കണ്ണൂര്‍ കോട്ടയില്‍ പീരങ്കിയുണ്ടകളുടെ വന്‍ശേഖരം കണ്െടത്തി

Published on 11 December, 2015
കണ്ണൂര്‍ കോട്ടയില്‍ പീരങ്കിയുണ്ടകളുടെ വന്‍ശേഖരം കണ്െടത്തി
കണ്ണൂര്‍: കോട്ടയില്‍ പീരങ്കിയുണ്ടകളുടെ വന്‍ശേഖരം കണ്െടത്തി. കോട്ടയ്ക്കുള്ളില്‍ കേബിള്‍ സ്ഥാപിക്കാന്‍ കുഴിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പീരങ്കിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതുവരെ 1,500 ലേറെ ഉണ്ടകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇനിയുമേറെ ഉണ്ടകള്‍ ഉണ്െടന്ന പ്രതീക്ഷയില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പരിശോധന തുടരുകയാണ്. പൊതിച്ച തേങ്ങയുടെയും ഓറഞ്ചിന്റെയുമൊക്കെ വലിപ്പത്തിലുള്ളവയാണു പീരങ്കിയുണ്ടകള്‍ ഏറെയും. വലുതിനു ഒരുകിലോഗ്രാമോളം ഭാരമുണ്ട്. തീരെ ചെറിയ ഉണ്ടകളുമുണ്ട്. ഇരുമ്പു കൊണ്ടുള്ളവയാണ് എല്ലാം. ഇത്രയും വലിയ പീരങ്കിയുണ്ട ശേഖരം കണ്െടത്തുന്നത് സംസ്ഥാനത്ത് ഇതാദ്യമാണെന്നും പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു. ആര്‍ക്കിയോളജിസ്റ്റ് സൂപ്രണ്ട് ശ്രീലക്ഷ്മി ശനിയാഴ്ച കോട്ട സന്ദര്‍ശിക്കാനെത്തുന്നുണ്ട്. കോട്ടയ്ക്കുള്ളില്‍ സ്ഥാപിക്കുന്ന ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ പദ്ധതിക്കായി കേബിളിടാന്‍ പ്രധാന കവാടത്തിന്റെ ഇടതുഭാഗത്ത് കുഴിയെടുക്കുമ്പോഴായിരുന്നു പീരങ്കി ഉണ്ടകള്‍ കണ്െടത്തിയത്. തുടര്‍ന്ന് ഈ ഭാഗം കൂടുതലായി കുഴിക്കുകയായിരുന്നു. ഇവിടെയുള്ള പീരങ്കി ഉണ്ടകള്‍ പൂര്‍ണമായും പുറത്തെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പുറത്തെടുക്കുന്നവ വൃത്തിയാക്കിയശേഷം പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തിലേക്കു മാറ്റും. 1505ല്‍ പോര്‍ച്ചുഗീസുകാരാണ് സെന്റ് ആഞ്ചലോസ് എന്ന പേരിലുള്ള കണ്ണൂര്‍ കോട്ട സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യ യൂറോപ്പ്യന്‍ നിര്‍മിത കോട്ടയാണിത്. പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന ഫ്രാന്‍സിസ് ഡി. അല്‍മേഡയുടെ നേതൃത്വത്തിലാണ് കോട്ടപണിതത്. ഇതിനു മുമ്പ് പീരങ്കിയുണ്ട ഉള്‍പ്പെടെ പുരാതനമായ പല സാധനങ്ങളും കോട്ടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചിരുന്നു. അറബിക്കടലിന്റെ ഓരത്തുള്ള കോട്ടയില്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പീരങ്കികള്‍ ഇപ്പോഴുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ തന്നെ തലശേരി കോട്ടയില്‍ നിന്നും അടുത്ത നാളില്‍ വലിയ പീരങ്കിയുണ്ടകള്‍ കണ്െടടുത്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക