Image

പ്രണാബ് മുഖർജിക്കു വിനയായ വിടുവായത്തം (പി. ടി. പൗലോസ്)

Published on 12 October, 2022
പ്രണാബ് മുഖർജിക്കു  വിനയായ വിടുവായത്തം (പി. ടി. പൗലോസ്)

കോൺഗ്രസ് തരൂർ അവസരം പാഴാക്കുമോ' എന്ന ശീർഷകത്തിൽ
ഇമലയാളിയിലെ പി. വി. തോമസിന്റെ ഡൽഹി കത്ത് വായിച്ചുവന്നപ്പോൾ വരികൾക്കിടയിലെ ചില സത്യങ്ങൾ
പറയണമെന്ന് തോന്നി. അതുകൊണ്ടാണ് ഈ കുറിപ്പ്. 2004 ല്‍ പരിചയസമ്പന്നനായ പ്രണാബ് മുഖർജിയെ തഴഞ്ഞിട്ടാണ് സോണിയ മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തത് എന്നെഴുതിക്കണ്ടു .  അല്ലെങ്കിലും പ്രണാബ് മുഖർജിയെ പ്രധാനമന്ത്രിയാക്കുവാൻ ഗാന്ധികുടുംബം സമ്മതിക്കുമായിരുന്നില്ല. കാരണം പ്രണാബ് ദാ ക്കെതിരെ പരോക്ഷമായ ഒരു 'ചൊരുക്ക്‌ ' ഗാന്ധികുടുംബത്തിൽ ഉണ്ടായിരുന്നു. അത് തുടങ്ങിയത് ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസം മുതൽ. 1984 ഒക്ടോബർ 31 വൈകുന്നേരം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വിവരം ഏറ്റവും ആദ്യം പുറത്തുവിട്ടത് ബി ബി സി ആണ്. തന്റെ കൈവശം ഉണ്ടായിരുന്ന ട്രാൻസിസ്റ്റർ റേഡിയോ വഴി വിവരം അറിഞ്ഞ്, മിഡ്‌നാപൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണം പെട്ടെന്ന് നിറുത്തി രാജീവ് ഗാന്ധി എം. പി. ഡൽഹി ഈവെനിംഗ് ഫ്ലൈറ്റ് പിടിക്കാൻ കൽക്കട്ട എയർപോർട്ടിൽ എത്തി ലോഞ്ചിൽ വെയിറ്റ് ചെയ്തു. അല്പം കഴിഞ്ഞ് ബംഗാൾ പര്യടനത്തിൽ ഉണ്ടായിരുന്ന കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖർജിയും ഡൽഹിക്കു പോകാൻ കൽക്കട്ട എയർപോർട്ടിൽ എത്തി. ഡൽഹിയിൽ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട്‌ എന്തോ സംഭവിച്ചു എന്നതല്ലാതെ ഇന്ദിരാജി മരിച്ച വിവരം പ്രണാബിന് അറിയില്ലായിരുന്നു. മരിച്ച വിവരം അറിയാവുന്ന ഒറ്റ വ്യക്തി ആ സമയം അവിടെ രാജീവ് ഗാന്ധി മാത്രം. അദ്ദേഹം മൗനിയായി ഒരു മൂലയിൽ ഇരുന്നു. രാജീവ് ഗാന്ധി അന്ന് അത്ര പ്രശസ്തനല്ലായിരുന്നതുകൊണ്ടാകണം പത്രക്കാർ ആദ്യം സമീപിച്ചത് പ്രണാബിനെയാണ്. അദ്ദേഹം പത്രക്കാരോട് പറഞ്ഞു. ''ഞാൻ വളരെ  അത്യാവശ്യം ആയി ഡൽഹിക്കു പോകുന്നു. അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. ഇന്ദിരാജിക്ക് എന്തെങ്കിലും അപകടകരമായി സംഭവിച്ചിട്ടുണ്ടെങ്കിൽ എനിക്ക് നാളെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട് ബിക്കോസ് ഐ ആം നമ്പർ 2 ഇൻ ദി ക്യാബിനറ്റ് ''. ഇത് അപ്പുറത്തിരുന്ന്‌ രാജീവ് ഗാന്ധി കേൾക്കുന്നുണ്ടായിരുന്നു.

പിറ്റേ ദിവസം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആ ക്യാബിനറ്റിൽ അഞ്ചു വർഷത്തേക്ക് പ്രണാബ് മുഖർജിയെ തൊടീച്ചിട്ടില്ല. തന്റെ സ്വതവേയുളള വിടുവായത്തം മൂലം ആ കാലഘട്ടം പ്ലാനിങ് കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ ആയി ഒതുങ്ങേണ്ടി വന്നു.

മുകളിൽ വിവരിച്ച സംഭവം രാജീവ് ഗാന്ധിയുടെ കുടുംബ ഡയറിയിൽ എഴുതാതെ എഴുതിച്ചേർത്ത അദ്ധ്യായമാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും സീനിയർ മന്ത്രിയായി പ്രണാബ് ക്യാബിനറ്റിൽ ഉണ്ട്. സാധാരണ പ്രധാനമന്ത്രി വിദേശത്തു പോകുമ്പോൾ തന്റെ ചുമതല കൊടുക്കുന്നത് തൊട്ടു താഴെയുള്ള സീനിയർ മിനിസ്റ്ററിന് ആയിരിക്കും. ആ സമയത്തുപോലും ഒരു സ്വതന്ത്ര ചുമതല പ്രണാബിനു കൊടുത്തിട്ടില്ല. മൻമോഹൻ സിങ്ങിന്റെ വിദേശയാത്രയിൽ ആഭ്യന്തരകാര്യങ്ങളുടെ കൂട്ടുത്തരവാദിത്വം ഡൽഹിയിൽ പ്രണാബ് മുഖർജിക്കും എ. കെ. ആന്റണിക്കും ആയിരുന്നു. അത് ഗാന്ധി കുടുംബത്തിന്റെ ബാക് സീറ്റ് ഡ്രൈവിംഗ് ആകാം.

അവസാനം വിടുവായത്തം ഇല്ലാതെ ഒതുങ്ങിയിരിക്കാൻ ഒരു നല്ല ഇരിപ്പിടം അദ്ദേഹത്തിനു കിട്ടി - ഇന്ത്യൻ രാഷ്ട്രപതി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക