നാളെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. വെറും രണ്ട് വർഷത്തേക്കുള്ള ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള മത്സരം . തെരഞ്ഞെടുപ്പിൻ്റെ ബഹളവും കോലാഹലവും കണ്ടപ്പോൾ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഒന്നും ഒരു മത്സരമല്ലെന്ന് തോന്നിപ്പോയി. എന്തിന്? അമേരിക്കൻ പ്രസിഡൻ്റ് തെരത്തെടുപ്പ് പോലും പാലക്കാടിന് മുന്നിൽ നിഷ്പ്രഭമായി. അല്ലെങ്കിലും കേരളത്തിലെ ഒരു ബാങ്ക് തെരഞ്ഞെടുപ്പിനടുത്ത് പോലും വരില്ല ലോകത്തെ ഒരു തെരഞ്ഞെടുപ്പും .
മുംബൈയിലെ ഒരു റോഡിലൂടെ നടന്നാൽ ആ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ആരെന്നു പോലും അറിയാൻ കഴിയില്ല, പോസ്റ്ററുകളില്ല, ഹോർഡിംഗുകളില്ല , പ്രചാരണ വാഹനങ്ങളില്ല. സ്ലിപ്പുകൾ പോലും വീട് കയറി വിതരണം ചെയ്യുന്ന ഏർപ്പാടില്ല, എല്ലാം മൊബൈലിൽ വരും . എന്ന് കരുതി പണമൊഴുക്കിന് ഒട്ടും കുറവില്ല , ഇവിടെയൊന്നും ഒരു നീലട്രോളി പോയിട്ട് കണ്ടെയ്നറ് പോലും ആരും മൈൻഡ് ചെയ്യില്ല .
പാലക്കാട്ടേക്ക് തിരിച്ചു വരാം. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ അത്ര സുഖത്തിലല്ലാതിരുന്ന മുരളീധരനെ വേദിയിലിരുത്തി സന്ദീപ് പറഞ്ഞത് ആനയെയും മുരളീധരനെയും കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല എന്നാണ് . ആനയായാലും മുരളിയായാലും ഇടഞ്ഞാൽ തളയ്ക്കണം. അങ്ങനെ ഒറ്റ വാക്കിൽ ഇടഞ്ഞ് നിൽക്കുന്ന മുരളിയെ വാര്യർ തളച്ചു. ആന ഇടഞ്ഞാൽ അടുത്ത് പോകാൻ പറ്റില്ല, മുരളി ഇടഞ്ഞാൽ പക്ഷെ അടുത്തിരിക്കാം.
പാലക്കാട് എല്ലാ മുന്നണികളും വിജയ പ്രതീക്ഷയിലാണ് . ഫലം വരും മുന്നേ പാലക്കാട് വിജയിച്ചത് സത്യത്തിൽ സി.പി.എം ആണ്, തൃശൂർ പൂരം, ദിവ്യ, എഡിജിപി , കൊടകര, പരിപ്പ് വട, കട്ടൻ ചായ എല്ലാം ഒറ്റയടിക്ക് ഒലിച്ചു പോയത് പാലക്കാട് ഇലക്ഷനിലാണ് .
പാർട്ടി മാറിയപ്പോഴാണ് സരിൻ അറിയുന്നത് താൻ ശരിക്കും മിടുക്കനാണെന്ന് . മുഖ്യമന്ത്രിയടക്കമുള്ള എൽഡിഫ് കാർ കൂട്ടത്തോടെ സരിൻ മിടുക്കനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ പറ്റുമോ. പാലക്കാട് ഒരു സ്ഥാനാർത്ഥിയെ കിട്ടാതെ വിഷമിച്ചു നിൽക്കുമ്പോൾ സ്ഥാനാർത്ഥിയെ കിട്ടിയത് കൊണ്ട് അവർ സുഖിപ്പിക്കുകയാണെന്ന് ദോഷൈക ദൃക്കുകൾ പറയും . ഇതതല്ല, വെള്ളാപ്പള്ളിയും പറഞ്ഞുന്നേ മിടുക്കനാന്ന് .
ചാനലുകാർ ദു:ഖത്തിലാണ് . സ്ഥാനാർത്ഥികളുടെ കൂടെ നടന്നും ഇരുന്നും യാത്ര ചെയ്തും വാർത്ത ആദ്യമായി ഞങ്ങളുടെ ചാനലിൽ എന്നെഴുതിയും പ്രേക്ഷകരെ വിഡ്ഡികളാക്കി ഒരുപാടങ് റേറ്റിംഗ് കൂട്ടാൻ ശ്രമിച്ചവർക്ക് നാളെ കഴിഞ്ഞാൽ ഇനിയെന്ത് എന്ന ശൂന്യതയാണ് മുന്നിൽ എന്ന് ധരിക്കണ്ട. ഇത് കേരളമാണ്, വാർത്തക്കാണോ പഞ്ഞം. തെരുവുനായ മുതൽ നാടിറങ്ങിയ പുലിവരെ വാർത്ത നൽകാൻ റെഡിയായി നിൽപ്പാണ്.