വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എം.മോഹനൻ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' മാർച്ച് 14ന് ഒടിടിയിൽ എത്തുമെന്നായിരുന്നു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ മനോരമ മാക്സ് പ്രഖ്യാപിച്ചത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പറഞ്ഞ സമയത്ത് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് മനോരമ മാക്സ്.
കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ, പെണ്ണ് അന്വേഷിച്ച് നടന്ന് കുഴയുന്ന മമ്പറത്ത് ജയേഷ് എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.
നിഖില വിമൽ, യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിത മധു, വര്‍ഷ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ബാബു ആന്റണി, പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും എം.മോഹനനും ഒന്നിച്ച ചിത്രമാണിത്. രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. സംഗീതം ഗുണസുബ്രഹ്മണ്യം. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രത്തിന്റെ നിർമാണം.