Image
Image

'നരോദപാട്യ കൂട്ടക്കൊല ... കൊടും ഹിന്ദുത്വ ഭീകരൻ ബാബു ബജ്രംഗി…എമ്പുരാൻ പറയുന്ന രാഷ്ട്രീയം തികച്ചും അപ്രതീക്ഷിതമായി'

Published on 27 March, 2025
'നരോദപാട്യ കൂട്ടക്കൊല ... കൊടും ഹിന്ദുത്വ ഭീകരൻ  ബാബു ബജ്രംഗി…എമ്പുരാൻ പറയുന്ന  രാഷ്ട്രീയം തികച്ചും അപ്രതീക്ഷിതമായി'

സിനിമാ പ്രേമികളുടെ കൈയടിക്കും വിമർശകരുടെ വാക്ശരങ്ങൾക്കുമൊപ്പം വ്യത്യസ്ഥ തരത്തിലുള്ള വിലയിരുത്തലുകളും 'എമ്പുരാനെ'ക്കുറിച്ച് വരുന്നുണ്ട്. അതിലൊന്നാണ് സാമൂഹിക പ്രവര്‍ത്തകയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിന്‍കരയുടേത്. സിനിമ പറയുന്ന രാഷ്ട്രീയം തികച്ചും അപ്രതീക്ഷിതമാണെന്ന് ശ്രീജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കേരളത്തിനു മേല്‍ പതിയെ പടര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭീതിയുടെ നേര്‍ക്കാഴ്ച കൂടിയാണ് എമ്പുരാന്‍. കഥ തുടങ്ങുന്നത് ഉത്തരേന്ത്യയില്‍നിന്നാണ്. കൃത്യമായി പറഞ്ഞാല്‍ ഗുജറാത്തിലെ ഗോധ്ര കലാപത്തിന്റെ ഓര്‍മപ്പെടുത്തലുകളുള്ള ഫ്രെയിമുകളിലൂടെ.

ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്ലീം വംശഹത്യയായ ഗുജറാത്ത് വംശഹത്യയേയും, കൊടും ഭീകരന്‍ ബാബു ബജ്രംഗിയേയും, രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ട് വന്ന് നിര്‍ത്തിയിരിക്കുകയാണ് ‘എമ്പുരാന്‍’ ശ്രീജ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


‘എമ്പുരാന്‍’ ഫസ്റ്റ് ഷോ കാണുക എന്നത് പൃഥ്വിരാജ് ഫാനായ തുമ്പിക്കുട്ടിയുടെ ആഗ്രഹമായിരുന്നു. അവളുടെ ആഗ്രഹം മാത്രം പരിഗണിച്ചാണ് ജീവിതത്തിലൊരിക്കലും ഒരു മോഹന്‍ലാല്‍ സിനിമ ഫസ്റ്റ് ഷോ കാണാത്ത ഞാന്‍ തിരുവനന്തപുരം ‘ശ്രീ’ യില്‍ നിന്ന് രാവിലെ 6 മണിക്കുള്ള ഫസ്റ്റ് ഷോ കാണാന്‍ തീരുമാനിച്ചത്. ‘ഹോമി’യിലെ മാനേജരും, വാര്‍ഡനും മോഹന്‍ലാല്‍ ഫാന്‍സ് ആയത് കാരണം അവരേയും ഒപ്പം കൂട്ടി.

ഹിന്ദുത്വ ഭീകരന്‍ ബാബു ബജ്രംഗിയിലേക്ക്, അഥവാ ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്ലീം വംശഹത്യയുടെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ‘എമ്പുരാന്‍’ എന്ന മുരളി ഗോപി – പൃഥ്വിരാജ് – മോഹന്‍ലാല്‍ – മഞ്ജു വാര്യര്‍ ചിത്രം.

എപ്പോഴോ ‘ലൂസിഫര്‍’ സിനിമ ടി വിയില്‍ കണ്ട ഓര്‍മ്മയുള്ളത് കൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കാതെ ഉദാസീനതയോടെ വെറുതേ സ്‌ക്രീനിലേക്ക് നോക്കിയിരുന്നു.

ടൈറ്റില്‍ സോംഗിലെ വിഷ്വല്‍സ് കണ്ട് ഗുജറാത്ത് കലാപമാണല്ലോ എന്ന് ആശ്ചര്യപ്പെട്ടു. തുടര്‍ന്ന് ‘2002 INDIA ‘എന്ന് സ്‌ക്രീനില്‍ തെളിയുമ്പോള്‍ സത്യത്തില്‍ കൗതുകം തോന്നി … തീരേ പ്രതീക്ഷിക്കാത്ത രാഷ്ട്രീയ ചരിത്രമതാ സ്‌ക്രീനില്‍ തെളിയുന്നു ..നരോദപാട്യ കൂട്ടക്കൊല .. കൊടും ഹിന്ദുത്വ ഭീകരന്‍ ബാബു ബജ്രംഗി…

36 സ്ത്രീകളും, 26 പുരുഷന്മാരും, 35 കുട്ടികളും ഉള്‍പ്പെടുന്ന 97 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത നരോദപാട്യ കൂട്ടക്കൊലയുടെ ആസൂത്രകന്‍, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബാബു ബജ്രംഗിയുടെ, ഹിന്ദുത്വ ഭീകരന്മാര്‍ കുഴിച്ചു മൂടാനാഗ്രഹിക്കുന്ന വംശഹത്യയുടെ ചരിത്രമതാ മുന്നില്‍ തെളിയുന്നു.. നരോദപാട്യ കൂട്ടക്കൊല നടത്തിയ ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ ഭീകരന്‍ ബാബു ബജ്രംഗിയായതാ അഭിമന്യു സിംഗ് സ്‌ക്രീനില്‍ തകര്‍ത്താടുന്നു…

ഹിന്ദുത്വ ഭീകരതയെ എക്കാലവും അകറ്റി നിര്‍ത്തിയ കേരളത്തില്‍ ഭരണം പിടിക്കാന്‍ ഭരണ വര്‍ഗ പാര്‍ട്ടിയുടെ നേതാക്കളെ വലവീശി പിടിച്ച് സംഘപരിവാര്‍ നടത്തുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍, സംഘ പരിവാറിലേക്കൊഴുകുന്ന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍.. പ്രതികരിക്കുന്ന പ്രതിപക്ഷ നേതാക്കളെ വിലങ്ങണിയിക്കുന്ന ഫാസിസ്റ്റ് ഭീകരത.. സിനിമ ഹിന്ദുത്വ ഭീകരതയെ അഡ്രസ് ചെയ്ത് മുന്നോട്ട് നീങ്ങുകയാണ്….

വയലന്‍സ് ഒരിക്കലും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഞാന്‍ ബാബു ബജ്രംഗിയെന്ന കൊടും ഭീകരനോട് പ്രതികാരം ചെയ്യുന്ന, വംശഹത്യയുടെ ഇരയായ പൃഥ്വിരാജിന്റെ കഥാപാത്രം സയിദ് മസൂദിന്റെ മുഖ ഭാവങ്ങളെ നോക്കിയിരുന്നു. ബാബു ബജ്രംഗിയെന്ന കൊടും ഭീകരന് സിനിമയില്‍ സംഭവിച്ചത് യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടതായിരുന്നുവെന്ന് ആഗ്രഹിച്ചുകൊണ്ടാ പക വീട്ടലിനെ ഞാന്‍ ആസ്വദിച്ചു….

ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്ലീം വംശഹത്യയായ ഗുജറാത്ത് വംശഹത്യയേയും, കൊടും ഭീകരന്‍ ബാബു ബജ്രംഗിയേയും, രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ട് വന്ന് നിര്‍ത്തിയിരിക്കുകയാണ് ‘എമ്പുരാന്‍’… കൂടെ കേരളത്തില്‍ ഹിന്ദുത്വ ഭീകരതയെ വാഴിക്കില്ലെന്നൊരു രാഷ്ട്രീയ സന്ദേശവും…

സംഘ പരിവാറിനെ ഒരു മോഹന്‍ലാല്‍ സിനിമ അസ്വസ്ഥപ്പെടുത്തുന്നു എന്നതൊരു നിസാര രാഷ്ട്രീയമല്ലല്ലോ…

‘എമ്പുരാന്‍ ‘ സകലതും തികഞ്ഞൊരു പൊളിട്ടിക്കല്‍ സിനിമയല്ല എങ്കിലും പറയുന്നു, എമ്പുരാന്‍ ഹിന്ദുത്വ കാലത്തെ ഒരു പൊളിട്ടിക്കല്‍ സിനിമയാണ്…. കാരണം ആ സിനിമ ഓര്‍മ്മപ്പെടുത്തുന്നത് ഫാസിസം കുഴിച്ചു മൂടാന്‍ ആഗ്രഹിക്കുന്ന ഒരു വംശഹത്യയുടെ ചരിത്രമാണ്.

ശ്രീജനെയ്യാറ്റിന്‍കര

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക