Image

രണ്ടു മിശിഹാമാരുടെ ലോകകപ്പ് (ജോസ് കാടാപുറം)

ജോസ് കാടാപുറം Published on 20 December, 2022
രണ്ടു മിശിഹാമാരുടെ ലോകകപ്പ് (ജോസ് കാടാപുറം)

ചാമ്പ്യന്‍മാര്‍  പിറന്ന രാത്രി ഞാന്‍ വീണ്ടും  മല  മുകളിലേക്ക്  പോയി അവിടെ ഏകാന്തതയില്‍  കളി കഴിഞ്ഞു  ഒഴിഞ്ഞ ഗാലറിയില്‍  ജീവിച്ച തീര്‍ത്ത മനുഷ്യന്മാരെ ഓര്‍ക്കാനുണ്ടായിരുന്നു മരുഭൂമിയില്‍ കണ്ണീര്‍ വീഴുമെന്നുറപ്പായിരുന്നു , അത് സന്തോഷത്തിന്റേതായാലും സങ്കടത്തിന്റേതായാലും.അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കിയ മെസ്സി  ഇടര്‍ച്ചയോടെ ആരംഭിച്ചിടത്തു നിന്നെല്ലാം മെസ്സി പിന്നീട് ഗോപുരങ്ങള്‍ പടുത്തുയര്‍ത്തിയ കാഴ്ചയാണ് മരുഭൂമിയില്‍ കണ്ടത് ..മെസ്സിയുടെ കാലുകള്‍ നേടിയ മൂന്നാമത്തെ ഗോള്‍ ഒരുപക്ഷെ പിറക്കുക ഇല്ലായിരുന്നു. ലോകം മുഴുവന്‍ എഴുന്നേറ്റു നിന്നു കളികണ്ട ആ നിമിഷത്തില്‍ അത്രയധികം കൈയടി അതിനുനേര്‍ക്ക് ചൊരിയില്ലായിരുന്നു. പെനാല്‍റ്റികളുടെ മാത്രം മിശിഹാ എന്ന പരിഹാസത്തിന്റെ മുള്ളും മുനയും ഒടിഞ്ഞു നിലത്തുവീഴില്ലായിരുന്നു. സകല കാല്‍ക്കുറ്റപ്പാടുകളെയും മുള്‍ക്കിരീടങ്ങളെയും എടുത്തുമാറ്റി മെസ്സിയെ ലോകത്തിന്റെ നെറുകയില്‍ വാഴിച്ച കാലമേ, നിനക്കു സ്തുതി.


മെസ്സിക്കു വേണ്ടി ഞാന്‍ ജീവന്‍ നല്‍കും, എനിക്കു അയാള്‍ക്കുവേണ്ടി മരിക്കണം എന്ന് പറഞ്ഞ സഹ കളിക്കാര്‍ തന്റെ കാലുകള്‍ക്കു വഴങ്ങാത്ത ഒരു കാല്പന്തുകിരീടവും ഈ ലോകത്തു ബാക്കിയില്ല എന്നെഴുതിച്ചേര്‍ത്തിരിക്കുന്നുഅവരാണ് അര്‍ജന്റീനയെ അത്ഭുതങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത്, അവര്‍ കളിക്കുന്നത് അര്‍ജന്റീനയ്ക്കു വേണ്ടി മാത്രമല്ല, അവരുടെ മെസ്സിക്കു വേണ്ടികൂടിയാണ്. അടുത്ത ലോകകപ്പില്‍ മെസ്സി കൂടെ കളിക്കാനില്ല എന്നത് അവര്‍ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത യാഥാര്‍ഥ്യമാണ്. എങ്കിലും അവര്‍ കൈയും മെയ്യും മറക്കുകയാണ്, അവരുടെ കുട്ടിക്കാല നായകന്റെ ഫുട്‌ബോള്‍ ജീവിതത്തെ അനശ്വരമാക്കാന്‍.
ഞങ്ങള്‍ കളിക്കുന്നത് ഞങ്ങള്‍ ഇടുന്ന ഇളംനീല ജഴ്സിക്കു വേണ്ടിയാണ്, എന്നാല്‍ മെസ്സിക്കു വേണ്ടി കൂടിയാണ് - റോഡ്രിഗോ ഡീപോള്‍. ഞങ്ങള്‍ ഈ ലോകകപ്പ് നേടിയാല്‍, ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക എനിക്കുവേണ്ടി ആയിരിക്കില്ല, മെസ്സിക്കു വേണ്ടിയാവും - ലിയാന്‍ഡ്രോ പരേഡിസ്. എനിക്ക് അയാള്‍ക്കെന്റെ ജീവന്‍ നല്‍കണം, അയാള്‍ക്കുവേണ്ടി എനിക്കു മരിക്കണം ഇതില്‍ കൂടുതല്‍ ഒരു ക്യാപ്റ്റന്  വേണ്ടി രക്തംകൊടുക്കണോ കൂട്ട്  കളിക്കാര്‍.

ഇനി ഞങ്ങളോട് അര്‍ജന്റീനയും ലുസെയ്ല്‍ സ്റ്റേഡിയവും ഒരുപോലെ ഞെട്ടിയ നിമിഷത്തെ കുറിച്ച് പറഞ്ഞാലും  അധികസമയത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. എമിലിയാനോ മാര്‍ട്ടിനെസ്  എന്ന ഗോള്‍ കീപ്പര്‍ ഈ ലോകകപ്പില്‍ എന്തുകൊണ്ട് അര്‍ജന്റീനയുടെ വീരനായകനായി എന്ന് അടയാളപ്പെടുത്തിയ നിമിഷം. മധ്യവരയ്ക്ക് മുന്നില്‍നിന്ന് പന്ത് ഉയര്‍ന്ന് അര്‍ജന്റീന ബോക്സനരികെ വീണപ്പോള്‍ മുവാനിയുടെ കാലുകള്‍ കുതിച്ചു. ബോക്സിലേക്ക് കടന്നു. ഒറ്റ ഷൂട്ടില്‍ ഫ്രാന്‍സിനെ ചാമ്പ്യന്‍മാരാക്കാനും അര്‍ജന്റീനയെ തകര്‍ക്കാനും പറ്റുന്ന നിമിഷം. അവിശ്വസനീയമായ നീക്കത്തിലൂടെയാണ് മാര്‍ട്ടിനെസ് അത് തടഞ്ഞത്. ഷൂട്ടൗട്ടില്‍ വീര്യം പകര്‍ന്നത് ആ ആത്മവിശ്വാസമായിരുന്നു ..ആറടി അഞ്ച്  ഇഞ്ച്  നീളത്തില്‍ ആകാശത്തോളം  നീളുന്ന ഇയാളുടെ കൈയില്‍ തുളച്ചു കയറുന്ന ഗോളുകള്‍ എളുപ്പമല്ല   ഇയാള്‍ തന്നെയാണ് മികച്ച ഗോളി.

ഇനി ഞങ്ങളോട് ഫ്രാന്‍സിന്റെ പോരാളിയെ കുറിച്ച് പറഞ്ഞാലും എമി മാര്‍ട്ടിനസ് എന്ന ഈ ലോകകപ്പിലെ ഏറ്റവും വിശ്വസ്തനായ ഗോളിക്കു മുന്നില്‍ ആദ്യത്തെ പെനാല്‍റ്റി എടുക്കാന്‍ നില്‍ക്കുമ്പോള്‍ പോലും അയാള്‍ പതറിയില്ല. മെസ്സിയുടെ വഴിയേ അയാള്‍ ഫ്രാന്‍സിനെ പോരാട്ടത്തിലേക്കു നയിച്ചു. രണ്ടാമത്തെ ഗോള്‍ ഒരു ശസ്ത്രക്രിയ പോലെ സൂക്ഷ്മവും കൃത്യവും ആയിരുന്നു. അപ്പോള്‍ അര്‍ജന്റീനയുടെ ഗ്യാലറികളില്‍ രക്തം വാര്‍ന്നു. അഭിനന്ദനങ്ങള്‍ എംബാപ്പെ, നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഫുട്‌ബോള്‍ ഇത്രയും മനോഹരമായൊരു കളി ആകുമായിരുന്നില്ല. നിങ്ങളുടെ ഗോളുകളോടുള്ള ഈ അഭിനിവേശം ഇല്ലായിരുന്നെങ്കില്‍ ഈ ഫൈനല്‍ ഇത്രയും ത്രസിപ്പിക്കുന്ന ഒരു അനുഭവം ആകുമായിരുന്നില്ല.
തോല്‍ക്കാന്‍ വിടാതെ നിങ്ങള്‍ അടിമുടി പൊരുതിനിന്നതിന്റെ പൊരുളാണ് കാല്പന്തിന്റെ സത്യവും മഹത്വവുംഅത്രയും സന്തോഷഭരിതമായ ഈ രാത്രിയില്‍ ഈ മനുഷ്യന്റെ കണ്ണീരാനന്ദത്തെ രേഖപ്പെടുത്താതെ പോകുന്നതെങ്ങനെ.
എക്‌സ്ട്രാ ടൈം അവസാനിക്കുന്നതിനു തൊട്ടുമുന്‍പുള്ള ആ സേവ് ഇല്ലായിരുന്നെങ്കില്‍ നീലക്കടലുകള്‍ മുഴുവന്‍ നിലച്ചുപോയേനെ. ഫൈനല്‍ കഴിഞ്ഞു എന്നുകരുതിയ ഒന്നാം പകുതിയില്‍ നിന്നും എംബാപ്പേ രണ്ടാംപകുതിയെ ശരിക്കും ഫൈനലാക്കി നീട്ടിയെഴുതി. അടിച്ചും തിരിച്ചടിച്ചും ചങ്കിടിപ്പ് കരകവിഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് അത് സംഭവിക്കുന്നത്, കപ്പെന്നുറപ്പിച്ച ഫ്രാന്‍സിന്റെ കിക്ക് മാര്‍ട്ടിനസ് തടുത്തിട്ടു. ഗോള്‍ഡന്‍ ബൂട്ട് സമ്മാനം വാങ്ങി  ജയിച്ചവരെ നിങ്ങള്‍ അഭിനന്ദിക്കാന്‍ മറന്നത് യൂറോപ്പിന്റെ നന്മക്കു നേരെ  ചെറുപ്പത്തിന്റെ അപക്വതയാണ് എന്നാലും  ഭാവി എംബാപ്പേ നിങ്ങളുടേതാണ്.

ഇനി മലമുകളില്‍ നിന്നറങ്ങി മരുഭൂമിയിലേ വീട്ടുകാരാനെ കുറിച്ച്   പറയണം അത് മറ്റാരുമല്ല അത്രമേല്‍ തീവ്രമായ ഒരു സ്വപ്നത്തെ, അങ്ങേയറ്റത്തെ പൂര്‍ണ്ണതയില്‍ സാക്ഷാത്കരിച്ച ഖത്തറിന്റെ ഭരണാധികാരി, ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി അല്ലാതെ മറ്റാരാണ് ഇന്നലത്തെ രാത്രിയുടെ അവകാശി?. ഒരു വ്യാഴവട്ടക്കാലം ഒരു രാജ്യം കണ്ട മഹാ സ്വപ്നത്തെ ഏറ്റവും മികച്ച രീതിയില്‍, ലോകത്തിന്റെ മൊത്തം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന തരത്തില്‍ പൂര്‍ത്തിയാക്കിയ ഭരണപാടവമാണ് ഖത്തറിന്റെത്.ലോക ഫുട്‌ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതെന്ന് എല്ലാ അര്‍ത്ഥത്തിലും ലോകം വാഴ്ത്തുന്ന 'ഫിഫ ലോകകപ്പ് 2022' ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ ഖത്തറിന്റെ ഊദ് മണക്കുന്ന കാറ്റിനൊപ്പം ബാക്കിയാവുന്ന നനുത്ത ഓര്‍മ്മയായ് അവശേഷിക്കും. തീര്‍ച്ച. അതിനാല്‍, ആവര്‍ത്തിക്കുന്നു, ഇന്നലെ രാത്രി ലോകത്ത് ഏറ്റവും സന്തോഷത്തോടെ ഉറങ്ങിയത് അദ്ദേഹമായിരിക്കും. അത്രമേല്‍ തീവ്രമായ ഒരു സ്വപ്നത്തെ, അങ്ങേയറ്റത്തെ പൂര്‍ണ്ണതയില്‍ സാക്ഷാത്കരിച്ച ഖത്തറിന്റെ പ്രിയപ്പെട്ട ഭരണാധികാരി...ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി...ലോകകപ്പിനായി നിര്‍മിച്ച എട്ട് സ്റ്റേഡിയങ്ങളായിരുന്നു പ്രധാന സവിശേഷത. ലോകത്തെ ഏത് കളിമുറ്റങ്ങളെയും വെല്ലുന്നതായിരുന്നു. മുഴുവന്‍ സ്റ്റേഡിയങ്ങളും നിറഞ്ഞുകവിഞ്ഞു. കളി കഴിഞ്ഞിറങ്ങിപ്പോകുന്ന ആരാധകരെ ഉള്‍ക്കൊള്ളാന്‍ നഗരങ്ങള്‍ക്ക് സാധ്യമാകുമോയെന്നായിരുന്നു അടുത്ത ചോദ്യം. എന്നാല്‍, ഭൂഗര്‍ഭ മെട്രോ എല്ലാം മാറ്റിമറിച്ചു. ഒരു ദിവസം നാല് കളിയുള്ളപ്പോഴും ഖത്തറിലെ നഗരങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടില്ല.

കിക്കോഫിന്റെ തലേന്ന് യൂറോപ്പിനെയും മാധ്യങ്ങളെയും കടുത്ത ഭാഷയിലാണ് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ വിമര്‍ശിച്ചത്. മനുഷ്യാവകാശപ്രശ്നങ്ങള്‍ ഇല്ലാത്ത ഏത് യൂറോപ്യന്‍ രാജ്യമാണുള്ളതെന്നായിരുന്നു ചോദ്യം. എല്ലാവരും ഇനി കളിയില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു. അതോടെ വിമര്‍ശങ്ങള്‍ കുറഞ്ഞു. കളി തുടങ്ങിയതോടെ നേരിയ എതിര്‍പ്പും ഇല്ലാതായി.

ഒന്നിനൊന്ന് മെച്ചമുള്ള കളികള്‍ എല്ലാ വിഷയങ്ങളെയും മായ്ച്ചുകളഞ്ഞു. 29 ദിവസം 64 കളികള്‍ നടന്നിട്ടും ഒരു പരാതിയും ഉണ്ടായില്ല. കളിക്കാര്‍ക്ക് ഖത്തറിലെ ചൂട് പ്രശ്നമാകുമെന്ന് പറഞ്ഞപ്പോള്‍ സ്റ്റേഡിയങ്ങള്‍ ശീതീകരിച്ചായിരുന്നു മറുപടി. അതിന്റെ ആനുകൂല്യം കളിക്കാര്‍ക്ക് മാത്രമല്ല, കാണികള്‍ക്കും കിട്ടി. ആര്‍ക്കും വിയര്‍ത്തുകുളിച്ച് കളി കാണേണ്ടിവന്നില്ല.ചെറിയ രാജ്യത്ത് വലിയ ലോകകപ്പ് എങ്ങനെ സാധ്യമാകുമെന്നായിരുന്നു ആദ്യ ചോദ്യം. 12 വര്‍ഷംമുമ്പ്  ലോകകപ്പ് സമ്മാനിച്ച അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍തന്നെ അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞു. ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു ബ്ലാറ്ററുടെ ഏറ്റുപറച്ചില്‍.
ഖത്തറിനെതിരെ കടുത്ത നിലപാട് എടുത്ത   യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് ആഘോഷമായി. പക്ഷേ, കളി നടത്തി ഖത്തര്‍ കളം പിടിച്ചു. തുടക്കംമുതല്‍ അവരുടെ എല്ലാ മറുപടിയും പ്രവൃത്തിയിലൂടെയായിരുന്നു.

രണ്ടു മിശിഹാമാരുടെ ലോകകപ്പ്  ഒരാളെ നാട്ടുകാരനായ ഫ്രാന്‍സിസ് മാര്പ്പാപ്പ പുണ്യാളനായി പ്രഖ്യാപിക്കണം മെസ്സി  മിശിഹാ... മറ്റൊരാള്‍ സംഘാടന  മികവ് കൊണ്ട് ലോകത്തെ ഞെട്ടിച്ച ഖത്തറിന്റെ പ്രിയപ്പെട്ട ഭരണാധികാരി...ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി  --ഇനി നമ്മുക്ക് 2026 ല്‍ ഇവിടെ  അമേരിക്കയില്‍ കാണാം ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലൂകാ മോഡ്രിച്ചും കളിച്ച അവസാന ലോകകപ്പാണിത്. ഇവരുടെ പിന്‍ഗാമികളാകാന്‍ വലിയൊരു യുവനിര വളര്‍ന്നുവരുന്നുണ്ട്. കിലിയന്‍ എംബാപ്പെയെപ്പോലുള്ള കിടിലന്‍ സ്ട്രൈക്കര്‍മാര്‍ ലോകം കീഴടക്കുമെന്ന് വ്യക്തമായി. അതിനാല്‍ ഫുട്ബോളിന്റെയോ ലോകകപ്പിന്റെയോ ആരവം അവസാനിക്കുന്നില്ല. അത് മനുഷ്യനുള്ളിടത്തോളം കാലം ജീവിതത്തിന്റെ ഭാഗമായി തുടരും.

Join WhatsApp News
Boby Varghese 2022-12-20 14:11:49
Brazil's Neymar will be playing one more world cup.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക