ഇലക്ഷൻ ദിവസം രാവിലെ ഇ.പി. ജയരാജന്റെ പുസ്തകത്തിലെ ചില പേജുകൾ ചോർന്നുവത്രെ. ഇ.പി. പറയുന്നത് താൻ പുസ്തകം എഴുതി കൊണ്ടിരിക്കുന്നേ ഉള്ളൂ എന്നാണ്. ഡി.സി. ബുക്സ് പറയുന്നത് പുസ്തക പ്രസാധനം കുറച്ച് ദിവസത്തേക്ക് നീട്ടി വച്ചു എന്നും. തന്റെ പുസ്തകത്തിന്റെ ഒരുപേജ് പോലും ഡി.സി. ക്ക് കൊടുത്തിട്ടില്ല എന്നാണ് ജയരാജൻ വാദം. എഴുതാത്ത പുസ്തകത്തിന്റെ, കൊടുക്കാത്ത പേജിന്റെ പ്രസാധനം നടത്തുന്ന ഡി.സി. ഇവിടെ പ്രസാധകരാണോ ഇ.പി. യാണോ തമാശ പറയുന്നത് എന്നറിയാതെ ജനം.
ആത്മകഥാ വിവാദത്തിൽ പാർട്ടി ഇ.പി. യെ ആണ് വിശ്വസിക്കുന്നത് എന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ്. കട്ടൻ ചായക്ക് പകരം ഹോർലിക്‌സോ ബൂസ്റ്റോ, പരിപ്പുവടക്ക് പകരം ബിരിയാണിയോ മതിയായിരുന്നു എന്നൊരു ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണ് പാർട്ടിക്കുള്ളത്. പുസ്തകം എഴുതി തീർന്നില്ല എന്ന് ഇ.പി. പറഞ്ഞ സ്ഥിതിക്ക് ഈ തിരുത്തലുകൾ വരുത്തുവാൻ ഇനിയും സമയമുണ്ട്. എന്തായാലും മലയാള സാഹിത്യത്തിൽ ആദ്യമായിട്ടായിരിക്കും എഴുതാത്ത പുസ്തകത്തിന്റെ കവർ പേജിന് ഇത്രയധികം പ്രചാരം കിട്ടുന്നത്. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നാണ് ഡി.സി.ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി ജയരാജൻ പത്രക്കാരോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥിരമായി എന്താ ജയരാജന്റെ മാവിൽ മാത്രം ഇങ്ങനെ മാങ്ങകൾ ഉണ്ടാവുന്നത് എന്നത് മാത്രം പിടികിട്ടുന്നില്ല പാർട്ടിക്ക് . വിവാദങ്ങൾക്കിടെ നാളെ എൽ.ഡി.എഫിന് വേണ്ടി പ്രചാരണം നടത്താൻ ഇ.പി. പാലക്കാട് എത്തുമത്രേ. ഇത് കേട്ട് പി. സരിന്റെ ഹൃദയമിടിപ്പ് കൂടി എന്ന് കേൾക്കുന്നു, പ്രചാരണത്തിനിടയിൽ വീണ്ടും മാവിൽ മാങ്ങകൾ ഉണ്ടായാലോ.
എ.ഡി.എം ന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് പ്രശാന്തന്റെ മൊഴിയെടുത്തു. തനിക്ക് രണ്ട് ഒപ്പുണ്ടെന്നും കൈക്കൂലി ആരോപണത്തിലെ ഒപ്പ് തന്റേത് തന്നെയാണ് എന്നുമാണത്രെ പ്രശാന്തൻ പറഞ്ഞത്. രണ്ടാമത്തെ ഒപ്പ് സർവീസ് സെന്ററിൽ ആയിരുന്നതിനാൽ ഉപയോഗിക്കാറില്ല, കുറച്ച് ദിവസം മുന്നെയാണ് വർക്ക് ഷാപ്പിൽ നിന്നും സർവീസ് കഴിഞ്ഞ് രണ്ടാമത്തെ ഒപ്പ് ഇറങ്ങിയത്.
കൊടകര കുഴല്പണക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ സർക്കാർ മാറ്റി. എല്ലാവർക്കും അവസരം കൊടുക്കുക എന്നതാണ് ഈ സർക്കാരിന്റെ ഒരു നയം. 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അന്വേഷണത്തിൽ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കിട്ടുന്ന അപേക്ഷകളെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കുന്നതാണ്.