Image

കൈയെത്തും ദൂരെ ഒരു എം.ടി (രാജൻ കിണറ്റിങ്കര)

Published on 26 December, 2024
കൈയെത്തും ദൂരെ ഒരു എം.ടി (രാജൻ കിണറ്റിങ്കര)

വെറും രണ്ടേ രണ്ടക്ഷരം കൊണ്ട് മലയാള സാഹിത്യലോകത്തിന് വായനയുടെ അകക്കാമ്പ് സമ്മാനിച്ച പാലക്കാട് ജില്ലയിൽ കൂടല്ലൂർ ഗ്രാമത്തിൽ മാടത്ത് തെക്കേപ്പാട്ട് (എം.ടി) വാസുദേവൻ നായർ തൂലിക താഴെവച്ച് കളമൊഴിഞ്ഞു.

മലമക്കാവ് ഗ്രാമത്തിൽ ജനിച്ചത് ഒരു സുകൃതമായി കാണുന്നവനാണ് ഞാൻ,  കാരണം അവിടെ നിന്ന് ഒരു വിളിപ്പാടകലെയാണ് എം.ടി. യുടെ ഗ്രാമമായ കൂടല്ലൂർ.    നാടെവിടെ എന്ന് ചോദിക്കുന്നവരോട് ഞാൻ പറയുക, എം.ടി. യുടെ കൂടല്ലൂരില്ലേ, അതന്നെ,  കൂടുതൽ ചൂഴ്ന്ന് ചോദിക്കുന്നവരോട് അതിനടുത്ത മലമക്കാവ് എന്നും പറയും എന്ന് മാത്രം.

എം.ടി. യുടെ കഥകളിലൂടെയും സിനിമകളിലൂടെയും മനസ്സ് സഞ്ചരിച്ച കൗമാര കാലം.  എം.ടി.യുടെ നാട്ടിലെ ഓലമേഞ്ഞ  സിനിമാ കോട്ടയിൽ നിന്നാണ് ഞാൻ ആദ്യമായി സിനിമ കാണുന്നത്, അതും പത്താം ക്ലാസിൽ എത്തിയ ശേഷം.   എം.ടി. യുടെ തന്നെ മുറപ്പെണ്ണായിരുന്നു ആദ്യം ഞാൻ കണ്ട സിനിമ.  മനസ്സിലിപ്പോഴും പുഴക്കരയിലൂടെ കാമുകി നഷ്ടപ്പെട്ട നസീർ  കരയുന്നോ പുഴ ചിരിക്കുന്നോ പാടി നടക്കുന്നുണ്ട്.

പാടത്തിന്റെ അതിർത്തിയിലുള്ള മാടത്ത് തെക്കേപ്പാട്ട് തറവാട് ദൂരെനിന്ന് കണ്ടിട്ടേ ഉള്ളൂ.  കൂടല്ലൂർ അങ്ങാടിയിലേക്ക് പോകുമ്പോഴും വരുമ്പോഴും ഇക്കരെയുള്ള റോഡിൽ നിന്ന് കവുങ്ങിൻ തോട്ടത്തിനിടയിലൂടെ തറവാട്ടിലേക്ക് കണ്ണുകൾ പായിക്കും, എം.ടി. എങ്ങാനും മുറ്റത്തിറങ്ങി നിൽക്കുന്നുണ്ടോ അറിയാൻ.  വീട്ടിൽ ചെന്ന് ഗമയോടെ പറയാൻ, "ഞാൻ എം.ടി. യെ കണ്ടു".   പക്ഷെ നിരാശയായിരുന്നു ഫലം.  

എം.ടി. തറവാട്ടിലെ എന്റെ തലമുറയിലെ പലരും എന്റെ സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു. അവരൊക്കെ വാസ്വേട്ടൻ എന്നും വാസു അമ്മാമൻ എന്നൊക്കെ കുറച്ച് ഗമയോടെ സ്‌കൂളിൽ വന്നു പറയുമ്പോൾ ഞാനെന്തേ മാടത്ത് തെക്കേപ്പാട്ട് ജനിക്കാതെപോയി എന്ന് ഞാൻ ആലോചിച്ചിരുന്നു.  എം.ടി. കഥയിലെ പല കഥാപാത്രങ്ങളെയും കുറിച്ച് നേരിട്ടും അമ്മയും അച്ഛനും പറഞ്ഞും നേരറിവുണ്ടായിരുന്നു.   കൂടല്ലൂരിലും പരിസരങ്ങളിലും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ അതേപടി പകർത്തുന്ന കഥാശൈലി ആദ്യമായി കണ്ടത് എം.ടി. രചനകളിലൂടെ ആയിരുന്നു.

ഭാരതപ്പുഴയെയും കൂമൻ കുന്നിനെയും ഒക്കെ സ്നേഹിക്കാൻ തുടങ്ങിയത് എം.ടി.യുടെ  കഥകൾ  വായിക്കാൻ തുടങ്ങിയതിന് ശേഷമാണ്.  നിളാനദി കുടുംബ സ്വത്തായതും കൂടല്ലൂരുകാർ സ്വന്തക്കാരായതും ഹാജിയാരെയും അറുമുഖനെയും വേലായുധനെയും എമ്പ്രാന്തിരിയേയും നമ്പൂതിരിയേയും നായരെയും നമ്പ്യാരെയും ഒക്കെ ഒരേ മനസ്സോടെ സ്നേഹിക്കാൻ പഠിച്ചതും  എം.ടി. യെ വായിച്ചതിന് ശേഷമാണ്.

പിന്നീടാണ് എം.ടി. ഭാരതപ്പുഴയുടെ ഓരത്ത്  അശ്വതി എന്ന വീട്  വയ്ക്കുന്നത്.  അത് റോഡിന്റെ വക്കിൽ തന്നെ ആയിരുന്നു, ആ സമയത്ത് ഞാൻ കൂടല്ലൂരിലുള്ള ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിട്യൂട്ടിൽ കുറച്ച് കാലം പോയിരുന്നു.   മുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന പല വർണ്ണങ്ങളിലുള്ള പൂച്ചെടികൾക്കിടയിലൂടെ എം.ടി. യുടെ മുഖം അപ്പോഴും തിരഞ്ഞുകൊണ്ടിരുന്നു. പൂന്തോട്ടം നനയ്ക്കുന്ന ആളോട് റോഡിൽ നിന്ന് ആംഗ്യത്തോടെ ചോദിക്കും, ആൾ അകത്തുണ്ടോ എന്ന്, ഇല്ല എന്നോ ഉണ്ട് എന്നോ മനസ്സിലാകാത്ത ഒരു കണ്ണിറുക്കൽ മാത്രമായിരിക്കും തോട്ടക്കാരന്റെ മറുപടി.    എം.ടി.യുടെ ഏട്ടന്മാരെ എല്ലാവരെയും  സ്ഥിരം  കൂടല്ലൂർ അങ്ങാടിയിൽ വച്ച് കാണുന്നവരാണെങ്കിലും എം.ടി. എന്ന എഴുത്തിന്റെ കുലപതിയെ മാത്രം കണ്ടെത്താനായില്ല.  കൈയ്യെത്താ ദൂരത്ത് എം,ടി. യുടെ നിഴൽ എനിക്ക് മുന്നിൽ കണ്ണുപൊത്തിക്കളിച്ചുകൊണ്ടിരുന്നു .  

എം.ടി. യുടെ ബാല്യകാലത്ത് കൂടല്ലൂരിൽ സ്‌കൂൾ ഇല്ലാത്തതിനാലാകും അദ്ദേഹം മലമക്കാവ് ഗവണ്മെന്റ് എൽ.പി. സ്‌കൂളിലാണ് ആദ്യപാഠങ്ങൾ പഠിച്ചത്.  ഏതോ കാലത്ത് എം.ടി. ഇരുന്ന കാലിളകുന്ന ബഞ്ചിൽ  കാലങ്ങൾക്ക് ശേഷം ഇരിക്കാൻ കിട്ടിയ സൗഭാഗ്യമായിരിക്കും എഴുത്തിന്റെ വഴികളിൽ ഇന്നെനിക്ക്   എന്തൊക്കെയോ കുത്തിക്കുറിക്കാൻ കഴിയാനുള്ള കാരണം.

ആയിടക്കാണ് എം.ടി. ക്ക് അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിന് വയലാർ അവാർഡ് കിട്ടുന്നത്.  അതൊരു വലിയ വാർത്തയും കൂടല്ലൂർകാരെ സംബന്ധിച്ച് വലിയൊരു അഭിമാനവുമായിരുന്നു.   സത്യത്തിൽ എം.ടി. എന്ന പ്രതിഭയെ കൂടല്ലൂരുകാർ അറിയുന്നത്  അന്നായിരുന്നു.  അങ്ങനെയാണ് എം,ടി.ക്ക്  ഘോഷയാത്രയോടെ വലിയൊരു സ്വീകരണം കൂടല്ലൂരിൽ ഒരുക്കിയത്.  സ്വന്തം നാടിന്റെ എഴുത്തുകാരനെ ഗ്രാമം നെഞ്ചിലേറ്റിയ ദിനം..  കൂടല്ലൂർ, മലമക്കാവ്, മണ്ണിയംപെരുമ്പലം, കുമ്പിടി, ആനക്കര പന്നിയൂർ, നയ്യൂർ, തുടങ്ങി കൂടല്ലൂരിന് തൊട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ സാഹിത്യപ്രേമികളും അല്ലാത്തവരും എം.ടി. യെ ഒരുനോക്ക് കാണാനും ആഘോഷങ്ങളിൽ പങ്കുചേരുവാനും കൂടല്ലൂരിലേക്ക് ഒഴുകിയെത്തി.   എംടി. പുസ്തകത്താളിൽ കുറിച്ചിട്ട  മഷിയടയാളങ്ങളിലെ ജീവനുള്ള കഥാപാത്രങ്ങൾ ആ സന്ധ്യയിൽ കൂടല്ലൂർ ഗ്രാമത്തിലൂടെ ഒഴുകി നീന്തിയപ്പോൾ ഒരുവേള ഭാരതപ്പുഴപോലും തിരയടങ്ങി നിന്നു .  

അന്നാണ് എം.ടി. യുടെ ജാതക ഫലങ്ങൾ  നോക്കി എന്റെ അയൽവീട്ടിൽ താമസിക്കുന്ന കുറച്ച് ജ്യോതിഷവും ഹസ്തരേഖാ ശാസ്ത്രവും ഒക്കെ അറിയുന്ന  രാമേട്ടൻ  എന്ന് ഞാൻ  വിളിക്കുന്ന കാങ്കത്ത് വളപ്പിലെ കെ.ടി. രാമൻ നമ്പ്യാർ പ്രവചിച്ചത്,  “ഇതൊന്നും ഒരു അവാർഡ് അല്ല,  എം.ടി. യെ തേടി വലിയ അംഗീകാരങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ”.   കുറെ കാലം ഞങ്ങൾ നാട്ടുകാർ രാമേട്ടന്റെ   ഈ പ്രവചനം പറഞ്ഞ്  കളിയാക്കുകയും ചിരിക്കുകയും ചെയ്തു, പക്ഷെ പിന്നീട് എം.ടി. യെ തേടി  ജ്ഞാനപീഠം അവാർഡ് എത്തിയപ്പോഴാണ് അദ്ദേഹം അന്ന് പ്രവചിച്ചത് ശരിയായിരുന്നു എന്ന് ഞങ്ങൾക്ക് ബോധ്യമാകുന്നത്.  

ഇന്ന്,  തൊണ്ണൂറ്റി ഒന്നാം വയസിൽ എം.ടി. വിട പറയുമ്പോൾ തന്റെ തൂലികത്തുമ്പിലൂടെ   മരുമക്കത്തായ കാലഘട്ടത്തിലെ നാലുകെട്ടിന്റെ അകത്തളങ്ങളിൽ വീണ കണ്ണീർ ചൂടുകളും  നിസ്സഹായ  നിശ്വാസങ്ങളും പാമ്പിൻ കാവിലെ ചിത്രോടക്കല്ലുകളും കളമെഴുത്തും തുമ്പിതുള്ളലും എല്ലാം ഇന്നും ഭാരതപ്പുഴയിലെ തെളിനീർപ്പരപ്പിൽ നഖചിത്രം വരയ്ക്കുന്നു.  

അക്ഷരസുകൃതത്തിന് സ്നേഹപ്രണാമം.!!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക