അങ്ങനെ ത്രിപുരയും കാവിയണിഞ്ഞു. 1977 ല്‍
ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വെറും രണ്ട് എം. പി. മാരുണ്ടായിരുന്ന ഭാരതീയ
ജനസംഘം അഴിച്ചു വിട്ട ഭാരതീയ ജനത പാര്‍ട്ടി (ബിജെപി) എന്ന യാഗാശ്വം ഏതാണ്ട്
ഭാരതം മുഴുവനും കാവി പുതപ്പിച്ചു നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം
ചെങ്കോട്ടയായ ത്രിപുരയില്‍ എത്തി നില്കുന്നു, അശ്വമേധം തുടരുവാനുള്ള
തയ്യാറെടുപ്പോടെ! പിടിച്ചുകെട്ടുവാന്‍ ആരുമില്ല എന്ന നെഞ്ചുറപ്പോടെ !!
തികച്ചും ആപല്‍ക്കരമായ അവസ്ഥയിലാണ് ഭാരതം എത്തിനില്‍ക്കുന്നത്. ആരെയാണ്
ഇവിടെ പഴിക്കേണ്ടത് ? ജനങ്ങളെയോ ? ജനങ്ങള്‍ എന്നും കഴുതകള്‍ ആയിരുന്നല്ലോ.
ഇവിടെ പഴിക്കേണ്ടത് ഇടതുപക്ഷ രാഷ്ട്രീയത്തെ തന്നെ. ഏതാണ്ട് സ്വതന്ത്ര
ഇന്ത്യയുടെ പഴക്കമുണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്.
സ്വാതന്ത്ര്യത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃപാടവം കൊണ്ടും
അഴിമതി ഇല്ലാത്ത ഭരണരീതി കൊണ്ടും ഭാരതം പുരോഗതിയുടെ പുത്തന്‍
മേഘലകളിലെത്തി. പ്രതിപക്ഷത്തു ശക്തമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവും
ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള രണ്ടു ദശകങ്ങള്‍ സ്വതന്ത്ര
ഭാരതത്തിന്റെ സുവര്‍ണ കാലമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.
അറുപതുകളുടെ ആദ്യ പകുതിയിലുണ്ടായ നെഹ്രുവിന്റെ മരണവും കോണ്‍ഗ്രസിന്റെ
ബലക്ഷയവും പ്രതിപക്ഷ ശക്തിയായ കമ്മ്യൂണിസ്റ്റ് കോട്ടയിലെ വിള്ളലും
ഇന്ത്യയുടെ ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പത്തിന് മങ്ങലേല്‍പ്പിച്ചു.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വിഷസര്‍പ്പങ്ങളായി ജനമനസ്സുകളിലൂടെ ഇഴയാന്‍
തുടങ്ങി. മണ്ണിലാണ്ടുകിടന്ന വര്‍ഗീയതയുടെ വിത്തുകള്‍ മുളപൊട്ടി
വിഷമുള്ളുകള്‍ ആയി വളരാന്‍ തുടങ്ങി. അതോടെ ജനാധിപത്യ സംവിധാനം
അഴിമതിയിലധിഷ്ഠിതമായ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു. ബഹുഭൂരിപക്ഷം
നിരക്ഷരരായ ഉത്തരേന്ത്യന്‍ ജനങ്ങളില്‍ കമ്മ്യൂണല്‍ പൊളിറ്റിക്‌സിന്റെ
വിത്തിട്ടാല്‍ അത് തഴച്ചു വളരുവാനുള്ള വളക്കൂറുള്ള മണ്ണാണ് ഇന്ത്യ എന്ന്
ബിജെപി മനസ്സിലാക്കി. അവരുടെ കണക്കുകള്‍ തെറ്റിയില്ല. അദ്വാനി
രാമക്ഷേത്രത്ത്തിലേക്ക് രഥമുരുട്ടി ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി
തെളിച്ചു. ഇന്ന് മതേതര ഭാരതത്തിന്റെ പരിശുദ്ധിയെ ഗോമൂത്രത്തില്‍ തുടച്ചു
മാറ്റി പശുവിന്റെ വായില്‍ ഹിന്ദുത്വ അജണ്ട തിരുകി കോര്‍പ്പറേറ്റുകളുടെ
ബിനാമിയായി ഇന്ത്യയെ മൊത്തമായി വില്‍ക്കുവാന്‍ മോദി തയ്യാറായി
നില്‍ക്കുന്നു. തികച്ചും പേടിക്കേണ്ട അവസ്ഥയല്ലേ ഇത് ?
മതേതര ഭാരതത്തിന്റെ നെഞ്ചത്ത് ബിജെപി പാകിയ വര്‍ഗീയതയുടെ വിഷമുള്ളുകള്‍
തഴച്ചു വളരുന്നത് കാണാതെ നാല് പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ ഇടതുപക്ഷ
പാര്‍ട്ടികള്‍ പ്രത്യേകിച്ചും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ്
പാര്‍ട്ടി എവിടെ ആയിരുന്നു? ത്രിപുരയും ബംഗാളും മാറി മാറി കേരളവും ഉണ്ടെന്ന
അഹങ്കാരമല്ലായിരുന്നോ ? അവിടത്തെ കഴുതകളായ ജനങ്ങളുടെ രക്തമാംസങ്ങള്‍
സേവിച്ചു തടിച്ചു കൊഴുത്തു ശീതീകരിച്ച ചില്ലുമേടകളില്‍
പള്ളിയുറക്കമല്ലായിരുന്നോ ? അധികാരത്തിന്റെ അകത്തളങ്ങളിലെ ചക്കരഭരണികള്‍
നക്കി സുഖിച്ചപ്പോള്‍ ശരാശരി ഭാരതീയന്റെ ആത്മാവില്‍ ആശങ്കയുടെ അഗ്‌നി
പടരുകയായിരുന്നു. അപ്പോള്‍ ബിജെപി കമ്മ്യൂണല്‍ കാര്‍ഡ് എന്ന
വാക്കത്തികൊണ്ട് വാഴ വെട്ടാന്‍ തുടങ്ങി. നിരക്ഷരരും ദരിദ്രരുമായ ജനങ്ങളുടെ
ഭിക്ഷാ പാത്രങ്ങളിലേക്ക് അവര്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങളില്‍
വര്‍ഗീയതയുടെ വിഷം പുരണ്ടിട്ടുണ്ട് എന്ന് പാവം ജനങ്ങള്‍ അറിയുന്നില്ല.
''നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെയാകും പൈങ്കിളിയെ ...'' എന്ന്
പ്രതീക്ഷയുടെ പാട്ട് പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വടക്കേ
ഇന്ത്യയിലെ നിരക്ഷരരെ അക്ഷരം പഠിപ്പിക്കാന്‍ എന്ത് ചെയ്തു ? മൂന്നര
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇ.എം.എസ് നമ്പൂതിരിപ്പാട് മാര്‍ക്‌സിസ്റ്റ്
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ നടന്ന ഹൗറാ പ്ലീനത്തില്‍
പ്രസംഗിക്കുന്നത് ഈ ലേഖകനും കേള്‍ക്കാന്‍ അവസരമുണ്ടായി. പ്രസംഗത്തിലെ
ശ്രദ്ധേയമായ ഒരു വാചകമിതാ ''ഞാന്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ എന്റെ
ആദ്യത്തെ ശ്രദ്ധ ഹിന്ദി സ്പീകിംഗ് ബെല്‍റ്റിലെ ജനങ്ങളുടെ ഇടയില്‍ പുരോഗമന
ആശയങ്ങളുമായി മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു മുഖപത്രം
ഇറക്കുക എന്നതായിരിക്കും '' പക്ഷെ ഇന്നുവരെ ഒരു ബിറ്റ് നോട്ടീസ് പോലും
അവിടങ്ങളില്‍ ഇറങ്ങിയതായി ഈ ലേഖകന് അറിവില്ല. പശുവും ചത്തു മോരിലെ പുളിയും
പോയി. ഇപ്പോള്‍ ചെങ്കൊടിയുടെ വക്താക്കളായ കുട്ടി സഖാക്കള്‍ പറയുന്നു ഇനിയും
ഒരു ജനകീയ വിപ്ലവത്തിന് സ്‌കോപ്പ് ഉണ്ട് എന്ന്. ഇനി എന്ന് വരും ജനകീയ
വിപ്ലവം ? കോഴിക്ക് മുല വരുമ്പോഴോ ? മാമ്പഴക്കാലം പോലെ വന്നുപോകുന്നതാണോ ഈ
വിപ്ലവം. വിപ്ലവം ചേമ്പിലയില്‍ വീണ വെള്ളം പോലെ ഒഴുകി പോയത് നാം കണ്ടതല്ലേ.
വിപ്ലവ നേതാക്കള്‍ അധികാരത്തിന്റെ മാമ്പഴം ആര്‍ത്തിയോടെ കടിച്ചു തിന്ന്
അവശേഷിക്കുന്ന അണ്ടിക്കുവേണ്ടി ജനകീയ വിപ്ലവം പ്രസംഗിക്കുന്നു.
ജനാധിപത്യത്തെ മുഖ്യധാരയില്‍ നിന്ന് സൗകര്യപൂര്‍വം തള്ളിയകറ്റിയ
വര്‍ത്തമാനകാല രാഷ്ട്രീയദുര്യോഗത്തില്‍, ഒരു സാംസ്കാരിക പരിവര്‍ത്തനമല്ലേ
ഇവിടെ അഭികാമ്യം. അതിന് ജാടയും പേടിയുമായി ആരുടെയോ ഒക്കെ മാളങ്ങളില്‍
മയങ്ങിക്കിടക്കുന്ന സാംസ്കാരിക നായകന്മാരെ ആദ്യം ഊതി ഉണര്‍ത്തുക. അവരുടെ
വളഞ്ഞ നട്ടെല്ലുകള്‍ ഇടതു പക്ഷത്തിന്റെ ചെങ്കോലിനാല്‍ നിവരട്ടെ ! അത് ഒരു
പടയൊരുക്കത്തിന്റെ പള്ളിയുണര്‍ത്തല്‍ ആകട്ടെ !! ഇടതു പക്ഷത്തിന് ഒരു
അങ്കത്തിനുകൂടി ബാല്യമുണ്ടെങ്കില്‍ മാത്രം.