MediaAppUSA

പൊന്‍കുന്നം വര്‍ക്കി കാലം തന്ന കാതലുള്ള ധിക്കാരി; സംവാദം സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)

Published on 25 October, 2019
പൊന്‍കുന്നം വര്‍ക്കി കാലം തന്ന കാതലുള്ള ധിക്കാരി; സംവാദം സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)
ഒരു കാലഘട്ടത്തിന്റെ രോഷം തൂലികയിലേക്ക് ആവാഹിച്ച് അനീതിക്കും അനാചാരങ്ങള്‍ക്കും എതിരെ ഉറഞ്ഞുതുള്ളിയ പൊന്‍കുന്നം വര്‍ക്കി എന്ന എഴുത്തുകാരന്റെ ജീവിതം ചര്‍ച്ചക്കെടുത്തുകൊണ്ട് ഒക്ടോബര്‍മാസ സര്‍ഗ്ഗവേദി പുതിയൊരു അദ്ധ്യായം തുറന്നു. 2019 ഒക്‌ടോബര്‍ 20 ഞായര്‍ വൈകുന്നേരം 6.30ന് ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ ഒത്തുകൂടിയ സര്‍ഗ്ഗവേദിയില്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കഥയെഴുത്തുകാരന്‍ സി.എം.സി ആയിരുന്നു അദ്ധ്യക്ഷന്‍ .  അമേരിക്കയിലെ പള്ളിക്കമ്മിറ്റിയില്‍ അംഗമായിരുന്ന കാലത്ത് ഉണ്ടായ കയ്‌പ്പേറിയ ചില അനുഭവങ്ങള്‍ സി.എം.സി തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പങ്കുവച്ചു. ഡോഃ നന്ദകുമാര്‍ ചാണയില്‍ അദ്ദേഹത്തിന്റെ സ്വാഗതപ്രസംഗത്തിനിടെ പൊന്‍കുന്നം വര്‍ക്കി സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താവായിരുന്നു എന്നും തന്റെ സാഹിത്യത്തിലുള്ള സംഭാവന കാലഹരണപ്പെട്ട വ്യവസ്ഥിതികള്‍ക്കെതിരെ നിന്ന് മനുഷ്യപുരോഗതിക്കുവേണ്ടിയുള്ള പോരാട്ടവും ആയിരുന്നു എന്നും ആമുഖമായി പറഞ്ഞു.

തുടര്‍ന്ന് കേരളാ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകനുമായ ഇ.എം. സ്റ്റീഫന്‍ ''പൊന്‍കുന്നം വര്‍ക്കി  ജീവിതവും ചിന്തയും'' എന്ന പ്രബന്ധം അവതരിപ്പിച്ചു. കത്തോലിക്കാ സഭയുടെ ചട്ടക്കൂടിനെതിരെ ആരും ശബ്ദിക്കാന്‍ മടിക്കുന്ന കാലത്ത് സഭയിലെ അനീതിക്കെതിരെ തൂലിക ചലിപ്പിച്ചുകൊണ്ടായിരുന്നു പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യജീവിതത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് 120 ല്‍ ശിഷ്ടം കഥകള്‍. സമൂഹത്തിന്റെ വേദന തന്റെ സ്വന്തം വേദനയാണെന്നു കരുതി എഴുതിയതുമൂലം തനിക്ക് ജോലിവരെ നഷ്ടമായി. ഈ അനുഭവം എം.പി. പോളിനും ജോസഫ് മുണ്ടശ്ശേരിക്കും ഉണ്ടായിട്ടുണ്ട്. സ്റ്റീഫന്‍ തുടര്‍ന്നു .  വര്‍ക്കി എതിര്‍ത്തത് ദൈവവിശ്വാസത്തെയല്ല. കത്തോലിക്കാസഭയിലെ കൊള്ളരുതായ്മകളെ ആയിരുന്നു, പള്ളിമതത്തെ ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ പള്ളിക്കു പുറത്താക്കി. ദേവാലയങ്ങള്‍ എല്ലാം ചൂഷണസ്ഥലങ്ങള്‍ ആണെന്നും ദൈവത്തെയും സ്വര്‍ഗ്ഗത്തെയും കാട്ടി ഭയപ്പെടുത്തി പുരോഹിതവര്‍ഗ്ഗവും പള്ളിയധികാരികളും സ്വന്തം സാമ്പത്തിക ലാഭത്തിനും സുഖജീവിതത്തിനും വേണ്ടി നിലകൊള്ളുന്നു എന്നും ഉറക്കെ പറയാന്‍ ജീവിതം ഉഴിഞ്ഞുവച്ച സാഹിത്യകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി. സ്വന്തം സമുദായത്തില്‍നിന്ന് മാത്രമല്ല അദ്ദേഹത്തിന് എതിര്‍പ്പുകള്‍ ഏല്‍ക്കേണ്ടിവന്നത്. തന്റെ ''മോഡല്‍'' എന്ന കഥയിലൂടെ സര്‍ സി.പി. ഭരണകൂടത്തിന്റെ അക്രമത്തെ എതിര്‍ത്തതിന് വര്‍ക്കിക്ക് 6 മാസത്തെ ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. വേറിട്ട വഴികളിലൂടെ സഞ്ചരിച്ച വര്‍ക്കി  മണ്ണിനോടും മനുഷ്യനോടും ഉള്ള ഉദാത്തമായ സ്‌നേഹം തന്റെ സൃഷ്ടികളില്‍ പ്രകടമാക്കിയിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു പൊന്‍കുന്നം വര്‍ക്കി. അദ്ദേഹം ജീവിച്ച കാലഘട്ടത്തെ മലയാളസാഹിത്യത്തിന്റെ 'ഗോള്‍ഡന്‍ ഏജ് ' എന്ന് വിശേഷിപ്പിക്കാം. കാരണം അക്കാലത്ത് ജീവിച്ച പ്രതിഭാധനരായ എഴുത്തുകാരാണ് തകഴി, കേശവദേവ്, എം.പി. പോള്‍ ,  കാരൂര്‍, ഉറൂബ്, ബഷീര്‍, മുണ്ടശ്ശേരി. അവരായിരുന്നു സമൂഹത്തിന്റെ വേദനകളും ജീര്‍ണ്ണതയും മനസ്സിലാക്കി ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ അവയില്‍നിന്നും മുക്തിനേടുവാന്‍ മാനവസമൂഹത്തിന് വഴികാട്ടിയവര്‍. സമൂഹമിന്ന് വര്‍ഗ്ഗീയ ചിന്തകളുടെയും സങ്കുചിത താല്പര്യങ്ങളുടെയും തടവറയിലാണ്. അവയില്‍നിന്നും മുക്തിനേടുവാനുള്ള വഴികളെപ്പറ്റി ആയിരിക്കണം നമ്മുടെ കൂട്ടായ്മകള്‍ ചിന്തിക്കേണ്ടത് എന്ന് ഇ.എം. സ്റ്റീഫന്‍ പറഞ്ഞവസാനിപ്പിച്ചു.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി തൂലികയെടുത്ത സാഹിത്യകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി എന്ന് ജോസ് ചെരിപുറം പറഞ്ഞു. തന്റെ വിപ്ലവകരമായ ചിന്തകള്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തിയെന്ന് കൂടി ജോസ് കൂട്ടിച്ചേര്‍ത്തു. അലക്‌സ് എസ്തപ്പാന്‍ തന്റെ ഹൃസ്വമായ പ്രസംഗത്തില്‍ പൊന്‍കുന്നം വര്‍ക്കിയെ പോലുള്ള സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളായ എഴുത്തുകാരെ കാലം സംഭാവന ചെയ്തിട്ടുണ്ടെങ്കിലും അനീതിയും അക്രമവും സഭയില്‍ ഇന്നും തുടര്‍ക്കഥയാണെന്നും സിസ്റ്റര്‍ ലൂസി അതിനൊരു ഉദാഹരണമാണെന്നും പറഞ്ഞു.

സത്യവും കള്ളവും ഒരിക്കല്‍ കുളിക്കാന്‍ പോയ കഥപറഞ്ഞുകൊണ്ടാണ് പി. ടി. പൗലോസ് തന്റെ പ്രസംഗമാരംഭിച്ചത് .  രണ്ടുപേരും കരയില്‍ കുപ്പായമൂരിയിട്ട് വെള്ളത്തിലിറങ്ങി. സത്യത്തിന്റെ കുപ്പായം വെള്ളിനൂല്‍കൊണ്ട് തയ്ച്ച് വെളുത്തു വെട്ടിത്തിളങ്ങുന്നതായിരുന്നു.  കളളത്തിന്റെ കുപ്പായം പൊടിപിടിച്ചതും കറുത്തതും നാട്ടുകാര്‍ അടിച്ചുകീറിയതുമായിരുന്നു. കള്ളം നേരത്തെ കുളി കഴിഞ്ഞ് സത്യത്തിന്റെ നല്ല കുപ്പായമിട്ട് സ്ഥലംവിട്ടു. സത്യം കുളികഴിഞ്ഞു കയറിയപ്പോള്‍ തന്റെ കുപ്പായം മോഷണം പോയതായിക്കണ്ടു. സത്യം ഒന്നുമിടാതെ പൂര്‍ണ്ണനഗ്‌നനായി നടന്നുപോയി. അന്നുമുതലാണ് നഗ്‌നസത്യം അല്ലെങ്കില്‍ നേക്കഡ് ട്രൂത് എന്ന വാക്ക് ഉണ്ടായതായി ഒരു കഥ. കഥയെന്തെങ്കിലും ആകട്ടെ. സമൂഹത്തിലെ നഗ്‌നസത്യങ്ങളെ പെറുക്കിയെടുത്ത് കഥകളെഴുതി കലാപമുണ്ടാക്കിയ വിപ്ലവകാരിയായിരുന്നു പൊന്‍കുന്നം വര്‍ക്കി എന്ന എഴുത്തുകാരന്‍. സമകാലികരായ രണ്ടു വര്‍ക്കിമാര്‍ ഉണ്ടായിരുന്നു. മുട്ടത്തുവര്‍ക്കി പളളിമതിലേല്‍ ഇരുന്ന് കിഴക്കേമലയിലെ വെണ്ണിലാവിനെ ക്രിസ്ത്യാനിപ്പെണ്ണാക്കി ഭാവനയുടെ നീലാകാശത്തിലൂടെ ചിറകുവിരിച്ചുപറന്നപ്പോള്‍, പൊന്‍കുന്നംവര്‍ക്കി പള്ളിമേട മുതല്‍ ദിവാന്‍ബംഗ്‌ളാവ് വരെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റായിരുന്നു എന്ന് പൗലോസ് പറഞ്ഞു.

തുടര്‍ന്നുസംസാരിച്ച ഡോഃ എന്‍.പി. ഷീല പറഞ്ഞത് സാധുക്കള്‍ക്ക് വേണ്ടി ജീവിച്ച സാഹിത്യകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി. മുട്ടത്തുവര്‍ക്കി ജനങ്ങളെ വായന പഠിപ്പിച്ചു, പൊന്‍കുന്നംവര്‍ക്കി വിപ്ലവം പഠിപ്പിച്ചു. മനുഷ്യന്‍ മനുഷ്യനെ തിന്നുന്ന കലിയുഗത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നുകൂടെ ഡോഃ ഷീല ഓര്‍മ്മിപ്പിച്ചു. തമ്പി തലപ്പിള്ളി പൊന്‍കുന്നം വര്‍ക്കിയെ ഒരിക്കല്‍ നേരിട്ടുകണ്ട ഓര്‍മ്മ പങ്കുവച്ചു. വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' യിലെ ഔസേപ്പ് എന്ന കൃഷിക്കാരന്റെയും കണ്ണന്‍ എന്ന കാളയുടെയും ആത്മബന്ധം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു എന്ന് തമ്പി പറഞ്ഞു. ചിന്നമ്മ സ്റ്റീഫനും സാനി അമ്പൂക്കനും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

പി. ടി. പൗലോസ് അദ്ധ്യക്ഷനും പ്രബന്ധാവതാരകനും പരിപാടിയെ പരിപൂര്‍ണ്ണ വിജയത്തിലെത്തിച്ച സദസ്സിനും നന്ദി പറഞ്ഞതോടെ സര്‍ഗ്ഗവേദിയുടെ പുതുമ നിറഞ്ഞ മറ്റൊരു അദ്ധ്യായം കൂടി പൂര്‍ണ്ണമായി.


പൊന്‍കുന്നം വര്‍ക്കി കാലം തന്ന കാതലുള്ള ധിക്കാരി; സംവാദം സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)പൊന്‍കുന്നം വര്‍ക്കി കാലം തന്ന കാതലുള്ള ധിക്കാരി; സംവാദം സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)പൊന്‍കുന്നം വര്‍ക്കി കാലം തന്ന കാതലുള്ള ധിക്കാരി; സംവാദം സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)പൊന്‍കുന്നം വര്‍ക്കി കാലം തന്ന കാതലുള്ള ധിക്കാരി; സംവാദം സര്‍ഗ്ഗവേദിയില്‍ (പി. ടി. പൗലോസ്)
M. A. ജോർജ്ജ് 2019-10-27 00:21:49
കേരളാ സെന്ററിൽ കൂടിയ സർഗ്ഗവേദി ഇടതു സഹയാത്രികരുടെ ഒരു കുടിച്ചേരൽ ആയിരുന്നു എന്ന് മനസ്സിലാക്കുന്നു. പൊൻകുന്നം വർക്കി എന്ന വിപ്ലവകാരിയെ സ്മരിക്കാൻ കൂടിയ മലയാളികളുടെ കൂട്ടം. 1960 കളിൽ കോട്ടയത്തും പ്രാന്ത പ്രദേശങ്ങളിലും നടത്തിയ കമ്മ്യൂണിസ്റ്റു മീറ്റിംഗുകളിൽ പൊൻകുന്നം വർക്കി ഒരു സ്ഥിരം പ്രഭാഷകനായിരുന്നു. കത്തോലിക്കാ സഭയേയും പുരോഹിതരേയും വിമർശിക്കുക എന്നത് അദ്ദേഹത്തിന്റെ മാസ്റ്റർ പീസായിരുന്നു. ജോസ് ചെരിപുറം പറഞ്ഞതു പോലെ കത്തോലിക്കാ പുരോഹിതരുടെ ഉറക്കം കെടുത്തി എന്നതിൽ കവിഞ്ഞ് എന്തെങ്കിലും സംഭവിച്ചതായി കേട്ടീട്ടില്ല. സിസ്റ്റർ ലൂസിയെ ഉദ്ധരിച്ചു കൊണ്ട് അലക്സ് എസ്തഫാനും പറയുന്നതും അതുതന്നെ. MP പോളും, മുണ്ടശ്ശേരിയും, പൊൻകുന്നം വർക്കിയും, ജോസഫ് പുലിക്കുന്നേലും സഭാധികാരികളെ നിശിതമായി വിമർശിച്ച് ഒരു വിമത ചേരി ഉണ്ടാക്കി എന്നതിൽ കവിഞ്ഞ് എന്തു സംഭവിച്ചു? PT പൗലൂസിന്റെ താരതമ്യ പഠനം തികച്ചും ഏകപക്ഷീയം തന്നെ. പള്ളി മതിലേൽ ഇരുന്ന് മുട്ടത്തു വർക്കി കിഴക്കേ മലയിലെ വെണ്ണിലാവിനെ ക്രിസ്ത്യാനി പെണ്ണാക്കുമ്പോൾ പൊൻകുന്നം വർക്കി പള്ളിമേടയും ദിവാൻ ബംഗ്ലാവും പിടിച്ചുകുലുക്കിയ ഹീറോ ആക്കുന്നു. ഇതു വായിക്കുമ്പോൾ കേരളത്തിലെ ഒരു സാദാ കമ്മ്യൂണിസ്റ്റുകാരൻ ചെഗ്വേരയുടെ തലയുള്ള റ്റീഷർട്ട് ധരിച്ച് നടക്കുന്നതാണ് ഓർമ വരുക. Dr. NP ഷീലയെപ്പോലെ പക്വതയുള്ള വിചാരിപ്പുകാരെയാണ് ഇന്നത്തെ സമൂഹത്തിനാവശ്യം. അവരുടെ വാചകങ്ങൾ ശ്രദ്ധേയമായിരുന്നു. "പാവപ്പെട്ടവനു വേണ്ടി ജീവിച്ച സാഹിത്യകാരനായിരുന്നു പൊൻകുന്നം വർക്കി. മുട്ടത്തു വർക്കി ജനങ്ങളെ വായിക്കുവാൻ പഠിപ്പിച്ചു." വേലിക്കെട്ടുകളോവേർതിരിവോ ഇല്ലാതുള്ള ഇത്തരം വിലയിരുത്തലാണ് മനുഷ്യരെ കോർത്തിണക്കുന്നത്. പരസ്പരം തിന്നാൻ വെമ്പുന്ന കലിയുഗത്തിലെ മനുഷ്യരുടെ ഇടയിൽ ധീരമായ വിലയിരുത്തൽ നടത്തിയ Dr. NP ഷീലക്ക് അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക