മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെയും വിചാരണ ചെയ്യാൻ അനുമതി. വീണയെയും സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയെയും ബോർഡ് അംഗങ്ങളെയും വിചാരണ ചെയ്യാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ.എഫ്.സി.ഒക്ക് അനുമതി നൽകിയത്. സാമ്പത്തിക ക്രമക്കേടിന് പത്ത് വർഷം തടവ് ലഭിക്കാവുന്ന കേസുകളാണ് വീണ അടക്കമുള്ള പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.
സി.എം.ആറിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും വീണയും എക്സ ലോജിക്കും രണ്ട് കോടി എഴുപത്ത് ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തൽ. സേവനമില്ലതെ പണം കൈപറ്റിയതിനാണ് വീണക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. വിചാരണക്ക് അനുമതി കിട്ടിയതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി വഴി ഇനി വിചാരണ നടപടികൾ തുടരും.