Image

കൽക്കട്ട കഥ പറയുമ്പോൾ... (കഥ: പി.ടി.പൗലോസ്)

Published on 09 May, 2024
കൽക്കട്ട കഥ പറയുമ്പോൾ... (കഥ: പി.ടി.പൗലോസ്)

ഡോക്ടർ പ്രദീപ്‌രാജ് മോഹൻ.  ന്യുയോര്‍ക്ക് ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ. ന്യുയോര്‍ക്കിലെ
ഇന്ത്യൻ കമ്മ്യൂണിറ്റി മൻഹാറ്റനിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ സംഘടിപ്പിച്ച ഇന്ത്യയുടെ എഴുപത്തഞ്ചാമത്‌ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വേദിയിൽ വച്ചാണ് ഞാൻ ഡോക്ടർ
പ്രദീപ്‌രാജിനെ പരിചയപ്പെടുന്നത്.
മലയാളി ആണെന്ന് അറിയാമായിരുന്നെങ്കിലും കൂടുതൽ അടുക്കാൻ സൗകര്യം കിട്ടിയത് രണ്ടുമാസത്തിന് ശേഷമുള്ള ഒരു ന്യുയോര്‍ക്ക് - ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റിലെ ബിസിനസ്സ്  ക്‌ളാസ്സിൽ  സഹയാത്രികനായി അവിചാരിതമായി കണ്ടപ്പോഴാണ്. സംസാരത്തിനിടയിൽ വ്യക്തിപരമായ  വിഷയങ്ങളും കടന്നുവന്നു. കേരളത്തിൽ എവിടെയാണ് വീട് എന്ന് ചോദിച്ചപ്പോൾ പ്രദീപ്‌രാജ് പറഞ്ഞു.

''ഞാൻ ജനിച്ചതും വളർന്നതും കൊൽക്കത്തയിൽ  ആണ് ''

''മലയാളം ഭംഗിയായി സംസാരിക്കുന്നുണ്ടല്ലോ'

''ഞങ്ങൾ സഹോദരങ്ങൾ മൂന്നു
പേരാണ്.  സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ അമ്മ ഞങ്ങളെ
മലയാളം എഴുതുവാനും വായിക്കുവാനും
വീട്ടിൽ ഇരുത്തി പഠിപ്പിച്ചു''

''സഹോദരങ്ങൾ ?''

''ജേഷ്ടൻ ലെഫ്റ്റനന്റ് കേണൽ പ്രകാശ്‌രാജ് മോഹൻ. അവൻ കുടുംബവുമായി ഡൽഹിയിൽ ആണ്.
അവരെയും കൂട്ടി ഞാൻ നാളെത്തന്നെ
കൊൽക്കത്തക്ക് പോകും. അമ്മയുടെ
സപ്തതി ആഘോഷമാണ് അടുത്ത ഞായറാഴ്ച. അതിന്റെ ഒരുക്കത്തിനായി എന്റെ ഭാര്യയും മോനും കഴിഞ്ഞ ആഴ്ച ഇവിടെനിന്നും കൊൽക്കത്തയിലേക്ക് പോയി. അനുജത്തി ശ്രീപ്രിയ ജയ്‌സ്വാൾ. അവളും ഭർത്താവും ആഘോഷത്തലേന്നു തന്നെ ലുധിയാനയിൽനിന്നും എത്തുമെന്ന് പറഞ്ഞിട്ടുണ്ട് ''

''മക്കൾ എല്ലാവരും സപ്തതിക്ക്‌ എത്തുന്നത് അമ്മക്ക് സന്തോഷമായിരിക്കുമല്ലോ''

''അതെ, അമ്മയാണ് ഞങ്ങളുടെ
വളർച്ചയിൽ താങ്ങായി നിന്നത് ''

''അപ്പോൾ അച്ഛൻ ?''

'''അമ്മ കഴിഞ്ഞേ ഞങ്ങൾക്ക് അച്ഛനുള്ളു. അച്ഛനെപ്പോഴും ജോലിയിൽ തിരക്കായിരുന്നു. എന്തൊക്കെയായാലും ഞങ്ങൾ
അവധിക്കെത്തുമ്പോൾ അച്ഛനും അമ്മയും ഒരുമിച്ചുണ്ടാകണമെന്ന് ഞങ്ങൾക്ക് നിർബന്ധമാണ്‌ ''

''അച്ഛന് എവിടെയായിരുന്നു ജോലി ?''

''കൊൽക്കത്തയിലെ ഗാര്‍ഡന്‍ റീച്ച്
ഷിപ്പ്ബില്‍ഡേഴ്സില്‍ നിന്നും 45 വർഷത്തെ സേവനത്തിനു ശേഷം
എഞ്ചിനീയറിംഗ് എക്യൂപ്മെന്‍റ് സീനിയർ ഡിസൈൻ മാനേജർ ആയി റിട്ടയർ ചെയ്തു. ഇപ്പോൾ കൊൽക്കത്തയിലെ വീട്ടിൽ പൂർണ്ണവിശ്രമം ''

ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ്  എന്ന് കേട്ടപ്പോൾ ഞാൻ കൂടുതൽ താൽപ്പര്യത്തോടെ ചോദിച്ചു

''അച്ഛന്റെ പേര് ?''

''മോഹൻ''

''മല്ലപ്പിള്ളിക്കാരൻ ഒരു കെ. ആർ. മോഹൻ?''

''അതെ, അച്ഛനെ അങ്കിൾ അറിയുമോ ?''

പ്രദീപ്‌രാജ് തന്റെ ഫോണിൽ അച്ഛനും അമ്മയും മക്കളും നിൽക്കുന്ന കുടുംബഫോട്ടോ കാണിച്ചുതന്നു. കാലം വരുത്തിയ രൂപമാറ്റം ഒഴിച്ചാൽ, അതെ, മോഹൻ തന്നെ. 

''എനിക്ക് അച്ഛനെ അറിയാം. ഞങ്ങൾ  കൽക്കട്ടയിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ട് '' എന്നുമാത്രം പറഞ്ഞ് ഞങ്ങളുടെ സംഭാഷണം തത്ക്കാലം അവസാനിപ്പിച്ചു. മോഹൻ...കുടുംബം...മക്കൾ... എവിടെയോ മുറിഞ്ഞു കിടക്കുന്ന കണ്ണികൾ. എന്റെ ചിന്തകൾ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോയി. ക്ലാവ് പിടിച്ച ഓർമ്മകളെ തേച്ചുമിനുക്കാൻ ഒരു ശ്രമം നടത്തി. അപ്പോൾ ഞങ്ങളുടെ വിമാനം  അറ്റലാന്റിക് സമുദ്രത്തിന്റെ മുകളിലൂടെ പറക്കുകയായിരുന്നു.

26, റാഷ് ബിഹാരി അവന്യു .  കൽക്കട്ടയിലെ ഗോപാലന്റെ മെസ്സ് . ഒന്നാം നിലയിലെ രണ്ടാമത്തെ മുറിയിലായിരുന്നു ഞാനും മോഹനും
ഗോപിയും.  ഗോപിക്ക് ജോലിയില്ല, നാട്ടിൽനിന്ന് എത്തിയതേയുള്ളു. മോഹൻ പ്രായത്തിൽ ഞങ്ങളെക്കാൾ സീനിയർ ആണ്. ഭാര്യയെ രണ്ടാമത്തെ പ്രസവത്തിന് നാട്ടിൽ അയച്ചിട്ട് മെസ്സിൽ ഞങ്ങൾ ബാച്ചിലേഴ്സിനോടൊപ്പം കൂടിയതാണ്. മെസ്സ് നടത്തുന്നത് ഗോപാലൻ. തൃശൂരിലെ അയ്യന്തോളിൽ നിന്നും  മലയാളം രണ്ടാംക്ലാസ്സ് വിദ്യാഭ്യാസമുള്ള ഗോപാലൻ ദക്ഷിണ കൽക്കട്ടയിലെ ശാന്തിഭവൻ ഹോട്ടലിൽ അരിവെപ്പുകാരനായി എത്തിയതാണ്. മെസ്സ് നടത്തിപ്പിന്റെ ബാലപാഠം ശാന്തിഭവനിൽനിന്നും പഠിച്ച് റാഷ് ബിഹാരി അവന്യുവില്‍ സ്വന്തമായി മെസ്സ് തുടങ്ങി. അതാണ് ഗോപാലന്റെ മെസ്സ് .  ജോലി ഉള്ളവരും ഇല്ലാത്തവരുമായി നാല്പതോളം മലയാളികൾ അന്നവിടെ താമസിച്ചിരുന്നു. രണ്ടുനേരം ഭക്ഷണവും താമസവും ഉല്പടെ ഒരാൾക്ക് മാസം നൂറ്റിപത്തു രൂപ. അത് പലരും സമയത്തിന് കൊടുക്കില്ല. അങ്ങനെ കുടിശിക വരുത്തുന്നവരുടെ ലിസ്റ്റിലെ ആദ്യപേരുകളിൽ എല്ലാ മാസവും ഞാനും മോഹനും ഗോപിയുമുണ്ടാകും. ഗോപിക്ക് ജോലിയില്ല എന്നുപറഞ്ഞു രക്ഷപെടാം. എന്നോടും മുഖം കറുപ്പിച്ച് ഗോപാലൻ പണം ചോദിക്കാറില്ല. കാരണം ഗോപാലന്റെ ഭാര്യ പത്താംക്ലാസ്‌കാരി ശാരദേച്ചിയുടെ പ്രണയം തുടിക്കുന്ന കത്തുകൾ രാത്രിയുടെ നിശബ്ദ യാമങ്ങളിൽ വായിച്ചു കേല്പിക്കുന്നതും അയാളുടെ  കടിച്ചാൽ പൊട്ടാത്ത തൃശൂർ നാടൻ വാക്കുകളെ വിരഹനൊമ്പരങ്ങളുടെ വികാരകണികകളാക്കി ശൃംഗാരം തുളുമ്പുന്ന പൈങ്കിളി സാഹിത്യത്തിൽ മറുപടികത്തുകളിലെഴുതിയൊപ്പിച്ചു കൊടുക്കുന്നതും ഞാനായിരുന്നു. അത് എനിക്കും ഗോപാലനും ഇടയിലുള്ള പരമരഹസ്യം. എന്നാൽ മോഹന് ഗാർഡൻ റീച്ചിൽ നല്ല ജോലിയുമുണ്ട് സമയത്തിന് മെസ്സിൽ പണം കൊടുക്കുകയുമില്ല.

എഴുപതുകളുടെ തുടക്കം ബംഗാളിലെ അശാന്തിയുടെ നാളുകളിലായിരുന്നു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ഗുണ്ടകൾ പാർട്ടിഭേദമന്യേ ഏറ്റുമുട്ടി. കവർച്ചയും പാർട്ടികളുടെ പകപോക്കലും ആയിരുന്നു പ്രധാന ലക്ഷ്യം .  കല്ലും കൈബോംബുമായി അവർ തെരുവുകളിൽ തിമർത്താടി .  കൽക്കട്ടയുടെ തെരുവുകളില്‍  മനുഷ്യരക്തമൊഴുകി.  സാമൂഹ്യജീവിതം  വഴിമുട്ടിനിന്ന  ദുരവസ്ഥയിൽ പശ്ചിമ ബംഗാൾ പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയായിരുന്നു.

1971 ലെ ദുർഗ്ഗാപൂജക്ക് കൽക്കട്ട ഒരുങ്ങുന്ന ദിനങ്ങൾ. ചെത്തലയിലെ ശ്രുതിസംഘ ദുർഗ്ഗാപൂജ പന്തൽ കമ്മിറ്റിക്കാരിൽ കൂടുതലും കാളിഘട്ടിലെ യുവ കോൺഗ്രസ് പ്രവർത്തകരാണ്. ഒരു ഞായറാഴ്ച ദിവസം രാവിലെ പൂജ പിരിവിന്റെ രസീത് ബുക്കുമായി ശ്രുതിസംഘ ക്ലബ്ബ്കാർ ഞങ്ങളുടെ മെസ്സിനകത്തു കയറി. ബംഗാളി ശരിക്ക് സംസാരിക്കാൻ അറിയാത്ത മലയാളി താമസക്കാരെ പേടിപ്പിച്ച് ഗുണ്ടാപ്പിരിവ് തുടങ്ങി. ജോലിയില്ലാത്ത പലരുടെയും പേരിൽ അവർക്കു താങ്ങാൻ പറ്റാത്ത വലിയ തുകകളുടെ രസീതുകൾ മുറിച്ചു. ഞാനും മോഹനും ഗോപിയും അവരോട്‌ ചെറുത്തുനിന്നു. പിന്നെ അടിയും ബഹളവുമായി. എല്ലാ മുറികളിലും കയറി താമസക്കാരെ മർദ്ദിച്ചു. ഏറ്റവും അധികം മർദ്ദനമേറ്റത് എനിക്കും മോഹനും ഗോപിക്കുമായിരുന്നു. താമസക്കാരിൽ ഏറ്റവും പ്രായമുള്ള ആൻഡമാൻ നായർ എന്ന് വിളിപ്പേരുള്ള ദിവാകരേട്ടൻ പനി പിടിച്ചു കിടപ്പിലായിരുന്നു. ദിവാകരേട്ടനെ കട്ടിലിൽനിന്നും വലിച്ചു താഴെയിട്ടപ്പോൾ മോഹൻ മുറിയിലുണ്ടായിരുന്ന ഇരുമ്പു കസേരയെടുത്ത് ഗുണ്ടാനേതാവിന്റെ തലയ്ക്കടിച്ചു. തല പൊട്ടി രക്തമൊഴുകിയ അയാളെയും കൊണ്ട് ഗുണ്ടാപ്പട മെസ്സിൽനിന്നും ഇറങ്ങിപ്പോയി. ഈ സമയമെല്ലാം മെസ്സിന്റെ ഉടമസ്ഥൻ ഗോപാലൻ സൗകര്യപൂർവ്വം ലേക്ക് മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ പോയിരുന്നു. അന്ന് രാത്രി ഗോപാലൻ ഞങ്ങളുടെ മുറിയിൽ വന്ന് അയാൾ അറിഞ്ഞ വിവരം പറഞ്ഞു. നേരം വെളുക്കുമ്പോൾ തയ്യാറെടുപ്പോടുകൂടി മെസ്സിൽ ക്ലബ്ബ്കാർ എത്തുമെന്നും ഞാനും മോഹനും ഗോപിയുമാണ് അവരുടെ ലക്ഷ്യമെന്നും. നേരം പുലരുന്നതിനു മുൻപുതന്നെ ഞങ്ങൾ മൂന്നു പേരും പെട്ടികളുമെടുത്ത് ഗോപാലൻ വിളിച്ചുതന്ന ഒരു സർദാറിന്റെ ടാക്സിയിൽ ടോളിഗഞ്ച്, ന്യൂആലിപ്പൂർ വഴി കുറേക്കാലം മോഹൻ കുടുംബവുമായി താമസിച്ചു പരിചയമുള്ള ബിഹാല എന്ന പ്രാന്തപ്രദേശത്തേക്ക് യാത്രതിരിച്ചു.

ബിഹാല അന്ന് വിജനമാണ്. ട്രാം ഡിപ്പോയും കാളിടെബിളും ഡയമണ്ട്
ഹാർബർ റോഡിനു നടുവിൽ. വീടന്വേഷണം എവിടെ തുടങ്ങണമെന്നറിയാതെ ഞങ്ങൾ
മുന്നോട്ടു പോയി ബിഹാല ചൗരാസ്തയിലെത്തി .  വിവേകാനന്ദ കോളേജ്, ബാരിഷ ഹൈസ്കൂൾ, ഒരു
അർബൻ പ്രൈമറി ഹെൽത്ത് സെന്റര് ,  മിലൻ മന്ദിർ സ്പോർട്സ് ക്ലബ്ബ്, തപൻദാ എന്നുവിളിക്കുന്ന തപൻ ചൗധരിയുടെ മിഷ്ട്ടിക്കട, നിതായിയും അവന്റെ പെങ്ങൾ ബാദുളും നടത്തുന്ന പഴക്കട, ബിരണ്‍ റോയി റോഡ് ഈസ്റ്റിൽ രത്തന്റെയും സെന്നിന്റെയും പലചരക്കുകടകൾ, വഴിയോരത്തുള്ള അന്തിച്ചന്ത, പട്ടേലിന്റെ തടിമില്ല് ,  എതിർവശത്തെ ബാറ്റാകോളണിയില്‍ കൊച്ചു കൊച്ചു വീടുകൾ ഇതൊക്കെയായിരുന്നു അന്നത്തെ ചൗരാസ്ത ടൗണ്ഷിപ്. പിന്നെയും കിഴക്കോട്ടു പോയാൽ കുറുക്കൻ കൂവുന്ന ശബ്ദം പകലും കേൾക്കാമായിരുന്നു. ബിരണ്‍ റോയി റോഡ് വെസ്റ്റിൽ ഡോക്ടർ ടി. കെ. ബസുവിന്റെ അലോപ്പതി ക്ലിനിക്കിന്റെ എതിർവശത്തുള്ള പാടത്തിനരികിൽ പൂട്ടിക്കിടന്ന ഇൻഡ്യ ഫാൻ ഫാക്ടറിയുടെ പിറകിലായി ഞങ്ങൾ ഒരു വീട് കണ്ടുപിടിച്ചു. മൂന്നു മുറികളും അടുക്കളയും മറ്റു സൗകര്യങ്ങളുമുള്ള ഒരു വീട്. മാസം 50 രൂപ വാടക. ഞങ്ങൾ മൂന്നു പേരും അവിടെ താമസമാക്കി. തുടർന്ന് നാട്ടിൽ പ്രസവത്തിനുപോയ ഭാര്യ ആലീസിനെയും മക്കളെയും മോഹൻ കൊണ്ടുവന്നു. മൂത്ത മോൻ ഉണ്ണിക്ക്‌ രണ്ടു വയസ്സ്. ഇളയ മോൻ കൈക്കുഞ്ഞായ കൊച്ചുണ്ണിക്ക്‌ ആറു മാസം. വീട് മോഹന് വിട്ടുകൊടുത്ത് ഞാനും ഗോപിയും ബാറ്റകോളണിയിലുള്ള മറ്റൊരു ചെറിയ വീട്ടിലേക്ക്‌ മാറി. മോഹനും കുടുംബവും മലയാളികളില്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടപ്പോൾ ഏറെ താമസിയാതെതന്നെ ബാറ്റക്കോളണിയിൽ ഞങ്ങളോടൊപ്പം ചേർന്നു .  അന്ന് ഏഴു മലയാളി  കുടുംബങ്ങളുണ്ടായിരുന്ന ബാറ്റകോളണിയിൽ എട്ടാമത്തെ കുടുംബമായി മോഹനും കൂടി. അവരുടെ സൗകര്യം കണക്കാക്കി ഞാനും ഗോപിയും എതിർവശത്തുള്ള മറ്റൊരു വീട്ടിലെ ഒറ്റമുറിയിലേക്ക്‌ മാറിക്കൊടുത്തു. എങ്കിലും മിക്ക  വൈകുന്നേരങ്ങളിലും ഞങ്ങൾ മോഹൻ കുടുംബത്തിലെ സന്ദർശകരായിരുന്നു .  മിക്കവാറും  ഞങ്ങളുടെ അത്താഴവും അവിടുന്നു തന്നെ. മോഹനും ആലീസും രണ്ടു മത വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നെങ്കിലും ഒരു പൊരുത്തക്കേടുകളും അവരുടെ ജീവിതത്തിൽ ദൃശ്യമായിരുന്നില്ല.

1972 ജൂലൈ 8 .  മോഹന്റെ മുപ്പതാം ജന്മദിനം. ഞാൻ രാവിലെ മുറിപൂട്ടി ഓഫീസിൽ പോകാനിറങ്ങിയപ്പോൾ ആലീസ് ചേച്ചി അവരുടെ വീടിന്റെ ഗേറ്റിനുമുൻപിൽ കൊച്ചുണ്ണിക്ക്‌ ചോറ് കൊടുത്തുകൊണ്ട് നിൽക്കുന്നു. ഞാൻ കേൾക്കാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

''ഇതിലെ വന്നാൽ രണ്ടു ദോശ കഴിച്ചിട്ടു പോകാം''

''വേണ്ട ചേച്ചി. എനിക്ക് ഇന്ന് നേരത്തെ പോകണം. പോകുന്ന വഴിക്ക്‌ വല്ലതും കഴിച്ചോളാം''

''എടാ, ഇന്ന് മോഹന്റെ പിറന്നാളാ.
ഗോപിയോടും പറഞ്ഞേരെ. നിങ്ങൾ
നേരത്തെ വന്നേക്കണം''

''ശരി ചേച്ചി''

അന്ന് വൈകുന്നേരം ഞാനും ഗോപിയും മോഹന്റെ വീട്ടിൽ എത്തി. മോഹനും നേരത്തെ എത്തിയിരുന്നു. ചെറിയ ഒരു അത്താഴസദ്യ. പിന്നെ പിറന്നാൾ പായസം. ഇതിനിടെ പുറത്തു റോഡിൽനിന്നും അടുത്ത  വീട്ടിലെ എക്സ് മിലിട്ടറി ഗംഗാധരൻ മോഹനെ വിളിച്ചു. മോഹൻ ഉടനെ പുറത്തേക്ക്‌ പോകുകയും ചെയ്തു. ആലീസ് ചേച്ചിക്ക് അത് ഇഷ്ടപ്പെട്ടില്ല. ഒന്നും മിണ്ടാതെ കുഞ്ഞുങ്ങളെ ഉറക്കാൻ ചേച്ചി റൂമിലേക്ക് പോയി. ഗംഗാധരന് ലിക്വർ ക്വാട്ട കിട്ടിയ ദിവസമായിരുന്നു അന്ന്. അതുകൊണ്ട്‌ ഞങ്ങൾക്കറിയാം മോഹൻ ഇനി താമസിച്ചേ വരികയുള്ളു എന്ന്. ഞാനും ഗോപിയും കുറേക്കൂടി വരാന്തയിൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ ആലീസ് ചേച്ചി മുറ്റത്തിറങ്ങി ഗംഗാധരന്റെ വീട്ടിലേക്ക്‌ കുറേനേരം നോക്കിനിന്നിട്ട് തിരിച്ചുകയറിപോയി. കുറച്ചുനേരം കൂടി അവിടെ ഇരുന്നിട്ട് ഞങ്ങൾ വെളിയിലേക്കിറങ്ങി. ഞാൻ ഗോപിയോട് പറഞ്ഞു.

''എടാ, കിടക്കാൻ പോകുന്നതിനു മുൻപ് നമുക്ക് തപൻദായുടെ ഓരോ ചട്ടിച്ചായ കുടിച്ചാലോ ?''

''ആയിക്കോട്ടെ, നിന്റെ ഇഷ്ട്ടം''

ചൗരാസ്തയിൽ എത്തിയപ്പോൾ നല്ല
തിരക്ക്. സ്വകാര്യ വാഹനങ്ങളിലും
ടാക്സികളിലും പലഭാഗങ്ങളിൽ നിന്നും ആൾക്കാർ വന്നും പോയുമിരുന്നു. കൂടുതലും വി ഐ പി കൾ .  സാധാരണ ആ സമയം ചൗരാസ്ത വിജനമാകേണ്ടതാണ്. തിരക്കിൻറെ കാരണം തപൻദായുടെ കടയിൽ ചായ കുടിക്കുമ്പോഴറിഞ്ഞു. കൽക്കട്ടയിലെ പ്രിന്റിംഗ് വ്യവസായ പ്രമുഖനും ചൗരാസ്ത നിവാസിയുമായ ചാന്ദിദാസ് ഗംഗോപദ്ധ്യായക്ക് രണ്ടാമതൊരു ആൺകുഞ്ഞ് ജനിച്ചതിന്റെ ആഘോഷവിരുന്ന് അദ്ദേഹത്തിന്റെ വസതിയിലും തന്റെ നിയന്ത്രണത്തിലുള്ള മിലൻ മന്ദിർ സ്പോർട്സ് ക്ലബ്ബിലും നടക്കുന്നതുകൊണ്ടാണ്. ചായകുടി കഴിഞ്ഞ് തിരക്കിലൂടെ തിരിച്ചുപോരുമ്പോൾ എനിക്കോ ഗോപിക്കോ മറ്റാർക്കോ അറിയില്ലായിരുന്നു ചാന്ദിദാസ് ഗംഗോപദ്ധ്യായ എന്ന വ്യവസായ പ്രമുഖന് അന്നു ജനിച്ച കുഞ്ഞ് പിൽക്കാലത്ത് ഇൻഡ്യൻ ക്രിക്കറ്റിന്റെ ഇതിഹാസനായകനായി ഉയർന്ന സൗരവ് ഗാംഗുലി ആയിരുന്നു എന്ന്.

ഞങ്ങൾ തിരിച്ചു നടന്ന്‌ ബാറ്റകോളണിയുടെ ഇടവഴിയിലേക്ക് കയറിയപ്പോൾ ഞങ്ങൾ കേട്ടു മോഹന്റെ വീട്ടിൽനിന്നും കൂട്ടനിലവിളി. അടുത്ത വീടുകളിലെ ആളുകളെല്ലാം മോഹന്റെ വീട്ടിലേക്കു ഓടുന്നു. ഞങ്ങൾ മോഹന്റെ വീടിന്റെ മുറ്റത്തെത്തിയപ്പോൾ കണ്ട കാഴ്ച ആലീസ് ചേച്ചി ഒരു തീപ്പന്തമായി നിന്ന് കത്തി വരാന്തയിലേക്ക് കമഴ്ന്നു വീഴുന്നതാണ്. ഇതിനിടെ ആരോ ഫയറെഞ്ചിന് ഫോൺ ചെയ്തു. ഞങ്ങൾ കുറെ വെള്ളമെടുത്ത്  ചേച്ചിയുടെ ദേഹത്തൊഴിച്ച് ആളിക്കത്തുന്ന തീ കെടുത്തി. ഞാൻ മുറിയിലേക്ക് കയറിയപ്പോൾ കണ്ടത് കുഞ്ഞുങ്ങൾ കിടന്ന കട്ടിലിനും കൊതുകുവലക്കും തീപിടിച്ചത് കെടുത്താൻ മോഹൻ ശ്രമിക്കുന്നതാണ്. ചേച്ചി വെപ്രാളത്തിൽ മുറിയിലൂടെ ഓടിയപ്പോൾ കട്ടിലിനും തീ പിടിച്ചിട്ടുണ്ടാകാം. മോഹന്റെ കയ്യിലും   പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞുങ്ങളെയും മോഹനെയും ആരോ അടുത്ത വീട്ടിലേക്ക്‌ കൊണ്ടുപോയി. ഇതിനിടെ ഗോപി ഒരു ടാക്സി വിളിച്ചുകൊണ്ടുവന്നു .  ഞാനും അവനും അയൽപക്കത്തെ സമീർ  ഘോഷും കൂടി ചേച്ചിയെ എടുത്തു ടാക്സിയിലിരുത്തി നേരെ വിട്ടു പി ജി ഹോസ്പിറ്റൽ എന്ന എസ് എസ് കെ എം ഹോസ്പിറ്റലിലേക്ക്.
എഴുപത്തഞ്ചു ശതമാനം പൊള്ളലോടെ ആലീസ് ചേച്ചിയെ ഹോസ്പിറ്റലിലെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞാനും ഗോപിയും പുറത്ത് കാവലിരുന്നു.

കുഞ്ഞുങ്ങൾ അയൽവക്കത്തെ സതിചേച്ചിയുടെ സംരക്ഷണയിൽ ആയിരുന്നു. മോഹനെ ആരോ ചൗരാസ്തയിലെ ഡോഃ ടി. കെ. ബസുവിന്റെ ക്ലിനിക്കിൽ കൊണ്ടുപോയി കൈക്കേറ്റ പൊള്ളലിന് ഡ്രസ്സ് ചെയ്യിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ അവധിയെടുത്ത് ഗോപിയോടൊപ്പം ആശുപത്രിയിൽ നിന്നു .  ഞങ്ങൾ ആശുപത്രി വരാന്തയിൽ കിടപ്പ്‌ .  കൊതുകുകൾ കൂട്ടമായി വന്ന് ആക്രമിക്കുന്നതുകൊണ്ട് ഉറക്കം അസാധ്യമായിരുന്നു.  ഏഴു ദിവസങ്ങൾ കടന്നുപോയി. ഓരോ ദിവസവും ചേച്ചിയുടെ നില വഷളായിക്കൊണ്ടിരുന്നു. ഒരു മലയാളി നേഴ്സ് പുറത്തുവന്നു പറഞ്ഞു.

''ഇനി അധികദിവസം പേഷ്യന്‍റ്
ജീവിക്കില്ല. ശരീരം മുഴുവൻ വെന്തിരിക്കയാണ്. മൂത്രം രക്തതുള്ളികളായിട്ടാണ് പോകുന്നത്.
ഒരാൾക്ക് വേണമെങ്കിൽ കയറി കാണാം''

ഞാൻ അകത്തു കയറി. ആലീസ് ചേച്ചി എന്നെ കണ്ടപ്പോൾ  വിങ്ങിപ്പൊട്ടി കരയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചേച്ചി എന്നോട് നെറ്റി തടവി കൊടുക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ നെറ്റിയിൽ തൊട്ടപ്പോൾ പാറക്കല്ലിൽ തൊടുന്നത് പോലെ. ചേച്ചി ഇടറുന്ന സ്വരത്തില്‍ പറഞ്ഞു തുടങ്ങി.

''എടാ, ഞാൻ പാപിയാണ്. എന്റെ കുഞ്ഞുങ്ങളെ ഞാൻ ഓർക്കണമായിരുന്നു. മോഹൻ വരാൻ താമസിച്ച മുൻകോപത്തിന്‌ ഞാൻ മണ്ണെണ്ണ ദേഹത്തൊഴിച്ചു തീകൊളുത്തി എന്നെ തന്നെ ഇല്ലാതാക്കുകയായിരുന്നു. എന്റെ കുഞ്ഞുങ്ങൾ...മോഹനെ ഒന്ന്...''

പിന്നെ വാക്കുകൾ ഒന്നും വന്നില്ല. നേഴ്സ് പറഞ്ഞു.

''പേഷ്യന്‍റിന്‍റെ ഭർത്താവിനെ കൊണ്ടുവന്നു കാണിച്ചുകൊള്ളൂ. പറ്റുമെങ്കിൽ ഇപ്പോൾ തന്നെ''

ഗോപിയെ ടാക്സിയിൽ പറഞ്ഞയച്ച് മോഹനെ ഒരു മണിക്കൂറിനകം ആശുപത്രിയിലെത്തിച്ചു. നേഴ്സ് വന്ന് മോഹനെ അകത്തേക്ക് കൊണ്ടുപോയി. പത്തു മിനിട്ടു കഴിഞ്ഞ് മോഹൻ പുറത്തിറങ്ങി. മിനിട്ടുകൾക്ക് ശേഷം നഴ്സും പുറത്തുവന്ന് എന്നോട് പറഞ്ഞു. ''പേഷ്യന്‍റ് മരിച്ചു''.

ബോഡി അന്നു വൈകുന്നേരം മോമിൻപുര്‍ സർക്കാർ മോർച്ചറിയിലേക്ക് പോസ്റ്മോര്‍ട്ടത്തിനു  കൊണ്ടുപോയി. പിറ്റേദിവസം  അതിരാവിലെ 4 മണിക്ക് ഞാനും ഗോപിയും മോമിൻപുർ മോർച്ചറിയിലെത്തി. ഏഴു മണിക്ക് ഡോക്ടർ എത്തിയപ്പോൾ ആദ്യത്തെ പോസ്റ്റ്മോർട്ടം ഒരു വി ഐ പി യുടേതായിരുന്നു.സിദ്ധാർത്ഥ ശങ്കർ  റേ യുടെ കോൺഗ്രസ്  മന്ത്രിസഭ  അധികാരമേറ്റിട്ട് മാസങ്ങളെ ആയിരുന്നുള്ളു. മാർക്സിസ്റ് - കോൺഗ്രസ്  ഗുണ്ടകളുടെ അഴിഞ്ഞാട്ടം കൽക്കട്ടയിലെ ജനജീവിതത്തെ  വീണ്ടും  ദുരിതപൂർണ്ണമാക്കി .  കൽക്കട്ട മുൻസിപ്പൽ കോർപറേഷൻ  ബിഹാല ഡിവിഷൻ തൊണ്ണൂറ്റി എട്ടാം വാർഡ് കൗൺസിലർ സി പി എം ന്റെ രൂപേഷ് ഗുഹയെ നാല് ദിവസം മുൻപ് ബിഹാലയിലെ അദ്ദേഹത്തിന്റെ വസതിയിൽനിന്നും തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പോയദിവസം രാവിലെ മജര്‍ഹാട്ട് പാലത്തിനടിയിൽ നിന്നും കിട്ടി. കൗൺസിലറുടേതു കഴിഞ്ഞിട്ടേ  ചേച്ചിയുടെ ബോഡി പോസ്റ്റ്മോർട്ടത്തിന് എടുക്കുകയുള്ളു. എല്ലാം കഴിഞ്ഞുകിട്ടുമ്പോൾ ബോഡി മൂടുവാൻ കുറെ കോടിത്തുണി വാങ്ങാൻ ഞാൻ ഗോപിയെ കിദർപുർ മാർക്കറ്റിലേക്കയച്ചു. രാവിലെ പത്തുമണിയോടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്തു കിട്ടി. പോസ്റ്റ്മോർട്ടം ഹാളിനു പുറത്ത് കുറെ സന്താൾ ആദിവാസികൾ മുളംകട്ടിലുകൾ വിൽക്കുന്നുണ്ടായിരുന്നു . അതിലൊന്നു വാങ്ങി ബോഡി കട്ടിലിൽ കിടത്തി കോടിത്തുണി പുതപ്പിച്ചു. അപ്പോഴേക്കും ചൗരാസ്തയിൽനിന്നും പ്രഭാകരൻ നമ്പ്യാരും ബാറ്റായിലെ ചന്ദ്രനും ഓട്ടോ ഇൻഡ്യയിലെ ശേഖറും എത്തി. ഞങ്ങൾ നാലു പേരും കട്ടിൽ പൊക്കിയെടുത്തു. ഗോപി മുന്നിൽ നടന്നു. ഞങ്ങൾ മൃതദേഹവുമായി അവന്റെ പിന്നാലെ കിയോർത്തല ഘട്ടിലേക്ക്. അപ്പോൾ ഞങ്ങളുടെ പിന്നിൽനിന്നും മുളംകട്ടിൽ കച്ചവടക്കാരായ സന്താൾ ആദിവാസികൾ ഞങ്ങൾക്ക് വേണ്ടിയാവണം ''ബോലോ ഹരി'' വിളിക്കുന്നത് കേൾക്കാമായിരുന്നു.

എല്ലാം കഴിഞ്ഞ് വീട്ടിൽ വന്നു കുളിച്ച്
വൈകുന്നേരത്തോടെ ഞങ്ങൾ മോഹന്റെ വീട്ടിൽ എത്തി. അവിടെ മോഹന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മലയാളികളുടെ തിരക്ക്. അനുശോചനം അറിയിക്കാൻ വന്നുപോകുന്നവരാണ്. ആശുപത്രിയിൽ ആലീസ് എന്ന സ്ത്രീ സഹിക്കാൻ വയ്യാത്ത വേദനയുമായി മരണം കാത്ത് 8 ദിവസം കിടന്നപ്പോൾ ഈ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആരെയും അവിടെ കണ്ടില്ല. ഞാനും ശേഖറും ഗോപിയും ഗേറ്റിനോട് ചേർന്ന മതിലിനു മുകളിൽ കുറെ സമയം ഇരുന്നു. ഞാൻ ഗോപിയോടായി പറഞ്ഞു.

''സംഭവം നടന്ന അന്ന് നമ്മൾ തപൻദായുടെ ചായ കുടിക്കാൻ പോയില്ലായിരുന്നെങ്കിൽ ഇന്ന് ആലീസ് ചേച്ചി നമ്മളോടൊപ്പം കാണുമായിരുന്നു. നമ്മൾ മോഹന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒരു പിണക്കമോ വഴക്കോ അവിടെ ഉണ്ടാകുമായിരുന്നില്ല''

ശേഖർ പറഞ്ഞു. ''വിധിയാണ്. അനുഭവിച്ചല്ലേ പറ്റൂ''

ഗോപി അപ്പോൾ ആൾക്കൂട്ടത്തിനിടയിൽ അല്പം മുൻപുണ്ടായ ചില കേട്ടാലറക്കുന്ന വർത്തമാനങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി.

''ഇവർക്ക് രണ്ടു പേർക്കും (എന്നെയും
ഗോപിയെയും ആണ് ഉദ്ദേശിച്ചത്)
എന്തൊന്നിന്റെ സൂക്കേടായിരുന്നു? വല്ല പെണ്ണും തീ കൊളുത്തി ചാകാൻ തുടങ്ങിയതിന്‌ രണ്ടും ആശുപത്രിയിൽ സ്ഥിരതാമസമായിരുന്നു''

അപ്പോൾ എക്സ് മിലിട്ടറിയുടെ മറുപടി.

''അതിനൊക്കെ കാരണങ്ങൾ വേറെയാ. അവർക്ക്‌ ആലീസ് വല്ല പെണ്ണൊന്നും അല്ലായിരുന്നല്ലോ. അതൊന്നും ഇപ്പോൾ പറയാൻ കൊള്ളില്ല''

ഇത് കേട്ടതോടെ ശേഖർ മതിലിൽ നിന്നും ചാടിയിറങ്ങി. ഞാൻ അവനെ വട്ടമിട്ടു പിടിച്ചു.

''വേണ്ടടാ. ഇതൊരു മരണവീടാണ് .  ഇതുവരെ നമ്മൾ ശരിയാണ്.  ഇനി തെറ്റുകാരാകണ്ട''

ശേഖർ ഒന്നടങ്ങി അവന്റെ വീട്ടിലേക്കു പോയി. പന്നീട് ശേഖറിനെ ഒരു മലയാളിക്കൂട്ടങ്ങളിലും കണ്ടിട്ടില്ല. കുറെ ദിവസങ്ങൾക്കു ശേഷം മോഹനെയും കുഞ്ഞുങ്ങളെയും അവന്റെ ചില ബന്ധുക്കൾ ദക്ഷിണ കൽക്കട്ടയിലെ ബാലിഗഞ്ചിലേക്കു കൊണ്ടുപോയി. ഒരു മാസം കഴിഞ്ഞ് മോഹൻ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു.

''നാളെ എന്റെ വിവാഹമാണ്. രാവിലെ 9 മണിക്ക്. കാളിഘട്ട് അമ്പലത്തിൽ വച്ച്. നീ വരണം''

''നോക്കട്ടെ''

ഞാൻ ഫോൺ വച്ചു .  അവന്റെ രണ്ടാം വിവാഹത്തിന് ഞാൻ പോയില്ല. എന്തോ പോകാൻ തോന്നിയില്ല. ദിവസങ്ങൾ  ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാസങ്ങൾ ആണ്ടുകളായും ആണ്ടുകൾ പതിറ്റാണ്ടുകൾ ആയും കടന്നുപോയി. കാലം എപ്പോഴും ഒരു ഭിഷഗ്വരനായി നമ്മുടെ ഹൃദയഭിത്തികളിലേറ്റ മുറിവുകൾ ഉണക്കിക്കൊണ്ടിരിക്കും, നമ്മളറിയാതെ ആരെയുമറിയിക്കാതെ.

ഞാൻ മയക്കത്തിൽ നിന്നും ഉണർന്നപ്പോൾ ഞങ്ങളുടെ വിമാനം ഡൽഹിയുടെ ആകാശത്ത് താണു പറന്ന് ലാൻഡിങ്ങിന് ഒരുങ്ങുകയായിരുന്നു. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ ഞാൻ പ്രദീപ് രാജിനോട് യാത്ര പറഞ്ഞു പിരിയാൻ നേരം അദ്ദേഹം പറഞ്ഞു.

''അടുത്ത ഞായറാഴ്ച അങ്കിൾ കൊൽക്കത്തയിലെ ഞങ്ങളുടെ വീട്ടിൽ വരണം. അന്നാണ് ഞങ്ങളുടെ അമ്മയുടെ സപ്തതി. അന്ന് അച്ഛന്റെ സുഹൃത്തായ അങ്കിളും ഞങ്ങളോടൊപ്പം ഉണ്ടാകണം''

''ഞാനന്ന് കൊൽക്കത്തയിൽ ഉണ്ടാകും. തീർച്ചയായും ഞാനെത്തും''

അപ്പോൾ തന്നെ പ്രദീപ് അവരുടെ കൊൽക്കത്ത അഡ്രസ് എന്റെ വാട്സ്ആപ്പിലേക്ക് അയച്ചു.

''പിന്നെ ഒരു കാര്യം കൂടി അങ്കിൾ. നമ്മൾ പരിചയപ്പെട്ട കാര്യം ഞാൻ അച്ഛനോട് പറയില്ല. അങ്കിൾ  വരുന്നത് അച്ഛന് ഒരു സർപ്രൈസ് ആയിക്കോട്ടെ''

ഞാൻ ചിരിച്ചുകൊണ്ട് പ്രദീപിന്റെ തോളിൽ തട്ടി നടന്നകന്നു ഉടനെയുള്ള  എന്റെ കൊൽക്കത്ത ഫ്ലൈറ്റ് പിടിക്കാൻ.

പറഞ്ഞുറപ്പിച്ചതനുസരിച്ച്  ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഞാൻ
കൊൽക്കത്ത സോല്‍ട്ട് ലേക്ക് സിറ്റി
സെക്ടർ 2 വിലെ മോഹന്റെ വീട്ടിലെത്തി. ഞാൻ വരുന്ന രഹസ്യം സൂക്ഷിക്കാൻ പ്രദീപിനായില്ല. എന്നെ പരിചയപ്പെട്ട വിവരം അവൻ നേരത്തെ തന്നെ മോഹനോട് പറഞ്ഞിരുന്നു. എന്നെ വരവേൽക്കാൻ മോഹൻ, ഭാര്യ ശ്രീലക്ഷ്മി, മക്കൾ പ്രകാശ് രാജ്, പ്രദീപ് രാജ്, ശ്രീപ്രിയ അവരുടെ കുടുംബാംഗങ്ങള്‍, പിന്നെ അടുത്ത കുറെ സുഹൃത്തുക്കൾ എല്ലാം പൂമുഖത്തുണ്ടായിരുന്നു. ഞാനും മോഹനും കുറെ നിമിഷങ്ങൾ വെറുതെ നോക്കിനിന്നു .  പതിറ്റാണ്ടുകൾക്ക് മുൻപ് ക്ഷോഭിച്ച കടലിന്റെ തിരയിളക്കം എനിക്ക് അവന്റെ കണ്ണുകളിൽ ദർശിക്കാൻ കഴിഞ്ഞു. എന്നിട്ട് അവനെന്നെ കെട്ടിപ്പിടിച്ച് അങ്ങനെ നിന്നു .  സപ്തതി ആഘോഷങ്ങളിൽ ഞാനും അവരോടൊപ്പം സജീവമായി പങ്കെടുത്തു. തിരിച്ചു പോരാൻ നേരം ശ്രീലക്ഷ്മിയമ്മയുടെ മുൻപിൽ ഞാൻ കൈകൾ കൂപ്പി. പോയകാലദുരന്തങ്ങൾ മക്കളെ അറിയിക്കാതെ അവരെ ഒരുപോലെ കണ്ട് വളർത്തി വലുതാക്കിയ, ഉണ്ണിക്കും കൊച്ചുണ്ണിക്കും പുതിയ പേരുകൾ നൽകി പെറ്റില്ലെങ്കിലും പെറ്റമ്മയാകാൻ കഴിയുമെന്നു തെളിയിച്ച, വല്ലപ്പോഴും വന്നുവീണ്‌ ഭൂമിയെ ധന്യമാക്കുന്ന ആ പുണ്യത്തിനെ ഞാൻ ഹൃദയപൂർവ്വം നമിച്ചു. എന്റെ കാർ മുന്നോട്ടെടുത്തപ്പോൾ മോഹൻ  കൈ വീശി യാത്ര പറഞ്ഞു. അപ്പോൾ അവന്റെ വലതുകൈയിലെ പൊള്ളലേറ്റ പാടുകൾ ആലീസിന്റെ ഓർമ്മകളായി തെളിഞ്ഞു കാണാമായിരുന്നു.

Join WhatsApp News
Venu 2024-05-09 05:09:32
:-(
P. Narayanan Nair 2024-05-10 13:01:02
നമസ്കാരം പൗലോസ് ചേട്ടാ, ഞാൻ AG's ഓഫീസിലെ നാരായണൻ. നമ്മൾ എൺപതുകളിൽ Behala COSMOS പിന്നീട് രൂപം കൊണ്ട CMA യുടെ വാർഷികത്തൊടാനുബന്ധിച്ച താങ്കളുടെ നാടക റിഹേഴ്സൽ ദിനങ്ങളിൽ ഒന്നും ഈ "കൽക്കത്ത കഥ പറയുമ്പോൾ" എന്ന കഥയിലെ അനുഭവങ്ങളെ കുറിച്ചറിയില്ലായിരുന്നു. കഥ വളരെ നന്നായിരിക്കുന്നു. എന്നെപ്പോലുള്ള മലയാളികൾക്ക് മനസ്സിൽ പഴയ ഓർമകളെ (ഗോപാലന്റെ മെസ്സ്, രാഷ്‌ബഹരി മുട്, ചൗരാസ്ത തുടങ്ങിയവ) ചിക ഞ്ഞെടുക്കാൻ അവസരം നൽകിയതിന് നന്ദി.
കോരസൺ 2024-05-11 20:14:07
സംഭവ കഥയായി വായിച്ചു, സംഭവിച്ചില്ലെങ്കിലും. മുറിപ്പാടുകൾ മറക്കാത്ത ഓർമ്മകളായി കൈവീശുന്ന സന്ദർഭം വേദനിപ്പിച്ചു. നൊമ്പരം ഉണ്ടാക്കിയ പ്രമേയം.
josecheripuram 2024-05-11 23:12:44
Mr; Paulose's story always has a human touch, and it's not an imaginary story. His narration is excellent he will take us to the place the story is happening, the characters are persons who are around us and some of them you many in life. All the best Paulochan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക