Image

ചോര പൊടിയുന്ന ചിരി- കെ.എ. ബീന

കെ.എ. ബീന Published on 24 November, 2013
ചോര പൊടിയുന്ന ചിരി- കെ.എ. ബീന
 ഹോസ്റ്റല്‍ മുറിയുടെ ഏകാന്തതയിലേക്ക് ആദ്യം കടന്നു വന്നത് രാജസ്ഥാന്‍കാരിയായ നിധി സക്‌സേനയായിരുന്നു.  ഡോക്യുമെന്ററി സംവിധായകയായ നിധി രാവേറെ ചെല്ലുവോളം അവള്‍ എഴുതിയ കവിതകള്‍ ചൊല്ലി കേള്‍പ്പിച്ചും സിനിമകളെടുക്കാന്‍ നടത്തിയ യാത്രകളുടെ വര്‍ണ്ണനകള്‍ പറഞ്ഞും ഹോസ്റ്റല്‍ ജീവിതം സജീവമാക്കിക്കൊണ്ടിരുന്നു.

പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷം തോറും നടത്തുന്ന ഫിലിം അപ്രിസിയേഷന്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഞങ്ങള്‍.  ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നു മാത്രമല്ല, വിദേശത്ത് നിന്നും ഫിലിം അപ്രിസിയേഷന്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ സിനിമാപ്രേമികള്‍ എത്തിയിട്ടുണ്ട്.  ജീവിതത്തിലെ വലിയൊരു മോഹം - പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കാണണമെന്നത്.  കാണുക മാത്രമല്ല, ഒരു മാസത്തോളം അവിടെ താമസിക്കുക കൂടി ചെയ്യാമല്ലോ ത്രില്ലിലായിരുന്നു ഞാന്‍.

ഹോസ്റ്റലിന്റെ ചുവരുകളില്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ പാടവം - ചുമര്‍ച്ചിത്രങ്ങള്‍ - ക്യാമ്പസിലെങ്ങും പ്രതിഭയുടെ സ്പര്‍ശം ചിത്രങ്ങളായും മറ്റും.
നിധിയുടെ വാചകധോരണിയിലേക്ക് കിവിനി കടന്നു വന്നത് മൂന്നാം ദിവസമാണ്.  ഞങ്ങളുടെ ഹോസ്റ്റല്‍ മുറിയിലെ ഒഴിഞ്ഞു കിടക്കുന്ന കട്ടില്‍ അപ്പോഴേക്കും ഞങ്ങള്‍ ബാഗുകളും ബുക്കുകളുമൊക്കെ വയ്ക്കാനുള്ള മേശയും അലമാരയുമൊക്കെയാക്കി പരിവര്‍ത്തനം ചെയ്തിരുന്നു.  അതുകൊണ്ട് തന്നെ മൂന്നാമതൊരാളുടെ വരവ് ഒട്ടൊരു അലോസരത്തോടെയാണ് സ്വീകരിച്ചത്.

കിവിനിഷോഹെ കെട്ടിലും മട്ടിലും ഒരു വിദേശി വനിതയെപ്പോലെ ആയിരുന്നു.  മദാമ്മമാരെപ്പോലെ ഹാഫ് പാവാടയും ഷര്‍ട്ടുമിട്ട്, മുടി ബോബ് ചെയ്ത് ഹൈഹീല്‍ഡ് ചെരിപ്പുമൊക്കെ ഇട്ട് പാശ്ചാത്യവടിവില്‍ അവള്‍ കടന്നു വന്നു.

നാഗാലാന്റ്കാരിയാണെന്നു പരിചയപ്പെടുത്തി സൂട്ട് കേസുകളും ബാഗുകളും ഒതുക്കിവയ്ക്കുന്ന കിവിനിയോട് ഒരു നീരസം മനസ്സില്‍ നുരച്ചു.  പട്ടി മാംസം കഴിക്കുന്ന, പാമ്പുകളെ തിന്നുന്ന നാഗസ്ത്രീ.  നാഗാലാന്റിലെ കൊഹിമയില്‍ ചന്തകളില്‍ തൂങ്ങിക്കിടക്കുന്ന പട്ടികളുടെ മാംസം, അത് ഉണ്ടാക്കുന്ന വല്ലാത്ത മാനസികാവസ്ഥ.  കിവിനി അസ്വസ്ഥത ഉണര്‍ത്തി മുറിയില്‍ ജീവിതം ആരംഭിച്ചു.  ഞാനും നിധിയും അലോസരം മറക്കാന്‍ പുറത്തേക്കിറങ്ങി.  ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശസ്തമായ വിസ്ഡം ട്രീയുടെ ചുവട്ടിലിരുന്ന് പിന്നെയും പിന്നെയും കഥകള്‍ കൈമാറി.  മടങ്ങി മുറിയിലെത്തുമ്പോള്‍ ആകെ ഒരമ്പരപ്പ്.  മുറിയുടെ തറ മാത്രമല്ല ചുവര്‍ വരെ കഴുകി വൃത്തിയാക്കിയിരിക്കുന്നു.  ഹൃദ്യമായ സുഗന്ധം പരത്തുന്ന പെര്‍ഫ്യം മുറിയില്‍ നിറഞ്ഞിരിക്കുന്നു.  സ്വന്തം സാധനങ്ങള്‍ മാത്രമല്ല ഞങ്ങളുടെ സാധനങ്ങളും ചിട്ടയോടെ അടുക്കി വച്ചിരിക്കുന്നു.  കുളി കഴിഞ്ഞ് വന്ന് കിവിനി പറഞ്ഞു -

''ആ ടോയിലറ്റ് ഉണ്ടാക്കിയിട്ട് ഇന്നേവരെ കഴുകിയിട്ടില്ലെന്ന് തോന്നുന്നു.  ഞാന്‍ കുറേ ശ്രമിച്ചു വൃത്തിയാക്കാന്‍.  ഒരുവിധം ശരിയായെന്നേ പറയാന്‍ പറ്റൂ.  നാളെയും കൂടി കഴുകാം.  അപ്പോള്‍ ശരിയാവും.''

ഞാന്‍ നിധിയുടെ മുഖത്തേക്ക് നോക്കി.  അവള്‍ മുഖം കുനിച്ചു.  കുളി കഴിഞ്ഞ് ഇട്ടിരിക്കുന്ന  തുണികള്‍ കുളിമുറിയുടെ മൂലയ്ക്ക് കൂട്ടിയിട്ട് വരുന്ന അവളുടെ സ്വഭാവം എനിക്കത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് രാവിലെ പറഞ്ഞതേയുള്ളൂ.  ഞാന്‍ കുളിമുറിയില്‍ കയറി നോക്കി.  എന്തൊരു വൃത്തിയും വെടിപ്പും.  മൂലയിലെ തൊട്ടിയില്‍ നിധിയുടെ നനഞ്ഞ തുണികള്‍.  മുറിയില്‍ സാധനങ്ങള്‍ വലിച്ച് വാരിയിടുന്ന നിധിയെ എങ്ങനെ നിയന്ത്രിക്കുമെന്ന് വിഷമിച്ചിരുന്ന എനിക്ക് സന്തോഷമായി.  അവളെ കിവിനി കൈകാര്യം ചെയ്‌തോളും, വൃത്തിയായി. 

ചിട്ടയും വൃത്തിയും വെടിപ്പും പഠിക്കാനുള്ള സര്‍വ്വകലാശാലയായിരുന്നു കിവിനി.  ഒരു പൊടി പോലും അവള്‍ വച്ച് പൊറുപ്പിക്കില്ല.  തുണികള്‍ മടക്കി വയ്ക്കുന്ന കല അവള്‍ ഉണ്ടാക്കിയതാണ് എന്ന് തോന്നുന്നു.  എന്നിട്ടും മനസ്സില്‍ പട്ടികള്‍ നിറഞ്ഞു.  ഇത്ര വൃത്തിയുള്ള ഇവള്‍ പട്ടിയെ തിന്നുന്നതെങ്ങനെ? 

ഒടുവില്‍ ഞാന്‍ ചോദിച്ചു.

അവള്‍ പൊട്ടിച്ചിരിച്ചു.

''നീയിത് ചോദിക്കാത്തതെന്താണെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍.  എവിടെ ചെന്നാലും സ്ഥിരം ചോദ്യമാണല്ലോ നാഗന്മാരുടെ പട്ടി തീറ്റ.''

''പട്ടി ഞങ്ങളുടെ ഒരു ദൗര്‍ബല്യമാണ്.  പട്ടിയിറച്ചിയെക്കാള്‍ ഞങ്ങളെ ആനന്ദിപ്പിക്കുന്ന ഒരു ഭക്ഷ്യവിഭവവും ഇല്ലെന്നതാണ് വാസ്തവം.''

ഞാന്‍ കണ്ണു തുറിച്ചു നോക്കി.  വയറില്‍ പിണഞ്ഞു കയറുന്ന അസ്വാസ്ഥ്യം അടക്കി ഞാന്‍ ചോദിച്ചു.
''നിനക്കിഷ്ടമാണോ പട്ടികളെ.''

''പിന്നെ അത് പ്രതേ്യകിച്ച് പറയണോ.  ഒരുപാട് ഇഷ്ടം.  പട്ടിയിറച്ചി നാഗാലാന്റിലെ എല്ലാ ഗോത്രക്കാരും വിശിഷ്ട്യഭോജ്യമായിട്ടാണ് കഴിക്കുന്നത്.  ആരോഗ്യത്തിന് നല്ലതാണത്.  ഒത്തിരി അസുഖങ്ങള്‍ക്കുള്ള മരുന്നാണ്.  ഔഷധമൂല്യം വളരെയേറെയുള്ള ഒരു ആഹാരമാണ് പട്ടിയിറച്ചി.  വയറ്റു വേദന, കുറഞ്ഞ രക്തസമ്മര്‍ദ്ദം ഇതിനൊക്കെ നല്ലതാണ്.  ലൈംഗികശേഷിക്കുറവിന് കണ്‍കണ്ട മരുന്നാണ് പട്ടിയിറച്ചി.  നാഗാലാന്റില്‍ പട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടാണിപ്പോള്‍.  അടുത്ത സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്.  അസാമിലെ പട്ടികള്‍ക്ക് നല്ല രുചിയാണ്.  കൊഹീമായിലെ ചന്തകളില്‍ പട്ടിയിറച്ചി തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടില്ലേ.  ഞങ്ങള്‍ക്ക് ഇത്ര പ്രിയകരമായ മറ്റൊരു ആഹാരമില്ല.''

നാഗന്മാരുടെ ആഹാരകാര്യങ്ങള്‍ കിവിനി പറഞ്ഞത് കേട്ട് ഞാന്‍ കണ്ണു മിഴിച്ച് നിന്നു.
''ഇപ്പോള്‍ നാഗാലാന്റില്‍ വന്നാല്‍ പക്ഷികളുടെ ശബ്ദമേ കേള്‍ക്കാന്‍ പറ്റില്ല.  പക്ഷികളൊന്നുമില്ല.  ഒക്കെ ഞങ്ങള്‍ തിന്നു തീര്‍ത്തു.  അതുപോലെ പ്രിയപ്പെട്ടതാണ് കുഞ്ഞ് തേനീച്ചകള്‍.  തേനീച്ച കൂട്ടില്‍ നിന്ന് തന്നെ തേനീച്ചകളെ പിടിച്ചു തിന്നും.  കാട്ടിനുള്ളിലെ ചെറുജീവികളെ തിന്നാന്‍ അതിലേറെ ഇഷ്ടമാണ്.  വലിയ വില കൊടുത്താലേ അത്തരം ചെറുപ്രാണികളെ കിട്ടൂ.  പറന്നു നടക്കുന്ന എന്തിനെയും ഞങ്ങള്‍ക്ക് തിന്നാന്‍ പ്രിയം തന്നെ.  പിന്നെ മുയല്‍, പോര്‍ക്ക്, ബീഫ്, ചിക്കന്‍, മത്സ്യങ്ങള്‍ - ഇവയ്ക്ക് പുറമെ വിശിഷ്ടമായി കരുതുന്ന മറ്റൊന്നാണ് തവളയിറച്ചി.  അപകടങ്ങള്‍, ഓപ്പറേഷന്‍ എന്നിവ വഴി ഉണ്ടാകുന്ന മുറിവുകള്‍ കരിയാന്‍ തവളയിറച്ചി വളരെ നല്ലതാണ്.''
അരിയാഹാരം കഴിക്കുന്നവരാണ് നാഗന്മാര്‍.  സാധാരണ രണ്ട് നേരമാണ് ഭക്ഷണം.  നാലു മണിയാവുമ്പോഴേ സന്ധ്യ കടന്നു വരുന്നതിനാല്‍ അതിന് മുമ്പ് തന്നെ കഴിക്കുന്നതാണ് പതിവ്.
ഞങ്ങള്‍ മൃഗങ്ങളെയും പക്ഷികളെയും മാത്രമല്ല കഴിക്കാറ്.  കാട്ടിലും നാട്ടിലും കിട്ടുന്ന മരങ്ങളുടെയും ചെടികളുടെയും ഇലകള്‍, കായ്കള്‍, പായലുകള്‍, മുളങ്കൂമ്പ് ഒക്കെ ധാരാളമായി കഴിക്കുന്നവരാണ് നാഗന്മാര്‍.''

നാഗാലാന്റിലെ മികച്ച സംവിധായികയാണ് കിവിനി.  നാഗാലാന്റിലെ ജീവിതത്തെക്കുറിച്ച് അവളൊരുപാട് പറഞ്ഞുകൊണ്ടിരുന്നു.  ഗോത്രവര്‍ഗ്ഗ സംസ്‌കാരത്തെപ്പറ്റി, അതീതശക്തികളിലുള്ള വിശ്വാസത്തെപ്പറ്റി, ഇനിയും കടന്നു വരാത്ത സ്ത്രീധന സമ്പ്രദായത്തെപ്പറ്റി - അവളുടെ ഡോക്യുമെന്ററികള്‍ അവയെക്കുറിച്ചൊക്കെ ഉള്ളതായിരുന്നു.

പിന്നെ കിവിനി മിണ്ടാതിരുന്നു.  കണ്ണുകള്‍ നിറഞ്ഞു തൂകി.

ഞാനവളുടെ കൈപിടിച്ച് അമര്‍ത്തി കാര്യം തിരക്കി.

''നിനക്കറിയില്ലേ, അവിടെ നിലനില്‍ക്കുന്ന അസ്വസ്ഥതയെപ്പറ്റി.  ഒളിപ്പോരാളികളും, സംഘട്ടനങ്ങളും പട്ടാളവും പോലീസും.  ജീവിതം ചോദ്യചിഹ്നമാകുന്ന ഒരു ജനത.''

കിവിനിയുടെ കണ്ണൂനീരില്‍ ഒരു കഥ തെളിഞ്ഞു വന്നു.  അതവളുടെ കഥയായിരുന്നു.  അവളുടെ അനിയന്റെ കഥ.

''അവന്‍ തീവ്രവാദി സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.  നിരവധി കേസ്സുകളില്‍ പ്രതിയുമായിരുന്നു.  ഒടുവില്‍ ഒരു ദിവസം വീടിനു മുന്നില്‍ തന്നെ പട്ടാളം അവനെ വെടിവച്ചിട്ടു.  ഞാനോടിച്ചെല്ലുമ്പോള്‍ അവനൊരു രക്തക്കടലായിരുന്നു.  അവന്റെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകള്‍ ഏറ്റിരുന്നുവെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്.  എന്റെ കൈകളില്‍ കിടന്നാണ് അവന്‍ ജീവന്‍ വെടിഞ്ഞത്.  23-ാം വയസ്സില്‍.''

കിവിനി ടിഷ്യൂ പേപ്പര്‍ എടുത്ത് കണ്ണുകള്‍ തുടച്ചു.

''എന്റെ കൈകളില്‍ നിന്ന് അവന്‍ ഒരിക്കലും പോകുന്നില്ല.  അവന്റെ ജീവന്റെ തുടിപ്പ് ഇപ്പോഴും എനിക്കറിയാനാകുന്നുണ്ട്.  ഡോക്യുമെന്ററികള്‍ ചെയ്തും, സിനിമാകോഴ്‌സുകള്‍ ചെയ്തും യാത്ര ചെയ്തുമൊക്കെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണവനെ.  കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.''
നുരച്ചുകയറിയ സങ്കടത്തിരമാലകളെ സ്വാഭാവികമായി പിന്മാറാന്‍ അനുവദിച്ച് ഞാനിരുന്നു.  പലപ്പോഴുമെന്ന പോലെ അപ്പോഴും അജ്ഞാനം എന്നില്‍ സന്ദേഹങ്ങള്‍ ഉയര്‍ത്തി.  എന്താണ് മനുഷ്യന്‍, എന്താണ് ജീവിതം.  കൊന്നും തിന്നും നേടാന്‍ ശ്രമിക്കുന്നത് എന്താണ്?  എന്നിട്ട് ആരാണ്, എന്താണ് നേടുന്നത്?

കിവിനിയുടെ കരച്ചിലടങ്ങിയിരുന്നു.  അവള്‍ പുറത്തേക്ക് പോകാമെന്ന് പറഞ്ഞ് വിളിച്ചു.  സന്ദേഹങ്ങളടങ്ങാത്ത മനസ്സോടെ ഞാന്‍ പിന്നാലെ നടന്നു.  ചോരയ്ക്ക് ഒരേ ഒരു നിറമല്ലേ ഉള്ളൂ - മനുഷ്യന്റെ, പട്ടിയുടെ, മുയലിന്റെ, പ്രാണികളുടെ - അവയ്ക്കുള്ളില്‍ നിറയുന്ന ജീവന് - അതിന് വ്യത്യാസം ഉണ്ടോ?
***


















































































































































































































































































































ചോര പൊടിയുന്ന ചിരി- കെ.എ. ബീന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക