കാമുകനുമൊത്ത്
യാത്രപോകാൻ
പാമ്പുവിഴുങ്ങാത്ത,
കോണികളില്ലാത്ത
വഴികാണിക്കാമോ?
സാധാരണ
കാൽചുവട്ടിലെ
മണ്ണിലേക്കാണ്
മണിക്കൂറുകൾ
യാത്രചെയ്യാറുള്ളത്.
കറുത്ത,
ചുവന്ന
ഉറുമ്പുകളെവരെ
എണ്ണിത്തീർത്തു
മടങ്ങിപ്പോരും.
കടൽത്തീരത്തേക്ക്
പോകാറേയില്ല
തിരകളും
മണൽത്തരികളും
എണ്ണിത്തീർന്നാൽ
എന്തുചെയ്യുമെന്ന്
സുനാമിത്തിരകൾ
ഉള്ളുലച്ചുകളയും.
ആഗ്രഹമുണ്ടെങ്കിലും
മലമുകളിലേക്ക്
പോകാറില്ല കേട്ടോ.
ആരുവഴുതിയാലും
രണ്ടു കവിതകൾ
കൊക്കയിൽവീഴും.
പെൺകുരുവികളെ
അമ്മക്കിളി
കൊക്കിലൊതുക്കുന്ന
വയലോരത്തെ
തൂക്കണാംകുരിവിക്കൂടും
നഗരവെയിലിലുണങ്ങി
നരച്ചുപോയോരച്ഛന്റെ
പ്രതീക്ഷച്ചുമരുകളുള്ള,
ഡയാലിസിസ് വീടും.
യാത്രയ്ക്കൊരു
വഴിയുണ്ടോ മനുഷ്യരേ?
ആകാശമുറ്റത്തു
കളിവീടുകെട്ടി
ബാല്യത്തിന്റെ
തണുപ്പുമാത്രം
തൊട്ടുവരാൻ
അപ്പൂപ്പൻതാടി-
യാത്രയ്ക്കൊരു
വഴിമാത്രമേ വേണ്ടൂ;
പാമ്പും കോണിയും
ഇല്ലാത്തൊരെണ്ണം.