read more: https://emalayalee.com/writer/130
അവതാരിക
ഒരു പാഠപുസ്തകത്തിന്റെ ജനനം (നാലാം തൂണിനപ്പുറം എന്ന ഫ്രാൻസിസ് തടത്തിലിന്റെ പുസ്തകത്തിന് എഴുതിയ അവതാരിക)
അതിതീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഫ്രാന്‍സീസ് തടത്തിലിന്റെ പത്രപ്രവര്‍ത്തനകാല അനുഭവങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ചോരത്തിളപ്പുള്ള പ്രായത്തില്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ വിവിധ റോളുകളില്‍ ഒരു വ്യാഴവട്ടം സംഭവബഹുലമാക്കിയ വ്യക്തി.
പത്രപ്രവര്‍ത്തനരംഗത്ത് ഫ്രാന്‍സീസിനെപ്പോലെ ഫ്രാന്‍സീസ് മാത്രമേയുള്ളുവെന്നു അദ്ദേഹം കടന്നുപോകുന്ന അഗ്നിപരീക്ഷകള്‍ അറിയാവുന്നവര്‍ക്ക് സംശയമുണ്ടാവില്ല. ചെറിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ പോലും തളര്‍ന്നു പോകുന്നവര്‍ ഈ അപൂര്‍വ്വ പോരാളിയുടെ ജീവിതകഥ അറിയണം.
അതുപോലെതന്നെ പത്രപ്രവര്‍ത്തന രംഗത്തേക്ക് വരുന്നവര്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പല ആവര്‍ത്തി വായിക്കണം. ഒരു പത്രപ്രവര്‍ത്തകന്‍ ആരായിരിക്കണം, വാര്‍ത്ത എന്തായിരിക്കണം, പ്രലോഭനങ്ങളും ഭീഷണികളും എങ്ങനെ നേരിടണം എന്നു തുടങ്ങി മാധ്യമങ്ങളെ മുതലാക്കാന്‍ നടക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രഭ്രുതികളെയും അല്‍പസ്വല്‍പം 'വട്ട്' ഉള്ള ഉദ്യോഗസ്ഥ പ്രമാണിമാരേയും നവാബ് രാജേന്ദ്രനെപ്പോലുള്ള അല്‍പ പ്രാണികളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന പാഠങ്ങള്‍ വരെ ഇതില്‍ വിവരിക്കപ്പെടുന്നു
മാധ്യമ പ്രവര്‍ത്തകന്‍ കാര്യങ്ങളെ വിമര്‍ശന ബുദ്ധ്യാ (ക്രിട്ടിക്കല്‍) ആയി വേണം കാണാന്‍. കേരളത്തില്‍ ഇല്ലാത്തത് അതാണ്. ആര് എന്തു പറഞ്ഞാലും അത് അതേപടി വിഴുങ്ങും. അതിനു കുറച്ച് അതിഭാവുകത്വം കൂട്ടി ചേര്‍ക്കും. ഏതാനും വര്‍ഷം മുമ്പ് കേരളത്തില്‍ ചെന്ന ഒരു അമേരിക്കന്‍ മലയാളി കേരളത്തിന്റെ നിക്ഷേപ സൗഹൃദമല്ലാത്ത അവസ്ഥയില്‍ മനംനൊന്ത് മഹാരാഷ്ട്രയില്‍ 2000 കോടി രൂപ മുതല്‍ മുടക്കാന്‍ പോകുന്നെന്നു മനോരമ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന്റെ നഷ്ടം, മഹാരാഷ്ട്രയുടെ നേട്ടം എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസിലാകുന്നത് പറഞ്ഞ വ്യക്തിക്ക് ചില മാനസീക പ്രശ്നങ്ങളുണ്ടെന്ന്.കൂടുതല്‍ അന്വേഷിക്കാനോ, മറുവശം ചിന്തിക്കാനോ കേരളത്തിലെ മാധ്യമങ്ങള്‍ മടിക്കുന്നു. നാം കൊടുത്തില്ലെങ്കില്‍ മറ്റൊരു പത്രം/ചാനല്‍ കൊടുക്കുമെന്ന ചിന്താഗതി മൂലം എന്തും കൊടുക്കാമെന്ന സ്ഥിതി വന്നു. അതോടേ മാധ്യമരംഗത്തെ വിശ്വാസ്യത തകര്‍ന്നു. അവിടേക്ക് സോഷ്യല്‍ മീഡിയ ഇരച്ചുകയറി.
അതിനു പുറമേയാണു ഇപ്പോള്‍ എഡിറ്ററുടെ സ്ഥാനം മാനേജര്‍മാരും പരസ്യക്കാരും കയ്യടക്കിയിരിക്കുന്നത്. പോരെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥിരതയോ ന്യായമായ ശമ്പളമോ ഇല്ലാത്ത അവസ്ഥയും.
ഇത്തരമൊരു കാലഘട്ടത്തിനു തുടക്കം കുറിച്ച തൊണ്ണൂറുകളിലാണ് ഫ്രാന്‍സീസ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. വാര്‍ത്തയും അതിലെ സത്യവും കണ്ടെത്താന്‍ ഏതറ്റം വരെയും പോകുന്ന പത്രപ്രവര്‍ത്തകനെയാണ് നാം കാണുന്നത്. വൈകിട്ട് രണ്ട് പെഗ് അടിച്ചിരിക്കുമ്പോഴും വാര്‍ത്തയുടെ സൂചന കണ്ടാല്‍ സ്വന്തം സുഖം ത്യജിച്ച് ഓടിപ്പോകാന്‍ മടിക്കാത്ത പ്രതിബദ്ധത ചുരുക്കമായേ കാണൂ.
വാര്‍ത്തകള്‍ സത്യമെങ്കില്‍ മുഖംമൂടി പോലുമില്ലാതെ അവയെ അനാവരണം ചെയ്യുവാന്‍ ഫ്രാന്‍സിസ് മടിക്കുന്നില്ല. അവിടെ വ്യക്തിതാല്പര്യങ്ങളില്ല.
സമയമാണ് വാര്‍ത്ത. ഇന്നത്തെ സംഭവ വികാസങ്ങള്‍ ഇന്നുതന്നെ അറിയിക്കുക. അത് നാളെയായാല്‍ പഴയതായി. അതുകൊണ്ടാണ് പത്ര പ്രവര്‍ത്തകന്റെ ജോലി ഏറെ നിഷ്ഠയുള്ളതാകുന്നത്. വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള ജാഗ്രത, കൈകാര്യം ചെയ്യുന്നതിലെ സൂക്ഷമത, ആധികാരികത, വാര്‍ത്താ സ്രോതസ് കണ്ടത്തുന്നതിലെ വൈവിധ്യം, അവയുടെ രഹസ്യാത്മകത കാത്തു സൂക്ഷിക്കുന്നതിനുള്ള നെഞ്ചുറപ്പ്, ഇവയെല്ലാം ഉള്ള പത്രക്കാരനെ ആണു ഈ രചനകളില്‍ കാണുന്നത്.
വാര്‍ത്തകള്‍ പലപ്പോഴും വീണു കിട്ടുന്നവയായിരിക്കും. പക്ഷെ അത് വര്‍ത്തയാണെന്നു തിരിച്ചറിയാനുള്ള വിവേകമാണ് പ്രധാനം. 'നോസ് ഫോര്‍ ന്യൂസ്' അഥവാ വാര്‍ത്ത മണത്തറിയുന്ന ഘ്രാണശക്തി. ഓരോ അദ്ധ്യായത്തിലൂടെയും ഫ്രാന്‍സിസ് തെളിയിച്ചിരിക്കുന്നതും ആ മികവാണ്.
അന്വേഷണാല്‍മക റിപ്പോര്‍ട്ടുകളുടെ പിന്നാമ്പുറ കഥകള്‍ ആണ് ഈ പുസ്തകത്തെ ആസ്വാദ്യകരമാക്കുന്നത്. ഓരോ സംഭവത്തിലും വാര്‍ത്തയുടെ പരിണാമവും അവ കണ്ടെത്തുന്നതിന് ഉപയോഗിക്കേണ്ടി വന്ന സാഹസികതയും കൂര്‍മ്മതയും ഒളിഞ്ഞു കിടപ്പുണ്ട്.
ഒരര്‍ത്ഥത്തില്‍ ഇടത്തരം പത്രങ്ങളായ ദീപികയിലും മംഗളത്തിലും പ്രവര്‍ത്തിച്ചതാണ് ഫ്രാന്‍സീസിനു ഗുണകരമായത്. വന്‍കിട പത്രങ്ങളിലാണെങ്കില്‍ റിപ്പോര്‍ട്ടറും സബ് എഡിറ്ററുമൊക്കെ നിശ്ചിത അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് വാര്‍ത്ത തേടിപ്പോയാല്‍ സഹപ്രവര്‍ത്തകരും മേലാവിലുള്ളവരും നെറ്റി ചുളിച്ചെന്നു വരും. ഒരാള്‍ കൂടുതല്‍ സ്മാര്‍ട്ടായാല്‍ സഹപ്രവര്‍ത്തകര്‍ക്ക് സഹിച്ചില്ലെന്നു വരാം. ഒരുവക സര്‍ക്കാര്‍ ചട്ടക്കൂടാണ് നാം അവിടെ കാണുക.
പച്ചയായ ജീവിതം ചിത്രീകരിക്കുന്ന, കഥ പോലെ വായനാസുഖം നല്‍കുന്ന വിവരണങ്ങള്‍, പത്രത്തില്‍ റിപ്പോര്‍ട്ടായി ഒതുങ്ങിപ്പോയിരിക്കും. എന്നാല്‍ ഈ താളുകളില്‍ അതു ജീവിതഗന്ധിയായ സൃഷ്ടിയായി. നവാബിന്റെ കഥ എടുക്കുക, എല്ലാവര്‍ക്കും നവാബിനെ അറിയാം. എന്നാല്‍ അത്രയധികം അറിയുകയുമില്ല. ഈ താളുകളില്‍ നവാബ് എന്ന ദുഖപുത്രനാണ് പുനര്‍ജനിക്കുന്നത്.
ഇപ്പോഴും സജീവമായി രംഗത്തുള്ള ടിക്കാറാം മീണ, രാജു നാരായണസ്വാമി തുടങ്ങിയ ഉദ്യോഗസ്ഥരുടെ ജീവിതത്തിലെ ചില ഏടുകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അവര്‍ക്ക് തിരിഞ്ഞുനോക്കാം. അവരെപ്പറ്റി ജനത്തിനും പഠിക്കാം.
ഇതു വായിച്ചപ്പോള്‍ ഏറ്റവും ഹൃദയ വേദന തോന്നിയത് കഞ്ചിക്കോട്ട് പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചവരെ ഇന്റര്‍വ്യൂ ചെയ്യുന്ന രംഗമാണ്.
'ഡോക്ടര്‍മാരുടെ ഭാഷയില്‍ പൊള്ളലേറ്റയാള്‍ എപ്പോള്‍ മരിക്കുമെന്നു അയാളൊഴികെ മറ്റല്ലെവാര്‍ക്കുമറിയാമായിരുന്നു. അങ്ങനെ എല്ലാവരുമായി (14 പേര്‍) സംസാരിച്ച് തീരും മുമ്പ് നാലു പേര്‍ കൂടി മരണമടഞ്ഞു. ഇതിനിടെ പൊള്ളലേറ്റ ഒരാളുടെ ഭാര്യ എന്നെ വിളിച്ചു. അയാള്‍ക്ക് എന്നോട് എന്തോ പറയാനുണ്ടെന്നു പറഞ്ഞു. അല്‍പം മുമ്പ് അയാളോട് സംസാരിച്ചതേയുള്ളൂ. ഞാനോടി ചെന്നു. 'എത്രയാള്‍ മരിച്ചു സാര്‍' അയാള്‍ ചോദിച്ചു. 'നാല്' ഞാന്‍ മറുപടി പറഞ്ഞു.
'എന്റേയും ഗതി ഇതായിരിക്കുമല്ലേ....' അയാളുടെ കണ്ണുനീര്‍....
ഞാനറിയാതെ വിങ്ങിപ്പൊട്ടി. അപ്പോള്‍ വേറൊരു ദിക്കില്‍ കൂട്ട നിലവിളി. അല്‍പനേരം മുമ്പ് സംസാരിച്ച മറ്റൊരാള്‍ പോയി. അങ്ങോട്ടേക്കോടി. അവിടെ നില്‍ക്കുമ്പോള്‍ നേരത്തെ പറഞ്ഞയാളുടെ അടുത്തു നിന്നു നിലവിളി....'
റിപ്പോര്‍ട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ മനസ്സിനെ മുറിപ്പെടുത്തും. 1978-ലോ 79-ലോ ബാംഗളൂരില്‍ 400-ല്‍ പരം പേര്‍ മരിച്ച വിഷമദ്യ ദുരന്തവും, 1993-ല്‍ മുംബൈ സ്ഫോടനവും റിപ്പോര്‍ട്ട് ചെയ്തത് ഈയുള്ളവനും ഓര്‍ക്കുന്നു. ബാംഗ്ലൂരിലെ മോര്‍ച്ചറിയില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന ഒത്ത ശരീരമുള്ള കറുത്ത മനോഹരി, മുംബൈയില്‍ ആശുപത്രി വരാന്തയില്‍ അനാഥമായി കിടന്ന തല മൊട്ടയടിച്ച വെളുത്ത നിറമുള്ള അതിസുന്ദരനായ യുവാവ്- ആ ഓര്‍മ്മകള്‍ മായുന്നില്ല. എങ്കിലും ദുരന്തഭൂമിയില്‍ പത്രക്കാരനു കണ്ണീരില്ല, സഹതാപവുമില്ല. ജോലി എന്ന ചിന്ത മാത്രം. വിവരം ലോകം അറിയണം.
അമേരിക്കയില്‍ വന്നു പത്രപ്രവര്‍ത്തനം മുഖ്യ ജീവിതോപാധിയാക്കാന്‍ മാത്രം വിവരക്കേട് ഫ്രാന്‍സീസിനുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം!. പക്ഷെ വിധി രോഗത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ നിഷ്‌കരുണം വേട്ടയാടി. അതിനെ ചെറുക്കുന്ന ഫ്രാന്‍സീസ് അവയൊക്കെ മറക്കാന്‍ ഏറ്റവും നല്ല ഉപാധി ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുകയാണേന്നു ഓര്‍മ്മിപ്പിച്ചവരില്‍ ഒരാള്‍ ഞാനാണ്. അങ്ങനെ ഏറെ നിര്‍ബന്ധങ്ങള്‍ക്കു ശേഷം ഫ്രാന്‍സീസ് എഴുതാനാരംഭിച്ചു.
ഇ-മലയാളിയില്‍ അതു പ്രസിദ്ധീകരിച്ചപ്പോള്‍ വലിയ തോതില്‍ വായിക്കപ്പെട്ടു. ഇപ്പോഴും വായിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ വന്നു. അതില്‍ ഇ-മലയാളി ഡോട്ട് കോമിനു അഭിമാനം.
1995 - 98 കാലയളവില്‍ ദീപികയില്‍ ജേര്‍ണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാന്‍സിസിന്റെ ആരംഭവും പ രിശീലനക്കളരിയും തൃശൂര്‍ ആയിരുന്നു. ഈ പുസ്തകത്തിനാധാരമായ സംഭവങ്ങള്‍ ഉരുത്തിരിഞ്ഞതും ഈ കാലയളവിലാണ്.
പന്ത്രണ്ട് വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനു ശേഷം 2006-ല്‍ അമേരിക്കയില്‍. ആദ്യകാലത്തു അമേരിക്കയില്‍ നിന്നിറങ്ങുന്ന മാധ്യമങ്ങളില്‍ സജീവമായിരുന്നുവെങ്കിലും പില്‍ക്കാലത്തു രക്താര്‍ബുദത്തെ തുടര്‍ന്ന് സജീവ പത്ര പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നു. രോഗം ശരീരത്തെ തകര്‍ത്തു താറുമാറാക്കിയപ്പോഴും ഒരു ധീര യോദ്ധാവിനെപ്പോലെ അതിനെതിരെ പടവെട്ടിയ ഫ്രാന്‍സീസ് പല ഘട്ടത്തിലും മരണത്തില്‍ നീന്നും രക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ മനക്കരുത്തുകൊണ്ടു മാത്രമാണ്. രക്താര്‍ബുദം ഭേദമാകാതെ വന്നതിനെ തുടര്‍ന്ന് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തി. ഇപ്പോള്‍ കാന്‍സര്‍ പൂര്‍ണ്ണമായും മാറിയെങ്കിലും പൂര്‍ണ ആരോഗ്യം കൈവരിച്ചിട്ടില്ല.
വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകില്‍, ഉറ്റവരുടെ സ്‌നേഹത്തിന്റെ തണലില്‍ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. പ്രശ്‌നങ്ങളുടെ നേരിയ വെയിലേല്‍ക്കുമ്പോള്‍ തന്നെ വാടിത്തളര്‍ന്നു പോകുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത് ഫ്രാന്‍സിസിന്റെ ജീവിതവും രോഗത്തിനെതിരായ പോരാട്ടവും ആരിലും അവേശമുണര്‍ത്തും. അനുഭവങ്ങളുടെ --നല്ലതും ചീത്തയുമടക്കം-- ഉലയില്‍ ഊതിക്കാച്ചിയപ്പോള്‍ പ്രകാശം പരത്തുന്ന മുത്തുകളായി മാറിയ ഓര്‍മ്മക്കുറിപ്പുകള്‍ വായനക്കാരുടെ കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കുമെന്നുറപ്പ്.
മരണത്തെ മുഖാമുഖം കണ്ടതു ഒന്‍പത് തവണയായിരുന്നു. ദൈവാനുഗ്രഹവും മനധൈര്യവുമാണ് ഒരു തിരിച്ചു വരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പല കുറി പറഞ്ഞിട്ടുണ്ട്.
ഇലക്ട്രോണിക് മീഡിയകളുടെ അതിപ്രസരം മൂലം ഇന്നത്തെ മാറിയ സാഹചര്യത്തില്‍ സംഭവിച്ചിരിക്കുന്ന പത്രപ്രവര്‍ത്തനത്തിലെ അപചയങ്ങള്‍ എന്തെന്ന് ഈ പുസ്തകം എടുത്തു കാട്ടുന്നുണ്ട്.
2017 ജനുവരി 21 മുതല്‍ ആരംഭിച്ച 'നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍' എന്ന 30 അധ്യായങ്ങള്‍ ഉള്‍പ്പെടുന്ന ലേഖന പരമ്പരയില്‍ നിന്ന് തെരെഞ്ഞെടുത്ത 18 അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.
2017 ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച പത്ര പ്രവര്‍ത്തകനുള്ള ദേശീയ അവാര്‍ഡും ഈ പരമ്പരക്ക് ലഭിച്ചു. ചിക്കാഗോയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഫ്രാന്‍സിസ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. 'ഈ അവാര്‍ഡ് വാങ്ങാന്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കുന്നതു സത്യമെങ്കില്‍ ഞാന്‍ പറയുന്നു ദൈവം സത്യമാണെന്ന്. അത് കൊണ്ട് ഈ അവാര്‍ഡ് സത്യമാണെങ്കില്‍, ഞാന്‍ ഇവിടെ നില്‍ക്കുന്നത് സത്യമാണെങ്കില്‍ ദൈവം സത്യമാണ്.'- പല തവണ മരണ മുഖത്തു നിന്ന് തന്നെ ദൈവം കോരിയെടുത്തു മാറോടു ചേര്‍ത്തതു ഉറക്കെ പ്രഖ്യാപിക്കാന്‍ അദ്ധേഹം മടിച്ചില്ല
ഫ്രാന്‍സീസ് പൊരുതുമ്പോള്‍ അതിനു കൂട്ടായി നിന്ന ഭാര്യ നെസി, മക്കള്‍, മറ്റു കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരേയും സ്മരിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ സംഭവങ്ങളിലും നേരിട്ടും അല്ലാതെയും പങ്കാളികളായിട്ടുള്ള നിരവധി മഹാത്മാക്കളുണ്ട്. അവരെയും നമിക്കുന്നു.
ജീവിതത്തിലേക്കുള്ള തിരിച്ചു വരവില്‍, രോഗശയ്യയില്‍ അദ്ദേഹത്തിന് ഇടതും വലതുമായി നിന്നുകൊണ്ട് അദ്ദേഹത്തെ ശുശ്രുഷിച്ച ഒരു പിടി ആത്മസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെ എഴുത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് യഥാര്‍ത്ഥത്തില്‍ അവരാണ്. അവര്‍ക്കു ആശംസകളുടെ നറുപുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.
ഈ പുസ്തകം മാധ്യമപ്രവര്‍ത്തനം ഉള്ള കാലത്തോളം വായിക്കപ്പെടുമെന്നു ഉറപ്പാണ്. വായിക്കാത്തവര്‍ക്ക് അതൊരു നഷ്ടം തന്നെയായിരിക്കും.
കേവലം 25 വയസു പ്രായമുള്ളപ്പോള്‍ എഴുതിയ വര്‍ത്തകളെക്കുറിച്ചുള്ള വിവരണങ്ങളാണ് ഇതിലുള്ളതെങ്കില്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് ഇനിയും വരാനിരിക്കുന്നതു ഇതിലും വലുതായിരിക്കുമെന്ന് ഉറപ്പിക്കാം.
ഫ്രാന്‍സിസ് ഇപ്പോള്‍ 'ഇ മലയാളി' ന്യൂസ് എഡിറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു
ജോര്‍ജ് ജോസഫ്
ഇ-മലയാളി ഡോട്ട്കോം, ന്യൂയോര്‍ക്ക്.
(മലയാള മനോരമയില്‍ചീഫ് സബ് എഡിറ്ററും ന്യു യോര്‍ക്കില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രം ഇന്ത്യാ എബ്രോഡില്‍ ഡപ്യൂട്ടി മാനേജിംഗ് എഡിറ്ററുമായിരുന്നു ലേഖകന്‍)