബ്ദുല്‍ ഖാദറിനു ടിപ്പു എഴുതിയത്, '12000 ഹിന്ദുക്കള്‍ ഇസ്ലാം മതം സ്വീകരിച്ചു. അവരില്‍ നമ്പൂതിരി ബ്രാഹ്മണന്മാരും ഉണ്ടായിരുന്നു. മറ്റുള്ള ദേശവാസികളായ ഹിന്ദുക്കളെ ഇസ്ലാം മത പരിവര്‍ത്തനത്തിനായി താങ്കളുടെ മുമ്പില്‍ കൊണ്ടുവരുന്നതായിരിക്കും. ഇസ്ലാം മതത്തില്‍ ചേരാനായി ബ്രാഹ്മണരെ ഒഴിവാക്കുന്നതല്ലായിരിക്കും'.

2. 1788 ഡിസംബര്‍ പതിനാലാം തിയതി ടിപ്പു പട്ടാള സേനാധിപതിയ്ക്ക് എഴുതി: 'എന്റെ രണ്ടു അനുയായികളെ 'മിര്‍ ഹുസൈന്‍ ആലി' യോടൊപ്പം അയക്കുന്നു. അവരുടെ സഹായത്തോടെ നിങ്ങള്‍ എല്ലാ ഹിന്ദുക്കളെ പിടിക്കുകയും വധിക്കുകയും ചെയ്യണം. 20 വയസില്‍ താഴെയുള്ളവരെ ജയിലില്‍ അടക്കണം. ബാക്കി 5000 പേരെ മരത്തിന്റെ മുകളില്‍ കെട്ടി തൂക്കണം. ഇത് എന്റെ ആജ്ഞയാണ്'.

3. 1790 ജനുവരി പതിനെട്ടാം തിയതി സെയ്ദ് അബ്ദുല്‍ ദുലൈയ്ക്ക് എഴുതി, 'കോഴിക്കോടു വാസികള്‍ ഹിന്ദുക്കള്‍ മുഴുവനായി തന്നെ ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്തു. ഇസ്ലാമിനെ നിലനിര്‍ത്താനുള്ള വിശുദ്ധ യുദ്ധമായി കരുതുന്നു'.

മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകളിലുള്ള കുറ്റകൃത്യങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കാത്തതാണ്. ഇത്രമാത്രം ജനങ്ങളെ കൊന്ന ഈ ഭീകരന്റെ പാപക്കറകള്‍ ഒരിക്കലും മായ്ക്കാന്‍ കഴിയില്ല. 1923-ലാണ് ടിപ്പു സുല്‍ത്താന്റെ ഉദ്ധരണികള്‍ മുഴുവന്‍ പ്രസിദ്ധീകരിച്ചത്. അക്കാലം വരെയും ടിപ്പു സുല്‍ത്താനെ പ്പറ്റി വിവാദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്നുള്ള പ്രസിദ്ധകരണത്തില്‍ സംശയാസ്പദമായ ചേതോവികാരം ആരും രേഖപ്പെടുത്തിയുമില്ല. ടിപ്പു സുല്‍ത്താന് ആദരവു നല്‍കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രതിക്ഷേധം കാണുന്നത് കൂര്‍ഗിലാണ്. മതത്തിന്റെ പേരില്‍ ടിപ്പു നടത്തിയ നിഷ്ടുരതകള്‍ നടന്നതും ഈ പ്രദേശങ്ങളിലാണെന്നു കരുതുന്നു. രാജ്യ വിസ്തൃതിക്കുവേണ്ടിയായിരുന്നില്ല അവിടെയെല്ലാം പീഡനം അഴിച്ചുവിട്ടിരുന്നത്. സാംസ്‌ക്കാരിക മാറ്റങ്ങള്‍ക്കും മതപരമായ പരിവര്‍ത്തനങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഇസ്ലാം അല്ലെങ്കില്‍ മരണം എന്ന നയമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. ടിപ്പു അമ്പലങ്ങള്‍ നശിപ്പിക്കുന്നതില്‍ ലക്ഷ്യമിട്ടിരുന്നു. 40000 കൂര്‍ഗികളെ കൊന്നുവെന്നും അരലക്ഷം ജനങ്ങളെ മതം മാറ്റിയെന്നും ചരിത്രകാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ടിപ്പുവിന്റെ മതഭ്രാന്തില്‍ ക്രിസ്ത്യാനികളും ബലിയാടായിരുന്നു. ഒരു പോര്‍ട്ടുഗീസ് യാത്രികനായിരുന്ന ബര്‍ട്ടോലോമിയോ 1790-ല്‍ എഴുതി, (ഈസ്റ്റ് ഇന്‍ഡീസ് യാത്ര) 'ടിപ്പു ആനപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന് പിന്നാലെ 30000 പട്ടാളക്കാരുമുണ്ടായിരുന്നു. കോഴിക്കോടുള്ള ഭൂരിഭാഗം സ്ത്രീ പുരുഷന്മാരെ തൂക്കിലേറ്റി. അമ്മമാരുടെ കഴുത്തില്‍ കെട്ടി കുഞ്ഞുങ്ങളെയും കൊന്നിരുന്നു. ബാര്‍ബേറിയനായ ടിപ്പു സുല്‍ത്താന്‍ നഗ്‌നരായ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ആനകളുടെ കാലുകളില്‍ കെട്ടി ചവുട്ടി മെതിച്ചിരുന്നു. അമ്പലങ്ങളും പള്ളികളും കത്തിച്ചു നശിപ്പിക്കാന്‍ ആജ്ഞയും കൊടുത്തിരുന്നു.' 'ഫ്രാന്‍കോയിസ് ഫിഡല്‍ റിപോഡ് ഡി മോണ്‍ടൗഡ്വേര്ഡ്' എന്ന ഫ്രഞ്ച് പട്ടാളക്കാരന്‍ മൗറീഷ്യസില്‍നിന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പുവിനെ സഹായിക്കാന്‍ മൈസൂറില്‍ വന്നുവെന്നും എഴുതപ്പെട്ടിട്ടുണ്ട്. ടിപ്പുവിന്റെ ക്രൂരപ്രവര്‍ത്തികള്‍ അടങ്ങിയ ഒരു ഡോക്യുമെന്റ് 1988-ല്‍ പാരീസില്‍ നിന്നും കണ്ടു കിട്ടി. അതില്‍ എഴുതിയിരിക്കുന്നത് 'നിഷ്‌കളങ്കരായ ഹിന്ദുക്കളോട് സുല്‍ത്താന്‍ ചെയ്യുന്ന ക്രൂരതയില്‍ ഞാന്‍ അസന്തുഷ്ടനാണ്. എന്നെ വളരെയധികം വേദനിപ്പിക്കുന്നു. മാംഗ്ലൂര്‍ പിടിച്ചെടുത്തപ്പോള്‍ ടിപ്പുവിന്റെ പട്ടാളക്കാര്‍ ബ്രാഹ്മണരുടെ തലകള്‍ വെട്ടുന്നത്, ദിനം പ്രതിയുള്ള കാഴ്ചകളായിരുന്നു.' അക്കാലത്ത് കോഴിക്കോട് ബ്രാഹ്മണരുടെ ഒരു കേന്ദ്രമായിരുന്നു. ഏകദേശം 7000 ബ്രാഹ്മണ കുടുംബങ്ങള്‍ അവിടെ ജീവിക്കുന്നുണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടം കാരണം അവരില്‍ 2000 ബ്രാഹ്മണ കുടുംബങ്ങള്‍ ഇല്ലാതായി. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇല്ലാതാക്കി. (Outlook, The Tyrant Diaries)

1960 കള്‍ക്കു ശേഷം ചരിത്ര പുസ്തകങ്ങളില്‍ ടിപ്പു ഒരു മനുഷ്യ സ്‌നേഹിയായി അവതരിച്ചു. മലബാറില്‍ താണ ജാതിക്കാര്‍ മാറു മറയ്ക്കാതെ നടന്നപ്പോള്‍ മാറു മറയ്ക്കാനുള്ള തുണിയുടെ ചെലവുകള്‍ ഖജനാവില്‍ നിന്നും നല്‍കാമെന്നു ടിപ്പു മലബാറിലെ അദ്ദേഹത്തിന്റെ കാര്യസ്ഥനു കത്തെഴുതിയെന്നു സോഷ്യല്‍ മീഡിയാകളില്‍ നിന്നും അറിയുന്നു. അങ്ങനെയുള്ള ജാതീയ ആചാരങ്ങള്‍ നീക്കം ചെയ്യണമെന്നും ടിപ്പു ഉപദേശിച്ചു. അതിനു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ത്രീകള്‍ മാറു മറയ്ക്കണമെന്ന ഉത്തരവ് നല്‍കുന്നത്. ടിപ്പു സുല്‍ത്താന്റെ പതിനേഴു മന്ത്രിമാര്‍ ബ്രാഹ്മണരായിരുന്നുവെന്നും മഹാരാഷ്ട്ര സൈന്യം മൈസൂരിലെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ പുതുക്കി പണിയാനും ഒപ്പം നിരവധി അമ്പലങ്ങള്‍ പണിയാനും ടിപ്പു സാമ്പത്തിക സഹായം നല്‍കിയെന്നും നവ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. അദ്ദേഹം വര്‍ഗീയ വാദിയായിരുന്നുവെങ്കില്‍ ഹൈദ്രബാദ് നൈസാമിനോട് യുദ്ധം ചെയ്യില്ലായിരുന്നുവെന്നും യുക്തികള്‍ നിരത്തുന്നു. തടവുകാരുടെ ഭാര്യമാരോട് മാന്യമായി പെരുമാറിയിരുന്നുവെന്നും അവര്‍ക്കെല്ലാം സ്വര്‍ണ്ണ നാണയങ്ങള്‍ കൊടുത്തുകൊണ്ട് ഇനി മൈസൂര്‍ രാജ്യത്ത് ആക്രമിക്കാന്‍ ഭര്‍ത്താക്കന്മാരോടു വരരുതെന്നും ടിപ്പു ഉപദേശിച്ചിരുന്നതായും പറയപ്പെടുന്നു.

പുതിയ കഥകള്‍കൊണ്ട് ടിപ്പുവിന്റെ ചരിത്രം ഒരു ദേശാഭിമാനിയുടെ ചരിത്രമായി മാറി. വാസ്തവത്തില്‍ ടിപ്പു സുല്‍ത്താന്‍ ഒരു ദേശീയനോ സ്വാതന്ത്ര്യ യോദ്ധാവോ ആയിരുന്നില്ല. അദ്ദേഹം വെറും ഒരു രാജാവ് മാത്രമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന മൈസൂര്‍ ഭരണാധികാരി മതേതരനെന്നും മതവാദിയെന്നും വ്യത്യസ്തമായുള്ള വിവാദങ്ങള്‍ ചരിത്രകാരുടെയിടയിലുണ്ട്. ടിപ്പു സുല്‍ത്താനെപ്പറ്റി ധാരാളം കെട്ടുകഥകളും ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്. നാം ഇന്നു വസിക്കുന്ന ആധുനിക ലോകവും ടിപ്പുവിന്റെ ലോകവും വ്യത്യസ്തമായ ചിന്താഗതികളടങ്ങിയ കാലഘട്ടങ്ങളാണ്. ഒരു ഹിന്ദുരാജ്യത്തിലെ മുസ്ലിം ഭരണാധികാരിയെന്ന നിലയില്‍ എതിര്‍ത്തവരെ അദ്ദേഹം പീഡിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള വര്‍ഗീയത പ്രചരിക്കാന്‍ തുടങ്ങിയത്. അതിന്റെ പരിണിതഫലങ്ങള്‍ ഇന്നും ഇന്ത്യയില്‍ നിഴലിച്ചുകൊണ്ടിരിക്കുന്നു. അത് ചരിത്രപരമായ ടിപ്പുവുമായി യാതൊരു ബന്ധവുമില്ല.


1792 നു ശേഷം ടിപ്പു വളരെ ധര്‍മ്മനിഷ്ഠയും ദൈവഭക്തിയുമുണ്ടായിരുന്ന രാജാവായിരുന്നുവെന്നു ചരിത്രം രചിച്ചിരിക്കുന്നു. കാരണം, അദ്ദേഹം ദൈവത്തെ ഭയപ്പെടാന്‍ തുടങ്ങി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മുസ്ലിമുകള്‍ അല്ലാത്തവരോടെല്ലാം അദ്ദേഹം നീതിപൂര്‍വം പെരുമാറിക്കൊണ്ടിരുന്നു. 1792-ലെ മൂന്നാം ആംഗ്ലോ യുദ്ധത്തിന് ശേഷം ലജ്ജാകരവും അപമാനകരവുമായ ഒരു ഉടമ്പടിയില്‍ ടിപ്പുവിന് ഒപ്പു വെക്കേണ്ടി വന്നു. അതിന്റെ ഫലമായി രാജ്യവിസ്തൃതിയുടെ വലിയൊരു ഭാഗം ഉപേക്ഷിക്കേണ്ടി വന്നു. യുദ്ധക്കടം വീട്ടാനായി രണ്ടു മക്കളെ ശത്രുക്കള്‍ ബന്ദിയാക്കി. പണം വീട്ടുന്നവരെ ജാമ്യമായി പിടിച്ചുകൊണ്ടു പോയി. ഇത് അതി ഭീകരമായ നടപടിയായിരുന്നു. ഇതെല്ലാം ടിപ്പുവിനെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുകയും ദൈവത്തിന്റെ കോപം ടിപ്പു നേടിയെന്നു ചിന്തിക്കുകയും ചെയ്തിരിക്കാം. ടിപ്പുവിനുണ്ടായിരുന്ന ഭീക്ഷണി രാജ്യത്തിനുള്ളില്‍ നിന്നായിരുന്നില്ല. പുറമെനിന്നുള്ള ബ്രിട്ടീഷുകാര്‍ ശത്രുക്കളില്‍ നിന്നായിരുന്നു.

'ടിപ്പു' മതേതരത്വത്തില്‍ വിശ്വസിച്ചിരുന്ന ഭരണാധികാരിയെന്നു ആധുനിക ചരിത്ര രചയിതാക്കള്‍ പുസ്തകത്താളുകളില്‍ കുറിച്ചിരിക്കുന്നു. അദ്ദേഹം മത സ്ഥാപനങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് രാജ്യവിസ്തൃതിക്കും രാഷ്ട്രീയ ഉദ്ദേശ്യത്തിനുമായിരുന്നുവെന്നാണ് വാദം. വാസ്തവത്തില്‍, ആധുനിക കാലത്തുള്ള മതേതരത്വം പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്നില്ല. ടിപ്പു ജീവിച്ചിരുന്നതായ കാലഘട്ടത്തില്‍ അന്ധമായ മതവിശ്വാസം പുലര്‍ത്തിയിരുന്നു. മതത്തിന്റെ സ്വാധീനമില്ലാതെ അന്ന് വ്യക്തികള്‍ക്കും സമൂഹത്തിനും നിലനില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. ടിപ്പു എന്ന ഭരണാധികാരി എടുത്ത തീരുമാനങ്ങള്‍ പ്രായോഗികവും രാഷ്ട്രീയ പ്രേരിതവും രാജ്യതാല്പര്യത്തിനുമായിരുന്നു. അതുതന്നെയാണ് പിന്നീട് മതേതരത്വ ചിന്താഗതിയായി രൂപാന്തരപ്പെട്ടതും. മറ്റെല്ലാ ഭരണാധികാരികളെപ്പോലെ അദ്ദേഹം ഭൂമിയും മറ്റു വസ്തുക്കളും എല്ലാ മതവിഭാഗങ്ങള്‍ക്കും വിശ്വാസികള്‍ക്കും സൗജന്യമായി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജ്യത്തിലെ പ്രജകള്‍ സങ്കട സൂചകമായി ദുഃഖാചാരണങ്ങള്‍ നടത്തിയിരുന്നു. ബ്രിട്ടീഷുകാരേക്കാള്‍ അദ്ദേഹത്തിന്റെ ഭരണം ജനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും കരുതണം.

ടിപ്പുസുല്‍ത്താനുമുമ്പ് ഫ്യൂഡല്‍ വ്യവസ്ഥിതിയിലുള്ള മാടമ്പിമാരും നാടുവാഴികളും മലബാറിനെ ഭരിച്ചിരുന്നു. ജാതീയ അടിസ്ഥാനത്തില്‍ ഭരണം നിര്‍വ്വഹിച്ചിരുന്നു. ചിതറിക്കിടന്ന മലബാറില്‍' ഒരു കേന്ദ്രീകൃത ഭരണകൂടം സ്ഥാപിച്ചത് ടിപ്പു സുല്‍ത്താനാണ്. ജന്മിമാര്‍ക്കും മാടമ്പിമാര്‍ക്കും രാജാക്കന്മാര്‍ പരിചരണം ചെയ്യണമെന്നുള്ള ദിനചരിയെ മാറ്റിയത് ടിപ്പുവാണ്. ഭൂനികുതി നടപ്പാക്കി നികുതി പിരിക്കാന്‍ ആരംഭിച്ചു. രാജ്യത്തെ ബന്ധിപ്പിക്കുന്ന ഗതാഗതം കൊണ്ടുവന്നു. ടിപ്പുവിന്റെ കാലത്ത് പല പരിഷ്‌കാരങ്ങളും നടപ്പാക്കി. പുതിയ നാണയങ്ങള്‍ ഇറക്കി. ലൂണാര്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ഭൂമിക്ക് പുതിയ നികുതി വ്യവസ്ഥ നടപ്പാക്കി. മൈസൂരില്‍ സില്‍ക്ക് വ്യവസായം ആരംഭിച്ചു. തെക്ക് കൃഷ്ണ നദി മുതല്‍ കിഴക്കന്‍ പര്‍വത നിരകള്‍ വരെയും അറബിക്കടല്‍ തീരം വരെയും അദ്ദേഹത്തിന്റെ രാജ്യം വ്യാപിച്ചു കിടന്നിരുന്നു. ഫ്രഞ്ചുകാരുടെ അഭ്യര്‍ത്ഥന അനുസരിച്ച് അദ്ദേഹം മൈസൂരില്‍ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി പണിതു കൊടുത്തു. ഫ്രഞ്ചുകാരുടെ സഹായത്തോടെ ടിപ്പു ബ്രിട്ടീഷുകാരോട് പോരാടി.

'കര്‍ണാടക ഹൈക്കോര്‍ട്ടിലെ ചീഫ് ജസ്റ്റിസ് മുക്കര്‍ജി 2016-ല്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനോട് ചോദ്യം ചെയ്യുകയുണ്ടായി. ടിപ്പു ഒരു സ്വാതന്ത്ര്യ സമര സേനാനിയല്ല, ഒരു ചക്രവര്‍ത്തിയായിരുന്നു. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനും സാമ്രാജ്യം വിസ്തൃതമാക്കാനും എതിരാളികളോടു പൊരുതി. ടിപ്പു ജയന്തിമൂലം എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് 'കൊടഗിലും' മറ്റുപ്രദേശങ്ങളിലും സമുദായ ലഹളകള്‍ ഉണ്ടാവുകയും ചെയ്തു. ലഹളയുടെ ഫലമായി ഏതാനും മരണങ്ങളും ഉണ്ടായി. ചരിത്ര പുരുഷനായ ടിപ്പുവിന്റെ ജയന്തി ആഘോഷങ്ങളില്‍ പങ്കുകൊള്ളാതെ മുഖ്യമന്ത്രീ കുമാരസ്വാമി മാറി നിന്നു. കൂടാതെ കുമാരസ്വാമി ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൃഷിക്കാര്‍ വരള്‍ച്ച മൂലം രാജ്യം മുഴുവന്‍ കഷ്ടപ്പെടുമ്പോള്‍ ഇങ്ങനെയൊരു ആഘോഷം അനാവശ്യ ചെലവാണെന്നും അതുമൂലം സമുദായ വിദ്വേഷം മാത്രമേ വളര്‍ത്താന്‍ സാധിക്കുകയുള്ളുവെന്നും ടിപ്പു ജയന്തി ആഘോഷിക്കുന്നതിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനു തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പു സുല്‍ത്താനെ കന്നഡ ഭാഷയുടെ പരിപോഷകന്‍ എന്ന് പുകഴ്ത്താറുണ്ട്. എന്നാല്‍ ഒരു ചരിത്ര ഗവേഷകനെ സംബന്ധിച്ചിടത്തോളം അത് ശുദ്ധ അസംബന്ധം ആണ്. ടിപ്പുവിന്റെ സമകാലീക ചരിത്രകാരനായ 'കിര്‍മോണി'യുടെ ഉദ്ധരണിയില്‍ നിന്നും 'കര്‍ണാടക ചരിത്ര അക്കാദമി ചെയര്‍മാന്‍ 'ഡോക്ടര്‍ സൂര്യനാഥ് കമത്ത്' ഉദ്ധരിച്ചിരിച്ചിരിക്കുന്നത് '1792-ല്‍ 'പേര്‍ഷ്യന്‍' ഭാഷയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ട് ടിപ്പു ഒരു ഉത്തരവ് പുറപ്പെടുവിച്ചു'വെന്നാണ്. (2006 -ഡെക്കാന്‍ ഹെറാള്‍ഡ്) . കന്നഡ ഭാഷയോട് അദ്ദേഹത്തിന് അമിത താല്പര്യമില്ലായിരുന്നുവെന്ന തെളിവാണിത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ അദ്ദേഹം ശൂരത കാണിച്ചതിന് ക്രഡിറ്റ് കൊടുക്കണം. എന്നാല്‍ അദ്ദേഹം കാണിച്ച തെറ്റുകളും ക്രൂരതകളും അതിലും കൂടുതല്‍ കര കവിയുന്നു. ഇന്ത്യയുടെ മഹത്തായ ചരിത്രത്തില്‍ ഒരു അടിക്കുറിപ്പ് കൊടുക്കുവാന്‍ മാത്രമേ അദ്ദേഹത്തിനു യോഗ്യതയുള്ളൂ. മതഭ്രാന്ത് മൂത്ത ഒരു ഭരണാധികാരിയെന്ന നിലയില്‍ വ്യക്തമായ തെളിവുകള്‍ ഉള്ള സ്ഥിതിക്ക് അങ്ങനെയുള്ള ഒരു ടിപ്പുസുല്‍ത്താനെ വ്യക്തിപരമായി ആദരിക്കേണ്ട ആവശ്യമില്ല.മതസൗഹാര്‍ദ്ദം കാംക്ഷിക്കുന്ന ഇന്നത്തെ കാലത്ത് ടിപ്പുവിനെ പോലെ അസഹിഷ്ണ്തയുള്ള ഒരാളെ ദേശീയ ബിംബമായി പ്രതിഷ്ഠിക്കുന്നതും വിരോധാഭാസം സൃഷ്ടിക്കുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി 'യെദിയൂരപ്പ' വിവാദപുരുഷനായ ടിപ്പു സുല്‍ത്താന്റെ ചരിത്രം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്നും നീക്കം ചെയ്യുമെന്നും അറിയിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ഈ ഭരണാധികാരി സ്വാതന്ത്ര്യ സമര യോദ്ധാവായിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

read also



ടിപ്പു  സുൽത്താൻ: വിശുദ്ധനോ ദുഷ്ടനോ? അവലോകനം  (ജോസഫ് പടന്നമാക്കല്‍)ടിപ്പു  സുൽത്താൻ: വിശുദ്ധനോ ദുഷ്ടനോ? അവലോകനം  (ജോസഫ് പടന്നമാക്കല്‍)ടിപ്പു  സുൽത്താൻ: വിശുദ്ധനോ ദുഷ്ടനോ? അവലോകനം  (ജോസഫ് പടന്നമാക്കല്‍)ടിപ്പു  സുൽത്താൻ: വിശുദ്ധനോ ദുഷ്ടനോ? അവലോകനം  (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
ക്രിസ്ത്യാനി 2020-02-03 09:10:25
ക്രിസ്ത്യാനികൽ കൂട്ടക്കൊല ഒന്നും നടത്താത്ത പുണ്യവാളന്മാരല്ല. പക്ഷെ അത് നുറ്റാണ്ടുകൾക്ക് മുൻപായിരുന്നു. അതിൽ നിന്ന് ക്രിസ്തവർ മുന്നോട്ടു പോയി. പക്ഷെ മുസ്ലിമുകൾ ഇന്നും അവിടെ തന്നെ നിൽക്കുന്നു. അതാണ് പ്രശനം ക്രിസ്ത്യാനികൾ ഇന്ന് വിശ്വാസത്തിന്റെ പേരിൽ പരസ്പരം കൊല്ലുന്നുണ്ടോ? ഇല്ല. മുസ്ലിംകളോ? ഇന്നും സുന്നി-ഷിയാ പ്രശനം തീർന്നിട്ടില്ല
കാപ്പിപൊടി ചരിത്രം 2020-02-03 09:47:12
ക്രിസ്തിയാനികൾ കൂട്ട ക്കൊലയെ അടുത്ത കാലത്തു നിർത്തിയുള്ളു. പക്ഷേ ഇപ്പോൾ ചെയ്യുന്നത് അനേകരെ ഒറ്റക്കും ചെറിയ കൂട്ടമായും കൊല്ലുക എന്നത് ആണ്. അമേരിക്കയിലെ വെള്ളക്കാരിലെ തീവ്രവാദികൾ ക്രിസ്ടിയാനികൾ ആണ്. കേരളത്തിലെ പല പുരോഹിതരും കൊലപ്പുള്ളികൾ ആണ്. അവരെ രക്ഷിക്കാൻ ആണ് വിശ്വസികളുടെ നേർച്ച പണം സഭ ഉപയോഗിക്കുന്നത്. മുസ്ലീമുകളും കുലപാതകർ തന്നെ. അറേബ്യായിലെ കൊള്ളക്കാരുടെ മതം ആയി ഇസ്ലാം തുടർന്നാൽ; അവർ തന്നെ അവരുടെ അവസാനം തിരഞ്ഞെടുക്കുന്നു. ഇസ്ലാമിലെ വിവരം ഉള്ളവർ മുന്നോട്ടു വന്നാൽ കുലപാതകർ ഓടി മറയും. കാപ്പിപൊടി വളിപ്പന്‍ ചരിത്രം വിളമ്പിയാല്‍ കൂടുതല്‍ കോലാഹലം മാത്രമേ ഉണ്ടാവു.
Sudhir Panikkaveetil 2020-02-03 12:12:59
ചരിത്ര സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോൾ അവധാനത പുലർത്തേണ്ടതുണ്ട്. പണ്ഡിതനായ ശ്രീ പാടന്നമാക്കലിന്റെ ലേഖനങ്ങൾ എല്ലാം തന്നെ വസ്തുനിഷ്ഠമായി അപഗ്രഥനം ചെയ്തിട്ടുള്ളവയാണ്. സ്വന്തം അഭിപ്രായങ്ങൾ സുധീരം രേഖപ്പെടുത്താനും അദ്ദേഹത്തിന് മടിയില്ല. ഇന്ത്യയുടെ മഹത്തായ ചരിത്രത്തില്‍ ഒരു അടിക്കുറിപ്പ് കൊടുക്കുവാന്‍ മാത്രമേ അദ്ദേഹത്തിനു യോഗ്യതയുള്ളൂ. മതഭ്രാന്ത് മൂത്ത ഒരു ഭരണാധികാരിയെന്ന നിലയില്‍ വ്യക്തമായ തെളിവുകള്‍ ഉള്ള സ്ഥിതിക്ക് അങ്ങനെയുള്ള ഒരു ടിപ്പുസുല്‍ത്താനെ വ്യക്തിപരമായി ആദരിക്കേണ്ട ആവശ്യമില്ല. മാർക്ക് ട്വൈൻ എഴുതി. "The very ink with which history is written is merely fluid prejudice. അതുകൊണ്ട് പൂർണമായി ചരിത്രത്തിൽ വിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ ജീവിച്ചിരിക്കുന്നവർ അറിഞ്ഞാൽ കുഴപ്പങ്ങൾ കുറയും. പഴയ കാര്യങ്ങൾ പറഞ്ഞു കലാപങ്ങൾ സൃഷ്ടിക്കുന്നതിൽ എന്ത് ഫലം. നല്ല ലേഖനം എഴുതിയ ശ്രീ പടന്നമാക്കൽ സാറിനു അഭിനന്ദനം.
കണ്ണില്‍ പൊടി ഇടും കാപ്പിപൊടി 2020-02-03 13:10:57
ഇസ്ലാം വിരോധം എന്ന വണ്ടിയില്‍ ചാടി കയറുന്നവര്‍ Alex Kaniamparambil കാപ്പിപ്പൊടിപ്രവണത ഫാ കാപ്പിപ്പൊടിയെ എല്ലാവരും വളഞ്ഞിട്ടാക്രമിക്കുന്നു. വൈദികരുടെയിടയിൽ നല്ലവരായി ആരുമില്ല എന്ന് വിശ്വസിക്കുന്ന എനിക്ക് അതൊരു മനോഹരമായ അനുഭവമാണ്. എങ്കിലും ഒരു മുന്നറിയിപ്പ് തരാതെ വയ്യ. കേരള കത്തോലിക്കാസഭ ഈ കാരിസ്മാറ്റിക്ക് ധ്യാനപ്രസ്ഥാനത്തെ ആദ്യം സംശയത്തോടെ കണ്ടു, പിന്നെ തള്ളിപ്പറഞ്ഞു. കാലം മുന്നോട്ടു ചെന്നപ്പോൾ, പക്ഷെ അവരെക്കൊണ്ടുള്ള പ്രയോജനം അധികാരികൾക്ക് മനസിലായി. സോഷ്യൽ മീഡിയ ആവിര്ഭവിച്ചതോടെ എല്ലാവരുടെയും കൈയിൽ മൈക്കായി. അതുവരെ അൾത്താരയിൽ നിന്ന് വിളിച്ചുപറയുന്നതായിരുന്നു അവസാനവാക്ക്. സോഷ്യൽ മീഡിയയുടെ മുന്നിൽ സഭ പകച്ചുനിന്നു. അവർക്കുണ്ടായ സംഭ്രമം നിസ്സാരമായിരുന്നില്ല. അപ്പോഴാണവർ ധ്യാനക്കുറുക്കന്മാരുടെ പ്രയോജനം മനസിലാക്കിയത്. കുഞ്ഞാടുകൾ ധ്യാനത്തിന്റെ വലയിൽ പെട്ടു. അവരെ ഏതുതരത്തിലും ചിന്തിപ്പിക്കാനും, ചിന്തിപ്പിക്കാതിരിക്കാനുമുള്ള ശേഷി കുറുക്കന്മാർക്കുണ്ടായി. റോബിൻ, കൊക്കൻ, പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ കുഞ്ഞാടിന് ഇടർച്ചയുണ്ടാകാതെ നോക്കേണ്ടത് കുറുക്കന്മാരുടെ കടമയായി. ആ കടമ നിർവഹിച്ചില്ലെങ്കിൽ അവരുടെ വിളിയാട്ടം അവസാനിപ്പിക്കാൻ സഭാധികാരികൾക്ക് സാധിക്കുമെന്ന് നല്ലവണ്ണം അറിയാവുന്ന കുറുക്കന്മാർ ആ ജോലി ഭംഗിയായി ചെയ്തുപോന്നു. എല്ലാം ഭദ്രം. കാര്യങ്ങൾ ഭംഗിയായി നീങ്ങുമ്പോഴാണ് മോഡി അവതരിക്കുന്നത്. വിമോചനസമരത്തോടെ പള്ളിപ്പേടിയുണ്ടായ ഇടതുപക്ഷത്തെ പോലെയല്ല മോഡി എന്നവർ തിരിച്ചറിഞ്ഞു. പേടിപ്പിച്ചാൽ പേടിക്കുന്ന ജനുസ്സിൽ പെട്ടതല്ല മോഡിയെന്നും പേടിപ്പിക്കാൻ നോക്കിയാൽ എട്ടിന്റെ പണി കിട്ടുമെന്നും മനസിലാക്കാൻ വേണ്ട ബുദ്ധിയൊക്കെ സഭാമേലാളന്മാർക്കുണ്ട്. മോഡിയെ സുഖിപ്പിക്കുകയെന്ന ജോലി കുറുക്കന്മാരെ ഏല്പിച്ചു. ആ ചൂടുപായസം വാരിയ പാവമാണ് കാപ്പിപ്പൊടി. മെത്രാന്മാരുടെ ഭാവപ്പകർച്ച തുടർന്നു കാണുക. വെള്ള നൈറ്റി മാറിയവർ താമസിയാതെ കാവി നൈറ്റി ധരിക്കും.. അവരുടെ സമ്പത്ത് സംരക്ഷിക്കാൻ അവർ എന്തു വേഷവും കെട്ടും.
George 2020-02-03 19:09:54
ശ്രി ജോസഫ് പടന്നമാക്കൽ പതിവുപോലെ നല്ലൊരു ലേഖനം, നന്ദിയും അഭിനന്ദനങ്ങളും. ഒരു മൈക്കും നാലാളെയും മുന്നിൽ കിട്ടിയാൽ എന്ത് വിഡ്ഢിത്തരങ്ങളും പറഞ്ഞു ആളുകളെ രസിപ്പിക്കുന്ന ഒരു ഉടായിപ്പാണ്‌ കാപ്പിപ്പൊടി അച്ചൻ, എതിർത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പരസ്പ്പരം ആളുകൾ അടികൂടുന്ന ഈ അവസരത്തിൽ തന്നെ ഇത് പ്രസിദ്ധീകരിച്ചതു നന്നായി.
A.P. Kaattil. 2020-02-04 11:32:55
ചരിത്രം എന്നത് എഴുതുന്നവന്റെ താല്പര്യങ്ങൾക്കനുസരിച്ച് വളവും തിരിവും കുറച്ചൊക്കെ ഉണ്ടാവും. നിരീശ്വരവാദി ചരിത്രത്തെ വ്യാഖ്യാനിക്കുമ്പോൾ ചോദ്യങ്ങൾ നിരത്തി മതങ്ങളേയും അതിന്റെ പ്രയുക്താക്കളേയും പ്രതിസ്ഥാനത്തു നിർത്താനായിരിക്കും താല്പര്യപ്പെടുക. ഓർത്തഡോക്സ് കാരൻ ചരിത്രമെഴുതുമ്പോൾ കത്തോലിക്കനായിരിക്കും പ്രതിസ്ഥാനത്ത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം പുരോഹിതരെന്ന് അവർ അടിവരയിട്ടു പറയും. ഇതിലൊന്നും പെടാത്ത ചില പണ്ഠിതർ വിശ്വാസികളെ കുറിച്ച് രേഖപ്പെടുത്തുന്നത് വാലാട്ടി പട്ടികൾ എന്നാണ്. ഇവിടെ ടിപ്പു സുൽത്താൻ ചിലർക്ക് ധീര ദേശാഭിമാനിയാണ്, മറ്റു ചിലർക്ക് ഭീകരനാണ്, ഒരു കൂട്ടർക്ക് മത സംരക്ഷകനാണ്. ചരിത്രം പറഞ്ഞ് പുതു തലമുറ തമ്മിലടിക്കുമ്പോൾ നാം എങ്ങോട്ടാണു നീങ്ങുന്നത്? ചരിത്രം പറഞ്ഞ് ആശയ അധിനിവേശത്തിൽ വംശീയ കലാപത്തിലേക്കോ? വെറുപ്പിന്റെ അപ്പസ്തോലന്മാരും, വിദ്യേഷത്തിന്റെ പ്രചാരകരും ആകാതെ സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന സന്മനസുകളുടെ ശബ്ദമായിരിക്കട്ടെ നമ്മുടെ സോഷ്യൽ മീഡിയ എന്ന് ആശംസിക്കുന്നു.
Converted is a Victim 2020-02-04 12:23:11
BJP is spreading Islamic Hatred, don't jump into the Wagon. The Converter whoever they are, they are not Hero. The Converted is a victim. History is 'His-story'= story written according to the author or his sponsor. Conversion in any form is evil. We have to see the converted as a victim. The religion they got converted to may be foreign but just because their religion is foreign, they too are not foreign. North Indian & North Kerala Muslims are not foreign, they were Indians, that is the truth. BJP knows very well most Muslims are converted Indians. So, treat them the same way the rest of the people are treated. Anything other than that is religious discrimination. -andrew
വിദ്യാധരൻ 2020-02-04 12:23:13
'സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ' സാമൂഹം ആകുന്ന എതൻ തോട്ടത്തിൽ നുഴഞ്ഞു കയറിയ മതപാമ്പുകളെ പിടികൂടി തല തല്ലി ചതയ്ക്കണം, അല്ലാതെ ഫ്രാങ്കോയെയും , കാപ്പിപ്പൊടിയെയും ഒക്കെ അവരുടെ വഴിക്ക് അഴിഞ്ഞാടാൻ വിട്ടുകൊണ്ടല്ല അത് നിർവഹിക്കുന്നത് 'കാട്ടിൽ' കയറി പാമ്പിനെയും തേളിനെയും ഒക്കെ പിടിക്കുവാനുള്ള അധികാരം ഞങ്ങൾക്ക് നിങ്ങളുടെ ദൈവം തന്നിട്ടുണ്ട് "പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല." (ലുക്ക് 10 -19 )
Joseph 2020-02-04 16:41:04
അഭിപ്രായങ്ങൾ എഴുതിയവർക്കെല്ലാം നന്ദി. ആൻഡ്രൂസ് , ജോർജ്, വിദ്യാധരൻ തുടങ്ങിയ വായനക്കാരുടെ പ്രിയങ്കരരായവരുടെയും പ്രതികരണങ്ങളിൽ സന്തോഷിക്കുന്നു.ശ്രീ പണിക്കവീട്ടിൽ പറഞ്ഞപോലെ മതഭ്രാന്തു മൂത്ത ഒരു ഭരണാധികാരിയെ ബിംബങ്ങൾ ഉണ്ടാക്കിയും സ്തൂപങ്ങൾ ഉണ്ടാക്കിയും ആരാധിക്കേണ്ട ആവശ്യമില്ല. ശ്രീ എ.പി. കാട്ടിൽ എഴുതിയ വസ്തുതകളും സത്യമാണ്. ചരിത്രം വളച്ചൊടിച്ചുകൊണ്ട് ഗോഡ്‌സെയെ വിശുദ്ധനാക്കുവാൻ ശ്രമിക്കുന്ന കാലമാണ്. ഗാന്ധിജിയുടെയും ഗോഡ്‌സേയുടെയും വിശുദ്ധ ഗ്രന്ഥം ഗീത തന്നെയായിരുന്നു. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലം ടിപ്പുവിനെ ഒരു ക്രൂരനായിട്ടാണ് ചിത്രീകരിച്ചിരുന്നത്. പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകളും കോൺഗ്രസും ടിപ്പു എന്ന സാമ്രാജ്യ മോഹിയെ ദേശീയ വാദിയാക്കി. ചരിത്രത്തിന്റെ ഒരു വശം മാത്രം കൂട്ടിച്ചേർത്തു ചരിത്രമെഴുതുന്നവരാണ് കൂടുതലും. ടിപ്പുവും ഹൈദരാലിയും ഫ്രഞ്ചുകാരുടെ സഖ്യമായിരുന്നു. ബ്രിട്ടീഷുകാർക്ക് കച്ചവടം മാത്രമാണ് ലക്ഷ്യമായിരുന്നെങ്കിൽ ഫ്രഞ്ചുകാരുടെ ഉദ്ദേശ്യം കച്ചവടവും മതപരിവർത്തനവും ആയിരുന്നു. ഫ്രഞ്ചുകാർ ടിപ്പുവിന്റെയും ഹൈദ്രാലിയുടെയും മൈസൂർ സൈന്യത്തെ പാശ്ചാത്യ വൽക്കരിച്ചതുകൊണ്ട് പകരം നൽകിയതാണ് മൈസൂരിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയം. അത് വർഗീയ വാദിയായ ടിപ്പുവിന്റെ മതസഹിഷ്ണത ആയിരുന്നില്ല. അതുപോലെ ടിപ്പു ഹിന്ദുക്കളുടെ അമ്പലങ്ങൾ നന്നാക്കി കൊടുത്തുവെന്നും ചരിത്രം പ്രചരിപ്പിക്കുന്നു. മറാത്തി മുസ്ലിം പട മൈസൂറിനെ ആക്രമിച്ചപ്പോൾ ഹിന്ദുക്കൾ ടിപ്പുവിനെ സഹായിച്ചു. മറാത്തികൾ അമ്പലങ്ങൾ തകർത്തു. ഹിന്ദുക്കൾ രാജ്യത്തെ സഹായിച്ചതിനു പകരമായി ടിപ്പു അവരുടെ അമ്പലങ്ങൾ നന്നാക്കി കൊടുത്തു. ടിപ്പു രാജ്യവിസ്തൃതി നടത്തിയിടത്തെല്ലാം ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയിരുന്നുവെന്ന് വ്യക്തമായ തെളിവുകളുമുണ്ട്. നാടു മുഴുവൻ കടക്കെണിയിലും വരൾച്ചമൂലം കൃഷിക്കാർ കഷ്ടപ്പെടുമ്പോഴും രാഷ്ട്രീയക്കാർക്കും മതമൗലിക വാദികൾക്കും ചത്തുപോയ ഏകാധിപതിയുടെ സ്മരണകൾ നിലനിർത്താൻ, സ്ഥൂപങ്ങൾ ഉണ്ടാക്കാൻ പണം കണ്ടെത്തണം. സാംസ്‌കാരികമായും സാമൂഹികമായും നമ്മുടെ നാട് ഇനിയും വളരേണ്ടിയിരിക്കുന്നു.
Johny 2020-02-04 19:20:11
ഇരുന്നൂറു കൊല്ലം munpu ഈ നാട്ടിൽ എന്ത് നടന്നു എന്ന് അറിയാത്ത പുരോഹിതർ രണ്ടായിരം കൊല്ലം മുൻപ് പലസ്തീൻ എന്ന നാട്ടിൽ നടന്നതൊക്കെ നേരിട്ട് കണ്ടപോലെ യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിടും. അത് അപ്പാടെ വിഴുങ്ങുന്ന വിശ്വാസികൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക