ഇല്ലിനോയി : 2025 മാർച്ച് 30 ഞായറാഴ്ച ഇല്ലിനോയിയിലെ സ്കോക്കിയിലുള്ള നോർത്ത് ഷോർ ഹോളിഡേ ഇന്നിൽ മുസ്ലീങ്ങൾ ഈദ്-ഉൽ-ഫിത്തർ ആഘോഷിക്കാൻ ഒത്തുചേർന്നു. കാലാവസ്ഥ മോശമായിരുന്നെങ്കിലും അതൊന്നും ആഹ്ലാദത്തിന്റെ മാറ്റുകുറച്ചില്ല. ബിസിനസുകാർ, വ്യവസായികൾ, രാഷ്ട്രീയക്കാർ, ഡോക്ടർമാർ എന്നിങ്ങനെ നാനാവിഭാഗത്തിലുള്ളവരുടെ കുടുംബങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുമയുടെ ആഘോഷം സ്വപ്നതുല്യമാക്കി.
സ്ത്രീകളും പെൺകുട്ടികളും വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്, കൈകളിൽ മൈലാഞ്ചിമൊഞ്ചോടെ അണിനിരന്നു. കൈകളിൽ അലങ്കരിച്ചു, ഉത്സവാന്തരീക്ഷം വർദ്ധിപ്പിച്ചു. ഉസ്താദ് ഒമർ ലത്തീഫ് (രാവിലെ 9:00), ഇമാം മാലിക് മുജാഹിദ് (രാവിലെ 10:00), മുഫ്തി സൽമാൻ പട്ടേൽ (രാവിലെ 10:45) എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനകൾ വികാരഭരിതമായിരുന്നു. ആഘോഷത്തിന്റെ ഊർജ്ജവും ഉത്സാഹവും ഊഷ്മളതയും അതിൽ പ്രതിഫലിപ്പിച്ചു. ഇത് ഈദ് ഒത്തുചേരലിനെ അവിസ്മരണീയവും ഹൃദയസ്പർശിയുമാക്കി മാറ്റി.
കമ്മ്യൂണിറ്റി നേതാവും എഫ്‌ഐഎ മുൻ പ്രസിഡന്റുമായ ഇഫ്തിഖർ ഷെരീഫ്, ദാനധർമ്മത്തിന്റെ പ്രാധാന്യവും റമദാനിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.ഒരുവന്റെ സമ്പാദ്യത്തിലെ 2.5% സക്കാത്ത് എന്ന പേരിൽ ദാനം ചെയ്യുന്നത് ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭമാണെന്നും ദൈനംദിന പ്രാർത്ഥനകൾ, ഉപവാസം, ഹജ്ജ് എന്നിവ പോലെ തന്നെ അത്യാവശ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അമേരിക്കൻ സർക്കാരിനോടും നേതൃത്വത്തോടും അഗാധമായ നന്ദി പ്രകടിപ്പിക്കാനും ഷെരീഫ് ഈ അവസരം ഉപയോഗിച്ചു.
രാജ്യം നൽകുന്ന അവസരങ്ങളെയും സമാധാനത്തെയും സമൃദ്ധിയെയും കുറിച്ചദ്ദേഹം വാചാലനായി. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നിൽ(അമേരിക്ക) ജീവിക്കാൻ ഭാഗ്യമുണ്ടായി എന്നാണ് അദ്ദേഹം പരാമർശിച്ചത്. നീതി, ഐക്യം, സൗഹാർദ്ദം എന്നിവ ഉയർത്തിപ്പിടിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഷെരീഫ് ഓർമ്മപ്പെടുത്തി. ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് പരിപാടി റിപ്പോർട്ട് ചെയ്തതിനും അതിന്റെ പ്രാധാന്യം കൂടുതൽ പേരുമായി പങ്കുവെച്ചതിനും അദ്ദേഹം നന്ദി പറഞ്ഞു. "ഇന്തോ-അമേരിക്കൻ സൗഹൃദം നീണാൾ വാഴട്ടെ, ജയ് ഹിന്ദ്!" എന്ന് പറഞ്ഞുകൊണ്ട് ശക്തമായ ഇന്തോ-അമേരിക്കൻ ബന്ധങ്ങൾക്കായി ഷെരീഫ് പ്രത്യാശ പ്രകടിപ്പിച്ചു.
കുടുംബം, ആരോഗ്യം, വിശ്വാസം എന്നിങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരായിരിക്കാൻ ഇമാം മാലിക് മുജാഹിദ് തന്റെ പ്രഭാഷണത്തിലൂടെ വിശ്വാസികളെ ഓർമ്മിപ്പിച്ചു. റമദാൻ വ്രതം മാത്രമല്ല, ആത്മീയ നവീകരണവും അച്ചടക്കവും ആത്മനിയന്ത്രണവും പകരുന്നു എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖുർആനിലെ ഒരു വാക്യം എങ്കിലും ദിവസവും വായിച്ച് മനസ്സിലാക്കാൻ അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു.പലസ്തീൻ, മധ്യ ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ മുസ്ലീങ്ങളുടെ പോരാട്ടങ്ങളിലേക്കും അദ്ദേഹം ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു, നീതിക്കുവേണ്ടി നിലകൊള്ളാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും സമൂഹത്തെ പ്രേരിപ്പിച്ചു. സർവ്വശക്തൻ എല്ലാ അടിച്ചമർത്തലുകളും കാണുന്നുണ്ടെന്നും , മാറ്റത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം എല്ലാവരെയും ഓർമ്മിപ്പിച്ചു.
അമേരിക്ക പോലെ വൈവിധ്യമാർന്ന സമൂഹത്തിൽ ഈദ് വെറുമൊരു ഉത്സവമല്ല, ഐക്യത്തിന്റെ പ്രതീകമാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ വാർഷിക ഒത്തുചേരലിനും ഈദ് പ്രാർത്ഥനകൾക്കുമായി ഹോളിഡേ ഇൻ ഹോട്ടലിന്റെ ഇടം നൽകിയ ആസാദ് ലഖാനിയുടെ വിശാലമനസ്സിനും അദ്ദേഹം നന്ദി അറിയിച്ചു. ആഘോഷം സുഗമമായി നടത്താൻ വോളന്റിയർമാർ വഹിച്ച പങ്ക് അഭിനന്ദിക്കുകയും ചെയ്തു.