കേരളത്തിൽ ഒട്ടാകെ മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒരുക്കുന്നതിനും, ദരിദ്ര കുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന കെ ഫോൺ യാഥാർഥ്യത്തിലേക്ക്. കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷനായി 14,000 ബിപിഎൽ കുടുംബങ്ങളെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായി. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുക. സ്ഥലം എംഎൽഎ നിർദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോൺ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവർഗ ജനസംഖ്യ കൂടുതലുള്ളതുമായ വാർഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികൾ ഉള്ളതുമായ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും ആദ്യം പരിഗണന നൽകുന്നത്.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, കോളേജ് വിദ്യാർഥികളുള്ള പട്ടികവർഗ-പട്ടികജാതി കുടുംബങ്ങൾക്കാണ് പിന്നീടുള്ള പരിഗണന. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങൾക്കും ശേഷം പരിഗണന നൽകും. ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും. മുൻഗണനാക്രമത്തിൽ ഈ അഞ്ച് വിഭാഗത്തിലെ ഏത് വിഭാഗത്തിൽ വെച്ച് 100 ഗുണഭോക്താക്കൾ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ച് കെ ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കണം. ഒരു വാർഡിലെ ഗുണഭോക്തൃ പട്ടികയിൽ ഇങ്ങനെ നൂറിലധികം പേർ ആകാം . കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു.
കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് ആണ് നൽകിയിരിക്കുന്നത്. സുശക്തമായ ഒപ്റ്റിക്കൽ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് കെ ഫോൺ പദ്ധതി. ഇതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ പദ്ധതി സഹായകമാകും. സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലകോം സർവ്വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്നരീതിയിലാണ് കെ ഫോൺ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആകെ 30,000 സർക്കാർ ഓഫീസിലാണ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്നത്. ഇതിൽ 8082 എണ്ണം പ്രവർത്തനസജ്ജമാവുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവന ചെയ്തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ 25762 ഓഫീസുകളിൽ കെഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെ നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളും പൂർത്തിയായി.
അവസാനഘട്ട ടെസ്റ്റിംഗ് തുടങ്ങിയ നടപടികൾ ദ്രുതഗതിയിൽ നടന്നുവരുകയാണ്. സർക്കാർ തീരുമാനത്തിന് വിധേയമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിuലുള്ള 100 വീതം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന് വേണ്ടിയുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയുണ്ട്. സർക്കാർ തീരുമാനത്തിന് വിധേയമായി സൗജന്യ കണക്ഷൻ ഉടൻ നൽകി തുടങ്ങും. കെ ഫോണിന്റെ ഏറ്റവും തിളക്കമാർന്ന വശം അതിന്റെ സാമൂഹ്യ കാഴ്ചപ്പാടാണ്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷംപേർക്കാണ് പദ്ധതിയിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഡിജിറ്റൽരംഗത്തെ അസമത്വത്തിന് വലിയൊരളവുവരെ പരിഹാരമാകുന്ന പദ്ധതിയാണിത്.
# K phone- internet connectivity kerala