മണ്ഡലമാസം, തിരുവാതിരക്കാലത്തിന്റെ പുലരിക്കുളിരും വൃശ്ചികത്തിലെ പകൽച്ചൂടും സന്നിവേശിക്കുന്ന ഭക്തിയുടെ ശരണയാത്രകൾ. മാമലമേലെ വാഴുന്ന മണികണ്ഠ ദർശനത്തിനായി പതിനെട്ടു പടികയറുന്ന വ്രതശുദ്ധിയുടെ നാൽപത്തിയൊന്ന് നാളുകൾ. ധനുമാസത്തിൽ തുടങ്ങുന്ന ക്ഷേത്രോത്സവങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ശബരിമലയിലെ ഉത്സവസന്ധ്യകൾ. കറുപ്പുടുത്ത് മുദ്രചാർത്തി കുളിച്ച് തൊഴുകാൻ ക്ഷേത്രക്കുളങ്ങളിലേക്ക് ശരണം വിളിയുമായി പോകുന്ന അയ്യപ്പ ഭക്തർ ഗ്രാമത്തിന്റെ ഐശ്വര്യത്തിന് തിലകകുറി ചാർത്തി. രാവുണരുന്നതിന് മുന്നേ, വെളിച്ചം തെളിയുന്ന ഗ്രാമത്തിലെ വീടുകൾ, ഇടവഴികളും ചരൽപ്പാതകളും താണ്ടി നഗ്നപാദരായി കൂട്ടമായി നീങ്ങുന്ന അയ്യപ്പ ഭക്തർ. അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന കർപ്പൂരത്തിന്റെയും ചന്ദന തിരിയുടെയും ഗന്ധം.
ഉഷസ്സ് തെളിയും മുന്നേ പുഴക്കക്കരെ ക്ഷേത്രങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ പമ്പയാറു പിറക്കുന്നു ശബരിമലയിൽ എന്ന ശബരീശന്റെ പ്രിയഗാനത്തിന്റെ അലയൊലികൾ ഗ്രാമത്തിന്റെ അതിരുകളിൽ തട്ടി പ്രതിധ്വനിക്കും.
പച്ചപുതഞ്ഞ പുഞ്ചപ്പാടങ്ങളിൽ തേക്കുപാട്ടിന്റെ ഈണങ്ങൾ, നെല്ലോലകൾ വഴഞ്ഞു മാറ്റി വീതികുറഞ്ഞ പാടവരമ്പിലൂടെ നടന്നു നീങ്ങുന്ന കറുപ്പ് വസ്ത്രധാരികൾ. പുഴയിലും കുളത്തിലും മുങ്ങിത്തോർത്തി ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തുന്ന ഭക്തർ. പാപങ്ങളില്ല, കളവില്ല, കള്ളത്തരങ്ങളില്ല, പ്രതികാരങ്ങളില്ല, എല്ലാം അയ്യപ്പനിൽ അർപ്പിച്ചുള്ള തീർത്ഥയാത്രയുടെ നീണ്ട നോയമ്പുകാലം.
ശബരീയാത്ര ഒരു ആചാരം മാത്രമായിരുന്നില്ല, അതൊരു വ്രതവും ഉപാസനയും കൂടിയായിരുന്നു. ഭൗതിക സുഖങ്ങൾ എല്ലാം ത്യജിച്ചുള്ള യാത്ര. കാലിൽ ചെരുപ്പില്ല, കഴുത്തിലും കൈയിലും പരിഷ്കാരത്തിന്റെയും പ്രതാപത്തിന്റെയും ചിഹ്നങ്ങളില്ല, ഷർട്ടില്ല, വിശപ്പടക്കാൻ മാത്രം ഭക്ഷണം, എല്ലാം ശൂന്യമെന്നു തോന്നുന്ന കറുപ്പ് നിറത്തെ മനസ്സിലാവാഹിച്ച് നാല്പത്തി ഒന്ന് ദിവസത്തെ വ്രതാചരണം. കറുപ്പ് ദുഖത്തിന്റെ പ്രതിരൂപം അല്ലാതാകുന്നത് മണ്ഡലക്കാലത്തിലാണ്. അപ്പോൾ കറുപ്പ് ഭക്തിയാകും, കറുപ്പ് പരിത്യാഗമാകും, കറുപ്പ് നിസ്സംഗതയാകും, കറുപ്പ് ശൂന്യതയാകും. പുറത്ത് കറുപ്പ് ചാർത്തി ഉള്ളം വെളുപ്പാകുന്ന അപൂർവ പ്രക്രിയയാണ് വ്രതകാലത്ത് നടക്കുന്നത്.
ഗ്രാമത്തിൽ പതിനെട്ടും ഇരുപതും വർഷങ്ങൾ തുടർച്ചയായി മലചവിട്ടിയ അയ്യപ്പ സ്വാമിമാർ ഗുരുസ്വാമിമാരായി ക്ഷേത്ര മുറ്റത്തും ക്ഷേത്ര നടയിലും കെട്ടു നിറയ്ക്കുവാൻ കാത്ത് നിൽക്കുന്നു. പറഞ്ഞു പതിഞ്ഞ ആചാര ക്രിയകൾ, നാവു പിഴക്കാത്ത പൂജാ മന്ത്രങ്ങൾ, കാൽക്കൽ വീണ് അനുഗ്രഹം തേടുന്ന കന്നി അയ്യപ്പന്മാർ. കെട്ടുനിറച്ച് തേങ്ങയുടച്ചാൽ പിന്നെ പിന്തിരിഞ്ഞു നോക്കാത്ത, പിൻവിളി അരുതാത്ത യാത്രകൾ.
മദ്യവും പുകവലിയും മുറുക്കും മൽസ്യമാംസാഹാരവും ശീലമാക്കിയവർ എല്ലാം പരിത്യജിച്ചുള്ള കഠിനമായ വ്രതനാളുകൾ. അതൊരു കീഴടങ്ങലാണ്, എല്ലാം അയ്യപ്പനിൽ അർപ്പിച്ചുള്ള പരിത്യാഗത്തിന്റെ നാളുകൾ. പ്രകൃതിയും മനുഷ്യനും സംശുദ്ധീകരിക്കപ്പെടുന്ന ശരണതീർത്ഥം പൊഴിയുന്ന അന്തരീക്ഷം. ചാണകം മെഴുകിയ ഗ്രാമത്തിലെ ഉമ്മറമുറ്റങ്ങളിൽ, പുഷ്പാലംകൃതമായ ക്ഷേത്രനടകളിൽ, മതവും ജാതിയും കറുപ്പണിയുന്ന ഐക്യത്തിന്റെയും ഒത്തൊരുമയുടെയും നാളുകൾ. കറുപ്പുടുത്താൽ എല്ലാവരും അയ്യപ്പനാകുന്ന, പരസ്പരം സ്വാമി എന്ന് വിളിക്കുന്ന മലയാള പൈതൃകത്തിന്റെ പകരം വയ്ക്കാനില്ലാത്ത ആചാരവിശുദ്ധി.
മലയാത്രകളുടെ പവിത്രതയും വിശുദ്ധിയും നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ പരിത്യാഗ യാത്രകൾ പരിഷ്കാരയാത്രകളായി. നഷ്ടപ്പെട്ട ഓണക്കാലത്തിന്റെ പൂവിളികൾ പോലെ ശരണം വിളികൾ അപ്രത്യക്ഷമായി. കൂട്ടമായ ശബരീ യാത്രകൾ മാറി യാത്രകൾ സ്വന്തം വാഹനത്തിലായി. ഒരു ഗ്രാമം മുഴുവൻ സന്നിവേശിക്കുന്ന കെട്ടുനിറ സ്വന്തം പൂജാമുറിയിൽ ഒറ്റക്കായി, ക്ഷേത്രക്കുളത്തിലെയും പുഴയിലേയും കുളികൾ ബാത്ത്റൂമിലെ പൈപ്പിൻ ചുവട്ടിലായി. തീർത്ഥയാത്രകൾ ഫോട്ടോഗ്രഫി യാത്രകളായി. ഭക്തർ കാടിനെയും വന്യമൃഗങ്ങളെയും ഭയന്നിരുന്ന കാലത്തു നിന്നും വനവും മൃഗങ്ങളും മനുഷ്യനെ പേടിക്കാൻ തുടങ്ങി. തിരിച്ചു വരുമ്പോൾ മാത്രം കാണുന്ന അയ്യപ്പ ഭക്തൻ ഓരോ മണിക്കൂറിലും ഓരോ ജംഗ്ഷനിലും മൊബൈൽ സ്റ്റാറ്റസിൽ നിറഞ്ഞുനിന്നു. 41 ദിവസത്തെ വ്രതശുദ്ധിയുമായി മലചവിട്ടിയ കാലത്തു നിന്നും വൈകുന്നേരത്തെ കൂടിക്കാഴ്ചയിൽ എന്നാൽ നമുക്ക് നാളെയൊന്ന് ശബരിമല പോയാലോ എന്നായി.
ഒരു വൃശ്ചികത്തിലാണ് മുംബൈയിൽ നിന്നും ആദ്യമായി കൊങ്കൺ വഴി നാട്ടിലേക്ക് യാത്ര ചെയ്തത്. കാസർക്കോട് കഴിഞ്ഞ് ട്രെയിൻ കുതിച്ചു പായുമ്പോൾ നേരം പരപരാ വെളുത്തിരുന്നു, മഞ്ഞു പെയ്യുന്ന പുലരിയുടെ സംഗീതവും കുളിരും ആസ്വദിച്ച് ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുമ്പോൾ ട്രാക്കിനപ്പുറവും ഇപ്പുറവുമുള്ള വീടുകൾക്ക് മുന്നിൽ തെളിഞ്ഞു കത്തുന്ന നിലവിളക്കുകൾ. നെൽപ്പാടങ്ങളിൽ നിന്ന് ചീവീടുകളുടെ കരച്ചിൽ, മനസ്സിൽ ഗൃഹാതുരത്വത്തിന്റെ ഉടുക്കുമേളം . കശുമാവിൻ തോപ്പുകളും മാന്തോപ്പുകളും വകഞ്ഞു മാറ്റി വണ്ടിയുടെ യാത്രയിൽ മാലയിട്ട് കറുപ്പുടുത്ത് വേലികളും തൊടികളും കടന്നു പോകുന്ന അയ്യപ്പ ഭക്തർ ഗ്രാമവിശുദ്ധിയുടെ അടയാളങ്ങളായി മനസ്സിൽ ചേക്കേറി. കാഴ്ചകളുടെ വിസ്മയങ്ങൾ വാതിൽപ്പടിയിൽ നിന്ന് ഒപ്പിയെടുക്കുമ്പോൾ നഗരവീഥികളിൽ നഷ്ടപ്പെട്ടൊരു കൗമാരം മനസ്സിനുള്ളിൽ വിതുമ്പി. കണ്ണൂരും കോഴിക്കോടും താണ്ടി ട്രെയിൻ കുറ്റിപ്പുറത്തെത്തുമ്പോൾ സ്വന്തം മണ്ണിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറും. അതൊരു അനുഭവമാണ്, അമ്മമടിയിൽ തലവച്ചുറങ്ങുന്ന സുരക്ഷിതമാണ് . അതില്ലാതാകുന്നത് മനസ്സിൽ തീർക്കുന്നത് വർണ്ണനാതീതമായ നഷ്ടബോധമാണ്, അന്യഥാ ബോധമാണ്, അശാന്തിയുടെ കനൽ പെയ്ത്താണ്.