Image

കല്ലറ വരെ കച്ചവടമാക്കുന്ന കർത്തൃദാസന്മാർ (പി. ടി. പൗലോസ്)

Published on 24 July, 2022
കല്ലറ വരെ കച്ചവടമാക്കുന്ന കർത്തൃദാസന്മാർ (പി. ടി. പൗലോസ്)

ഇന്നലെ കേരളത്തിലുള്ള എന്റെ ഒരു
സുഹൃത്തുമായുള്ള ഫോൺ സംഭാഷണമാണ് ഈ കറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ പേരുകളൊന്നും ഞാനിവിടെ പരമാര്‍ശിക്കുന്നില്ല. അയാളുടെ വിഷാദം നിറഞ്ഞ വാക്കുകൾ - ''പള്ളിയാശുപത്രിയിലെ
കിടത്തിചികത്സേം കഴിഞ്ഞ് തിരിച്ചുകിട്ടിയ അപ്പന്റെ മൃതദേഹം
പള്ളിക്കല്ലറയിൽ അടക്കിയപ്പോൾ കിടപ്പാടത്തിന്റെ പ്രമാണം സഹകരണബാങ്കിലായി. അപ്പൻ മരിച്ചിട്ടും മരണവിവരം അറിയിക്കാതെ ഒരു ദിവസംകൂടി കിടത്തിയിട്ട് നടത്തിയ ടെസ്റ്റുകൾക്കും മരുന്നുകൾക്കും ചിലവായത് അരലക്ഷത്തോളം. അപ്പനെ അടക്കുവാൻ കല്ലറക്ക് പള്ളിക്കാര് വാങ്ങിയത് നാല് ലക്ഷം''.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ചുങ്കക്കാരെയും കള്ളക്കച്ചവടക്കാരെയും കപടഭക്തരായ പരീശന്മാരെയും യേരുശലേം ദേവാലയത്തിൽനിന്നും തുരത്തിയോടിച്ച ക്രിസ്തുവിന്റെ ദാസന്മാരുടെ പള്ളിസെമിത്തേരികളിൽ ഓരോ കല്ലറക്കും നാല് മുതൽ പത്തു ലക്ഷം രൂപ വരെ വില നല്കേണ്ടിവരുന്നു. ജനിച്ചത് മുതൽ ജീവിച്ച നാളിതുവരെ അനുഭവിച്ച എല്ലാ വിശുദ്ധ കൂദാശകൾക്കും വിലയിട്ട് പണം പറ്റിയിട്ടും മരിച്ചപ്പോൾ കിടപ്പാടം വിറ്റു കുഴിമാടം വാങ്ങേണ്ട വിശ്വാസികളായ മക്കളുടെ ഗതികേട്. പള്ളിയുടെ ന്യായവാദങ്ങളോട് എത്ര യോജിച്ചാലും ആറടിമണ്ണിന്റെ ആറിരട്ടിവിലയും നിർമ്മാണച്ചിലവും കൂട്ടിയാലും ഒരു കല്ലറക്ക്‌ പത്തു ലക്ഷം രൂപ വരെ വില വരുന്നതെങ്ങനെ ?  ആറടിമണ്ണ് ഇവിടെ ജീവിച്ചുമരിക്കുന്ന ഓരോ മനുഷ്യന്റെയും അവകാശമാണ്. മനുഷ്യന്റെ അവകാശത്തെ ആത്മീയകച്ചവടം ചെയ്ത് തിന്നുകൊഴുക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടികളേ , നിങ്ങൾക്ക് ലജ്ജയില്ലേ എന്ന് ചോദിക്കുന്നില്ല. കാരണം ലജ്ജിക്കാൻ നിങ്ങൾക്കറിയില്ലല്ലോ. ഇവിടെയാണ്
വിശ്വാസത്തിന്റെ തലത്തിലുള്ളവരും അല്ലാത്തവരും ഒത്തുചേർന്ന്‌ വിപ്ലവകരമായ തീരുമാനമെടുക്കേണ്ടത്.

          മരിച്ചുകഴിഞ്ഞാൽ ജഡം
          പൊതുശ്മശാനത്തിൽ
          ദഹിപ്പിക്കുക അല്ലെങ്കിൽ
          മെഡിക്കൽ വിദ്യാർത്ഥികൾക്ക്
          പഠിക്കാൻ കൊടുത്ത് ഒരു
          പുണ്യപ്രവൃത്തിയിൽ
          പങ്കാളിയാവുക.

എന്റെ ഒരു പ്രവാസിസുഹൃത്തായ എഴുത്തുകാരൻ സുരേഷ് നെല്ലിക്കോട് എഴുതിയ ''തെമ്മാടിക്കുഴി'' എന്ന കഥ ഇപ്പോഴോർത്തുപോകയാണ്. കഥയുടെ കാമ്പ് ചുരുക്കത്തിലിങ്ങനെ. ഒള്ളത് ഒള്ളതുപോലെ പറഞ്ഞ എസ്തപ്പാൻ മരിച്ചപ്പോൾ തലയിൽ അവിശ്വാസത്തിന്റെയും അനുസരണക്കേടിന്റെയും മുൾമുടിവച്ചു് ഫാദർ ഡൊമിനിക് മനയ്ക്കപ്പാടം സെമിത്തേരിക്കു പുറത്തെ തെമ്മാടിക്കുഴിയിലിട്ടു മൂടി. ജീവിതനേട്ടങ്ങളുടെയും കുടുംബമഹിമയുടെയും കല്ലറകൾ പെരുകി സ്ഥലമില്ലാതെ വന്നപ്പോൾ മതിലുകൾ പൊളിച്ച് സെമിത്തേരിയുടെ വിസ്താരം കൂട്ടി. അപ്പോൾ എസ്തപ്പാന്റെ തെമ്മാടിക്കുഴി സെമിത്തേരിയുടെ മുഖ്യധാരയിലെത്തി. തെമ്മാടിക്കുഴിയിൽ ആണ്ടുകൾ നീണ്ട ഉറക്കത്തിൽനിന്നും എസ്തപ്പാൻ  ഞെട്ടിയുണർന്നപ്പോൾ ദേ, ഇടത്ത് പള്ളിക്ക്‌ പ്രിയപ്പെട്ട ക്വാറി മുതലാളി, വലത്ത് മനയ്ക്കപ്പാടത്തച്ചൻ !

ലക്ഷങ്ങൾ കൊടുത്തുവാങ്ങിയ കല്ലറകളിലടക്കാൻ കൊണ്ടുവരുന്ന ശവമഞ്ചത്തിനുനേരെപോലും സെമിത്തേരിയുടെ ഗേറ്റുകൾ അടക്കുവാൻ കല്പനയിടുന്ന ആത്മീയദുർമേദസ്സുകളായ സഭാപിതാക്കന്മാർ വാഴുന്ന കെട്ട കാലത്തിന്റെ വാതിൽപ്പടിയിൽ നിന്നുകൊണ്ട് ഇത്രയെങ്കിലും കുറിച്ചുനിറുത്തട്ടെ. 

Join WhatsApp News
M. A. ജോർജ്ജ് 2022-07-25 02:03:03
Mr. പൗലോസ്, സഭയോടും സഭാ പിതാക്കമാരോടും നിങ്ങൾക്കുള്ള വിരക്‌തി പുതിയ ഒരു കാര്യമല്ല. സഭ നടത്തുന്ന ഹോസ്പിറ്റലിൽ തന്നെ ചികിത്സ വേണം എന്നു ശഠിക്കുന്ന വിശ്വാസി അതിനു വേണ്ടി വരുന്ന ചിലവിനെക്കുറിച്ച് ബോധവാനാണ്. അതിന് കഴിവില്ലാത്തവന് സർക്കാർ വക ആശുപത്രിയുണ്ട്. അവിടെയും ചികിത്സ ലഭ്യമാണ്. ഹോസ്പിറ്റൽ നടത്തി വിശ്വാസികളെ Free ആയി ചികിത്സിക്കണമെന്ന വിമത നിർദ്ദേശം പ്രായോഗികമല്ല. ഒരു നഴ്സറി സ്ക്കൂൾ പോലും നടത്താൻ ത്രാണിയില്ലാത്ത ഇത്തരം വിമത ചിന്തകർ ഇത്തരം അഭിപ്രായങ്ങൾ എഴുതിവിടുന്നതിന് ഒരു ലോപവും കാണിക്കാറില്ല. പിന്നെ കല്ലറയുടെ കാര്യം. ഞാൻ കല്ലറയിലേ എന്റെ പിതാവിനെ അടക്കൂ എന്നു വാശി പിടിച്ചാൽ അതിനൽപം ചെലവു വരും. അത് ഏതു വിശ്വാസിക്കും അറിയാം. ഒരു ഇടവകയിലെ ഉത്തരവാദപ്പെട്ടവർ കൂടി എടുക്കുന്ന തീരുമാനം ആ ഇടവകക്കാർക്ക് സ്വീകാര്യമാണ്. കല്ലറ ഇല്ലാത്തവരേയും അവിടെ അടക്കം ചെയ്യുവാൻ സ്ഥലവും വകപ്പും ഉണ്ട്. മികച്ച ചികിത്സ വേണം, കല്ലറയിൽ സംസ്ക്കരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് പണച്ചിലവുണ്ട്. അതിന് വിശ്വാസി മുടക്കുന്ന പണം പുരോഹിതർക്ക് പുട്ടടിക്കാനാണെന്ന വിമത പ്രചരണം കഴമ്പില്ലാത്ത കഥയാണെന്ന് വിശ്വാസികൾക്കറിയാം. എഴുതാൻ വിഷയമില്ലാതെ വരുമ്പോൾ പുരോഹിതരുടെ മുതുകത്ത് കത്തിവെയ്ക്കുന്ന പരിപാടി അവസാനിപ്പിക്കുക. പുരോഹിതർ സഭയുടെ ഭാഗമാണ്. വിശ്വാസികൾക്ക് അവരെ വിശ്വാസമാണ്. അവരെ അവിശ്വസിക്കണമെങ്കിൽ അവർ ചെയ്യുന്ന കാര്യങ്ങൾ ആരെങ്കിലും ഒന്നു ചെയ്തു കാണിക്കൂ. എന്നിട്ട് വിമർശിക്കൂ.!
V. George 2022-07-26 02:34:10
Listen the words of Sri Narayana Guru. When the disiples asked what to do with a dead body Guru told them to cut the body in pieces and fertilize a coconut or banana tree. Why you want to take the dead body to the church? Cut a coconut tree, lay the body over it, pour some ghee, and light it. That is the best thing you can do to a dead body. All these religious rituals done on a dead body is only benefit the priest, not the dead body. Tell your elected representatives to change the existing hurdles and permit communities to open public crematoriums. Then cremate the body.
വിദ്യാധരൻ 2022-07-26 14:17:42
ഒഴുകിടുന്നു മർത്യന്റെ രക്തധമനിയിൽ അഴുകിനാറും മതത്തിന്റെ വിഷാണുക്കൾ കാർന്നു തിന്നത് മസ്‌തിഷ്‌ക്ക കോശമൊക്കെ വാർന്നുപോയ് അവരിലെ ചിന്താശക്തിയും നടക്കുന്നവർ ചുറ്റും ജോർജ്ജായി, പോളായി തുടർന്നിടും യുദ്ധമീ വേതാളങ്ങൾ ഇങ്ങനെ . കരഞ്ഞിടാം നെഞ്ചത്തടിച്ചു വിലപിച്ചിടാം ഒരിക്കൽ മരിച്ച വേതാളങ്ങളിവർ ഓർക്ക നീ. കത്തിക്കണം മൃതശരീരങ്ങൾ മരണശേഷം നൃത്തമാടാൻ കൊടുത്തിടാ പുരോഹിതർക്ക് വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക