MediaAppUSA

നിനവും നനവും (ഒളിച്ചോടിയ പെണ്‍കുട്ടികള്‍ - കെ.എ. ബീന)

കെ.എ. ബീന Published on 25 June, 2013
നിനവും നനവും (ഒളിച്ചോടിയ പെണ്‍കുട്ടികള്‍ - കെ.എ. ബീന)
അഞ്ചര വയസ്സുള്ള പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത് ഒരു നട്ടുച്ചയ്ക്കാണ്.. മറ്റൊന്നും ചെയ്യാനന്‍ കഴിയാതെ വരുമ്പോഴാണല്ലൊ മനുഷ്യര്‍ ഒളിച്ചോടുന്നത്. ആ പെണ്‍കുട്ടികള്‍ക്ക് മുന്നിലും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. നിസ്സാര സംഭവം. കണക്ക് പരീക്ഷയുടെ മാര്‍ക്ക് സ്ലേറ്റിലെഴുതിക്കൊടുത്ത് ടീച്ചര്‍ ക്ലാസ്സില്‍ നിന്ന് പോയി കഴിഞ്ഞതേയുള്ളൂ. കൂട്ടുകാരിയുടെ തലയിലുണ്ടായിരുന്ന പൂമ്പാറ്റ ക്ലിപ്പ് മറ്റേയാള് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിപ്പോയി. ദേഷ്യം കൊണ്ട് വിറച്ച് ക്ലിപ്പിന്റെ ഉടമസ്ഥ മറ്റേയാളുടെ സ്ലേറ്റ് നിലത്തിട്ടു പൊട്ടിച്ചു. കണക്കുപരീക്ഷയുടെ മാര്‍ക്ക് പല കഷ്ണങ്ങളായി ക്ലാസ്സ് റൂമില്‍ ചിതറി. പൊട്ടിയ പൂമ്പാറ്റ ക്ലിപ്പ് അംഗവൈകല്യം ബാധിച്ചതു പോലെ കൈയിലിരുന്നു. ഒരു നിമിഷം കൊണ്ട് രണ്ടുപേരുടെയും ദേഷ്യം ഭയത്തിന് വഴിമാറി. ടീച്ചറിന്റെ വക, വീട്ടില്‍ അച്ഛന്‍, അമ്മ വക പ്രതേ്യകം അടി നിശ്ചയം. രണ്ടുപേര്‍ക്കും വിഹിതം കുറയില്ല. അനേ്യാന്യം നോക്കി ഭയവും സംഭ്രമവും പങ്കുവച്ച ആ മുഹൂര്‍ത്തത്തിലാണ് അവര്‍ തീരുമാനിച്ചത്. ''സ്ഥലം വിട്ടു കളയാം.'' പിന്നെ വൈകിയില്ല. ബാഗും സാധനങ്ങളുമൊക്കെ പെട്ടെന്ന് എടുത്ത് പുറത്തു കടന്നു. ''എവിടേയ്ക്ക് പോകണം?'' രണ്ടുപേര്‍ക്കും നിശ്ചയമില്ലായിരുന്നു. മുന്നിലെ തെങ്ങിന്‍തോപ്പിലേയ്ക്ക് ഒരാള്‍ ഓടി. പിന്നാലെയെത്തി മറ്റെയാള്‍. നീണ്ടുപരന്ന് വിശാലമായ തെങ്ങിന്‍തോപ്പ് അറ്റമില്ലാതെ അവര്‍ക്ക് മുന്നില്‍ കിടന്നു.

അനന്തതപോലെ, പുറത്തുനിന്നു കാണുന്നതിനെക്കാള്‍ പേടിപ്പെടുത്തുന്നതായിരുന്നു ഉള്‍വശം. ആകാശം മുട്ടുന്ന തെങ്ങുകള്‍ക്കു ചോട്ടില്‍ തങ്ങള്‍ തീരെച്ചെറുതാണെന്ന് കൂട്ടുകാരികള്‍ക്കു തോന്നി. തെങ്ങിന്‍ തലപ്പുകള്‍ ആകാശത്തെ മറച്ച് ഇരുട്ടുപരത്തി. നട്ടുച്ചയ്ക്കും ഇരുണ്ടതു പോലെ. പേടികൊണ്ട് കൈകള്‍ കോര്‍ത്തു പിടിച്ചു മുന്നോട്ടു ചെല്ലുന്തോറും വഴി പ്രയാസം പിടിച്ചതായി. മരങ്ങളും ചെടികളും കുറ്റിച്ചെടികളും കൊണ്ട് വഴി ഇല്ലാതായി. മുള്‍ച്ചെടികള്‍ പലതരമുണ്ടായിരുന്നു. വീതിയുള്ള കൈതകള്‍ പടര്‍ന്നു കിടക്കുന്നു. മുള്ളുചെടിയും തൊട്ടാവാടിയുമൊക്കെ അവരുടെ ചുറ്റുപാടും മുള്‍വേലികള്‍ ഉണ്ടാക്കി. അതിനിടയിലൂടെ നൂഴ്ന്ന് നടക്കുമ്പോള്‍ കൂട്ടുകാരികള്‍ അനേ്യാന്യം ആശ്വസിപ്പിച്ചു:

''പേടിക്കല്ലേ, മുള്ളുകള്‍ ഇപ്പോള്‍ തീരും.'' ഒരാള്‍ പറഞ്ഞു.

''എനിക്ക് പേടിയാവുന്നു'' മറ്റേയാള്‍ പറഞ്ഞു.

''എനിക്ക് കരച്ചില്‍ വരുന്നു.''

എന്നിട്ടുമവര്‍ കാട്ടിന്‍പടര്‍പ്പുകള്‍ക്കിടയില്‍ക്കൂടി മുന്നോട്ടു തന്നെ നടന്നു. ഇടയ്‌ക്കൊരു അണ്ണാന്‍ ചെറിയൊരു മരക്കൊമ്പില്‍ നിന്ന് ചാടിക്കളിക്കുന്നത് അവര്‍ കണ്ടു. പേടിച്ചരണ്ടാണെങ്കിലും രണ്ടുപേരും ചിരിച്ചു. പിന്നെ ഒരു തുമ്പിയും ഒരു പച്ചത്തുള്ളനും കൂടി പൂച്ചെടിയിലിരുന്ന് വര്‍ത്തമാനം പറയുന്നു. അതും അവര്‍ക്ക് ഇഷ്ടപ്പെട്ടു. തുമ്പിയെ പിടിക്കാന്‍ പൂച്ചെടിക്കടുത്തേയ്ക്ക് ഓടിയ കൂട്ടുകാരിയെ വലിച്ചുപിടിച്ച് മറ്റേയാള്‍ ഓടി. മുള്‍പ്പടര്‍പ്പുകള്‍ മാറി ഭംഗിയുള്ള പൂക്കള്‍ നിറഞ്ഞ ചെടിക്ക് മുന്നില്‍ ''എന്തൊരു ഭംഗി'' രണ്ടു പേരും ഒന്നിച്ച് പറഞ്ഞു. മഞ്ഞ മൂക്കുറ്റി, ചുവന്ന തെറ്റി, മഞ്ഞയും ഓറഞ്ചും നിറമുള്ള പൂച്ചെടി, ഇത്രയും ചെടികള്‍ മാത്രമാണ് അവരതുവരെ കണ്ടിരുന്നത്. വെള്ളനിറത്തില്‍, റോസ് നിറത്തില്‍, വയലറ്റ് നിറത്തില്‍ ഒരുപാട് ചെടികള്‍ പൂത്തുലഞ്ഞ് നിറഞ്ഞു നില്‍ക്കുന്നു. സന്തോഷം കൊണ്ട് കൂട്ടുകാരികള്‍ കെട്ടിപ്പിടിച്ചു. പൂക്കള്‍ക്കൊപ്പം പറന്നുകളിക്കുന്ന പലനിറത്തിലുള്ള ചിത്രശലഭങ്ങളെ കണ്ട് അവരുടെ മനസ്സ് നിറഞ്ഞു. ആ നിമിഷത്തില്‍ ക്ലിപ്പ് പൊട്ടിയതും സ്ലേറ്റ് പൊട്ടിച്ചതും കാരണം ഒളിച്ചോടിയതാണെന്നു പോലും മറന്ന് അവര്‍ തുള്ളിക്കളിച്ചു.
മുന്നോട്ടുള്ള വഴിയും യാത്രയും മറന്ന് പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കുമൊപ്പം കളിച്ച് കളിച്ച് നേരം സന്ധ്യയാകുന്നത് അവരറിഞ്ഞില്ല.

കഥാഗതി മുഴുവന്‍ മാറ്റിമറിച്ച് മുമ്പിലൂടെ ഒരു പാമ്പ് ഇഴഞ്ഞുവന്നത് അപ്പോഴാണ്. പേടിച്ചുവിറച്ച് രണ്ടുപേരും കെട്ടിപ്പിടിച്ച് പൊട്ടിക്കരയാന്‍ തുടങ്ങി. അമ്മയേയും അച്ഛനേയും വിളിച്ച് നിലവിളിക്കുന്ന കൂട്ടുകാരികളെക്കണ്ട് പാവം തോന്നിയിട്ടാവാം പാമ്പ് അടുത്തുകണ്ട പൊത്തയ്ക്കുള്ളിലേയ്ക്ക് ഇഴഞ്ഞു പോയി. കൂട്ടുകാരികള്‍ പേടിച്ച് വിറച്ച് അവിടെത്തന്നെ നിന്നു. ഒളിച്ചോടുന്നത് അത്ര എളുപ്പമല്ല എന്നും വഴിയില്‍ പൂമ്പാറ്റകള്‍ മാത്രമല്ല പാമ്പുകളുമുണ്ടെന്നും തിരിച്ചറിഞ്ഞ നിമിഷത്തില്‍ രണ്ടുപേരും
അന്യോന്യം പറഞ്ഞു:
''നമുക്ക് ഒന്നിച്ചു പോകാം, ഓട്.''

അവര്‍ തിരിച്ചോടി. പലപ്പോഴും കാലുകള്‍ മുറിഞ്ഞ് ദേഹത്താകെ മുള്ളുകള്‍ കൊണ്ട് പോറലുണ്ടായി. എന്നിട്ടും നില്‍ക്കാതെ അവര്‍ മടക്കയാത്ര തുടര്‍ന്നു. പലപ്പോഴും വഴിതെറ്റിയും വഴിമുടങ്ങിയും പേടിച്ച് കരഞ്ഞു.

ഒടുവില്‍ സന്ധ്യ കഴിയുന്ന നേരത്ത് സ്‌കൂളിനു മുമ്പില്‍ മടങ്ങിയെത്തി. അവിടെ വീട്ടുകാരും നാട്ടുകാരും അദ്ധ്യാപകരുമൊക്കെ കൂടി ആള്‍ക്കൂട്ടം അമ്പരന്ന് നില്‍ക്കുന്നുണ്ടായിരുന്നു. ഒളിച്ചോട്ടത്തിന് കാരണമായ സംഭവങ്ങളും ഒളിച്ചോട്ടവുമൊക്കെ മറന്ന് മക്കളെ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ അവരെ വാരിയെടുത്ത് അച്ഛനമ്മമാര്‍ ഉമ്മ വച്ചു.. നാലു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇപ്പോഴും സ്‌കൂളിനു മുന്നിലൂടെ പോകുമ്പോള്‍ മുന്നിലെ തെങ്ങിന്‍തോപ്പിലേക്ക് നോക്കാന്‍, ആ കൂട്ടുകാരില്‍ ഒരാളായ ഞാന്‍ മറക്കാറില്ല. പക്ഷേ, കുറ്റിക്കാടും പൂങ്കാവനവുമൊക്കെക്കൂടിയായിരുന്ന ആ പഴയ തെങ്ങിന്‍തോപ്പ് നമ്പരുകളും പേറി നില്‍ക്കുന്ന വീടുകളുടെ ഒരു സമുച്ചയമാണ് ഇപ്പോള്‍.. ഗൃഹാതുരത്വത്തോടെ ഞാനോര്‍ക്കും. രണ്ട് പെണ്‍കുട്ടികളുടെ ആദ്യ ഒളിച്ചോട്ടത്തിന്റെ ഭൂമികയാണിത്. മറ്റൊരു ചിന്തയും പൊന്തിവരും:

ഇപ്പോള്‍ ഈ സ്‌കൂളിലെ കുട്ടികള്‍ എങ്ങോട്ടാ ഒന്ന് ഒളിച്ചോടുക? പാവം കുട്ടികള്‍!
നിനവും നനവും (ഒളിച്ചോടിയ പെണ്‍കുട്ടികള്‍ - കെ.എ. ബീന)നിനവും നനവും (ഒളിച്ചോടിയ പെണ്‍കുട്ടികള്‍ - കെ.എ. ബീന)നിനവും നനവും (ഒളിച്ചോടിയ പെണ്‍കുട്ടികള്‍ - കെ.എ. ബീന)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക