വായുഗുണനിലവാര സൂചികയിൽ ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ 13ഉം ഇന്ത്യയിൽ. ലോകത്തിലെ ഏറ്റവും മലിനമായ നഗരവും ഇന്ത്യയിൽ തന്നെ. സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQAir-ന്‍റെ 2024ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം അസമിലെ ബൈർണിഹത്താണ്.
ആഗോളതലത്തിൽ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡൽഹിയുമുണ്ട്. ആഗോള തലത്തിൽ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. 2023ൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളുടെ പട്ടികയിൽ ആറും ഇന്ത്യൻ നഗരങ്ങളാണെന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.
ബൈർണിഹത്, മുല്ലാൻപൂർ(പഞ്ചാബ്), ഫരീദാബാദ്, ലോനി, ന്യൂഡൽഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാഡി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ തുടങ്ങിയവയാണ് ലോകത്തെ മലിനമായ 20 നഗരങ്ങളിൽ ഇടംപിടിച്ച ഇന്ത്യൻ നഗരങ്ങൾ. ഇന്ത്യൻ നഗരങ്ങളിൽ 35 ശതമാനം ഇടങ്ങളിലും അനവദനീയമായതിൽ കൂടുതൽ അളവിൽ മലിനീകരണതോതെന്നാണ്റി പ്പോർട്ട് പറയുന്നത്.
ഏഴ് രാജ്യങ്ങൾ മാത്രമാണ് 2024ൽ ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാനദണ്ഡങ്ങളിൽ വിജയിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ബഹാമസ്, ബാർബഡോസ്, ഗ്രനെഡ, എസ്‌റ്റോനിയ, ഐസ്‌ലാൻഡ് എന്നിവയാണ് ഈ ഏഴ് രാജ്യങ്ങൾ.