യുഎസിൽ 30 ദിവസത്തിലധികം താമസിച്ച രേഖകളില്ലാതെ വന്നവർ റജിസ്റ്റർ ചെയ്യാൻ ഫെഡറൽ ഗവൺമെന്റ് അനുവദിച്ച സമയം കഴിയുന്നു. ഏലിയൻ റജിസ്‌ട്രേഷൻ ആക്ട് അനുസരിച്ചു റജിസ്റ്റർ ചെയ്യാൻ ഏപ്രിൽ 11 (പ്രാദേശിക സമയം) വരെയാണ്.
തയാറാകാത്തവർ അറസ്റ്റും പിഴയും ജയിൽ വാസവും നാടുകടത്തലും നേരിടേണ്ടി വരുമെന്നു വൈറ്റ് ഹൗസ് താക്കീതു നൽകി. "അനുസരിക്കാതിരിക്കുന്നത് പിഴയും തടവും അല്ലെങ്കിൽ രണ്ടും ലഭിക്കാവുന്ന കുറ്റമാണ്," വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു. "നിങ്ങളെ അറസ്റ്റ് ചെയ്യാം, നാടു കടത്താം. ഈ രാജ്യത്തേക്ക് ഒരിക്കലും തിരിച്ചു വരാനും കഴിയില്ല."
രണ്ടാം ലോകയുദ്ധകാലത്തു നില നിന്നിരുന്നതാണ് ലീവിറ്റ് ഉദ്ധരിച്ച നിയമം. അതിനെതിരെ നടന്ന നിയമപോരാട്ടത്തിൽ ട്രംപ് ഭരണകൂടം വിജയം കണ്ടിരുന്നു.
റജിസ്റ്റർ ചെയ്തു എന്നതിന്റെ തെളിവ് വിദേശീയർ എപ്പോഴും കൊണ്ടുനടക്കണം എന്നും വൈറ്റ് ഹൗസ് നിർദേശമുണ്ട്.
ഏപ്രിൽ 11 കഴിഞ്ഞു രാജ്യത്തു എത്തുന്നവരും റജിസ്റ്റർ ചെയ്യണമെന്നു ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് വ്യക്തമാക്കി. അവർക്കു 30 ദിവസത്തെ സമയമുണ്ട്.
പുറമെ, 14 വയസാകുന്ന കുട്ടികൾ വീണ്ടും റജിസ്റ്റർ ചെയ്യണം. വിരലടയാളം നൽകേണ്ടതുമുണ്ട്.
Deadline passes for foreign nationals to register