പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ട് പെട്ടിയിലായി, അങ്ങനെ പറഞ്ഞാൽ ശരിയാവില്ല, വോട്ട് മെഷീനിലായി എന്നാവും ശരി. ഫലത്തെക്കുറിച്ചുള്ള തർക്കങ്ങളും അവകാശ വാദങ്ങളും കഴിഞ്ഞു, ഇന്നലെ ഏഴു മണിക്ക് ശേഷം ഭൂരിപക്ഷത്തിന്റെ കാര്യത്തിലായിരിക്കുന്നു വാദപ്രതിവാദങ്ങൾ. ഈ വോട്ട് കണക്ക് എന്ന് പറയുന്നത് ബാങ്ക് ലോണെടുത്തവൻ ജീവിതച്ചെലവ് കണക്ക് കൂട്ടുന്ന പോലെയാണ്, ശമ്പളം കിട്ടും മുന്നേ ലോൺ, കറന്റ് ബിൽ, പാൽ, പത്രം, ഗ്യാസ് , ബാക്കി നിത്യ ചെലവുകൾ ഇതിന്റെ ഒക്കെ കണക്ക് നിരത്തി ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കും. മാസം തട്ടിമുട്ടി പോകും എന്ന് ആത്മവിശ്വാസത്തോടെ ഇരിക്കുമ്പോഴായിരിക്കും ഫ്രിഡ്‌ജോ ടി.വി. യോ കേടുവരുന്നത്, അല്ലെങ്കിൽ ആർക്കെങ്കിലും അസുഖം വന്നു ഡോക്ടറെ കാണാൻവേണ്ടി ഒരു അവിചാരിത ചെലവ്, അതോടെ കണക്കൊക്കെ തകിടം മറിയും. രാഷ്ട്രീയ പാർട്ടികളുടെ ഭൂരിപക്ഷം കണക്ക് കൂട്ടലും ഇതുപോലെ തന്നെയാണ്, ആത്മവിശ്വാസത്തോടെ കണക്ക് കൂട്ടി ഇരിക്കുക്കുമ്പോൾ റിസൾട്ട് വരുമ്പോൾ എല്ലാം കുഴഞ്ഞു മറഞ്ഞിരിക്കും. ആശുപത്രി ചെലവ് കാരണം അല്ലെങ്കിൽ ഫ്രിഡ്ജ് നന്നാക്കിയവന് കൊടുത്തത് കൊണ്ട് കണക്കൊക്കെ തെറ്റിപ്പോയി എന്ന് ആശ്വസിക്കുംപോലെ തോറ്റ രാഷ്ട്രീയ പാർട്ടികളും ആശ്വസിക്കും. ആത്മകഥ ലീക്കായത് കൊണ്ടാണെന്നോ പത്ര പരസ്യം കാരണം ആണെന്നോ പൂരം കലങ്ങിയത് കൊണ്ടാണെന്നോ അങ്ങനെ എന്തെങ്കിലും കാരണം പാർട്ടികൾ കണ്ടെത്തും. ഒന്നും കിട്ടിയില്ലെങ്കിൽ അംഗീകൃത ആശ്വാസവാക്കായ ഡീൽ എന്നും പറയും .
സന്ദീപ് വാരിയർ പോയത് കൊണ്ട് ബി.ജെ.പി. ക്ക് വോട്ടു കൂടും എന്നാണ് ബി.ജെ.പി യുടെ കണക്ക് കൂട്ടൽ. പക്ഷെ, ഈ ഫോർമുല കോൺഗ്രസിന്റെ കാര്യത്തിൽ ശരിയല്ലത്രെ, കാരണം സരിൻ പോയത് കൊണ്ട് കോൺഗ്രസിന്റെ വോട്ട് കുറയുകയാണത്രെ ചെയ്യുക. അതായത് രാഷ്ട്രീയത്തിൽ (a+b) x (a-b) = a2-b2 എന്നത് പ്രായോഗികമല്ല. ഇതൊക്കെ കഴിഞ്ഞ് അതുകൊണ്ടരിശം തീരാഞ്ഞിട്ടവൻ അപ്പുര ചുറ്റും മണ്ടി നടന്നു എന്ന് പറയുംപോലെ ചാനലിൽ വന്നിരുന്ന് ഒരു ന്യായീകരണമുണ്ട്, തോറ്റെങ്കിലും പാർട്ടിക്ക് വോട്ടിങ് ശതമാനം കൂടിയിരിക്കുന്നു. അതായത് സാങ്കേതികമായി എതിർ പാർട്ടി ജയിച്ചെങ്കിലും ശരിക്കും വിജയിച്ചത് തങ്ങളുടെ പാർട്ടി ആണെന്ന്. 1957 മുതലുള്ള കണക്കു നിരത്തിയാവും ന്യായീകരണം.
കരിങ്കൊടി ഒരു പ്രശ്നക്കാരനല്ല എന്നാണ് കോടതി വിധി വന്നത്. അല്ലെങ്കിലും അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്ക് കറുത്ത തുണിയോട് എന്താണിത്ര നിഷേധ ഭാവം. കറുപ്പ് പവിത്രമായത് കൊണ്ടല്ലേ, ശബരിമല ഭക്തർ പോലും കറുപ്പുടുക്കുന്നത്. കോടതിയിൽ ജഡ്ജിയും വക്കീലന്മാരും കറുത്ത കോട്ടാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മാത്രമല്ല മറ്റു രാഷ്ട്രത്തലവന്മാർ വരെ കറുത്ത കാറാണ് അധികവും ഉപയോഗിക്കുന്നത്. മുടി വെളുത്തവർ അത് കറുപ്പിക്കുന്നു, കറുപ്പിനോടുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടല്ലേ അത്. പക്ഷെ, ആ നിറത്തെ ഒന്ന് ഉയർത്തിക്കാട്ടിയാൽ അപ്പോഴേക്കും അത് പ്രശ്നമായി, അപമാനമായി, പ്രതിഷേധമായി, കേസായി. അതായിരിക്കണം കോടതിയും കറുപ്പിന് അനുകൂലമായി വിധിച്ചത്. വെളുക്കാൻ തേച്ചത് പാണ്ടായി എന്നൊരു ചൊല്ലുണ്ട്, പക്ഷെ കറുക്കാൻ തേച്ചത് ഒരിക്കലും പണ്ടായിട്ടില്ല. അതുകൊണ്ട് കറുപ്പിനേക്കാൾ ഭയക്കേണ്ടത് വെളുപ്പിനെയാണ്.
ഇതിനിടയിൽ അർജന്റീന ഫുട്ബാൾ ടീം കേരളത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ഫുട്ബാൾ പ്രേമികൾ. ഇത് കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ മെസ്സിയെ പാലക്കാട് പ്രചാരണത്തിന് ഇറക്കമായിരുന്നു. എന്തായാലും രാഷ്ട്രീയക്കാരേക്കാൾ മലയാളി വിലനൽകുക മെസ്സിയുടെ വാക്കിനായിരിക്കും. പാടത്ത് ഓലപ്പന്ത് കളിക്കുന്നവർ വരെ ടി.വി. യുടെ മുന്നിൽ ഇരുന്ന് മെസ്സിയുടെ പെനാൽട്ടി കിക്കിനും ഫ്രീകിക്കിനും നിർദേശവും ഉപദേശവും കൊടുക്കുന്നവരാണ് മലയാളികൾ, അപ്പോൾ ആർക്ക് വോട്ട് ചെയ്യണം എന്ന് തിരിച്ചൊരു ഉപദേശം മെസ്സി കൊടുത്താൽ പാലക്കാട്ടുകാർക്ക് അത് നിഷേധിക്കാൻ പറ്റില്ല.