Image

അതിജീവനത്തിന്‍റെ ആദ്യതാൾ ( (നാലാം തൂണിനപ്പുറം എന്ന ഫ്രാൻസിസ്  തടത്തിലിന്റെ പുസ്തകത്തിന്റെ  ആമുഖം)

Published on 19 October, 2022
അതിജീവനത്തിന്‍റെ ആദ്യതാൾ ( (നാലാം തൂണിനപ്പുറം എന്ന ഫ്രാൻസിസ്  തടത്തിലിന്റെ പുസ്തകത്തിന്റെ  ആമുഖം)

Read more: https://emalayalee.com/writer/130

ആമുഖം 

അതിജീവനത്തിന്‍റെ ആദ്യതാൾ ( (നാലാം തൂണിനപ്പുറം എന്ന ഫ്രാൻസിസ്  തടത്തിലിന്റെ പുസ്തകത്തിന്റെ  ആമുഖം)

ജനുവരി 20. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊനാണിത്. ജീവിതത്തിലൊരിക്കലും മാതൃരാജ്യം വിട്ട് മറ്റൊരു രാജ്യത്ത് മരുപ്പച്ച തേടിപ്പോകുമെന്ന് കരുതാത്ത ഞാൻ .. .ആ ഞാൻ ഇന്നു സജീവ പത്രപ്രവർത്തകൻ എന്ന കുപ്പായമഴിച്ചു വെച്ച് മരുപ്പച്ച തേടി സമ്പന്നതയുടെ മടിത്തട്ടെന്നു വിളിക്കുന്ന അമേരിക്കൻ ഐക്യനാട്ടിൽ കുടിയേറിയതിന്‍റെ പത്താം വാർഷികം (ഈ അധ്യായം എഴുതുന്നത് 2016 ജനുവരിയിലാണ്.)...ഇതെഴുതുമ്പോൾ സമയം പുലർച്ചെ നാലുമണി. എന്‍റെ രോഗാവസ്ഥയുടെ പാർശ്വഫലമായ ഗ്രാഫ്റ്റ് വേഴ്സസ് ഹോസ്റ്റ് ഡിസീസ് (GVHD) വീണ്ടും വേട്ടയാടിയതിനെ തുടർന്ന് സ്റ്റീറോയിഡ് ഉപയോഗം പുനരാരംഭിച്ചിരുന്നു . അതേതായാലും നന്നായി. ഉറക്കം കൺപോളകളെ അലട്ടുന്നേയില്ല! എഴുത്തു പുനരാരംഭിക്കാനുള്ള അദമ്യമായ അഭിവാഞ്ഛ ഇതോടെ സട  കുടഞ്ഞെണീറ്റു. 

പിന്നൊന്നും ചിന്തിച്ചില്ല, എന്‍റെ കഴുത്തിൽ വട്ടം പിടിച്ച് സുഖനിദ്രയിലാണ്ട മകൾ ഐറീന്‍റെ ലോലമായ കരതലം അതിലും മൃദുലമായി  എടുത്തുമാറ്റി ഓഫീസ് മുറിയിലേക്കു പലായനം ചെയ്യുകയായീ ഞാൻ . അകാലത്തിൽ ലഭിച്ച തിമിരം ദീർഘനേരം കമ്പ്യൂട്ടറിന്‍റെ മുമ്പിലിരിക്കുന്നതിൽ നിന്നെന്നെ വിലക്കി. എന്നാലും ... വയ്യ. ഇനിയും നീട്ടി വയ്ക്കാൻ വയ്യ. മനസിൽ ചില ആശയങ്ങൾ രൂപപ്പെട്ടിരിക്കുന്നു. അതാകട്ടെ സ്വജീവിതാനുഭവത്തിന്‍റെ നേർസാക്ഷ്യങ്ങളും. വെറും നേർസാക്ഷ്യങ്ങളല്ല, സംഭവബഹുലമായ പത്രപ്രവർത്തനത്തിന്‍റെ ഉലയിൽ കാച്ചിയെടുത്ത യാഥാർഥ്യങ്ങൾ. അപ്പോൾപ്പിന്നെ  വായനക്കാർ തീർച്ചയായും അതിനെ നെഞ്ചേറ്റുമെന്ന ഉൽക്കടമായ ആത്മവിശ്വാസം. അതൊന്നു മാത്രമാണീ വരികൾ കുറിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ജീവിതത്തിലാദ്യമായാണ് കോളമിസ്റ്റന്ന കുപ്പായം ഞാൻ ചാർത്താനൊരുങ്ങുന്നത്. ആത്മവിശ്വാസക്കുറവല്ല, അവസരക്കുറവായിരുന്നു അതിനു കാരണം. പതിനൊന്നു വർഷത്തെ പത്രപ്രവർത്തന ജീവിതത്തിലെ കുപ്പായം അഴിച്ചു വയ്ക്കുന്ന സമയത്ത് പത്രപ്രവർത്തകനെന്ന നിലയിൽ ഉയരാവുന്നതിന്‍റെ പരകോടിയിലായിരുന്നു ഞാൻ. പിന്തിരിഞ്ഞു നോക്കുമ്പോൾ, വിലപ്പെട്ട ജീവിതത്തിലെ അമൂല്യങ്ങളായ എന്തൊക്കെയോ കൈവിട്ടു പോയ പോലൊരു തോന്നൽ.  

പക്ഷേ, സംഭവ ബഹുലമായ പത്രപ്രവർത്തനത്തിലെ ജ്വലിക്കുന്ന ഓർമകൾ എന്നും മറക്കാനാവാത്ത അനുഭവങ്ങൾ തന്നെ . അല്ലെങ്കിൽത്തന്നെ ഒരു റഫറൻസും വേണ്ടാത്ത അനുഭവങ്ങൾക്കെന്തിന് പത്രപ്രവർത്തന റിപ്പോർട്ടിങ്ങിലെ  തിയറിയായ “ഇൻവെർട്ടഡ് പിരമിഡ്” വേണം‍?

ഇതൊക്കെ മറ്റുള്ളവർക്കു പങ്കു വച്ചാൽ ഒരുപക്ഷേ, നഷ്ടപ്പെട്ടെന്നു കരുതിയ എന്‍റെ ഓർമകളുടെ നറുപുഷ്പങ്ങൾ ഒരു പൂങ്കാവനമായി മനസിൽ നിറഞ്ഞു നിന്നേക്കാം. ഓർമകൾ നീണാൾ വാഴട്ടെ…!

        ഇതൊക്കെ പറയുമ്പോഴും ഒരു സജീവ പത്രപ്രവർത്തകനായി മടങ്ങി വരാനൊരുങ്ങുകയാണെന്നു കരുതരുത്. ഒരു തിരിച്ചു വരവിനുള്ള ശ്രമം …അത്ര മാത്രം .. നീണ്ട പതിനൊന്നു സംവത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷമുള്ള ശ്രമം. ഇതിനിടെ ഇടിവെട്ടേറ്റവന്‍റെ തലയിൽ പാമ്പു കടിച്ചു എന്നു പറഞ്ഞതു പോലെ രോഗപീഡകൾ. അമേരിക്കയിൽ വന്നതിനു ശേഷം എന്തു നേടി എന്നു ചോദിച്ചാൽ പലതുണ്ട് ഉത്തരങ്ങൾ. ഒരുപാട് സ്നേഹവും അതിലേറെ ഓമനത്തവുമുള്ള രണ്ടു മക്കൾ. ഐറീൻ എലിസബത്ത് തടത്തിൽ എന്ന പത്തു വയസ്സുകാരിയും ഐസക് ഇമ്മാനുവൽ തടത്തിലെന്ന രണ്ടു വയസ്സുകാരനും. പിന്നെ, യുഎംഡിഎൻജെ – തോമസ് എഡിസൺ കോളേജ് എന്നീ യൂനിവേഴ്സിറ്റികളിൽ നിന്ന് ഒരു ബക്കാക്കുലറേറ്റ് ഇരട്ട ഡിഗ്രി, ആർഎച്ച് ഐഎ (RHIA) എന്ന ഒരു ലൈസൻസും കുറേയേറെ കടങ്ങളും. വിദ്യാഭ്യാസം എന്ന മുതൽക്കൂട്ടുമായി കടത്തിന്‍റെ പങ്കാളിയാകാൻ ഒപ്പം ജീവിതപങ്കാളിയായ നെസിയും. അവൾക്കും കിട്ടി ഒരു മാസ്റ്റേഴ്സ് ഡിഗ്രിയും അതിനൊപ്പം ഒരു എൻപി ലൈസൻസും. അവളുടെ ശ്രമം വിഫലമായില്ല. ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി തന്നെ ലഭിച്ചു. എനിക്കാകട്ടെ പേരിനു ഭൂഷണമാകാൻ മാത്രമായി ലൈസൻസും ബിരുദങ്ങളും ഒതുങ്ങിപ്പോയി. മനുഷ്യൻ കൊതിച്ചു... ദൈവം വിധിച്ചു.. മാറ്റമില്ലാത്ത ആ വചനം തന്നെ എന്നിലും സാർഥകമായ പോലെ. ലൈസൻസ് ലഭിച്ചു രണ്ടു മാസത്തിനുള്ളിൽ ഉണ്ടായിരുന്ന ജോലിയും പോയി.

ജീവൻ സ്ഥിതി ചെയ്യുന്നത് രക്തത്തിലാണെന്ന് ബൈബിളാണു പഠിപ്പിച്ചത്. ആ രക്തത്തെ തന്നെ അർബുദം തീണ്ടിയാൽ ….‍‍? 

ഒരു ദിവസം ആശുപത്രിയിലെ എമർജൻസി റൂമിൽ മയങ്ങിക്കിടന്ന എന്നെ തട്ടി എണീൽപിച്ച് ആരോ മന്ത്രിക്കുന്നു. നീയും ക്യാൻസർ രോഗിയായി. ഹൃദയത്തിനുള്ളിലൂടെ കടന്നു പോയത് വാളോ മിസൈലോ …‍? അറിയില്ലെനിക്കിപ്പൊഴും. പക്ഷേ, പണ്ടേ തോറ്റു കൊടുക്കാൻ തയാറല്ലാത്ത ഞാൻ അർബുദപ്പിശാചിന്‍റെ മുമ്പിലും തോൽക്കാൻ തയാറായില്ല. അതു കൊണ്ട് മയക്കത്തിന്‍റെ കനമാർന്ന കണ്ണുകൾ വലിച്ചു തുറന്ന് ഇത്ര ഭീകരമായ വാർത്ത എന്നോടു മന്ത്രിച്ചതാരെന്നു നോക്കി ഞാനൊന്നു പുഞ്ചിരിച്ചു. എവിടെ നിന്നോ രണ്ടു തുള്ളി കണ്ണുനീർ എന്‍റെ മുഖത്തു വീണു. കണ്ണുനീരിനിത്ര കനമോ എന്നന്തിച്ച് ഞാൻ മിഴിച്ചു നോക്കി. പ്രിയപത്നി നെസിയും കുഞ്ഞു പെങ്ങൾ മഞ്ജുവും. അവരുടെ ദു:ഖം അണപൊട്ടിയൊഴുകുന്നതു ഞാനറിഞ്ഞു.

അണ പൊട്ടിയൊഴുകുന്ന കണ്ണീരിനു നടുവിലാണു നെസി. എന്‍റെ പ്രിയപ്പെട്ടവൾ. എനിക്കായി സ്വപ്നങ്ങൾ പങ്കു വച്ചവൾ. അവൾ കരയാൻ പാടില്ല. കാരണം അവളുടെ ഉള്ളിൽ എന്‍റെ കുരുന്നു ജീവനുണ്ട്. കേവലം ഒരു മാസം മാത്രം പ്രായമായ കുരുന്നുജീവൻ. എനിക്കു ജീവിക്കണം. എന്‍റെ കുഞ്ഞുമക്കൾക്കും പ്രിയപ്പെട്ടവൾക്കും വേണ്ടി. എന്നെ ഏറെ സ്നേഹിക്കുന്ന കുടുംബത്തിനു വേണ്ടി എനിക്കു ജീവിച്ചേ പറ്റൂ!

രണ്ടാമത്തെ കുഞ്ഞിനെ ഒരുമാസം ഗർഭിണിയായിരുന്ന അവളുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞു. "ഞാൻ ക്യാൻസറിനെതിരെ പോരാടാൻ തീരുമാനിച്ചു. ഐ വാണ്ട് ടു കിക്ക് ദ ബട്ട് ഓഫ് ദ ക്യാൻസർ... പക്ഷേ, അതിനു നിന്‍റെ പിന്തുണ വേണം. നീ എന്‍റെ മുന്നിൽ വച്ച് ഒരിക്കലും കരയരുത്.“

അന്ന് ഒരു മാസം ഗർഭിണിയായിരുന്ന അവൾ ആ വാക്ക് ഇന്നു വരെ പാലിച്ചു പോരുന്നു. ആ പ്രതിജ്ഞയാണ് എന്നെ പ്രതീക്ഷയോടെ ഇപ്പോഴും നയിക്കുന്നത്. അവളുടെ പതറാത്ത പോരാട്ടം. ഇതുവരെയുള്ള അഗ്നി പരീക്ഷണങ്ങളും അശ്വമേധങ്ങളും വീറോടെ, വാശിയോടെ ഞാൻ വിജയിച്ചിരിക്കുന്നു. ഇടയ്ക്കു പലപ്പോഴും ശരീരം പാടേ തളർന്നു പോയെങ്കിലും മനസു തളരാതെ സൂക്ഷിക്കാനായി.

ഇക്കാലയളവിൽ 9 തവണ സ്പെറ്റിസീമീയ (രക്തത്തിൽ അണുബാധ), നാലു തവണ  ന്യൂമോണിയ, അണുബാധ മൂലം വലതുകാലിൽ രണ്ടു മേജർ ശസ്ത്രക്രിയ, സ്റ്റിറോയിഡുകളുടെ അമിതോപയോഗം മൂലം ഷോൾഡർ ദ്രവിച്ചു പോയതിനാൽ (ഓസ്റ്റിയോ നെക്രോസിസ്) രണ്ടു ഷോൾഡറുകൾക്കും ടോട്ടൽ റീപ്ലേസ്മെന്‍റ്, സ്കിൻഗ്രാഫ്റ്റ് , രണ്ടു കണ്ണുകൾക്കും തിമിര ശസ്ത്രക്രീയ, നാലുദിവസം വെന്‍റിലേറ്ററിൽ, പലതവണ ഐസിയുവിൽ,10 തവണ കീമോതെറാപ്പി, പത്ത് ടോട്ടൽ ബോഡി റേഡിയേഷൻ, ഒടുവിൽ സ്റ്റെം സെൽ/ബോൺ മാരോ ട്രാൻസ്പ്ലാന്‍റ് ….. ദൈവം സത്യമാണെന്നും രക്ഷകനാണെന്നും ഞാൻ ജീവിതത്തിലേറ്റു വാങ്ങിയ നിമിഷങ്ങൾ..! എന്‍റെ അമേരിക്കൻ ജീവിതത്തിലെ സമ്പാദ്യങ്ങളിൽ ചിലത്. 

നിലയ്ക്കാത്ത ദൈവാനുഗ്രഹ പ്രവാഹം ബൂസ്റ്റ് എനർജി എനിക്കു പകർന്നു തന്ന ജീവിതപങ്കാളിയിലൂടെയും സ്നേഹനിധികളായ ഒരുപാടു സുഹൃത്തുക്കളുടെ പരിചരണത്തിലൂടെയും ഞാനേറ്റു വാങ്ങി. ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ ഈ സുഹൃത്തുക്കളുടെ കാരുണ്യം കൊണ്ട് മാത്രമാണ്. എന്നെ വലയപ്പെട്ടുകൊണ്ടു ഇടതും വലത്തുമായി നാല് സുഹൃത്തുക്കൾ: സജിമോൻ ആന്റണി, ഷിജിമോൻ മാത്യു, ലിന്റോ മാത്യു, മനോജ് വാട്ടപ്പിള്ളി എന്നിവർ. എന്റെ വേദനയിൽ സ്വാന്തനമായി, സാമ്പത്തിക ഞരുക്കത്തിൽ ആശ്വാസകരായി, എന്റെ മക്കൾക്ക്‌ തുണയായി, കീമോ ചെയ്യുമ്പോൾ നെസ്സിയെ അകറ്റി നിർത്തി എനിക്കെപ്പോഴും സഹായികളായി കൂടെയുണ്ടായിരുന്നത്  ഈ സുഹൃത്തുക്കളാണ്.  അന്നും ഇന്നും ഇവർ തന്നെയാണ് എന്റെ ബലം. ആ സ്നേഹബന്ധം "വി ഫൈവ്" എന്ന ഫാമിലി സഹൃദക്കൂട്ടായ്മായിലേക്കും  വഴി തെളിച്ചത് ദൈവത്തിന്റെ പദ്ധതിയായി കാണുന്നു. ഇതിനെല്ലാം ഉപരിയായി കരുണയുടെയും സ്നേഹത്തിന്റെ ഒരു കെടാവിളക്കും എന്നെ വലയം ചെയ്തിരുന്നു. മറ്റാരുമല്ല, എന്റെ പിതൃതുല്യനും ആൽമീയ ഗുരുവുമായ ഫാ. മാത്യു കുന്നത്ത്. 89 വയസിനോടടുക്കുന്ന മാത്യു അച്ചൻ മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് ആശുപത്രിയിലെ മുറിയിൽ നിൽക്കുന്നത് ഇപ്പോഴും മനസ്സിൽ നിന്നും മാറുന്നില്ല. 

ഇതിനിടെ, അമേരിക്കയിൽ തന്നെയുള്ള സഹോദരി  മഞ്ജുവിന്റെ സ്റ്റെംസെൽ പെർഫെക്റ്റ് മാച്ചു  ചെയ്തതിനാൽ ഉടനടി ട്രാൻസ്‌പ്ലാന്റും  ചെയ്തു. ഈ കടുത്ത അഗ്നിപരീക്ഷണങ്ങൾക്കിടയിലും ഇവിടെ ന്യൂജഴ്സിയിൽ സ്വന്തമായൊരു വീട്..! ദൈവാനുഗ്രഹത്തിന്‍റെ പൂർത്തീകരണമെന്നോണം കുഞ്ഞുമോൻ ഐസക്ക് ഇമ്മാനുവേലിന്‍റെ ജനനം. ഇനിയെന്തിനു ഞാൻ ക്യാൻസറിനെ ഭയപ്പെടണം? ദൈവം എന്നോടു കൂടെയുണ്ട് –ഇമ്മാനുവേൽ!

എന്‍റെ പ്രവാസ ജീവിതം പതിനൊന്നാണ്ടു പിന്നിട്ടപ്പോൾ ഒന്ന് എന്ന നമ്പർ എന്‍റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാകാത്ത നമ്പറായി മാറി. ഒരു ഏപ്രിൽ മാസത്തിലെ ഒന്നാം തിയതിയാണ് എന്‍റെ ജനനം. എന്‍റെ ഉറ്റ ചങ്ങാതിയും തൊട്ടയൽവാസിയും ഇപ്പോൾ ഇംഗ്ളണ്ടിൽ സ്ഥിരതാമസക്കാരനുമായ ജെയിൻ സെബാസ്റ്റ്യൻ ജനിച്ചത് മാർച്ച് 31നായിരുന്നു. എന്‍റെ ജനനത്തിന്  ഒരു ദിവസം മുമ്പ്. പത്താമനായി പത്താഴമുണ്ണാനിരുന്ന എന്നിൽ എന്‍റെ അമ്മ പത്തിലും ഒരൊന്നു കരുതി വച്ചു. തീർന്നില്ല ,ആറു വർഷത്തിനു ശേഷം ഇളയവൻ എന്ന എന്‍റെ സ്ഥാനം തട്ടിത്തെറിപ്പിച്ച് പതിനൊന്നാമിയായി കുഞ്ഞനുജത്തി മഞ്ജുവിനെ അമ്മ പ്രസവിച്ചു .അവിടെയുമുണ്ട് രണ്ട് ഒന്നുകൾ ..ഇതു കൊണ്ടൊന്നും അവസാനിക്കുന്നില്ല എന്‍റെ ഒന്നു ചരിത്രം. എനിക്കു ക്യാൻസറാണെന്ന് ഡയഗ്നോസിസ് ചെയ്തത് 2013ലെ 11ാം മാസത്തിലായിരുന്നു. ഇനി എന്താണ് ഒന്ന് എന്ന അക്കം എന്‍റെ ജീവിതത്തിൽ ചെയ്യാൻ പോകുന്നത് ആവോ? 

പത്രപ്രവർത്തനത്തിൽ കോളം ചെയ്യുക എന്നത് ഒരു കൺസൾട്ടൻസിക്കു തുല്യമാണ് . ജേർണലിസം പഠിച്ച കാലത്ത് ഒരു മാനേജ്മെന്‍റ് വിദഗ്ധൻ പഠിപ്പിച്ച ഒരു കാര്യം കൺസൾട്ടൻസി എന്ന വാക്കിന്‍റെ ദ്വയാർഥത്തെ ഓർമപ്പെടുത്തുന്നു. അദ്ദേഹം കൺസൾട്ടൻസിക്കുള്ള നിർവചനം ഒരു കഥയിലൂടെഅവതരിപ്പിച്ചു: ഒരു ഗ്രാമത്തിൽ ഒരു വിത്തു മൂരി ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ പശുക്കൾക്കെല്ലാം ആ വിത്തുമൂരിയിൽ നിന്ന് ഗർഭധാരണം ലഭിച്ചിരുന്നു. കാലങ്ങൾ കടന്നു പോയി. വിത്തു മൂരി കാളയിലേക്കു കടക്കാനുള്ള കാലമടുത്തു. ഗ്രാമവാസികൾ പശുക്കൾക്കായി മറ്റു മൂരികളെ അന്വേഷിച്ചു തുടങ്ങിയപ്പോൾ പാവം ഗ്രാമീണന് ഏക വരുമാന മാർഗം അടഞ്ഞു തുടങ്ങി. അപ്പോൾ അയാൾക്ക് ഒരാശയം തോന്നി. അയാൾ ആ കാളയുടെ കഴുത്തിൽ ഒരു ബോർഡ് തൂക്കി –“കൺസൾട്ടന്‍റ് “ അതോടെ നിലച്ചു പോകുമായിരുന്ന അയാളുടെ വരുമാനം പുന:സ്ഥാപിക്കപ്പെട്ടു!
 
ഇതു വെറും കഥയാണ് .അകാലത്തിൽ വിരമിച്ചവരും പൂർണകാലം ജോലിചെയ്തു വിരമിച്ച പത്രപ്രവർത്തകരുമൊക്കെയാണ് സാധാരണ കോളമിസ്റ്റുകളാകാറുള്ളത് . ഇതു ഞാൻ പറയുമ്പോൾ എനിക്കു ഗുരുതുല്യരും ആദരണീയരുമായ സീസൺ ചെയ്ത കോളമിസ്റ്റുകളെ തരം താഴ്ത്തുകയല്ല ചെയ്യുന്നത് . എം.ജെ.അക്ബർ, നളിനി സിംഗ്, കുഷ് വന്ത്സിംഗ് , ടി.ജി.എസ്. ജോർജ്, കെ.എം.റോയി, എൻ.റാം, ടി.വി.ആർ.ഷേണായി, കെ.ആർ.ചുമ്മാർ തുടങ്ങിയ പത്രപവർത്തന രംഗത്തെ കുലപതികളുടെ മുമ്പിൽ ഞാനൊരു കാട്ടുതുമ്പ. സജീവ പത്രപ്രവർത്തനം നടത്തുന്ന പ്രമുഖ ഇംഗ്ലീഷ്, മലയാളം പത്രങ്ങളിലുമുണ്ട് തലമുതിർന്ന കോളമിസ്റ്റുകൾ. അവരെല്ലാം ജനാധിപത്യത്തിന്‍റെ നാലാം തൂണിന്‍റെ നെടും തൂണുകളാണ്. ആ നെടുംതൂണുകളെ ചാരി നിൽക്കുന്ന വെറും കരിങ്കൽ ചീളുകൾ മാത്രമാണ് എന്നെപ്പോലുള്ളവർ . ഈ പൂജ്യ വ്യക്തിത്വങ്ങൾക്കു മുമ്പിൽ ആരതിയുഴിഞ്ഞു കൊണ്ട് ഞാനും തുടങ്ങട്ടെ എന്‍റെ കോളം.

അവരുടെ അനുഗ്രഹം കാംക്ഷിക്കുന്നതോടൊപ്പം എന്നെ ഒരു പത്രപ്രവർത്തകനായി വാർത്തെടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഒരു പിടി മുതിർന്ന പത്രപ്രവർത്തകരെ ഇവിടെ സ്മരിക്കട്ടെ .

എന്നെ ഒരു പത്രപ്രവർത്തകനായി വളർത്തി വലുതാക്കുന്നതിൽഏറ്റവും വലിയ പങ്കു വഹിച്ച തൃശൂർ ദീപികയിലെ സ്പെഷ്യൽ കറസ്പോണ്ടന്‍റും പത്രപ്രവർത്തക യൂണിയൻ നേതാവുമായ ഫ്രാങ്കോ ലൂയീസ്, ദീപികയിൽ നിന്നു റസിഡന്‍റ് എഡിറ്റർമാരായി വിരമിച്ച എൻ.എസ്. ജോർജ്, അലക്സാണ്ടർ സാം, ന്യൂസ് എഡിറ്ററായിരുന്ന സാബു കുര്യൻ, ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ദീപികയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ബോബി നായർ, എന്നെ ജേര്ണലിസത്തിന്റെ ആദ്യ പാഠം പഠിപ്പിച്ച ടി. ദേവപ്രസാദ് സർ, എന്‍റെ കഴിവുകൾക്കുള്ള അംഗീകാരമായി സ്ഥിരനിയമനം ലഭിച്ചയുടൻ ബ്യൂറോ ചീഫായി എനിക്ക് സ്ഥാനക്കയറ്റം നൽകിയ ദീപിക മുൻ ചീഫ് എഡിറ്ററും സിഎംഐ സഭയുടെ പ്രയോർ ജനറലുമായിരുന്ന ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ, ദീപികയിൽ നിന്നു മംഗളം പത്രത്തിന്‍റെ ആറു ജില്ലകളുടെ ചുമതലയുള്ള കോഴിക്കോട് യൂനിറ്റ് ന്യൂസ് എഡിറ്ററായി എന്നെ നിയമിച്ച മംഗളം ചീഫ് എഡിറ്റർ സാബു വർഗീസ്, മംഗളം സിഇഒ ആർ .അജിത് കുമാർ, മംഗളം ഡപ്യൂട്ടി എഡിറ്റർ രാജു മാത്യു, ചീഫ് ന്യൂസ് എഡിറ്റർ ഇ.പി.ഷാജുദ്ദീൻ, എന്റെ ഉറ്റ സ്നേഹിതനും മാർഗദർശിയുമായിരുന്ന കർഷകൻ മാസികയുടെ എഡിറ്റർ ജോർഡി ജോർജ്, മംഗളത്തിൽ ന്യൂസ് എഡിറ്ററും ഇപ്പോൾ മനോരമയിൽ ചീഫ് റിപ്പോർട്ടറുമായ ഷാജൻ സി.മാത്യ, രോഗപീഡകൾ മൂലം എഴുത്തിൽ നിന്ന് പൂർണമായും മാറിനിന്നപ്പോൾ വീണ്ടും എഴുതാനായി നിരന്തരം പ്രേരിപ്പിക്കുകയും അനുഭവങ്ങൾ കുറിപ്പുകളാക്കുക എന്ന ആശയവും തന്ന  ഇ-മലയാളിയുടെ എഡിറ്റർ ജോർജ് ജോസഫ് ....  അങ്ങനെ നീളുന്നു എന്‍റെ വളർച്ചയുടെ പങ്കു വഹിച്ചവരുടെ എണ്ണം . ഇവരിൽ പലരുടെയും സംഭാവനകൾ തുടർന്നുള്ള അധ്യായങ്ങളിൽ വിവരിക്കുന്നതിനാൽ ഇപ്പോൾ കൂടുതൽ പരാമർശിക്കുന്നില്ല.  

ഈ ലേഖനങ്ങൾ പുസ്തകരൂപത്തിലാകുമെന്ന് ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നില്ല. എന്റെ അടുത്ത സ്നേഹിതനും ജേഷ്ഠസഹോദരതുല്യനുമായ  ന്യൂ ജേഴ്സിയിലെ ഒരു വലിയ ഭാഷാ-പുസ്‌തക പ്രേമിയായ ബെന്നി കുര്യൻ ആണ് ഇത്തരം ഒരു ആഗ്രഹം എന്നിൽ ജനിപ്പിച്ചത്. രണ്ടു വര്ഷം മുൻപു എഴുതിത്തീർത്ത ഈ ലേഖനങ്ങൾ പുസ്തകമാക്കണമെന്ന് ബെന്നിച്ചേട്ടന്റെ ആഗ്രഹവും നിർബദ്ധവുമാണ് ഇന്നിത് പുസ്തകത്തിന്റെ പരിപൂർണ രൂപത്തിൽ എത്തി നിൽക്കുന്നത്. ഇതിലെ എല്ലാ ലേഖനങ്ങളും വായിച്ച അദ്ദേഹത്തിന്റെയും എന്റെയും അടുത്ത സുഹൃത്തും പത്രപ്രവർത്തകനും എഴുത്തുകാരനുമായ വര്ഗീസ് പ്ലാമൂട്ടിൽ (ഞങ്ങൾ സ്നേഹപൂർവ്വം ബേബി ചേട്ടൻ എന്ന് വിളിക്കും) കൂടി നിർബന്ധിച്ചപ്പോൾ ആ സാഹസം ഏറ്റെടുക്കാൻ തയ്യാറാകുകയായിരുന്നു.

  ഏറെ നാളുകൾക്കുശേഷം എന്റെ നാട്ടിലേക്കുള്ള എന്റെ വരവും പുസ്തകത്തിന്റെ വിശേഷവും  സോഷ്യൽ മീഡിയയിലൂടെ നാട്ടിലുള്ള  എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരെ അറിയിച്ച പ്രിയപ്പെട്ട കൂട്ടുകാരനും മുൻകാല സഹപ്രവർത്തകനുമായ വി.ആർ. ഹരിപ്രസാദിനും അദ്ദേഹത്തോടൊപ്പം പുസ്തകപ്രകാശനത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന തൃശൂയൂരിലെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. ദീപികയിൽ നിന്ന് ആരംഭിച്ച സി.കെ. ശിവൻ  എന്ന ഫോട്ടോഗ്രാഫ്രുമായുള്ള ബന്ധമാണ് രാജേഷ് ചേലോട്  എന്ന പ്രതിഭാധനനായ ആര്ടിസ്റ്റിനെക്കൊണ്ട് പുസ്തകത്തിന്റെ മനോഹരമായ കവർ രൂപകൽപ്പന ചെയ്യാൻ കഴിഞ്ഞത്. കവർ ഡിസൈനർ രാജേഷ് ചേലോട്, കേരിക്കേച്ചറിസ്റ് സി.ജി.സുരേഷ്‌കുമാർ, പേജുകളുടെ ലേഔട്ട് മനോഹരമായി വിന്യസിപ്പിച്ചു തന്ന തൃശ്ശൂരിലുള്ള പ്രമുഖ ലേഔട്ട് ആര്ടിസ്റ്  
സെലിൻ, പബ്ലിക്ഷർ കേരള ബുക്ക് സ്റ്റോർ.കോമിന്റെ സാരഥികളായ  ജോജോയും സോണിയും എന്റെ പ്രഥമ പുസ്തകം മനോഹരമായി പ്രിന്റ് ചെയ്തു തന്ന എറണാകുളത്തെ സെന്റ് ഫ്രാൻസിസ്‌ പ്രസിലെ സമർത്ഥരായ ജോലിക്കാർ എന്നിവരെയും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങളും ഇ മലയാളിയുടെ ആദ്യം പുറത്തുവന്നപ്പോൾ നല്ല കമന്റുകൾ നൽകിയ നല്ലവരായ അമേരിക്കൻ മലയാളികളായ വായനക്കാരെയും  പത്രപ്രവർത്തനരംഗത്തു പിന്തുണയും പ്രോത്സാഹനവും  നൽകിയ  അമേരിക്കയിലെ വിവിധ സാമുഹിക-സാംസ്‌കാരിക- സാഹിത്യ മേഖലകളിലെ എല്ലാ നേതാക്കന്മാർക്കും നന്ദിയോടെ സ്‌മരിക്കുന്നു.
 
എന്‍റെ പ്രിയപ്പെട്ട ആ പത്രപ്രവർത്തക അഭ്യുദയകാംക്ഷികൾക്കു മുമ്പിൽ അവനതാസ്യനായി നിന്നു കൊണ്ട് ഞാനെന്‍റെ ഓർമ്മകൾ പങ്കു വയ്ക്കട്ടെ. ഇനി വരാനിരിക്കുന്നത് എന്‍റെ അനുഭവങ്ങൾ മാത്രമായിരിക്കുമെന്ന ഉറപ്പോടെ ഈ പുസ്തകം  ഇവിടെ ആരംഭിക്കട്ടെ.

അതിജീവനത്തിന്‍റെ ആദ്യതാൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക